കൊഴിച്ചിലില്ലാത്ത, താരനില്ലാത്ത, അഴുക്ക് പറ്റാത്ത, അറ്റം പിളരാത്ത നല്ല ഇടതൂര്‍ന്ന മുടി. ഇതാണോ സ്വപ്‌നം? എങ്കില്‍ മുടിയുടെ യഥാര്‍ഥ പ്രശ്‌നം മനസ്സിലാക്കി മികച്ച ഹെയര്‍ ട്രീറ്റ്‌മെന്റ് തന്നെ തിരഞ്ഞെടുക്കാം. 
 
കെരാറ്റിന്‍ ട്രീറ്റ്‌മെന്റ്.

To advertise here,

മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായുള്ള ഒരു നൂതന ചികിത്സാരീതിയാണ് കെരാറ്റിന്‍ ട്രീറ്റ്‌മെന്റ്. മുടിയില്‍ പ്രധാനമായും അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ ആണ് കെരാറ്റിന്‍. സൂര്യതാപം, അന്തരീക്ഷമലിനീകരണം, ജീവിതശൈലിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്നീ കാര്യങ്ങളെല്ലാം തന്നെ നമ്മുടെ മുടിയില്‍ അടങ്ങിയിരിക്കുന്ന കെരാറ്റിന്റെ അളവ് ഗണ്യമായി കുറയ്ക്കും. ഇക്കാരണം കൊണ്ട് മുടി വരണ്ടതും കേടുപാടുള്ളതും മങ്ങിയതുമൊക്കെയായി കാണപ്പെടുന്നു. കെരാറ്റിന്‍ ചികിത്സ യിലൂടെ കെട്ടുപിണഞ്ഞു കിടക്കുന്ന മുടിയില്‍ നിന്നു രക്ഷ നല്‍കി കൂടുതല്‍ മിനുസമുള്ളതും തിളക്കമുള്ളതുമാക്കി മാറ്റിയെടുക്കാനാവും. കൃത്രിമമായ രീതിയില്‍ തലമുടിയിലേക്ക് കെരാറ്റിന്‍ നല്‍കുന്നതുവഴിയാണ് ഇത് സാധ്യമാകുന്നത്. ഇത് തലമുടിയിലെ സുഷിരങ്ങളില്‍ ഉണ്ടാകുന്ന കെരാറ്റിന്റെ കുറവ് നികത്തുന്നു. നഷ്ടപ്പെട്ട പ്രോട്ടീനുകളെ രോമസുഷിരങ്ങളിലേക്ക് തിരികെ കൊണ്ടുവന്ന് തലമുടിയെ പുനര്‍നിര്‍മിക്കുകയാണ് കെരാറ്റിന്‍ ട്രീറ്റ്മെന്റിലൂടെ ചെയ്യുന്നത്. കെരാറ്റിന്‍ ട്രീറ്റ്‌മെന്റ് ചെയ്യുന്നതിന് മുന്നേ ഒരു വിദഗ്ധ ഹെയര്‍ സ്‌റ്റൈലിസ്റ്റിന്റെ അഭിപ്രായം അറിയുന്നത് നല്ലതാണ്. ട്രീറ്റ്‌മെന്റ് കഴിഞ്ഞതിനുശേഷം കൃത്യമായ മുടി സംരക്ഷണരീതികള്‍ പിന്തുടരേണ്ടതും നിര്‍ബന്ധമാണ്.
  
റൂട്ട്‌സ് ലൈറ്റ് തെറാപ്പി

റൂട്ട്‌സ് ലൈറ്റ് തെറാപ്പിയില്‍ വളരെ തീവ്രത കുറഞ്ഞ പ്രകാശം ഉപയോഗിച്ചാണ് ചികിത്സ നടത്തുക. ഇത് മുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. അതുപോലെ മുടിക്ക് കട്ടിയും കരുത്തും പകരുന്നു. ഒട്ടും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത, വളരെ ഉയര്‍ന്ന സാങ്കേതിക നിലവാരമുള്ള ചികിത്സയാണിത്. 

പ്രോട്ടീന്‍ട്രീറ്റ്‌മെന്റ്

മുടിയിഴകളുടെ സംരക്ഷണം എപ്പോഴും വേരില്‍ നിന്നാണ് നല്‍കേണ്ടത്. മുടിയുടെ റൂട്ടിന് ശക്തി പകരാന്‍ പ്രോട്ടീന്‍ട്രീറ്റ്‌മെന്റിന് കഴിയും. സ്മൂത്തനിങ് , സ്‌ട്രെയിറ്റനിങ് തുടങ്ങിയവ ചെയ്തിട്ടുള്ളവര്‍ നിര്‍ബന്ധമായും പ്രോട്ടീന്‍ ട്രീറ്റ്‌മെന്റ് ചെയ്യണം.

ഹെയര്‍ സ്പാ

മുടിയുടെ ഘടനയും തിളക്കവും വീണ്ടെടുക്കുന്നതിനുള്ള മികച്ച ഒാപ്ഷന്‍ ആണ് ഹെയര്‍ സ്പാ. താരന്‍, മുടി കൊഴിച്ചില്‍, വരണ്ടതും മങ്ങിയതുമായ മുടി...തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് ആശ്വാസം നല്‍കും. ശിരോചര്‍മത്തിന്റെ  ആരോഗ്യവും രക്തയോട്ടവും  മെച്ചപ്പെടുത്താനും ആയാസം കുറയ്ക്കാനും ഇത് സഹായിക്കുന്നു. ശിരോചര്‍മത്തില്‍ അടിയുന്ന വിവിധ തരത്തിലുള്ള മാലിന്യങ്ങള്‍ ഹെയര്‍ സ്പാ പരിചരണത്തിലൂടെ നീക്കം ചെയ്യപ്പെടും. നശിച്ചതും നിറം മങ്ങിയതുമായ മുടിക്ക് പകരം ആരോഗ്യമുള്ളതും മൃദുലവുമായ മുടി ലഭിക്കും.   

തയ്യാറാക്കിയത്: 
ഷൈമ റാണി
ഒലിവിയ ബ്യൂട്ടി മേക്കപ്പ്
കൊല്ലം