ഒരുകാലത്ത് ഫാഷനിൽ നിറഞ്ഞുനിന്ന താരമാണ് ബെൽബോട്ടം പാന്റ്. ബെൽബോട്ടവും ടൈറ്റ് ഫിറ്റ് ഷർട്ടുമായിരുന്നു ട്രെൻഡ്. ന്യൂജൻ പാന്റുകളുടെ വരവോടെ പതുക്കെ ബെൽബോട്ടത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു. 

മലയാളംസിനിമയിൽ ബെൽബോട്ടത്തിന് പ്രശസ്തിയുണ്ടാക്കിയ താരം ജയനാണ്. ശങ്കറും സുകുമാരനും വേണു നാഗവള്ളിയും മോഹൻലാലുമൊക്കെ ബെൽബോട്ടമിട്ട് എത്തിയിട്ടുണ്ടെങ്കിലും, അതിന് ഒരു ഐഡന്റിറ്റിയുണ്ടാക്കിയത് ജയൻ തന്നെ. ആ പാന്റ് ഇത്ര സ്‌റ്റൈലിഷാക്കാൻ പറ്റുമെന്ന് തിരിച്ചറിഞ്ഞ നടനും ചിലപ്പോൾ ജയൻ തന്നെയാവാം. ബെൽബോട്ടവും ലോങ് കോളർ ഷർട്ടുമണിഞ്ഞ് ഒട്ടേറെ സിനിമകളിൽ ജയൻ എത്തി. കണ്ണും കണ്ണും തമ്മിൽ തമ്മിൽ, കസ്തൂരി മാൻമിഴി...എത്രയോ പാട്ടുസീനുകളിലും ജയൻ ആ ലൂസ് പാന്റിൽ തിളങ്ങി. 

ബോളിവുഡിൽനിന്നാണ് ബെൽബോട്ടം മോളിവുഡിലേക്കെത്തുന്നത്. 'ഹരേ രാമ ഹരേ കൃഷ്ണ' (1971) എന്ന സിനിമയിൽ ദേവ് ആനന്ദ് ധരിച്ചത് ബെൽബോട്ടമായിരുന്നു. പിന്നീടത് ജയൻ ഏറ്റെടുത്തു. ലവ് ഇൻ സിംഗപൂർ, പഞ്ചമി തുടങ്ങിയ സിനിമകളിലൂടെയാണ് ഈ ട്രെൻഡിലേക്ക് ജയൻ എത്തിയത്. പ്രേംനസീറും ചില സിനിമകളിൽ ഈ പാന്റ് പരീക്ഷിച്ചു. 

'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന സിനിമയിൽ വില്ലനായ മോഹൻലാലും നായകനായ ശങ്കറും അണിഞ്ഞത് ബെൽബോട്ടമാണ്. 'വെനീസിലെ വ്യാപാരി' എന്ന സിനിമയിൽ ഒരു പാട്ടുസീനിൽ മമ്മൂട്ടിയും ബെൽബോട്ടമിടുന്നുണ്ട്. 

1800-ലാണ് ബെൽബോട്ടം ആദ്യമായി വന്നതെന്ന് പറയപ്പെടുന്നു. അന്ന് കപ്പലിൽ ജോലി ചെയ്തവരായിരുന്നു ഇവ പ്രധാനമായും ധരിച്ചിരുന്നതെന്ന് പറയപ്പെടുന്നു. 1960-കൾ മുതലാണ് ഇതൊരു ഫാഷൻ എന്ന രീതിയിലേക്ക് മാറിയത്.