ബംഗാളിലെ ആത്മീയാചാര്യൻ ബാബ ലോക്‌നാഥിന്റെ ജന്മസ്ഥലമായ ചക്ലമന്ദിറിൽ പുലർച്ചെ എത്തിച്ചേർന്നു. നാസർ ബന്ധുവിന്റെ നേതൃത്വത്തിലുള്ള സീറോ ഫൗണ്ടേഷനാണ് യാത്ര സംഘടിപ്പിച്ചത്. കൃഷിയും കൈത്തൊഴിലുകളുമാണ് ഈ ഗ്രാമത്തിന്റെ സാമ്പത്തിക സ്രോതസ്സ്. കൊൽക്കത്തയിൽനിന്നും 40 കിലോമീറ്റർ അകലെയായുള്ള ഇവിടേക്ക് ആഴ്ചയിലൊരിക്കൽ മാത്രം വന്നുപോകുന്ന ഒരു ബസ് ഉണ്ട്. ഒറ്റയാനായതുകൊണ്ട് സ്വന്തം ഇഷ്ടത്തിനാണ് വരവും പോക്കും. മറ്റൊരു പാത ബർസാത്ത് വഴിയാണ്, ഇവിടം വരെ ലോക്കൽ ട്രെയിനിൽ വന്ന് ടോട്ടോ (ഇലക്ട്രിക് ഓട്ടോ) യിൽ കയറി ചക്ലയിൽ എത്താം. സമീപത്തെ ഒരു ക്ഷേത്രത്തിനോട് ചേർന്നുള്ള സത്രത്തിലായിരുന്നു താമസം ഒരുക്കിയിരുന്നത്. മുകളിൽ ആസ്ബസ്‌റ്റോസ് ഷീറ്റുകളിട്ട രണ്ടു വലിയ മുറികൾ. നിലത്ത് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിരുന്നു. ഉറങ്ങാൻ എല്ലാവർക്കും സ്ലീപ്പിംഗ് ബാഗുകൾ തന്നു. നിലത്ത് നമ്മുടെ ലഗേജ് വെക്കാം അടുത്ത് സ്ലീപ്പിംഗ് ബാഗിൽ കിടക്കാം. കുളിമുറിയിൽ ഒരു കുഴൽക്കിണറുണ്ട്, ഹാൻഡ് പമ്പ് ഉപയോഗിച്ച് നേരിട്ട് വെള്ളമെടുക്കാം. തണുത്ത വിറച്ച ഡിസംബറിൽ ചുടുവെള്ളം കിട്ടാത്ത ബംഗാൾ ഗ്രാമങ്ങളിൽ ഭൂഗർഭത്തിന്റെ ഇളം ചൂടോടെ ഒഴുകി വരുന്ന ജലം അനുഗ്രഹമായി. ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന പിങ്കിയുടേയും പാർത്ഥോയുടേയും ആതിഥ്യവും അവരുണ്ടാക്കിത്തന്ന ഭക്ഷണവും മറക്കാനാകില്ല. അവരുടെ ചായക്കടയിലുള്ള രാവിലെത്തെ പൂരിയും ബാജിയും. ഇടയ്ക്കിടെയുള്ള കുറും ചായകൾ, ഉച്ചഭക്ഷണത്തിന് ചോറിനും ദാലിനുമൊപ്പം വറുത്തുതന്ന വഴുതനങ്ങ (ബേഗുൻ ബാജ), ഉള്ളിയും ഉരുളക്കിഴങ്ങും വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത ആലൂ ബാജ, മിഷ്ടി ദോയ് എന്ന മധുരമിട്ട കട്ടത്തയിർ. പിങ്കിയും പാർത്ഥോയും ഹൃദയത്തിലേക്ക് ചേരുകയായിരുന്നു.

To advertise here,

ചക്ലയുടെ ഗ്രാമക്കാഴ്ചകളിലൂടെ

ഗ്രാമത്തിന്റെ ഊടുവഴികളിലൂടെയുള്ള നടത്തം സ്വകാര്യമായ ഇടങ്ങളിലേക്കുള്ള സന്ദർശനം പോലെ കരുതലോടെയും ബഹുമാനത്തോടെയും ആയിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു ബന്ധുവിന്. വികസ്വരമായ ചക്ലയുടെ ഭൂഭാഗങ്ങളിലെ ജാതി-മത വിഭാഗങ്ങളുടെ ഗ്രാമക്കാഴ്ചകൾ കൺമുന്നിൽ തുറന്നു. പശുവളർത്തൽ, പാൽസംഭരണം എന്നിവ തൊഴിലായ ഘോഷ് വിഭാഗങ്ങൾ, ദളിതരായ കഹാർ-മൊണ്ടൽ വിഭാഗങ്ങൾ. മുസ്ലീങ്ങൾക്കിടയിലെ സയിദ്-ശൈഖ് വിഭാഗങ്ങൾ, ലോഹപ്പണി ചെയ്യുന്ന കർമകാർ, കളിമണ്ണിൽ ശിൽപങ്ങൾ തീർക്കുന്ന കുംഭകാർ. പരസ്പരം ഇടകലരാതെ സ്വന്തം സ്വത്വത്തിൽ ചെറുസമൂഹങ്ങളായി ഇവർ ജീവിക്കുന്നു. മതിലുകളില്ലാത്ത ചെറുവേലികൾ മാത്രം അങ്ങിങ്ങ് കാണുന്ന ഗ്രാമം. പൂത്തുലഞ്ഞുനിൽക്കുന്ന കടുകുപാടങ്ങൾക്കിടയിലൂടെ, മഞ്ഞയും പച്ചയും നിറത്തിൽ പാടകെട്ടിയ വെള്ളക്കെട്ടുകൾക്കിടയിലുടെ ഉണങ്ങിയ ചണക്കമ്പുകളുടെ കൂമ്പാരങ്ങൾക്കിടയിലൂടെ നടന്നു. പൊതുവെ നരച്ച ഗ്രാമത്തിന് കടുംപച്ചയും മഞ്ഞയും നിറഞ്ഞ കടുകുപാടങ്ങൾ നിറച്ചാർത്തു നൽകുന്നുണ്ട്. വൈക്കോലിന്റെയും ചാണകത്തിന്റേയും കൂടെ പാൽപ്പത മണക്കുന്ന പശുക്കിടാങ്ങളും ആട്ടിൽകുട്ടികളും. സമൃദ്ധമായ എക്കൽമണ്ണ്, മരത്തടിമേൽ തേമ്പി ഉറപ്പിച്ച ചുമരുകളും പുല്ലും ആസ്ബസ്റ്റോസ് ഷീറ്റുകളും കൊണ്ട് മേഞ്ഞ ഒറ്റമുറി വീടുകൾ. അടുക്കളപ്പുരകൾക്കും മീതെ സമൃദ്ധമായി കായ്ച്ച് കിടക്കുന്ന നരയൻ കുമ്പളങ്ങകൾ, ദ്രൗപതിച്ചീരകൾ.

കടുകെണ്ണ മണം പരന്ന നാട്ടുവഴികൾ പിന്നിടുമ്പോൾ മുറ്റത്തിരുന്ന് ജോലി ചെയ്യുന്ന സ്ത്രീകൾ സാരിത്തലപ്പിനിടയിലൂടെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. കുട്ടികൾ വിടർന്ന കണ്ണുകളുമായി നിരീക്ഷിച്ചു. ബന്ധു ലോക് എന്ന് ഞങ്ങൾ സ്വയം പരിചയപ്പെടുത്തി. ഇത്രയും പാൽ ഉൽപ്പാദിപ്പിച്ചിട്ടും അവരുടെ ചായ പാൽപ്പൊടി ചേർത്തതാണ്. പാൽ തിളപ്പിച്ച് വറ്റിച്ച് വെള്ളപ്പറ്റ് കളഞ്ഞ് പാലുൽപ്പന്നങ്ങൾക്കും ബേക്കറിയിലെ മധുരപലഹാരങ്ങളുടെ ഉൽപാദനത്തിനുമായി ഉപയോഗിക്കുന്നു.

placeholder
ഗ്രാമത്തിലെ വീട്‌

ചക്ലമന്ദിറിന്റെ മുറ്റത്ത് ഗ്രാമച്ചന്തയിൽ കണ്ട വലിയൊരു കാബേജിന് വില പത്തു രൂപ മാത്രം. പത്തെണ്ണമടങ്ങിയ കാരറ്റുകളുടെ ഒരു കെട്ടിനും പത്തു രൂപ. സുലഭമായി കാണുന്ന ഇലന്തക്ക പോലുള്ള കൂൾ പഴങ്ങൾക്ക് കിലോയ്ക്ക് 20 രൂപ. കൃഷിയൊഴിഞ്ഞ ഭൂമികളിൽ ചണം ഇടവിളയാണ്. വർഷം മുഴുവനും കൃഷി ചെയ്യാൻ മാത്രം ജലസമൃദ്ധമാണ് ഹൂഗ്ലിയുടെ സമതലം. വഴി നീളെ കണ്ട കുളങ്ങൾ പച്ചയും മഞ്ഞയും നിറത്തിലുള്ള പാടകെട്ടിയത് മണ്ണിലെ ആർസനിക്കിന്റേയും ഇരുമ്പിന്റേയും സാന്നിധ്യം കൊണ്ടാണത്രേ! കുഴൽക്കിണറിൽനിന്നുള്ള ഭൂഗർഭജലമാണ് കുടിവെള്ളം. അതിലും ഇരുമ്പിന്റെ വാടയുണ്ട്. മീൻവളർത്താൻ ഉപയോഗിക്കുന്നവയാണ് കുളങ്ങളെങ്കിലും ഇവരുടെ ഭക്ഷണത്തിൽ മീനും മുട്ടയുമെല്ലാം ആർഭാടങ്ങളാണ്!

വിദ്യാഭ്യാസം

ഈ ഗ്രാമത്തിൽ ഒരു വായനശാല സ്ഥാപിക്കാൻ നാസർ ബന്ധു പരമാവധി ശ്രമിച്ചിട്ടും വിജയിച്ചില്ല. ഒരുകാര്യം ഉറപ്പാണ്, പ്രത്യയശാസ്ത്രങ്ങൾ അവരുടെ തൊലിപ്പുറമേപോലും തൊട്ടിട്ടില്ല. ബംഗാളി മാത്രം അറിയുന്ന ഗ്രാമീണരോട് ആശയവിനിമയം പ്രശ്‌നമായിരുന്നു. ഉച്ചയാകുമ്പോഴേക്കും കവലകളിലെ കടകൾ എല്ലാം മയക്കത്തിലാവും. ഉച്ചയുറക്കത്തിന് പോകുന്നതാണത്രേ! പെട്ടന്ന് തോന്നിയത് ഹർത്താൽ നടക്കുന്നുവെന്നാണ്. അലസമധ്യാഹ്നങ്ങൾ ഗ്രാമീണതയുടെ സ്വച്ഛന്ദത കൂടിയാണ്. സായാഹ്നത്തിന് മുൻപേ ഗ്രാമത്തിൽ ഇരുട്ടുവീഴും. എഴുമണി പിന്നിടവേ ഗ്രാമീണർ രാത്രിയുടെ താളത്തിലേക്ക് ചേരും. മത്സരങ്ങളില്ലാത്ത ജീവിതസന്ധാരണം. ചക്ല ഗ്രാമത്തിൽ ഭൂരിഭാഗം ആളുകളും ഇപ്പോഴും എഴുത്തും വായനയും അറിയാത്തവരാണ്. എങ്കിലും സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നവരും ഉണ്ട്. ചികിത്സ കിട്ടാക്കനിയായ ഗ്രാമത്തിൽ അസുഖം ബാധിച്ചാൽ അകലങ്ങളിലുള്ള നഗരത്തിലെത്തണം.

ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതപോലും തിരിച്ചറിയാത്തവിധം ദൈന്യതയുടെ ദിനരാത്രങ്ങളിൽ കുരുങ്ങി ഗ്രാമീണർ ജീവിതം കരുപ്പിടിപ്പിക്കുന്നു. ഗ്രാമങ്ങളിൽ വിദ്യാലയങ്ങളുണ്ടെങ്കിലും അവിടെ എത്തുന്ന കുട്ടികളും കുറവ്. പ്രൈമറി ക്ലാസുകളിൽ പഠനം അവസാനിപ്പിച്ച് വയറുനിറയ്ക്കാനുള്ള മറ്റ് പണികളിലക്ക് ഇറങ്ങുന്നു. മുൻപോട്ട് നടക്കവേ ഒരു അംഗൺവാടി കണ്ടു. പുല്ലുമേഞ്ഞ ചെറിയ വീടിന്റെ മുറ്റത്തുള്ള വലിയൊരടുപ്പ്. ഈ മുറ്റവും അടുപ്പുമാണത്രേ അവിടുത്തെ അംഗൻവാടി. കുട്ടികൾ വരുന്നത് ഭക്ഷണം കഴിക്കാനാണ്. ഇരിപ്പിടമായ ചാക്കുമായി വന്നു അവർ ഭക്ഷണം കഴിച്ചു തിരിച്ചുപോകുന്നു. മറ്റൊരിടത്ത് ഒരു കെട്ടിടത്തിന്റെ ചായ്ച്ചുകെട്ടിയ കുറ്റിപ്പുര പോലൊരിടം. സ്‌കൂളുകൾ -വ്യത്യസ്ത മതവിഭാഗങ്ങൾക്ക് വ്യത്യസ്തമാണെന്ന്് അറിഞ്ഞപ്പോൾ അമ്പരന്നു. മുസ്ലീമിന്റെ വിദ്യാലയത്തിൽ അവർ മാത്രം. ഹിന്ദുക്കളുടെ വിദ്യാലയത്തിൽ അവരും മാത്രമാവുന്നു. യുദ്ധങ്ങളുടെ കലാപങ്ങളുടെ വിഭജനത്തിന്റെ അഭയാർത്ഥി പ്രവാഹങ്ങളുടെ വീർപ്പുമുട്ടിൽ ജീവിച്ച അവരുടെ അടിസ്ഥാന ആവശ്യം അന്നവും കിടക്കാനൊരിടവും ആയിരുന്നിരിക്കണം.

 

placeholder
കടുക് പാടം

മിത്തുകൾ യാഥാർഥ്യങ്ങൾ

മിത്തും യാഥാർഥ്യവും ഇഴചേർന്ന വംഗനാടിന്റെ ഗ്രാമ്യജീവിതത്തിൽ പ്രേതങ്ങളും ജിന്നുകളും ഭക്തിയും വിശ്വാസവും ആചാരങ്ങളും ഇന്നും ഒരു യാഥാർഥ്യമാണ്. അവിടെ മണ്ണും മരങ്ങളും ദിവ്യശക്തിയുള്ള ദേവതമാരും അവരുടെ ആവാസസ്ഥാനങ്ങളുമാകും. ചക്ലയിലൂടെ സഞ്ചരിക്കവെ ഒരുദിവസം കൊണ്ട് ജിന്നുകൾ പണിതതെന്ന് അവർ വിശ്വസിക്കുന്ന ജിന്നു പള്ളി കണ്ടു. കുടുംബത്തിൽ നടന്ന ആത്മഹത്യയോടെ പ്രേതഭവനമായിത്തീർന്ന പുരാതന വാസ്തുശൈലിയിലുളള ഒരു വീടുകണ്ടു. വീട് വാടകയ്ക്ക് ചോദിച്ചിട്ടു പോലും കൊടുക്കാനുള്ള ധൈര്യം ഉടമകൾക്ക് ഉണ്ടായിരുന്നില്ലത്രേ. നടത്തത്തിനിടെ ഞങ്ങൾ ശ്മശാനത്തിൽ കുടിൽ കെട്ടി താമസിക്കുന്ന അഘോരി ബാബയെ കണ്ടു. സൗമ്യമായി ചിരിച്ചുകൊണ്ട് ഞങ്ങളെ സ്വീകരിച്ച ബാബ കൂടെ നിന്നു ഫോട്ടോ എടുക്കാനും അനുവദിച്ചു. പോരുമ്പോൾ കൈയിലുണ്ടായിരുന്ന പഴങ്ങൾ നൽകി. മനുഷ്യനു സന്തോഷത്തോടെ ജീവിക്കാൻ ഇത്രയൊക്കെ മതിയുള്ളൂവെന്നും പറഞ്ഞു. സന്ധ്യയിൽ ദർശനം നൽകുന്ന വേളയിൽ ഇതൊന്നുമല്ല ബാബയുടെ മുഖമെന്ന് ഓർമിപ്പിച്ചു ബന്ധു.

മുന്നോട്ടുനടക്കവേ... ബന്ധു.. ബന്ധു... എന്നൊരു വിളികേട്ടു.

തിരിഞ്ഞുനോക്കുമ്പോൾ ഒരു കെട്ടിടത്തിനകത്തുനിന്നു ഓടി പുറത്തുവന്നു ചൊയിരാൻ ബീബി. ഒറ്റയ്ക്ക് പാതവക്കിലെ ഒരു കുറ്റിപ്പുരയിൽ താമസിക്കുകയാണ് അവർ. നാസർ ബന്ധു അവളുടെ സങ്കടങ്ങൾ കേൾക്കുന്നതുകൊണ്ട് സ്വന്തം ജീവിതം പാട്ടുകളാക്കി ബന്ധുവിന് അവർ പാടിക്കൊടുക്കും. ഭ്രാന്തമായ പ്രണയത്തോടടുത്ത തിളക്കമുണ്ടായിരുന്നു ബന്ധുവിനെ മാത്രം നോക്കി പാടുമ്പോൾ അവളുടെ കണ്ണുകളിൽ. ജീവിതാവസ്ഥകൾ മനുഷ്യരെ നിസ്സഹായരാക്കുമ്പോഴും സ്‌നേഹത്തോടെയുള്ള ഒരു സാന്നിധ്യം എല്ലാ മുറിവുകളിലും മരുന്നുപുരട്ടും. ഹൃദയം ആനന്ദത്താൽ നിറയും. മനുഷ്യന് ജീവിക്കാൻ ഒരുപാടൊന്നും വേണ്ട. ബാബയെപ്പോലെ ചൊയ്‌രാൻ ബിബിയും എന്നോട് പറയാതെ പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi