
സ്വന്തം നിറത്തിലും അഴകിലും അഭിമാനം കൊള്ളുന്ന, ഏതഴകും ഏഴഴകാണെന്നുതോന്നുന്നവരുടെ കാലമാണിത്. ഓരോരുത്തരുടെയും നിറത്തിനും ചര്‍മത്തിനും അനുകൂലമായ സ്‌കിന്‍ കെയറിങ്. വെളുക്കാനുള്ള മാര്‍ഗങ്ങളേക്കാള്‍ സ്വാഭാവികത ഉള്‍ക്കൊണ്ട് ചര്‍മം ആരോഗ്യത്തോടെ നിലനിര്‍ത്താനുള്ള വഴികള്‍ക്കാണ് ഇന്ന് പ്രാധാന്യം.
മുഖത്തെ പാടുകളും മുഖക്കുരുവും അകറ്റി, ചെറുപ്പം നിലനിര്‍ത്തി, തിളങ്ങുന്ന മൃദുലമായ ചര്‍മം സ്വന്തമാക്കുക സ്വപ്‌നമാക്കിയവരാണ് ഏറെയും. ഇതിനായി മഞ്ഞള്‍, രക്തചന്ദനം പോലുള്ള പ്രകൃതിദത്തമായ കൂട്ടുകളുടെ കൂട്ടുതേടുന്നവരും ക്രീമുകളുടെയും ലേപനങ്ങളുടെയും സഹായം തേടുന്നവരും നമുക്കിടയിലുണ്ട്. ചര്‍മപരിപാലനത്തിന്റെ നുറുങ്ങുകള്‍ പങ്കുവെക്കുകയാണ് മലയാളികള്‍ക്ക് പരിചിതരായ സുന്ദരികള്‍.
Also Read
പ്രകൃതിയുടെ കൂട്ട്- താരാ കല്യാണ്‍
മഞ്ഞളും നാല്പാമരാദി എണ്ണയും ഏലാദി തൈലവുമെല്ലാം ചേരുന്ന സൗന്ദര്യക്കൂട്ടുകളെക്കുറിച്ചാണ് നടിയും നര്‍ത്തകിയുമായ താരാ കല്യാണിന് പറയാനുള്ളത്. ''സെന്‍സിറ്റീവും വരണ്ടതുമായ ചര്‍മമാണ് എന്റെത്. അതുകൊണ്ട് ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ ശ്രദ്ധിക്കാറുണ്ട്. ഫേഷ്യല്‍, ബ്ലീച്ച്, പീലിങ് പോലുള്ള കെമിക്കല്‍ ട്രീറ്റ്മെന്റുകളോടും പുതിയ ചര്‍മസംരക്ഷണ രീതികളോടും താത്പര്യമില്ല. പഴയരീതികള്‍ പിന്തുടരുന്ന ആളാണ് ഞാന്‍.
ആയുര്‍വേദ-പ്രകൃതിദത്ത ഉത്പന്നങ്ങള്‍ കണ്ണടച്ച് ഉപയോഗിക്കും. ആഴ്ചയിലൊരിക്കല്‍ നാല്പാമരാദി എണ്ണയും ഏലാദി തൈലവും ദേഹത്ത് തേച്ചുപിടിപ്പിച്ചുള്ള കുളി മനസ്സിനും ശരീരത്തിനും ഒരുപോലെ നല്ലതാണ്. കുട്ടിക്കാലം മുതലുള്ള ആ ശീലത്തില്‍ മുടക്കം വരുത്താറേയില്ല.
എണ്ണയും മഞ്ഞളും എന്റെ ചര്‍മസംരക്ഷണത്തിന്റെ ഭാഗമാണ്. പ്രായമാകുന്നതിനനുസരിച്ച് ചര്‍മത്തിന് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. മുഖത്ത് കറുത്ത പാടുകള്‍ ഉണ്ടാകുമ്പോള്‍ നല്ല പുളിയുള്ള തൈര് മുഖത്ത് തേക്കും. വളരെ വീര്യം കുറഞ്ഞ മോയിസ്ചറൈസറും ടോണറുമാണ് ഉപയോഗിക്കാറുള്ളത്.''
വൈകിത്തുടങ്ങിയ ശീലം-അനുമോള്‍
''വളരെ വൈകി എന്റെ മുപ്പതുകളിലാണ് ചര്‍മസംരക്ഷണം തുടങ്ങുന്നത്. എങ്കിലും കാര്യമായിട്ടൊന്നുമില്ല.'' വൈകിത്തുടങ്ങിയ ആ ശീലത്തെപ്പറ്റി സിനിമാതാരം അനുമോള്‍ പറഞ്ഞുതുടങ്ങി. ''പകല്‍ ഒരു തവണയും രാത്രി രണ്ടുപ്രാവശ്യവും ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം വൃത്തിയാക്കാറുണ്ട്. മോയിസ്ചറൈസറും സണ്‍സ്‌ക്രീനും സ്ഥിരമായി ഉപയോഗിക്കും. ഭക്ഷണകാര്യത്തിലും ശ്രദ്ധിക്കാറുണ്ട്. ചര്‍മം വരണ്ടതായി തോന്നുമ്പോള്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്ന പഴവര്‍ഗങ്ങള്‍ കൂടുതല്‍ കഴിക്കും. മുടികൊഴിച്ചില്‍ കൂടുതലാണെങ്കില്‍ മുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തും.
മുടികൊഴിച്ചില്‍ തടയാനും മുടി വളരാനും പി.ആര്‍.പി. (Platelet Rich Plasma) ട്രീറ്റ്മെന്റ് ചെയ്തിരുന്നു. ചര്‍മത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം സ്‌കിന്‍ കെയര്‍ പദാര്‍ഥങ്ങള്‍ ഉപയോഗിക്കാറുണ്ട്. മേക്കപ്പ് വസ്തുക്കളും അതിനുള്ള ബ്രഷുകളും പങ്കുവെക്കുന്നത് അണുബാധയ്ക്ക് ഇടയാക്കിയേക്കാം. മേക്കപ്പ് റിമൂവ് ചെയ്യുമ്പോഴും ഡബിള്‍ ക്ലെന്‍സിങ് ചെയ്യാറുണ്ട്. ചര്‍മസംരക്ഷണം തുടക്കം മുതലേ ശീലമാക്കണം എന്നാണ് അഭിപ്രായം.''
പോഷകം പ്രധാനം-ഷോണ്‍ റോമി
ചര്‍മത്തില്‍ പുരട്ടേണ്ട ലേപനങ്ങളേക്കാള്‍ പ്രധാനം കഴിക്കുന്ന ഭക്ഷണം ആണെന്ന നിലപാടുകാരിയാണ് നടിയും മോഡലുമായ ഷോണ്‍ റോമി. ''ശരീരത്തിന് വേണ്ട പോഷണത്തിലാണ് ഞാന്‍ ശ്രദ്ധിക്കാറുള്ളത്. ഓരോ ദിവസവും തുടങ്ങുന്നത് ഇളം ചൂടുള്ള നാരങ്ങാവെള്ളം കുടിച്ചാണ്. ഡോക്ടറുടെ നിര്‍ദേശപ്രകാരം വിറ്റമിന്‍-ബി കോംപ്ലക്‌സ്, ഒമേഗ-3 തുടങ്ങിയ സപ്ലിമെന്റുകള്‍ സ്ഥിരമായി കഴിക്കാറുണ്ട്. ദിവസവും മൂന്നു ലിറ്റര്‍ വെള്ളം കുടിക്കും. ഇലവര്‍ഗങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കും. ചര്‍മസംരക്ഷണത്തിനായി എസ്.പി.എഫ്. 50 അടങ്ങിയ സണ്‍സ്‌ക്രീനാണ് ഉപയോഗിക്കാറുള്ളത്. എന്റെ എല്ലാ മേയ്ക്കപ്പ് വസ്തുക്കളിലും സണ്‍ പ്രൊട്ടക്ടിങ് ഫാക്ടര്‍ ഉണ്ട്.
വെയില്‍ കൂടുതലുള്ള സമയങ്ങളില്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കാറുണ്ട്. മുഖത്തും കഴുത്തിലും ഫേഷ്യല്‍ മസാജര്‍ (Gua Sha Tool) ഉപയോഗിച്ച് മസാജ് ചെയ്യാറുണ്ട്. മോയിസ്ചറൈസര്‍, ലിപ് ബാം എന്നിവ ദിനചര്യയുടെ ഭാഗമാണ്. ചുണ്ട് വരണ്ടുപോകാതെ ഈര്‍പ്പം നിലനിര്‍ത്തുന്ന ലിപ്സ്റ്റിക് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കും. രാത്രിയില്‍ ഹായ്ലുറോണിക് ആസിഡ് സീറവും മോയിസ്ചറൈസറും ഉപയോഗിക്കുന്ന പതിവുണ്ട്. ഹായ്ലുറോണിക് ആസിഡ് ചര്‍മത്തിലെ പാടുകളെ അകറ്റി തിളക്കമുള്ളതാക്കും. കണ്ണിനടിയിലുള്ള കറുപ്പ്, ഐ ബാഗ് എന്നിവ വരാതിരിക്കാന്‍ എട്ടുമണിക്കൂര്‍ ഉറങ്ങും.''
Content Highlights: malayalam actresses and their skincare routine
Published: 02 Mar 2024, 12:21 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented