പടിഞ്ഞാറൻ ഗംഗാസാമ്രാജ്യത്തിന്റെയും അതിന് ശേഷം ഹൊയ്‌സാല രാജവംശത്തിന്റെയും പിൽക്കാലത്ത് ടിപ്പു സുൽത്താന്റെയും അധീനതയിലായിരുന്നു സകലേഷ്പുര. ചരിത്രവും പ്രകൃതിഭംഗിയും ഇഴുകിച്ചേർന്ന സുന്ദരഭൂമി. കർണാടകയിലെ ഹാസൻ ജില്ലയിലാണ് സകലേഷ്പുര. കുടകിൽനിന്നും കേവലം നൂറു കി.മി ദൂരം. വിജയനഗര സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് തുടക്കം കുറിച്ച തളിക്കോട്ട യുദ്ധത്തിന്റെ പ്രധാന വേദികളിലൊന്ന് സകലേഷ്പുരയായിരുന്നു.

To advertise here,

പിൽക്കാലത്ത് മൈസൂർ രാജവംശവും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിൽ നടന്ന യുദ്ധങ്ങൾക്കും ഈ ദേശം സാക്ഷ്യം വഹിച്ചു. ശാന്തസുന്ദരമായ ഈ പ്രദേശത്തിന് ഇത്രയും രക്തരൂക്ഷിതമായൊരു ഭൂതകാലം ഉണ്ടെന്നത് നമ്മെ അദ്ഭുതപ്പെടുത്തും. സകലേഷ്പുരയോട് ചേർന്ന് ചരിത്രപ്രാധാന്യമുള്ള നിരവധി നിർമ്മിതികളുണ്ട്. സുന്ദരമായ പ്രകൃതിഭംഗി ആസ്വദിച്ച് ഈ ദേശത്തുകൂടി സഞ്ചരിക്കാൻ നിരവധി യാത്രികർ എത്തുന്നു.

മഞ്ചരാബാദ് കോട്ട
സകലേഷ്പുര ടൗണിൽനിന്നും അഞ്ചു കി.മി പിന്നിട്ടാൽ ടിപ്പു സുൽത്താൻ നിർമ്മിച്ച ഈ കോട്ടയിലെത്താം. ടിപ്പു നിർമ്മിച്ച നിരവധി കോട്ടകളിൽനിന്നും മഞ്ചരാബാദ് കോട്ടയെ വ്യത്യസ്തമാക്കുന്നത് അതിന്റെ നക്ഷത്ര ആകൃതിയാണ്. 1792-ൽ ഫ്രഞ്ച് എൻജിനീയർമാരുടെ മേൽനോട്ടത്തിൽ യൂറോപ്യൻ ശൈലിയിലാണ് എട്ട് കോണുകളുള്ള ഈ കോട്ട പണിതുയർത്തിയിട്ടുള്ളത്.

കോട്ടയുടെ ഒത്ത മധ്യത്തിലായി ഒരു കുളവും അതിനോട് ചേർന്നു ഭൂമിക്കടിയിലേക്കായി രണ്ട് വലിയ അറകളും കാണാം. ഈ അറകളിലായിരുന്നു വെടിക്കോപ്പുകൾ മറ്റും സൂക്ഷിച്ചിരുന്നത്. മൻസറാബാദ് എന്നും ഈ കോട്ടയെ വിളിക്കാറുണ്ട്. വേനൽക്കാലത്ത് കോട്ടയുടെ മുകളിൽനിന്ന് നോക്കിയാൽ ഏകദേശം നൂറ്റിയിരുപത്തഞ്ച് കിലോമീറ്റർ അകലെയുളള അറബിക്കടൽ വരെ കാണാമത്രേ! ഡ്രോൺ ഉപയോഗിച്ച് ഉയരത്തിൽനിന്ന് ഫോട്ടോ എടുത്താലോ അതുമല്ലെങ്കിൽ വിമാനത്തിൽ നിന്നോ മാത്രമേ ഈ കോട്ടയുടെ സൗന്ദര്യം പൂർണ്ണമായി ആസ്വദിക്കാൻ കഴിയുകയുള്ളൂ.

കാഗിനഹരെയിലേക്ക്
സകലേഷ്പുരയിൽനിന്ന് 35 കി.മി അകലെയുള്ള മലമ്പ്രദേശമാണ് കാഗിനഹരെ. ടിപ്പുവിന്റെ നിരീക്ഷണഗോപുരം സ്ഥിതിചെയ്തിരുന്ന പ്രദേശമായിരുന്നു ഇത്. ജനസംഖ്യ കുറഞ്ഞ പ്രദേശമാണെങ്കിലും കർണ്ണാടക സ്റ്റേറ്റ് ബസുകൾ ഈ ഗ്രാമത്തിലേക്ക് സർവീസ് നടത്തുന്നുണ്ട്. കാഗിനഹരെയിലേക്ക് അടുക്കുന്തോറും നെറ്റ്‌വർക് സിഗ്‌നൽ കുറഞ്ഞുവന്നുകൊണ്ടിരുന്നു. വഴികാണിച്ചുതരാൻ ഗൂഗിൾ മാപ്പും കഷ്ടപ്പെടുമെന്ന് ചുരുക്കും.

ഈ റൂട്ടിൽ ഹോട്ടലുകൾ ഇല്ല. സന്ധ്യയായാൽ ചിലപ്പോഴൊക്കെ റോഡിൽ ആനയിറങ്ങാറുമുണ്ടത്രെ. മലമ്പ്രദേശമായതിനാൽ വർഷകാലത്ത് മണ്ണ് ഒലിച്ചുപോകുന്നത് തടയാനായി ഗ്രാമീണർ അവരുടെ വീട്ടിലേക്കുള്ള വഴി കോൺക്രീറ്റു ചെയ്തിട്ടുണ്ട്.

നിരീക്ഷണ ഗോപുരത്തിലേക്കുള്ള ദിശാസൂചികകളൊന്നും കാണാനില്ലായിരുന്നു. അടുത്തുള്ള ഒരു കുന്നിൻമുകളിൽ വലിഞ്ഞുകയറി ചുറ്റും നിരീക്ഷിച്ചു. ദൂരെയായി കല്ലുകൾകൊണ്ടുള്ള ചില നിർമ്മിതികൾ കണ്ടു. അതുതന്നെയായിരിക്കാം ടിപ്പുവിന്റെ നിരീക്ഷണ ഗോപുരം. അങ്ങോട്ടേക്കുള്ള പാത ദുർഘടം പിടിച്ചതായിരുന്നു. ശക്തമായ മഴവെള്ളപ്പാച്ചലിൽ പാതയുടെ മധ്യഭാഗം കുഴിഞ്ഞ് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നു. വളഞ്ഞുപുളഞ്ഞ് നീങ്ങുന്ന ചെരിവുകൾ താണ്ടി നിരീക്ഷണക്കോട്ടയിലെത്തുമ്പോൾ ആ പ്രദേശം തീർത്തും വിജനമായിരുന്നു. നിരീക്ഷണ ഗോപുരത്തിന്റെ തറ മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ.

പച്ചപുതച്ച സുന്ദരമായ പുൽമേടുകളാൽ ചുറ്റപ്പെട്ട കുന്നുകളാണ് ചുറ്റും. അതിനാൽ ഏറെ ദൂരമപ്പുറത്തുനിന്നും ശത്രുക്കളുടെ നീക്കം നിരീക്ഷണ ഗോപുരത്തിലിരുന്നാൽ വ്യക്തമായി കാണാനാകും. കൃത്യമായ ഇടവേളകളിൽ നിരീക്ഷണഗോപുരത്തിൽ നിന്നുള്ള വിവരങ്ങൾ ദൂതന്മാർ വഴി മഞ്ചരാബാദ് കോട്ടയിലേക്കാണ് എത്തിച്ചുകൊണ്ടിരിന്നുവത്രെ. രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള ചരിത്ര പ്രാധാന്യമുള്ള ഈ നിർമ്മിതി ഇന്ന് അധികമാരാലും ശ്രദ്ധിക്കപ്പെടാതെ കാടുപിടിച്ചു കിടക്കുകയാണ്.

സുന്ദരമായ മലമ്പ്രദേശം എന്നനിലയിലാണ് കാഗിനഹരെ ഇന്ന് ഏറെ പ്രശസ്തം. ഊട്ടിയിലെ ഷൂട്ടിങ് സ്‌പോട്ടിനെ അനുസ്മരിപ്പിക്കും വിധം പച്ചപ്പുപുതച്ച കുന്നുകളും പുൽമേടുകളും സഞ്ചാരികളുടെ മനസ്സിനെ കുളിരണിയിപ്പിക്കുന്നു. കാഗിനഹരെയിലെ നിരീക്ഷണഗോപുരം സ്ഥിതി ചെയ്യുന്ന പ്രദേശത്തുനിന്നും രണ്ടു കി.മി അകലെയായി മനോഹരമായ ഒരു വ്യൂ പോയന്റും സഞ്ചാരികളുടെ ആകർഷിക്കുന്നു.

കാഗിനഹരെ വ്യൂപോയിന്റിൽ എത്തിയാൽ അകലയായുള്ള കുന്നുകളുടെയും ഇളം നീലനിറമാർന്ന പർവ്വതനിരകളുടെയും കാഴ്ച അത്രമേൽ സുന്ദരമാണ്. വ്യൂപോയിന്റിനോട് ചേർന്നുള്ള മലയടിവാരത്തിൽ നീളത്തിലൊരു റെയിൽവേ ടണലും കാണാം. വ്യൂപോയിന്റിൽ നിന്നും നോക്കിയാൽ ടണലിലൂടെ കടന്നുപോകുന്ന തീവണ്ടിയുടെ ദൃശ്യം സഞ്ചാരികൾക്ക് മറക്കാനാവാത്തതാണ്.

ബേട്ടഡ ഭൈരവേശ്വര ക്ഷേത്രം
സകലേഷ്പുരയിൽ നിന്ന് 35 കി.മി അകലെയാണ് കർണ്ണാടകയിലെ പ്രശസ്തമായ ബേട്ടഡ ഭൈരവേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നത്. എട്ടാം നൂറ്റാണ്ടിൽ പടിഞ്ഞാറൻ ഗംഗാ സാമ്രാജ്യത്തിന്റെ ഭരണകാലത്താണ് ക്ഷേത്രം നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. വനവാസകാലത്ത് പാണ്ഡവന്മാർ ഈ സ്ഥലത്ത് കുറച്ചുകാലം താമസിച്ചിരുന്നുവെന്നും ഐതിഹ്യമുണ്ട്. ആരാധനയ്ക്കുപരിയായി പ്രകൃതിരമണീയമായ കാഴ്ചകൾ ആസ്വദിക്കാനാണ് പലരും ഇവിടേക്കെത്തുന്നത്. ക്ഷേത്രാങ്കണത്തിൽ നിന്നും നോക്കിയാൽ ചുറ്റുമുള്ള മലനിരകളുടെ കാഴ്ച അത്രയ്ക്കും മനോഹരമാണ്.

വെള്ളത്തിൽ മുങ്ങിയ പള്ളി
സകലേഷ്പുരയിൽ നിന്നും 40 കി.മി മാറി സ്ഥിതിചെയ്യുന്ന ഗ്രാമമാണ് ഷെട്ടിഹള്ളി. 1850-കളിൽ ഫ്രഞ്ച് മിഷനറിമാർ ഷെട്ടിഹള്ളിയിൽ എത്തുകയും ക്രിസ്തുമതത്തെ ഗ്രാമീണർക്ക് പരിചയപ്പെടുത്തുകയും ചെയ്തു. തുടർന്ന് പലരും ക്രിസ്തുമതം സ്വീകരിച്ചു. അവർക്ക് വേണ്ടി 1860-കളിൽ ഹേമാവതി നദിയുടെ തീരത്ത് ഫ്രഞ്ച് മിഷനറിമാർ ഗോഥിക് ശൈലിയിൽ ഒരു പള്ളി പണിതു. അതാണ് ഷെട്ടിഹള്ളി റൊസാരി ചർച്ച്. നൂറുവർഷത്തോളം ആ പള്ളി ഹേമാവതി നദിയുടെ തീരത്ത് തലയുയർത്തി നിന്നു.

1960-ൽ ഹേമാവതി നദിയിൽ അണക്കെട്ട് നിർമ്മിച്ചതോടെ ഷെട്ടിഹള്ളി പള്ളിയുടെ കഷ്ടകാലം ആരംഭിച്ചു. വേനൽക്കാലത്തൊഴികെ ബാക്കി സമയങ്ങളിലെല്ലാം ഈ ദേവാലയം വെള്ളത്തിൽ മുങ്ങി. ഇതോടെ വിശ്വാസികൾ ദേവാലയത്തെ ദു:ഖത്തോടെ ഉപേക്ഷിക്കേണ്ടി വന്നു. മേൽക്കൂരയും ചില വശങ്ങളും തകർന്നുവീണെങ്കിലും ആറു പതിറ്റാണ്ടുകൾക്ക് ഇപ്പുറവും പള്ളിയുടെ മുൻഭാഗം തലയെടുപ്പോടെ നിലനിൽക്കുന്നു. ഇന്ന് നൂറുകണക്കിനാളുകളാണ് ഷെട്ടിഹള്ളി പള്ളി സന്ദർശിക്കാൻ എത്തുന്നത്. ഏതു സീസണിലും ഷെട്ടിഹള്ളി പള്ളി ക്യാമറക്കണ്ണുകൾക്ക് ഒരു ഗംഭീര വിരുന്നാണ് സമ്മാനിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi