അച്ഛനും അമ്മയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആയിരുന്നു. അച്ഛന്‍ ഗണിത അദ്ധ്യാപകന്‍, അമ്മ മുന്‍സിഫല്‍ കോടതിയിലും പിന്നീട് വാട്ടര്‍ അതോറിറ്റിയിലുമാണ് ജോലി ചെയ്തിരുന്നത്. ആസ്ത്മ പേഷ്യന്റ് ആയതുകൊണ്ട് അമ്മയ്ക്ക് പുലര്‍ച്ചെ എഴുന്നേക്കാന്‍ കഴിയില്ല. അച്ഛന്‍ രാവിലെ എഴുന്നേറ്റ് അടുപ്പില്‍ തീ കത്തിച്ച് ചോറിന് അരിയിടും. ഞാനും അച്ഛനൊപ്പം എഴുന്നേല്‍ക്കും. നേരം വെളുത്തു വരുമ്പോഴായിരിക്കും അമ്മ എഴുന്നേല്‍ക്കുക.

പിന്നീടുള്ള വീട്ടുജോലികള്‍ അമ്മയും അച്ഛനും ഒരുമിച്ചാണ്. അമ്മ ശമ്പളം അച്ഛനെ ഏല്‍പ്പിക്കുകയായിരുന്നു പതിവ്. വീട്ടുകാര്യങ്ങള്‍ അധികവും അച്ഛനായിരുന്നു നോക്കിയിരുന്നത്. പലതരം അച്ചാറുകളും സ്വാദിഷ്ടമായ വെജിറ്റേറിയന്‍ ഫുഡും ഉണ്ടാക്കുന്നതും അതിഥി സല്‍ക്കാരവുമായിരുന്നു അമ്മയുടെ ഇഷ്ടങ്ങള്‍. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ മടിയായിരുന്നു അമ്മയ്ക്ക്.

യാത്രകള്‍ വളരെ ഇഷ്ടമുള്ള അച്ഛന്‍. അമ്മ യാത്രയോട് വലിയൊരു താല്‍പര്യം കാണിച്ചിട്ടില്ല. പക്ഷേ എല്ലാ വെക്കേഷനും, ചെറിയൊരു അവധി കിട്ടിയാല്‍ പോലും ഞങ്ങള്‍ ചെറിയ ചെറിയ യാത്ര പോയിരുന്നു. ഇന്നിപ്പോള്‍ അതെല്ലാം ചെറിയ യാത്രകളായി തോന്നുമെങ്കിലും അന്ന് അത് വലിയ ആഘോഷമായി ഒരുക്കത്തോടെ ചെയ്തിരുന്ന യാത്രകള്‍ ആയിരുന്നു.

കുമ്പളത്ത്, അമ്മയുടെ ചേച്ചിയുടെ(എറണാകുളത്തമ്മ ) വീട്ടിലേക്ക് അല്ലെങ്കില്‍ തിരുവനന്തപുരത്തുള്ള അമ്മയുടെ അനിയത്തിയുടെ (അനിയത്തിക്കുഞ്ഞമ്മ) വീട്ടിലേക്ക് ആണ് അവധിക്കാല യാത്രകള്‍ അധികവും. ഞങ്ങള്‍ അങ്ങോട്ട് പോയില്ലെങ്കില്‍ അവര്‍ ഇങ്ങോട്ട് വരും. അവധിക്കാലങ്ങള്‍ ഞങ്ങള്‍ എല്ലാവരും കൂടി ഒരുമിച്ച് എവിടെയെങ്കിലും കൂടുക പതിവായിരുന്നു.

അമ്മമാര്‍ സാഹിത്യവും സിനിമയും ചര്‍ച്ചചെയ്ത് നേരം വെളുപ്പിച്ചിരുന്ന ദിവസങ്ങള്‍. നര്‍ഗീസും സുനില്‍ദത്തും രാജ്കുമാറും ശശികപൂറും, മാലസിന്‍ഹയും, വൈജയന്തിമാലയും, ആശ പരേഖയും... ഞങ്ങള്‍ക്ക് കുടുംബക്കാരായിരുന്നു. റാഫി സാഹിബ്, കിഷോര്‍ കുമാര്‍, ലതാ മങ്കേഷ്‌കര്‍, ആഷാഭോസ്ലെ.

ഇംഗ്ലണ്ടിലോ മറ്റോ പോയിട്ട് മുഹമ്മദ് റാഫി പാടിയ ബഡിദൂര്‍ സേ ആയെ ഹെ... പ്യാര്‍ ക തേഫല്‍ ആയെ ഹെ.... അതിനെക്കുറിച്ച് ഒക്കെ പറയുമ്പോള്‍ പാട്ടിനൊപ്പം തന്നെ 'ഭാരതം 'എന്നുള്ള സ്‌നേഹം, ആവേശം ഞങ്ങളിലേക്ക് പകര്‍ന്നു തരികയായിരുന്നു. ടാഗോറും പ്രേംചന്ദും തുഞ്ചത്തെഴുത്തച്ഛനും നെഹ്‌റുവും ഗാന്ധിജിയും നേതാജി സുഭാഷ് ചന്ദ്രബോസും ഭഗത് സിങ്ങും എകെജിയും ഇഎംഎസും.... വായിച്ചതിനേക്കാള്‍ ഏറെ കേട്ടറിവാണ് കൂടുതല്‍.

അച്ഛന്മാര്‍ പൊതുവേ ഈ വിഷയങ്ങളില്‍ താത്പര്യം കാണിച്ചില്ല. ഭക്ഷണം കഴിച്ച് പോയി കിടന്നുറങ്ങിയിട്ടുണ്ടാവും. അച്ഛന്‍ പൊതുവേ ശാസ്ത്രീയ സംഗീതത്തോടും നാടകങ്ങളോടും ആണ് താല്‍പര്യം കാണിച്ചിരുന്നത്. ബാലമുരളി കൃഷ്ണയുടെ കച്ചേരികള്‍ ടേപ് റെക്കോര്‍ഡില്‍ കാസറ്റിട്ട് സ്ഥിരം കേള്‍ക്കാറുണ്ടായിരുന്നു. അമ്പലങ്ങളില്‍ കച്ചേരി കേള്‍ക്കാന്‍ പോകും. വളരെ ചെറിയ കുട്ടി ആയിരിക്കുമ്പോള്‍ ശങ്കരന്‍ നമ്പൂതിരിയുടെ കച്ചേരി കേള്‍ക്കാന്‍ എന്നെയും കൊണ്ടുപോയ ഓര്‍മ്മയുണ്ട്.

ഗവണ്‍മെന്റ് ഉദ്യോഗസ്ഥരായിരുന്നു കുടുംബത്തിലെ സ്ത്രീകള്‍ ഉള്‍പ്പെടെ എല്ലാവരും. അമ്മയുടെ അമ്മ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥയായിരുന്നു. ജോലിയുടെ റിസ്‌ക് അധികമായപ്പോള്‍ രാജിവെച്ചു പോരുകയായിരുന്നു എന്ന് അമ്മ പറയുന്നത് കേട്ടിട്ടുണ്ട്. രണ്ടു തലമുറയ്ക്ക് അപ്പുറത്തേക്ക് തന്നെ സര്‍ക്കാര്‍ സര്‍വീസിലെ ജോലി ചെയ്തിരുന്ന സ്ത്രീകളാണ് കുടുംബത്തില്‍ ഉണ്ടായിരുന്നത്.

അതുകൊണ്ടുതന്നെ എപ്പോഴും ഒരു ജോലിയും സ്ഥിരവരുമാനവും സ്വപ്നമായിക്കിടന്നു. ജോലി കിട്ടിയാല്‍ ആദ്യത്തെ ശമ്പളം ഒരു പൈസ പോലും എടുക്കാതെ അച്ഛന്റെ കയ്യില്‍ കൊടുക്കണം... പിന്നെ ഇഷ്ടംപോലെ സാരി വാങ്ങണം യാത്ര ചെയ്യണം... അങ്ങനെ സന്തോഷമായിട്ട് ജീവിക്കണം.

എന്നാല്‍ വിവാഹം കഴിഞ്ഞെത്തിയ വീട്ടില്‍ അങ്ങനെയല്ല. ടെസ്റ്റ് എഴുതി പാസായി റാങ്ക് ലിസ്റ്റില്‍ വന്നു ജോലി വാങ്ങിക്കുന്ന ഒരു അവസ്ഥയല്ല പൊതുവെ കാണാന്‍ കഴിഞ്ഞത്. ബിഎഡിന്‌പോകുന്നു അടുത്തുള്ള ഏതെങ്കിലും പ്രൈവറ്റ് സ്‌കൂളില്‍ ജോലി ശരിയാക്കുന്നു. പിന്നെ സമാധാന ജീവിതം. ഈയൊരു അവസ്ഥയോട് യോജിക്കാന്‍ കഴിഞ്ഞില്ല. പൈസ കൊടുത്ത് അഡ്മിഷന്‍ വാങ്ങിക്കുക, വീണ്ടും പൈസ കൊടുത്ത് ജോലിക്ക് കയറുക. ആ പൈസ എല്ലാം കൂടി ബാങ്കില്‍ ഇട്ടിട്ട് സ്വന്തമായിട്ട് എന്തെങ്കിലും കാര്യങ്ങള്‍ ചെയ്തുകൂടെ എന്നാണ് എപ്പോഴും തോന്നിയിട്ടുള്ളത്.

ഒരിക്കല്‍ ഒരു ബന്ധു വളരെ പരിഹാസപൂര്‍വ്വം ചോദിച്ചു: “വലിയ പഠിത്തക്കാരിയായിട്ട് എന്തേ ഒരു ജോലിയും കിട്ടിയില്ല? ഞങ്ങള്‍ പത്താം ക്ലാസ് കഴിഞ്ഞ് ടിടിസിക്ക് പോയതുകൊണ്ട് നല്ല ജോലി കിട്ടി സന്തോഷമായി ജീവിക്കുന്നു...” പണമോ സ്വാധീനമോ ഉപയോഗിച്ച് എന്തെങ്കിലും കാര്യങ്ങള്‍ ജീവിതത്തില്‍ ഇന്നുവരെ നേടിയിട്ടില്ല. അര്‍ഹതയുള്ള ഒരാളുടെയും അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടുമില്ല.

അങ്ങനെയുള്ള ജീവിതത്തോടോ സുഖങ്ങളോടോ ഒരിക്കല്‍പോലും ഒരിത്തിരിപോലും താല്‍പര്യം തോന്നിയിട്ടുമില്ല. അതുകൊണ്ടുതന്നെ പിഎസ്സി ടെസ്റ്റുകള്‍ എഴുതാനും റാങ്ക് ലിസ്റ്റില്‍ വന്ന് ഇന്റര്‍വ്യൂ പാസ്സായി ഏതെങ്കിലും ജോലിയില്‍ പ്രവേശിക്കാനും ആണ് ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്.

അതൊരു അമ്പെ പരാജയമായിരുന്നു എന്ന് മുപ്പത്ത‍ഞ്ചു വയസ്സു കഴിഞ്ഞപ്പോഴാണ് തിരിച്ചറിയാന്‍ കഴിഞ്ഞത്. പുറംലോകവും ആയിട്ടുള്ള ഇടപെടല്‍, വായന ഒക്കെ വളരെ പരിമിതമായിട്ടായിരുന്നു ആ കാലങ്ങളില്‍. ഒക്കെ ഉണ്ട് പക്ഷേ ഒന്നുമില്ല. പലപ്പോഴും ജോലി സാധ്യതകള്‍ അറിയാന്‍ കൂടി കഴിഞ്ഞില്ല. അറിഞ്ഞാല്‍ അപേക്ഷ കൊടുക്കും. എഴുത്തു പരീക്ഷയില്‍ പാസായാല്‍ പിന്നെ ഇന്റര്‍വ്യൂ.

എഴുതിയ എല്ലാ എഴുത്തു പരീക്ഷകളും പാസായിട്ടുണ്ട്. പിന്നെ ഉള്ള സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാം നുള്ളിപ്പെറുക്കി ഇന്റര്‍വ്യൂ. ഇന്റര്‍വ്യൂ പാസായാല്‍ റാങ്ക് ലിസ്റ്റ് ഇടും. അവിടം വരെ അറിയുള്ളൂ കാര്യങ്ങള്‍. അതില്‍നിന്ന് അവസരങ്ങള്‍ വരുന്നതിനനുസരിച്ച് ഉദ്യോഗാര്‍ത്ഥികള്‍ തിരഞ്ഞെടുക്കപ്പെടുന്നു. ടെസ്റ്റ് എഴുതി ഇന്റര്‍വ്യൂ കഴിഞ്ഞ് അഡ്വൈസ് മെമ്മോ വരുന്നതും കാത്ത് ഒരുപാട് വര്‍ഷങ്ങള്‍ ഇരുന്നു.

ഒരു കാര്യം എനിക്ക് വാശിയായിരുന്നു റിട്ടണ്‍ ടെസ്റ്റ് എഴുതിയെടുക്കണം. ഓരോ ഇന്റര്‍വ്യൂ കഴിഞ്ഞപ്പോഴും ഈ ജോലി എനിക്ക് തന്നെയാണ് എന്ന് ഉറപ്പിച്ചു. അത്രയേറെ ആത്മവിശ്വാസത്തോടുകൂടിയായിരുന്നു ഓരോ ഇന്റര്‍വ്യൂ ബോര്‍ഡിന്റെ മുന്നിലും ഇരുന്നിരുന്നത്. ജോലി കിട്ടിയില്ലെങ്കിലും ഒരുപാട് പ്രഗല്‍ഭന്മാരുടെ മുന്നില്‍ പതറാതെ ഇരുന്നിട്ടുണ്ട് എന്ന് പറയാം. ഇന്റര്‍വ്യൂ കഴിഞ്ഞ് തിരിച്ചുള്ള യാത്രയില്‍: ഈ ജോലി കിട്ടിയാല്‍ ഏതു ബസ്സിനു പോകണം, എത്ര മണിക്ക് വീട്ടില്‍നിന്നിറങ്ങണം ദൂരെയാണെങ്കില്‍ എവിടെ താമസിക്കണം ഈ ആലോചനയിലായിരുന്നു. സത്യം പറഞ്ഞാല്‍ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു.

എത്രയെത്ര പ്രഹസനങ്ങള്‍ ഓരോ ജോലിയും ഇല്ലെന്ന് അറിയുമ്പോള്‍ തകര്‍ന്നു പോവുകയായിരുന്നു. എഴുതുക ഇന്റര്‍വ്യൂവിന് പോവുക കാത്തിരിക്കുക അതായിരുന്നു ജീവിതം. അക്കാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പറ്റിക്കപ്പെട്ടു പോയതുപോലെയാണ് തോന്നുന്നത്. കൂട്ടിലടച്ച വെരുകിനെ പോലെ പിടയുന്ന പെണ്ണ് മനസ്സിന്റെ ഉള്ളില്‍ ഇപ്പോഴും ഉണ്ട്. എന്തെല്ലാമോ പുകയുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു സര്‍ക്കാര്‍ ജോലിയും ആദ്യത്തെ ശമ്പളം അച്ഛന്റെ കയ്യില്‍ കൊണ്ടുപോയികൊടുക്കണമെന്നുള്ളതും. സ്ഥിരവരുമാനം ഉള്ള ജോലി എനിക്ക് ലഭിക്കണമെന്നത് അച്ഛന്റെയും വലിയ ആഗ്രഹം ആയിരുന്നു.

അച്ഛന്‍ വിചാരിച്ചാല്‍ നാട്ടിലെ ഏതെങ്കിലും ഒരു സ്‌കൂളില്‍ ജോലി തരപ്പെടുത്തി തരാന്‍ അന്ന് പറ്റുകയും ചെയ്യുമായിരുന്നു. സത്യത്തില്‍ എനിക്ക് ഒട്ടും താല്പര്യമില്ലായിരുന്നു അങ്ങനെയൊരു ജോലി സമ്പാദിച്ചെടുക്കാന്‍. ഇത്രയും എഴുതിയത് ഒരു ജോലിയും സ്വാതന്ത്ര്യവും എത്രത്തോളം ആഗ്രഹിച്ചിരുന്നു എന്ന് പറയാന്‍ വേണ്ടി മാത്രമാണ്. യാത്രകള്‍ അത് പണ്ടേ, ഓര്‍മ്മയുള്ള കാലം മുതല്‍ തുടങ്ങിയതാണ്. ഇഷ്ടമുള്ളതുമാണ്..…

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi