2021-ലെ മിസ് യൂണിവേഴ്‌സ് കിരീടം ചൂടി ഇന്ത്യയുടെ അഭിമാനമായ ഹർനാസ് സന്ധു. വിയറ്റ്‌നാമിൽ നടക്കുന്ന മിസ് കോസ്‌മോ 2025 ഇന്റർനാഷണൽ വേദിയിൽ, ജൂറി അംഗം കൂടിയായ ഹർനാസ് സന്ധു, കഴിഞ്ഞ ദിവസം റാംപ് വോക്കിനിടെ തെന്നിവീഴാൻ പോയ വീഡിയോ വൈറലായിരുന്നു. എന്നാൽ അവർ ആ പ്രശ്‌നത്തെ കൈകാര്യം ചെയ്ത രീതിയെ അഭിനന്ദിക്കുകയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ. തെന്നിവീഴാൻ പോയി എങ്കിലും, ബാലൻസ് ചെയ്ത് വീണ്ടും റാംപ് വോക്ക് പൂർത്തിയാക്കി. ആ സന്ദർഭം വളരെ ഭംഗിയായി അവർ കൈകാര്യം ചെയ്തു. മാത്രമല്ല, അതിനെക്കുറിച്ച് അവർ വീണ്ടും സംസാരിക്കുകയും ചെയ്തു.

ഡിസംബർ 20-ന് നടക്കുന്ന ഫിനാലെയ്ക്ക് മുന്നോടിയായി, മിസ് കോസ്‌മോ വേദിയിൽ തിളങ്ങിനിൽക്കുന്ന വീഡിയോ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. റാംപിൽ ആത്മവിശ്വാസത്തോടെയും അഴകോടെയും നടക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ഹർനാസ് കുറിച്ചു: 'പൗള ഷുഗാർട്ട് പറഞ്ഞതുപോലെ, 'വീഴുന്നതിലല്ല കാര്യം, നിങ്ങൾ എങ്ങനെ എഴുന്നേൽക്കുന്നു എന്നതിലാണ്'.' താൻ ഏതാണ്ട് വീഴാൻ പോയെന്നും, എന്നാൽ ഇപ്പോൾ സ്‌നേഹവും നന്ദിയും നിറഞ്ഞ മനസ്സോടെയാണ് അത് നോക്കി കാണുന്നതെന്നും താരം കൂട്ടിച്ചേർത്തു.

ഇന്റർനെറ്റിൽ വൈറലായ വീഡിയോയിൽ ഹർനാസ് തെന്നിവീഴാൻ പോയ ശേഷം ബാലൻസ് ചെയ്ത് നിൽക്കാൻ ബുദ്ധിമുട്ടുന്നത് കാണാം. താരത്തിന്റെ സ്വർണ്ണനിറത്തിലുള്ള ഹൈ ഹീൽസ്, വസ്ത്രത്തിൽ ഉടക്കിയതാണ് ബാലൻസ് തെറ്റാൻ കാരണമായത്. എന്നാൽ ഉടൻതന്നെ സ്വയം നിയന്ത്രിച്ച താരം, ഒരു നിമിഷം ഒന്നു പതറിയെങ്കിലും അതൊന്നും കാര്യമാക്കാതെ ആത്മവിശ്വാസത്തോടെ നടത്തം തുടർന്നു. തന്നെ പ്രോത്സാഹിപ്പിച്ച കാണികൾക്ക് നേരെ താരം കൈവീശുകയും, കാണികൾ അവരെ പിന്തുണയ്ക്കുകയും ചെയ്തു.

സീക്വിൻ വർക്കുകളും 'തൈ-ഹൈ സ്ലിറ്റും' ഉള്ള ഓറഞ്ച് നിറത്തിലുള്ള ഗൗണിൽ അതീവ സുന്ദരിയായാണ് താരം വേദിയിലെത്തിയത്. മിസ് കോസ്‌മോ 2025 മത്സരത്തിൽ ഹർനാസിനൊപ്പം ഒലീവിയ യാസെയും വിധിനിർണ്ണയ പാനലിലുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi