ഓരോ വിവാഹ വസ്ത്രങ്ങള്‍ക്കും പറയാന്‍ പല കഥകളുണ്ടാവും. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഉണ്ടാക്കിയെടുത്തതിന്റെയോ ദമ്പതികളുടെ മനോഹരമായ പ്രണയത്തിന്റെയോ ഒക്കെ കഥകൾ. അതുപോലൊരു വ്യത്യസ്തമായ കഥ പറയാനുണ്ട് റൂത്തിന്റെ വിവാഹവസ്ത്രത്തിനും. രണ്ടാം ലോക മഹായുദ്ധത്തോളം പഴക്കമുണ്ടതിന്. രണ്ടാം ലോക മഹായുദ്ധത്തില്‍ ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിച്ച പാരച്യൂട്ടില്‍ നിന്ന് വിവാഹവസ്ത്രം ഉണ്ടാക്കിയ ഒരു സ്ത്രീയുടെ മനോഹരമായ കഥ. 'പാരച്യൂട്ട് വെഡ്ഡിങ് ഡ്രസ്സ്' അതാണതിന്റെ പേര്.

1944-ല്‍ ജപ്പാനിലെ യോവാറ്റയില്‍ ബോംബാക്രമണം നടത്തി മടങ്ങിവരുമ്പോള്‍, ബി-29 പൈലറ്റായിരുന്ന മേജര്‍ ക്ലോഡ് ഹെന്‍സിംഗറിന്റെയും സംഘത്തിന്റെയും വിമാനത്തിന്റെ എഞ്ചിന് തീ പിടിച്ചു. വിമാനത്തിലുണ്ടായിരുന്നവര്‍ക്ക് പുറത്തേക്ക് ചാടേണ്ടി വന്നു. രാത്രിയായിരുന്നതിനാല്‍ മേജര്‍ ഹെന്‍സിംഗര്‍ പാറക്കെട്ടുകളിലാണ് ചെന്നുവീണത്. അദ്ദേഹത്തിന് നിസ്സാര പരിക്കുകളും പറ്റി. ആ രാത്രിയില്‍ അദ്ദേഹം ഒരു പാരച്യൂട്ടാണ് തലയിണയായും പുതപ്പായും ഉപയോഗിച്ചത്. രാവിലെയായപ്പോള്‍ സംഘാംഗങ്ങള്‍ വീണ്ടും ഒത്തുചേരുകയും രക്ഷാപ്രവര്‍ത്തകര്‍ എത്തി അവരെ രക്ഷിക്കുകയും ചെയ്തു.

പിന്നീട് യുദ്ധത്തില്‍ നിന്ന് പെന്‍സില്‍വാനിയയിലെ വീട്ടിലേക്ക് മടങ്ങിയ ശേഷം തന്റെ ജീവന്‍ സംരക്ഷിച്ച ആ നൈലോണ്‍ പാരച്യൂട്ട് അദ്ദേഹം സൂക്ഷിച്ചുവെച്ചു. 1947-ല്‍ കാമുകിയായ റൂത്തിനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ അത് അവള്‍ക്ക് സമ്മാനിക്കുകയും ചെയ്തു. അവരുടെ വിവാഹത്തിന് അതില്‍ നിന്ന് ഒരു ഗൗണ്‍ ഉണ്ടാക്കാനും ഹെന്‍സിംഗര്‍ നിര്‍ദ്ദേശിച്ചു. അവര്‍ക്ക് ലോകത്തിലെ ഏറ്റവും മികച്ച സില്‍ക്കിനെയും ലെയ്‌സിനെയുംകാള്‍ വിലമതിപ്പുള്ളതായിരുന്നു അത്. ആ പാരച്യൂട്ടിന്റെ നൈലോണ്‍ തുണിയാണ് തന്റെ വിവാഹവസ്ത്രത്തിനായി റൂത്ത് ഉപയോഗിച്ചത്.

'ഗോണ്‍ വിത്ത് ദ വിന്‍ഡ്' എന്ന സിനിമയിലെ ഒരു വസ്ത്രത്തിന് സമാനമായ വസ്ത്രം നിര്‍മ്മിക്കാന്‍ റൂത്ത് ആഗ്രഹിച്ചു. ഗൗണിന്റെ മുകള്‍ഭാഗവും ശിരോവസ്ത്രവും ഉണ്ടാക്കാന്‍ അവര്‍ തയ്യല്‍ക്കാരിയായ ഹില്‍ഡ ബക്കിനോട് ആവശ്യപ്പെട്ടു, അതേസമയം റൂത്ത് പാവാട സ്വയം തുന്നിയെടുത്തു. പാവാടയുടെ പിന്‍ഭാഗത്ത് ഞൊറിവുകള്‍ നല്‍കാനായി തയ്യല്‍ക്കാരി പാരച്യൂട്ടിന്റെ യഥാര്‍ത്ഥ ചരടുകള്‍ ഉപയോഗിച്ചു. 1947 ജൂലൈ 19-ന് പെന്‍സില്‍വാനിയയിലെ നെഫ്‌സിലുള്ള നെഫ്‌സ് ലൂഥറന്‍ പള്ളിയില്‍ വെച്ച ഹെന്‍സിംഗറും റൂത്തും വിവാഹിതരായി. ഇപ്പോള്‍ ഈ വസ്ത്രം സൂക്ഷിക്കുന്നത് സ്മിത്സോണിയന്‍ മ്യൂസിയത്തിലാണ്. മ്യൂസിയത്തിന് സമ്മാനിക്കുന്നതിന് മുമ്പ്, അവരുടെ മകളും മകന്റെ വധുവും ഈ വസ്ത്രം ധരിച്ചിരുന്നു.

വെളുത്ത നിറമാണ് വസ്ത്രത്തിന്. ഇടതുവശത്ത് മെറ്റല്‍ സിപ്പറുള്ള, ശരീരത്തോട് ചേര്‍ന്നുകിടക്കുന്ന മേലുടുപ്പ്. അരക്കെട്ട് മുതല്‍ നെഞ്ചുവരെ മുന്‍ഭാഗത്ത് നടുവിലായി ഞൊറിവുകള്‍ പിടിപ്പിച്ചിരിക്കുന്നു. നെഞ്ചിന്റെ ഇരുവശങ്ങളിലെ തുന്നലുകളിലും ഞൊറിവുകളുണ്ട്. പിന്‍ഭാഗത്ത് നടുവിലായി എട്ട് ബട്ടണുകളും കുടുക്കുകളും കൊണ്ട് അടയ്ക്കാവുന്ന ഒരു ഭാഗമുണ്ട്. യോക്കിന്റെ താഴ്ഭാഗത്തായി ലേസും നെറ്റും കൊണ്ടുള്ള വീതിയുള്ള ഒരു ഞൊറി പിടിപ്പിച്ചിരിക്കുന്നു; മേലുടുപ്പിന്റെ പിന്‍ഭാഗത്ത് രണ്ട് ഡാര്‍ട്ടുകള്‍. നീളമുള്ള കൈകള്‍. പാരച്യൂട്ടിന്റെ എട്ട് പാനലുകള്‍ കൊണ്ടുള്ള പാവാട ഭാഗം.

പാവാടയുടെ മുന്‍ഭാഗത്ത് നീളം കുറയ്ക്കാനും പിന്‍ഭാഗത്ത് നിലത്തുകൂടി നീണ്ടുകിടക്കുന്ന രീതിയില്‍ ആക്കാനുമായി ചരടുകള്‍ മുകളിലേക്ക് വലിച്ചിരിക്കുന്നു. പാവാട ഭാഗം ചെറിയ ഞൊറിവുകളോടെ മേലുടുപ്പുമായി ഘടിപ്പിച്ചിരിക്കുന്നു. ഇതാണ് വസ്ത്രത്തിന്റെ മൊത്തത്തിലുള്ള ലുക്ക്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi