ബോളിവുഡിലെ ഭംഗിയുള്ള ഹെയർസ്‌റ്റൈലുകൾക്ക് ആരാധകരേറെയാണ്. ചില ഹെയർസ്റ്റൈലുകൾ ഫാഷനിൽനിന്ന് ഔട്ടാവുകയേയില്ല. അത്തരത്തിലൊന്നാണ് നടി സാധനയുടെ ഫ്രിഞ്ച് ഹെയർസ്റ്റൈൽ.
സംവിധായകൻ ആർ.കെ.നയ്യാർ 'ലവ് ഇൻ സിംല' എന്ന ചിത്രം സംവിധാനം ചെയ്യാൻ തീരുമാനിച്ച സമയം. അതിലേക്ക് നായികയായി പുതുമുഖമായ സാധനയെ നിശ്ചയിക്കുകയും ചെയ്തു. കഥാപാത്രത്തിന് ഏറെ യോജിച്ച താരമാണ് സാധന. പക്ഷേ അവരുടെ നെറ്റിക്ക് വീതി കൂടുതലാണെന്ന് അദ്ദേഹത്തിനു തോന്നി. തന്റെ പുതിയ നായികയെ ഏറ്റവും ഭംഗിയായി തന്നെ അവതരിപ്പിക്കണമെന്നുള്ള ചിന്തയുമുണ്ട്. അങ്ങനെ കുറേ ഹെയർസ്‌റ്റൈലുകൾ നോക്കി. ''എങ്ങനെയാണ് നെറ്റിയുടെ വീതി കുറയ്ക്കുകയെന്ന് കുറേ ആലോചിച്ചു. അതിനായി പല ഹെയർസ്റ്റൈലുകളും വിഗുകളും പരീക്ഷിച്ചിരുന്നു. ഒടുവിലാണ് ഫ്രിഞ്ചിലെത്തുന്നത്'', നയ്യാർ പിന്നീട് പറഞ്ഞു. അന്നത്തെ ഹോളിവുഡ് താരമായ ഓഡ്രി ഹെപ്‌ബേണിന്റെ ഫ്രിഞ്ച് സ്റ്റൈലാണ്, നയ്യാർ തന്റെ നായികയ്ക്കായും നിർദേശിച്ചത്. പക്ഷേ, സാധനയ്ക്ക് ഇതിനോട് യോജിക്കാൻ കഴിഞ്ഞില്ല. ''ഒരിന്ത്യൻ പെൺകുട്ടി എങ്ങനെ ഈ സ്റ്റൈൽ യോജിക്കും'', എന്നാണ് സാധന ചിന്തിച്ചത്. സാധന അതിനെക്കുറിച്ച് പറഞ്ഞതിങ്ങനെ, ''ആദ്യം നെറ്റിയുടെ മുകളിലായി, മുടിയോട് ചേർന്ന് ഒരു ഹെയർസ്ട്രിപ്പ് ഒട്ടിക്കാനായിരുന്നു ശ്രമിച്ചത്. പക്ഷേ, അതു നടന്നില്ല''.
സിനിമയിലെ സാധനയുടെ മോഡേൺ കഥാപാത്രത്തിന് ആ ലുക്ക് നന്നായി യോജിച്ചു. എന്തായാലും സംഭവം ക്ലിക്കായി. 1960-കളിൽ ഇത് തരംഗമായി. അന്നത്തെ പെൺകുട്ടികൾ ഫ്രിഞ്ച് ഇരുകൈയും നീട്ടി സ്വീകരിച്ചു. 'സാധന കട്ട്' എന്നാണതിന് ആരാധകർ പേരിട്ടത്.
അടുത്തസിനിമയായ 'പരഖി'ന്റെ ഷൂട്ടിങ്ങിനായി സാധന സെറ്റിലെത്തിയതും ഇതേ സ്‌റ്റൈലിൽ തന്നെയാണ്. പക്ഷേ തന്റെ മനസ്സിലുള്ള ഗ്രാമീണനായികയ്ക്ക് ഇത് ചേരില്ലെന്ന് സംവിധായകൻ ബിമൽ റോയ് ഉറപ്പിച്ചുപറഞ്ഞു. അങ്ങനെ ഫ്രിഞ്ച് സ്റ്റൈൽ സാധനയ്ക്ക് ഒഴിവാക്കേണ്ടി വന്നു. അതുകഴിഞ്ഞ് 'മേരെ മെഹബൂബ്' എന്ന സിനിമയുടെ സെറ്റിലേക്ക് സാധന എത്തിയതും ഫ്രിഞ്ച് ഇല്ലാതെ, മുടി ഭംഗിയായി കെട്ടിവെച്ചാണ്. ഇത് സംവിധായകൻ എച്ച്.എസ്.റവൈലിന് ഇഷ്ടമായില്ല. ''നിങ്ങളുടെ ഫ്രിഞ്ച് സ്റ്റൈലിന് എന്ത് സംഭവിച്ചു? അതുകാണാനാണ് ആളുകൾ പണംമുടക്കുന്നത്'', എന്ന് അദ്ദേഹം പറഞ്ഞു. ഹം ദോനോ, രാജ് കുമാർ ആന്റ് വോ കോൻ ഥി, മേരാ സായ തുടങ്ങി ഒട്ടേറെ സിനിമകളിൽ ഫ്രിഞ്ച് സ്റ്റൈലിൽ തന്നെ സാധന അഭിനയിച്ചു.
വർഷങ്ങൾക്കുശേഷം റിലീസായ 'ചാന്ദ്‌നി ചൗക്ക് ടു ചൈന' എന്ന സിനിമയിൽ ഫ്രിഞ്ച് സ്റ്റൈൽ ദീപിക പദുകോൺ പരീക്ഷിച്ചിരുന്നു. പക്ഷേ, അത് സാധനയുടെതു പോലെ ഭംഗിയായില്ല. 'റബ് നേ ബനാ ദി ജോഡി' എന്ന സിനിമയിലെ ഒരു പാട്ടുരംഗത്തിൽ മാത്രം ബിപാഷ ബസു അഭിനയിച്ചിട്ടുണ്ട്. വെള്ള സൽവാർ കുർത്തയും സാധന സ്റ്റൈൽ ഫ്രിഞ്ചുമായാണ് ബിപാഷ പ്രത്യക്ഷപ്പെട്ടത്. സാധന തീർത്ത ഫ്രിഞ്ച് വിപ്ലവം ഇപ്പോഴും അടങ്ങിയിട്ടില്ല എന്നാണ് അത് തെളിയിക്കുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: how sadhana's fringe revolutionized bollywood hairstyles
Published: 17 Jul 2025, 11:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented