ബ്രാഡ് പിറ്റിന്റെ പുതിയ സിനിമ F1 ലോകമെങ്ങുമുള്ള ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഫോര്‍മുല വണ്‍ മത്സരങ്ങളും അതിലെ വിജയപരാജയങ്ങളുമൊക്കെയായി ചിത്രം ഹിറ്റാവുകയും ചെയ്തു. എന്നാല്‍ ഈ സിനിമയ്ക്ക് ഒരു ഇന്ത്യന്‍ ബന്ധമുണ്ട്.
സിനിമയിലും പ്രൊമോഷൻ പരിപാടികളിലുമെല്ലാം ബ്രാഡ് പിറ്റണിഞ്ഞ എംബ്രോയിഡറി ബ്ലൂ ഷര്‍ട്ടാണ് ആ ബന്ധം. ഗുജറാത്തിലെ 700 വര്‍ഷം പഴക്കമുള്ള തനതായ കൈത്തറി പാരമ്പര്യമായ ടങ്കാലിയയില്‍ പിറന്നതാണ് ആ ഷര്‍ട്ട്. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലെ നെയ്ത്തുഗ്രാമങ്ങളില്‍ നിന്നാണ് ഇന്‍ഡിഗോ ബ്ലൂനിറമുള്ള ഷര്‍ട്ട് ഹോളിവുഡിലേക്ക് പറന്നത്.
11.11 (ഇലവണ്‍ ഇലവണ്‍) ക്ലോത്തിങ് എന്ന ബ്രാന്‍ഡില്‍ നിന്നാണ് F1 സിനിമയുടെ കോസ്റ്റിയൂം ഡിസൈനറായ ജൂലിയന്‍ ഡെ ഈ ഷര്‍ട്ട് കണ്ടെത്തിയത്. 'ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് വലിയ ആവശ്യക്കാരുണ്ട്. പ്രത്യേകിച്ചും ഇത്തരത്തിലുള്ള പ്രകൃതിദത്തമായ തുണിത്തരങ്ങള്‍ക്ക്.' ജൂലിയന്‍ ഡെ പറയുന്നു. എട്ട് നെയ്ത്തുകാര്‍ ചേര്‍ന്ന് ഒന്‍പത് മണിക്കൂര്‍ പരിശ്രമിച്ചാണ് ഈ ഷര്‍ട്ട് നെയ്‌തെടുത്തത്.
വലിയൊരു വിലക്കിന്റെയും ഒറ്റപ്പെടലിന്റെയും കഥകൂടിയുണ്ട് ടങ്കാലിയ കൈത്തറിക്കു പിന്നില്‍. 14-ാം നൂറ്റാണ്ടിലാണ്. ജാതീയമായ വേര്‍തിരിവുകള്‍ ഒരുപാട് നിലനിന്നിരുന്നകാലം. ഗുജറാത്തിലെ ബര്‍വാദ് വിഭാഗത്തില്‍ പെട്ട ഒരു ആട്ടിടയന്‍ വങ്കാര്‍ നെയ്ത്തുകാരി പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്നു. എല്ലാ എതിര്‍പ്പുകളെയും മറികടന്ന് അവര്‍ വിവാഹിതരായി. അതോടെ നാട്ടില്‍ നിന്നും വീട്ടില്‍ നിന്നും ഇരുവരും പുറത്തായി. ജീവിതമാര്‍ഗ്ഗമില്ലാതെ കഷ്ടപ്പെട്ട ഇരുവരെയും സഹായിക്കാന്‍ ആട്ടിടയന്റെ കുടുംബം തീരുമാനിച്ചു. കുടുംബം ഇവര്‍ക്ക് ധാന്യവും കമ്പിളിയും നല്‍കി. പകരം ആട്ടിടയന്‍ ഭാര്യയുടെ സഹായത്തോടെ കമ്പിളിയില്‍ നെയ്ത ഷോളുകള്‍ തിരിച്ചു നല്‍കി. പിന്നീട് ഇവര്‍ അവിടെയുള്ള ഇടയന്‍മാര്‍ക്ക് വേണ്ടി കൂടുതല്‍ ഷോളുകള്‍ നെയ്തു നല്‍കിത്തുടങ്ങി. തുണിയുടെ മുകളില്‍ ചെറിയ വിത്തുകള്‍ പോലെ നോട്ടുകള്‍ ഇട്ട് ഡിസൈന്‍ ചെയ്ത് പ്രത്യേക രീതിയിലായിരുന്നു അവര്‍ നെയ്‌തെടുത്ത തുണിത്തരങ്ങള്‍. ബര്‍വാദ് വിഭാഗത്തിലുള്ള ആളുകളുടെ ഇടയില്‍ ഈ ഷാളുകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചു.
ഇഴകളുടെ മുകളില്‍ കെട്ടുകളും ഡോട്ടുകളും ഇട്ട് നെയ്യുന്ന ഈ രീതിയില്‍ നിന്നാണ് ഡാന എന്ന നെയ്ത്തുശൈലി രൂപപ്പെട്ടത്. ഡാങ് എന്നായിരുന്നു ആട്ടിടയന്‍മാരുടെ കൈയിലെ വടിക്ക് പറഞ്ഞിരുന്നത്. പിന്നീട് ഇരുവരുടെയും പിന്‍മുറക്കാന്‍ ഡന്‍ഗാസിയാസ് എന്ന് അറിയപ്പെട്ടു. ഇവരുടെ നെയ്ത്തുരീതി പിന്നീട് ടങ്കാലിയ എന്നും.
ഈ തുണിത്തരങ്ങളുടെ പ്രത്യേകത ഇവയില്‍ നെയ്തു ചേര്‍ക്കുന്ന ചിത്രങ്ങളും പാറ്റേണുകളും തന്നെയാണ്. മറ്റ് നെയ്ത്തു രീതികളില്‍ തുണി മുഴുവനായി നെയ്തുകഴിഞ്ഞ ശേഷം അവയ്ക്ക് മുകളില്‍ പിന്നീടാണ് ഇത്തരം ചിത്രപ്പണികള്‍ നടത്തുക. എന്നാല്‍ ടങ്കാലിയ നെയ്ത്തു രീതിയില്‍ പ്രധാനതുണിത്തരം നെയ്യുന്നതിനൊപ്പം ചിത്രപ്പണികളും നടക്കും. ഇതിനായി പലനിറങ്ങളിലുള്ള കുത്തുകള്‍ ഇഴകളുടെ ഇടയില്‍ നെയ്യുന്നു. ഈ കുത്തുകള്‍ ചേര്‍ന്നാണ് ഓരോ രൂപങ്ങളും ഉണ്ടാവുന്നത്. പ്രകൃതിയില്‍ നിന്ന് കടമെടുത്ത ചിത്രങ്ങള്‍. നക്ഷത്രങ്ങള്‍, ചെടികള്‍, വയലേലകള്‍.. അങ്ങനെ പലതും തുണികളില്‍ നെയ്ത്തുകാരുടെ കരവിരുതില്‍ വിടരുന്നു. പണ്ട് ബര്‍വാദ് വിഭാഗത്തിലെ സ്ത്രീകളുടെ വൂളന്‍ സ്‌കെര്‍ട്ടുകള്‍ നെയ്തിരുന്ന രീതിയാണ് ഇതെന്ന് പറയപ്പെടുന്നു. പിന്നീട് ഷാളുകളും ഇത്തരത്തില്‍ നെയ്തു തുടങ്ങി. കമ്പിളി, പരുത്തി, പട്ട് എന്നീ നൂലുകളാണ് പ്രധാനമായും ടങ്കാലിയ തുണിത്തരങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. പുതുതലമുറ നെയ്ത്തുകാരില്‍ പലരും അക്രിലിക്ക് നൂലുകളും ഉപയോഗിക്കാറുണ്ട്.
2000-ത്തിന്റെ തുടക്കത്തോടെ ഈ നെയ്ത്തുകാരില്‍ പലരും ഇതില്‍ നിന്നു പിന്‍മാറി. ഇന്ന് 10 കുടുംബങ്ങള്‍ മാത്രമായി ടങ്കാലിയ നെയ്ത്തുശൈലിയില്‍ തുണിത്തരങ്ങള്‍ നിര്‍മിക്കുന്നത്. അതോടെ ആ പൈതൃകവും ചരിത്രവും പതിയെ ഇല്ലാതാവാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഗാന്ധിനഗര്‍ എന്‍.ഐ.എഫ്.ടി യുടെ സഹായത്തോടെ പുത്തന്‍ ട്രെന്‍ഡുകളും ചിത്രത്തുന്നലുകളും നിറച്ച് ടങ്കാലിയ കോട്ടണ്‍ തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. ഗുജറാത്തിലെ സുരേന്ദ്രനഗര്‍, കച്ച്, വങ്കാനര്‍, അമ്രേലി തുടങ്ങിയ സ്ഥലങ്ങളിലാണ് ടങ്കാലിയ നെയ്ത്തുകാര്‍ ഇന്നേറെയുള്ളത്.
നെയ്ത്തുകാരന്റെ മനസ്സിലെ സങ്കല്പങ്ങള്‍ തുണികളില്‍ കുത്തുകളായി പതിഞ്ഞ് ചിത്രങ്ങളായി വിടരുന്നത് കാണാനായി ധാരാളം വിദേശികളും സ്വദേശികളുമായ വിനോദ സഞ്ചാരികളും ഇന്നെത്താറുണ്ട്. മുമ്പ് കൈകൊണ്ട് പിരിച്ചെടുത്ത് നിറം നല്‍കിയ നൂലുകളാണ് ഉപയോഗിച്ചിരുന്നത്. ഇന്ന് മെഷീന്‍ മെയ്ഡ് നൂലുകള്‍ ധാരാളം ലഭിക്കുന്നുണ്ടെന്ന് നെയ്ത്തുകാർ തന്നെ പറയുന്നു. ടങ്കാലിയ തുണിത്തരങ്ങളുടെ വ്യാജപതിപ്പുകളും കുറഞ്ഞ വിലയിൽ വിപണിയിലുണ്ട്. ഇവ പരമ്പരാഗത നെയ്ത്തുകാർക്ക് ഒരു ഭീക്ഷണിയാണ്. 2009-ല്‍ ടങ്കാലിയ തുണിത്തരങ്ങള്‍ ഭൗമസൂചികാ പദവി നേടി. ഇന്ന് സാരികളും, ജാക്കറ്റുകളും, ഷോളുകളുമെല്ലാമായി ടങ്കാലിയ തുണിത്തരങ്ങള്‍ ലോകമെങ്ങുമുള്ള ഫാഷന്‍ പ്രേമികളുടെ മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover the Indian origin of the blue embroidered shirt worn by Brad Pitt in the movie F1. Learn about the 700-year-old Tangaliya weaving tradition from Gujarat
Published: 10 Jul 2025, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented