ഓരോ വസ്ത്രവും ഏറ്റവും ഭംഗിയാക്കാന്‍ ശ്രമിക്കുന്നവരാണ് ഓരോരുത്തരും. എന്നും ഒരേ പാറ്റേണിലുള്ള ജീന്‍സും ഷര്‍ട്ടും ഇട്ടു മടുത്തെങ്കില്‍ അവയ്ക്ക് പുത്തന്‍ ലുക്ക് കൊടുക്കാനുള്ള ചില വിദ്യകള്‍ നോക്കാം. എംബ്രോയ്ഡറി വര്‍ക്കുകള്‍ ചെയ്തും മുത്തുകളും സീക്ക്വന്‍സുകളും തുന്നിപ്പിടിപ്പിച്ചും ഭംഗിയുള്ള ചിത്രങ്ങള്‍ പെയിന്റ് ചെയ്തും വസ്ത്രങ്ങള്‍ വേറിട്ടതാക്കാം. 

ഷര്‍ട്ടിന്റെ ഭംഗി കൂട്ടാന്‍ കോളറിലും യോക്കിലും കഫുകളിലും ചെറിയ ചെറിയ പൂക്കളും ഭംഗിയുള്ള ഡിസൈനുകളും തുന്നിച്ചേര്‍ത്താലോ... റോസും ഡെയ്‌സിയും ലില്ലിപ്പൂക്കളുമെല്ലാം എംബ്രോയ്ഡറി ചെയ്താല്‍ വസ്ത്രങ്ങളുടെ ചന്തം കൂടും. ഷര്‍ട്ടിന്റെ പോക്കറ്റുകളിലും എംബ്രോയ്ഡറി വര്‍ക്കുകള്‍ പരീക്ഷിക്കാം. 

തുന്നിപ്പിടിപ്പിക്കുന്നതിനു പകരം ചിത്രങ്ങള്‍ വരച്ചാലോ... പൂക്കളെയും പൂമ്പാറ്റയെയും വസ്ത്രത്തില്‍ പെയിന്റ് ചെയ്യാം. ഷര്‍ട്ടിന്റെ യോക്കില്‍ മുഴുവനായും വര്‍ക്ക് ചെയ്ത് ബാക്കി ഭാഗങ്ങള്‍ സിംപിളാക്കി വെച്ചാല്‍ സംഗതി കളറായി. ഇങ്ങനെ ഓരോ ഭാഗങ്ങളിലും എംബ്രോയ്ഡറി വര്‍ക്കുകള്‍ ചെയ്യാം.

ഷര്‍ട്ടിന്റെ ബട്ടണുകളിലും എംബ്രോയ്ഡറി ചെയ്ത് ഭംഗിയാക്കാം. ജീന്‍സിന്റെ ബാക്ക് പോക്കറ്റിലും എംബ്രോയ്ഡറിയോ ചിത്രപ്പണിയോ ചെയ്യാം...ചെറിയ പൂക്കളോ ഭംഗിയുള്ള ചിത്രങ്ങളോ ചേര്‍ത്ത് പാന്റിന് വേറിട്ട ലുക്ക് നല്‍കാം. കാര്‍ഗോ പാന്റ്‌സുകളുടെയും ബെല്‍ബോട്ടം ജീന്‍സുകളുടെയും താഴെയും ഈ കരവിരുതുകള്‍ കാട്ടി ട്രെന്‍ഡിയാക്കാം.