
സാരിത്തിരമാല
കഫെ കോഫി ഡേ എന്ന സ്വപ്നവും കോഫി മണവുമായാണ് ഞാൻ തിരിച്ചു നാട്ടില്‍ എത്തിയത്. Café Coffee Dayയുടെ ചെയര്‍മാന്‍ വി.ജി.സിദ്ദാര്‍ഥ ഹെഗ്‌ഡെ എന്ന ബിസിനസുകാരനെക്കുറിച്ച് മനസ്സിലായപ്പോള്‍ CCDയോട് കൂടുതല്‍ ഇഷ്ടം തോന്നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് അടുത്താണ് എന്റെ വീട്. യൂണിവേഴ്സിറ്റിക്ക് അകത്ത് ചെറിയ ഒരു സ്ഥലം കിട്ടാന്‍ പലവഴിക്ക് ശ്രമിച്ചു. ഒരു രക്ഷയുമില്ല എന്നായപ്പോള്‍ ക്യാമ്പസിനോട് ചേര്‍ന്ന് ഒരു ചെറിയ വീട് കണ്ടെത്തി. ഒരു സെമി കാറ്ററിംഗ് യൂണിറ്റ്. അതായിരുന്നു പദ്ധതി.
ഒറ്റയ്ക്ക് എല്ലാം കൂടി ചെയ്യാന്‍ പറ്റില്ല. അതിന് പറ്റിയ ഒരു സുഹൃത്തിനെയും കിട്ടി. ഇങ്ങനെ ഒരു സംരംഭം തുടങ്ങുന്നുണ്ട് എന്നറിഞ്ഞ് പലരും ഒരു മാസത്തേക്കുള്ള ഓര്‍ഡര്‍ തന്നു കഴിഞ്ഞു. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെട്ട് എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് മനസ്സിലാക്കി. രണ്ട് ഷെഫിനെയും കിട്ടി. കാര്യങ്ങള്‍ ഏതാണ്ട് ഫിനിഷിംഗ് പോയിന്റിലേക്ക് എത്തുമ്പോള്‍ സുഹൃത്ത് നിരുപാധികം പിന്മാറി. എനിക്കന്ന് വണ്ടിയോടിക്കാന്‍ അറിയില്ല. ഒറ്റയ്ക്ക് ഈ സംഭവം ഓടില്ല എന്ന് മനസ്സിലായി. മലര്‍പ്പൊടിക്കാരിയുടെ സ്വപ്നം വീണ്ടും വീണുടഞ്ഞു. ഈ സമയത്തുതന്നെയാണ് CCD ചെയര്‍മാന്‍ നേത്രാവതി പുഴയില്‍ ജീവിതം അവസാനിപ്പിക്കുന്നതും.
ഒറ്റയ്ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ക്ക് മാത്രമേ പുറപ്പെടാന്‍ പാടുള്ളൂ. ആരെങ്കിലും ഉണ്ടാകുമെന്ന് വിചാരിച്ചു ഒന്നിനും പുറപ്പെടരുത്. ഞാന്‍ എന്നോടു തന്നെ പറഞ്ഞുകൊണ്ടിരുന്നു. അമ്മയും രവിയും (കലവൂര്‍ രവികുമാര്‍). ഏതു കാലത്തും എന്റെ പ്രിയ സുഹൃത്തുക്കളായ രണ്ടുപേര്‍ അവരാണ്. എഴുത്തിലേക്ക് കൊണ്ടുവരാന്‍ രവി ഒരുപാട് ശ്രമിച്ചു. എഴുതി ജീവിതമാര്‍ഗം കണ്ടെത്താന്‍ ഞാന്‍ മാധവിക്കുട്ടി ഒന്നുമല്ല.
യാത്രകളില്‍ വാങ്ങിയിരുന്ന സാരികള്‍ അതേ വിലയ്ക്ക് നാട്ടില്‍ എത്തിച്ച് സുഹൃത്തുക്കള്‍ക്ക് കൊടുക്കുന്നുണ്ടായിരുന്നല്ലോ ഞാന്‍. എന്തുകൊണ്ട് അതൊരു തൊഴിലാക്കിക്കൂടാ എന്ന ചിന്ത ഉണ്ടായി. ഇക്കാര്യം രവിയോട് പറഞ്ഞു. ഒരു സംശയവും വേണ്ട ധൈര്യമായി തുടങ്ങിക്കോളൂ എന്നായി രവി. ചെറിയൊരു സമ്പാദ്യം ഉണ്ട് കൈയില്‍. അതുവെച്ച് ചെറിയൊരു ഹോം ബൊട്ടീക്ക് തുടങ്ങാം. പക്ഷേ, ബിസിനസ് പൊളിഞ്ഞാല്‍, ആ രൂപ പോയി. ആകെയുള്ള സമ്പാദ്യമാണ്. പിന്നെ ഒന്നും ഉണ്ടാവില്ല. കുറച്ചു പൈസ ഞാന്‍ തരാം. ബിസിനസ് പച്ചപിടിക്കുകയാണെങ്കില്‍ തിരിച്ചു തന്നാല്‍ മതി. ഇല്ലെങ്കില്‍ വേണ്ട എന്ന് രവി പറഞ്ഞു. അതൊരു വാക്കായിരുന്നു. വിശ്വാസമായിരുന്നു. പൈസ വാങ്ങിയോ ഇല്ലയോ എന്നുള്ളതല്ല, അങ്ങനെ പറയാന്‍ ഒരു സുഹൃത്തുണ്ടായി എന്നത് ചെറിയ കാര്യമല്ല.
അതൊരു വിശ്വാസമായിരുന്നു, എനിക്ക് എന്നോടു തന്നെ ഒരു വിശ്വാസം തോന്നി. അമ്മയും പ്രോത്സാഹിപ്പിച്ചു. യൂണിവേഴ്സിറ്റിക്ക് അടുത്ത് ചെട്ടിയാര്‍മാട് എന്ന സ്ഥലത്ത് ഒരു ഫ്ളാറ്റിന്റെ മുകള്‍ നില വാടകയ്ക്ക് എടുത്തു. ‘ഫാബ് ഇന്ത്യ’ ആയിരുന്നു മനസ്സില്‍ ഉണ്ടായിരുന്ന ഐഡിയല്‍ സ്ഥാപനം. ഇന്നോളമുള്ള ജീവിതത്തില്‍ ഏറ്റവും പ്രാധാന്യം കൊടുത്തിട്ടുള്ളത് മിണ്ടാപ്രാണികളെ ഉപദ്രവിക്കാതിരിക്കുക എന്നതിനാണ്. എക്കോ ഫ്രണ്ട്‌ലി ആയിരിക്കണം എന്നൊരു തീരുമാനം ഉണ്ടായിരുന്നു.
അനശ്വരമായി ഒന്നുമില്ല ഈ ഭൂമിയില്‍. ഒരു കാലം കഴിഞ്ഞാല്‍ എല്ലാം നശിച്ചു പോകണം. തുണികളും നുലൂകളും എല്ലാക്കാലവും നിലനില്‍ക്കുന്നതല്ല. പ്രകൃതിദത്തമായവ കൃത്രിമമായതിനേക്കാള്‍ വേഗത്തില്‍ ഇല്ലാതാവുന്നു. ആ തിരിച്ചറിവിലാണ് പ്രകൃതിദത്ത ചായങ്ങളും പരുത്തിത്തുണികളും മനസ്സില്‍ ഉണ്ടായത്. പട്ടുനൂല്‍ പുഴുക്കളെ കൊന്നിട്ടാണ് പട്ടുനൂല്‍ ഉണ്ടാക്കുന്നത്. പക്ഷേ പീസ് സില്‍ക്ക് എന്നറിയപ്പെടുന്ന സില്‍ക്ക് ഉത്പന്നം പട്ടുനൂല്‍പ്പുഴുക്കളെ കൊല്ലാതെ ഉണ്ടാക്കുന്നവയാണ്. പീസ് സില്‍ക്ക് മൃദുവും അതേസമയം ചിലവേറിയതും ആണ്. ടസ്സര്‍ സില്‍ക്ക്, എറി സില്‍ക്ക്, മള്‍ബറി പീസ് സില്‍ക്ക്, മുഗ സില്‍ക്ക്, ഇവയൊക്കെ അക്കൂട്ടത്തില്‍ ഉള്‍പ്പെടും.
അതുപോലെ കോട്ടണ്‍ തുണികളെക്കുറിച്ചും കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു. അപ്പോള്‍ അന്നുവരെ നമ്മള്‍ ധരിച്ചു വെച്ചിരുന്ന പല ധാരണകളും തെറ്റാണെന്ന് മനസ്സിലായി. കോട്ടണ്‍ സാരികള്‍ സ്റ്റിഫ് ആണെന്നായിരുന്നു അതുവരെയുള്ള ധാരണ.എന്നാല്‍ 100% കോട്ടണ്‍ ഒരിക്കലും സ്റ്റിഫായി നില്‍ക്കില്ല. കോട്ടണ്‍ പലതരമുണ്ടെന്നും ഓരോ സംസ്ഥാനത്തിനും അവരുടേതായ തുണികളുണ്ടെന്നും ഓരോ പരുത്തിത്തുണിക്കും അതിന്റേതായ വ്യത്യസ്തതയും ചായങ്ങളും ചായക്കൂട്ടുകളും ഉണ്ടെന്നും മനസിലായി.
ഇന്ത്യയുടെ സംസ്‌കാരവും പൈതൃകവുമായി പട്ടും പരുത്തിയും നിറക്കൂട്ടുകളും എങ്ങനെ ചേര്‍ന്നുകിടക്കുന്നു എന്ന് കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു. മാര്‍ക്കറ്റില്‍ കിട്ടുന്ന മിക്കവാറും തുണികള്‍ സിന്തറ്റിക് മിശ്രിതങ്ങള്‍ ചേര്‍ത്തവയാണ്. നമ്മുടെ ചര്‍മ്മത്തിനും പരിസ്ഥിതിക്കും വളരെയധികം ദോഷം ചെയ്യുന്നതാണ് ഇത്. ഭക്ഷണം പോലെ തന്നെ പ്രധാനമാണ് ധരിക്കുന്ന വസ്ത്രങ്ങളും. നമ്മുടെ ശരീരവുമായി, ചര്‍മ്മവുമായി തൊട്ടുകിടക്കുന്നവയാണ് വസ്ത്രങ്ങള്‍.
വെറുതേ കോഴിക്കോട് അങ്ങാടിയിലൂടെ നടന്നു. പ്രസിദ്ധമായ പലകടകളിലും കയറി തുണികള്‍ തൊട്ടുനോക്കി വില അന്വേഷിച്ചു. ചില്ലുകൂട്ടിനുള്ളിലെ നിറങ്ങളും തിളക്കങ്ങളും എന്നെ ഭയപ്പെടുത്തിയില്ല. ഇതൊന്നും അല്ല ഞാന്‍ വിചാരിക്കുന്ന തുണികള്‍. എന്റെ ആത്മവിശ്വാസം കൂടി. ശരീരത്തിന് ദോഷം ഉണ്ടാക്കരുത്, ചൂട് അനുഭവപ്പെടരുത്.
ഇന്ത്യയിലെ പരമ്പരാഗത തുണി നെയ്ത്തുകലയുടെ സൂചനകള്‍ വേദങ്ങളില്‍പ്പോലുമുണ്ട്. ‘മാര്‍ക്കണ്ഡേയ പുരാണ’ത്തില്‍ ഇതേപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. ഒരിക്കല്‍ മാര്‍ക്കണ്ഡേയ മുനി ഒരു യാഗം നടത്തി, താമരയുടെ തണ്ടില്‍ നിന്ന് നിര്‍മ്മിച്ച ഒരു നൂല്‍പ്പന്ത് അദ്ദേഹത്തിന് മുന്നില്‍ പത്യക്ഷപ്പെട്ടു. താമരനൂലുകൊണ്ട് തുണിത്തരം ഉണ്ടാക്കിയതായും പുരാണം പറയുന്നു.
പണ്ടൊക്കെ സാരികള്‍ മോതിരത്തിലൂടെ കടത്തിയെടുക്കാന്‍ കഴിയുമായിരുന്നെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. ഒരുപക്ഷേ, അതിശയോക്തി ആവാം. ഒരുകാലത്ത് ഇന്ത്യയില്‍ ഉണ്ടാക്കിയിരുന്ന പരുത്തി/ പട്ട് സാരികള്‍ ലോകകമ്പോളത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു. തള്ളവിരലില്‍ നഖം വളര്‍ത്തി അതില്‍ തുളകള്‍ ഉണ്ടാക്കി അതിലൂടെ നൂലുകള്‍ കടത്തി സാരികള്‍ ഉണ്ടാക്കുന്ന നെയ്ത്തുകാരെക്കുറിച്ച് അമ്മ പറഞ്ഞത് വെറും കഥയായിരുന്നോ അതോ ചരിത്രസത്യമായിരുന്നോ.
Content Highlights: Discover the captivating story behind traditional Indian handwoven sarees, exploring eco-friendly fabrics, natural dyes, and the dedication of artisans. Learn about the cultural heritage of Indian textiles.
Published: 25 Nov 2025, 04:20 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented