ചരിത്രപരമായ വിജയത്തിലൂടെ, ഇന്ത്യന്‍ വംശജനായ സോഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയുടെ സാമ്പത്തിക തലസ്ഥാനത്തിന്റെ ആദ്യത്തെ മുസ്ലീം, ഇന്ത്യന്‍ വംശജന്‍ എന്നീ പദവികളില്‍ മേയറാകുന്ന ആദ്യ വ്യക്തിയായി അദ്ദേഹം ചരിത്രത്തിലിടം നേടി. അദ്ദേഹത്തിന്റെ വേറിട്ട തിരഞ്ഞെടുപ്പ് പ്രചാരണം കൊണ്ട് ന്യൂയോര്‍ക്ക് സിറ്റിയുടെ ശ്രദ്ധ പിടിച്ചുപറ്റാനും, രാഷ്ട്രീയത്തില്‍ ശ്രദ്ധേ നേടാനും കഴിഞ്ഞു. ആന്‍ഡ്രൂ കൂമോയെ പരാജയപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.

അദ്ദേഹത്തിന്റെ ഫാഷന്‍ സെന്‍സും ഇപ്പോള്‍ ശ്രദ്ധ നേടുന്നുണ്ട്. സ്യൂട്ടുകളും അദ്ദേഹത്തിന്റെ ട്രേഡ്മാര്‍ക്കായ വെള്ള ഷര്‍ട്ടുകളുമായിരുന്നു പ്രചാരണ സമയത്തെ പ്രധാന വേഷം. അതോടൊപ്പം എല്ലായ്‌പ്പോഴും ആഭരണങ്ങളുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വെള്ളി മോതിരങ്ങള്‍ വളരെ ആകര്‍ഷണീയമാണ്. വലത് കൈയിൽ രണ്ട് മോതിരങ്ങളും ഇടത് കൈയില്‍ ഒന്നുമാണ് അദ്ദേഹം ധരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി ദി ന്യൂയോര്‍ക്ക് ടൈംസുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു.

''ഇതാണ് ഞാന്‍. മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുന്‍പും ഞാന്‍ ഇങ്ങനെ ആയിരുന്നു. ന്യൂയോര്‍ക്ക് സിറ്റിയുടെ മേയറായ ശേഷവും ഞാന്‍ ഇങ്ങനെ തന്നെയായിരിക്കും.''മംദാനി പറഞ്ഞു. 2013-ല്‍ തന്റെ മുത്തച്ഛന്‍ മരിച്ചതിന് ശേഷം അദ്ദേഹവുമായി ബന്ധം നിലനിര്‍ത്താനുള്ള ഒരു മാര്‍ഗ്ഗമായാണ് താന്‍ ആഭരണങ്ങള്‍ ധരിക്കാന്‍ തുടങ്ങിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.

''വലത് ചൂണ്ടുവിരലില്‍ ധരിക്കുന്ന മോതിരം 2007-ല്‍ സിറിയയിലേക്കുള്ള യാത്രയ്ക്കിടെ അപ്പൂപ്പന് ലഭിച്ചതാണ്. അത് കൈമാറിവരുന്ന ഒരു നിധിയാണ്. ഞാന്‍ അത് തുടര്‍ന്നും ധരിക്കും. അപ്പൂപ്പനെ എന്റെ ജീവിതത്തില്‍ നിലനിര്‍ത്താനുള്ള വഴിയായിരുന്നു അത് “ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിന്റെ വലത് കൈയ്യിലെ മറ്റൊരു വെള്ളി മോതിരം, ഭാര്യയും ആര്‍ട്ടിസ്റ്റുമായ രമ ദുവാജി ടുണീഷ്യയിലേക്കുള്ള യാത്രയ്ക്കിടെ വാങ്ങിയതാണ്. ഇടത് കൈയ്യിലെ മോതിരവിരലില്‍ വിവാഹ മോതിരം ഉണ്ട്. അത് ലോവര്‍ മാന്‍ഹട്ടനിലെ സിറ്റി ക്ലര്‍ക്കിന്റെ ഓഫീസില്‍ വെച്ച് അടുത്തിടെ നടന്ന അവരുടെ വിവാഹത്തെ ഓര്‍മ്മപ്പെടുത്തും.

മുമ്പ് മംദാനി പതിവായി ധരിച്ചിരുന്ന, അദ്ദേഹത്തിന്റെ ഭാര്യ ഡിസൈന്‍ ചെയ്ത മറ്റൊരു മോതിരമുണ്ടായിരുന്നു. “അത് നഷ്ടപ്പെട്ടുപോയി. ഞങ്ങള്‍ ഇപ്പോള്‍ ആ മോതിരത്തെ ഓര്‍ത്ത് ദുഃഖിക്കുന്നു'' എന്ന് അദ്ദേഹം തമാശയായി പറഞ്ഞിരുന്നു.

ഇന്ത്യന്‍-അമേരിക്കന്‍ ചലച്ചിത്ര നിര്‍മ്മാതാവ് മീരാ നായരുടെയും ഉഗാണ്ടന്‍-അമേരിക്കന്‍ അക്കാദമിക് ആയ മഹ്‌മൂദ് മംദാനിയുടെയും മകനാണ് സോഹ്‌റാന്‍ മംദാനി. അദ്ദേഹത്തിന്റെ പൈതൃകത്തെയും സംസ്‌കാരങ്ങളെയും സൂചിപ്പിക്കുന്നതാണ് മംദാനിയുടെ മോതിരങ്ങളും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi