ന്യൂയോര്‍ക്ക് ഫാഷന്‍ വീക്ക് 2025-ലെ കാല്‍വിന്‍ ക്ലൈന്‍ ഷോ ഇളക്കിമറിച്ച് ബിടിഎസ് താരം ജങ്കൂക്ക്. താരത്തിന്റെ വരവോടെ അദ്ദേഹത്തിന്റെ സ്വന്തം റണ്‍വേയായി ഷോ മാറി. റണ്‍വേ ഡിസൈനുകളെപ്പോലും മറികടന്നാണ് അദ്ദേഹം ശ്രദ്ധപിടിച്ചുപറ്റിയത്. സ്‌റ്റൈലിഷ് ആയ ബെയ്ജ് നിറത്തിലുള്ള ഓവര്‍സൈസ്ഡ് സ്യൂട്ടിലാണ് പ്രത്യക്ഷപ്പെട്ടത്.

To advertise here,

സൈനിക സേവനത്തിനു ശേഷമുള്ള തിരിച്ചുവരവിന്റെ അടയാളമായാണ് സ്യൂട്ടില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. ഇത് ആരാധകരില്‍ വലിയ ആവേശം ഉണര്‍ത്തി. ഫാഷനിലും പോപ്പ് കള്‍ച്ചറിലും താന്‍ എന്തുകൊണ്ടാണ് ഇത്രയും സ്വാധീനമുള്ള വ്യക്തിത്വമായി കണക്കാക്കപ്പെടുന്നതെന്ന് അദ്ദേഹം ഒരിക്കല്‍ കൂടി തെളിയിച്ചു.

ജങ്കൂക്ക് വേദിയിലേക്ക് കാലെടുത്തുവെച്ച നിമിഷം, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ആവേശത്തില്‍ നിറഞ്ഞു. ആരാധകര്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും പ്രതികരണങ്ങളും പങ്കുവെച്ചതോടെ ജങ്കൂക്ക് കാല്‍വിന്‍ക്ലൈന്‍ എന്ന ഹാഷ്ടാഗ് എക്സില്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമതെത്തി.

'രാജകുമാരന്‍ എത്തി' എന്ന് ഒരു ആരാധകന്‍ കുറിച്ചു. 'ജങ്കൂക്ക് എപ്പോഴും റണ്‍വേയിലേക്ക് ഒരു സവിശേഷ ഊര്‍ജ്ജം കൊണ്ടുവരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യമാണ് കാല്‍വിന്‍ ക്ലൈനിന്റെ ഈ വലിയ ഫാഷന്‍ നിമിഷത്തിലെ മുഖ്യ ആകര്‍ഷണം.' മറ്റൊരാള്‍ എഴുതി.

മറ്റുചിലര്‍ അദ്ദേഹത്തെ 'പെണ്‍കുട്ടികളുടെ ഏറ്റവും വലിയ ക്രഷ്', 'കിങ്' എന്നെല്ലാം വിശേഷിപ്പിച്ചു. 'ഫേസ് കാര്‍ഡ്. ഫേസ് ബാങ്ക്. ഫേസ് ഇക്കോണമി.' പോലുള്ള വൈറലായ തമാശകള്‍ ഇന്റര്‍നെറ്റിലെ ആരാധകരുടെ ഈ ആവേശത്തെ കൃത്യമായി വരച്ചുകാട്ടി.

2023 മാര്‍ച്ചില്‍ കാല്‍വിന്‍ ക്ലൈനിന്റെ ഗ്ലോബല്‍ അംബാസഡറായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം, കാല്‍വിന്‍ ക്ലൈന്‍ ജീന്‍സിനും കാല്‍വിന്‍ ക്ലൈന്‍ അണ്ടര്‍വെയറിനുമായി നിരവധി പ്രമുഖ കാമ്പെയ്നുകള്‍ക്ക് ജങ്കൂക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ന്യൂയോര്‍ക്ക് ഫാഷന്‍ വീക്ക് 2025-ലെ അദ്ദേഹത്തിന്റെ സാന്നിധ്യം ബ്രാന്‍ഡുമായുള്ള സഹകരണം ഉറപ്പിക്കുക മാത്രമല്ല, അതിന്റെ ആഗോള പ്രശസ്തി വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

ജങ്കൂക്കിന്റെ സഹകരണം കാല്‍വിന്‍ ക്ലൈനിന്റെ പ്രചാരവും വില്‍പ്പനയും ഗണ്യമായി വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് അദ്ദേഹത്തിന്റെ സ്വാധീനം സംഗീതത്തിനപ്പുറമാണെന്നും ഫാഷന്‍ ലോകത്തെ ഒരു യഥാര്‍ഥ 'ഗെയിം ചേഞ്ചര്‍' ആണ് അദ്ദേഹമെന്നും തെളിയിക്കുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi