ലോകസൗന്ദര്യമത്സരത്തില്‍ പുതുചരിത്രം കുറിച്ചിരിക്കുകയാണ് അര്‍ജന്റീനക്കാരിയായ അലെജാന്ദ്രാ റോഡ്രിഗസ്. ബ്യൂണസ് ഐറിസ് പ്രവിശ്യയുടെ മിസ് യൂണിവേഴ്സ് കിരീടം ചൂടിയാണ് അലെജാന്ദ്രാ ഏവരെയും അമ്പരപ്പിച്ചത്. സൗന്ദര്യ മത്സരങ്ങളുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു അറുപതുകാരി കിരീടം ചൂടുന്നത്. സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കാനുള്ള പ്രായം താന്‍ എന്നേ മറികടന്നുവെന്ന് ചിന്തിച്ചിരുന്ന അലെജാന്ദ്രയ്ക്ക്, പ്രായപരിധിയിലെ ഇളവാണ് തുണയായത്. 18-നും 73-നും ഇടയില്‍ പ്രായമുള്ള 34 പേര്‍ക്കൊപ്പമാണ് അലെജാന്ദ്ര മാറ്റുരച്ചത്.

മേയില്‍ നടക്കുന്ന മിസ് യൂണിവേഴ്സ് അര്‍ജന്റീന മത്സരത്തില്‍ ബ്യൂണസ് ഐറിസിനെ പ്രതിനിധീകരിച്ചെത്തുക ഈ 60-കാരിയായിരിക്കും. അതില്‍ വിജയം അവര്‍ക്കൊപ്പമെങ്കില്‍ സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ അര്‍ജന്റീനയെ പ്രതിനിധീകരിച്ചും അലെജാന്ദ്രയെത്തും. ലാ പ്ലാറ്റയില്‍ കഴിയുന്ന അലെജാന്ദ്ര മാധ്യമപ്രവര്‍ത്തകയും അഭിഭാഷകയുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 

1952 മുതല്‍ തുടങ്ങിയ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ 18നും 28നും ഇടയില്‍ പ്രായമുള്ള, അവിവാഹിതകള്‍ക്കും കുട്ടികളില്ലാത്തവര്‍ക്കുമാണ് പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്നത്. എന്നാല്‍ 2023-ല്‍ മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്‍ ആ നിയമം മാറ്റി. മത്സരാര്‍ഥികള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്ലെന്നും 18 വയസ്സിന് മുകളിലുള്ള ആര്‍ക്കും മത്സരിക്കാമെന്നുമായിരുന്നു പുതിയ മാറ്റം. 

2024-ലെ ലോകസൗന്ദര്യമത്സരത്തിന് ഈ നിയമം ബാധകമായിരിക്കും. 2022ല്‍ മിസ്സ് യൂണിവേഴ്‌സ് ആയ 28-കാരി ഗബ്രിയേലാണ് നിലവില്‍ മത്സരത്തില്‍ വിജയിച്ചിട്ടുള്ള ഏറ്റവും പ്രായം കൂടിയ വനിത.

സൗന്ദര്യമത്സരങ്ങളില്‍ ഒരു പുതിയ മാതൃകയെ പ്രതിനിധീകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് അലെജാന്ദ്ര മാധ്യമങ്ങളോടു പറഞ്ഞു. ഇങ്ങനെയൊരു കാര്യം തുടങ്ങിവെക്കുന്ന ഈ തലമുറയിലെ ആദ്യത്തെയാളാണ് താന്‍. 'എന്റെ തലമുറയിലുള്ളവരെ പ്രതിനിധീകരിക്കാനുള്ള ആത്മവിശ്വാസത്തെ ജഡ്ജസ് മനസ്സിലാക്കിയെന്ന് വിശ്വസിക്കുന്നു. അര്‍ജന്റീനയ്ക്കുവേണ്ടി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നു. അറുപതിതിലും സൗന്ദര്യം നിലനിര്‍ത്താനായതിനു പിന്നില്‍ ജീവിതശൈലിയാണെ'ന്നും അലെജാന്ദ്ര കൂട്ടിച്ചേര്‍ത്തു.