
ഇരുചക്ര വാഹനം ഒരു സ്ത്രീയാണ്. ഇത്തിരിയിടത്തിലൂടെ ജീവിച്ചുപോവാനറിയാം. ഒഴിഞ്ഞുമാറിയും വളഞ്ഞും പുളഞ്ഞും എങ്ങനെയും ബാലന്‍സ് കണ്ടെത്തി ലക്ഷ്യത്തിലെത്താനുള്ള ആ ഓട്ടമുണ്ടല്ലോ. അത് ഒരു പെണ്ണിലല്ലാതെ എവിടെ കണ്ടിരിക്കുന്നു നമ്മള്‍.. എന്നിട്ടും സ്ത്രീ ടൂവീലറുമെടുത്ത് നിരത്തിലിറങ്ങുമ്പോള്‍ പലര്‍ക്കുമിഷ്ടമാവുന്നില്ല; ഇപ്പോഴും.
'വാഹനം ഓടിക്കുന്നത് പെണ്ണാണോ എങ്കില്‍ മറ്റൊരു കാരണവും വേണ്ടാ അപകടത്തിന്' എന്നു കരുതുന്നവര്‍ മുതല്‍, 'അയ്യോ, പാവം പെണ്ണ്, അവളെ ഒന്ന് വീടുവരെ അനുഗമിച്ചേക്കാം' എന്നു ചിന്തിക്കുന്നവര്‍. ഇവര്‍ക്കു മുന്നിലൂടെയാണ് ഓരോ ദിവസവും ഓരോ സ്ത്രീയും വാഹനമോടിക്കുന്നത്. എന്നിട്ടുണ്ടോ അവള്‍ക്കു വല്ല കുലുക്കവും. എന്തിനു കുലുങ്ങണം? ഇതും ഇതിലപ്പുറവും ചാടിക്കടന്നവളാണ് ഓരോ സ്ത്രീയും.
പെണ്‍വണ്ടികള്‍ നിരത്തിലിറങ്ങിയ കാലം. കാണുന്നവര്‍ക്കൊരു അത്ഭുതമുണ്ട്. നാട്ടിന്‍പുറങ്ങള്‍ അത്ഭുതത്തിലും കവിഞ്ഞ ഒരു അവസ്ഥയിലാണ് അവളെ നോക്കിയത്. തീരെ സഹിക്കാഞ്ഞാല്‍ ആരെങ്കിലും ഒന്നുകൂവും. അതുകൊണ്ടും കാര്യമില്ലെങ്കില്‍ ഉറക്കെ വിളിച്ചുപറയും. ''നോക്ക്, പെണ്ണ് വണ്ടിയോടിക്കുന്നു...'' അങ്ങനെ നോക്കും കൂക്കും ഏറ്റുവാങ്ങേണ്ടിവന്നെങ്കിലും വണ്ടിയോടിക്കുന്നവര്‍ ഒരു പ്രത്യേക ജനുസ്സായി കണക്കാക്കപ്പെട്ടു. നാണവും മാനവുമില്ലാത്തവര്‍ എന്ന് നാട്ടുകാര്‍. ഭാഗ്യവതികള്‍ എന്ന് അസൂയക്കാര്‍. ഇതിനെല്ലാം ഇടയിലൂടെ അവര്‍ അനായാസം വണ്ടിയോടിച്ചു. കണ്ടാലറിയാം വണ്ടിയോടിക്കുന്നവളത്ര ചെറിയ മീനല്ലെന്ന്. കര്‍ക്കിടകത്തില്‍ കലങ്ങിയ തോട്ടിലൂടെ നീര്‍ക്കോലിയോടുന്നപോലൊരു പോക്കാണ്. കാലത്തിലൂടെ എത്ര ഓടിനടന്നിട്ടും അവള്‍ തട്ടിത്തടഞ്ഞു വീണുപോയിട്ടുമില്ല.
ആരുടേത് ഈ നിരത്ത്
''ചെറിയ അപകടങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ ഒരു സൈക്കിളുകാരനുമായിടിച്ചു. കാല്‍ ചെറുതായി മുറിഞ്ഞ് ചോരയൊക്കെ വന്നു. പൈജാമയിലൊക്കെ ചോര പടര്‍ന്ന് വിഷ്വലി മൊത്തം ജഗപൊകയായതൊഴിച്ചാല്‍ എനിക്ക് കാര്യമായൊന്നും പറ്റിയിട്ടില്ല. ഒപ്പം പെട്ട സൈക്കിളുകാരന്‍ എന്നേക്കാള്‍ പയറുമണിപോലെ ഇരിക്കുന്നു.'' റോഡില്‍ 'വീണു'കിട്ടിയ അനുഭവം വിവരിച്ചു തുടങ്ങി പാലക്കാട്ടുകാരി ഗീതു. ''നാട്ടുകാര്‍ ആശുപത്രിയില്‍ പോകാമെന്നു പറഞ്ഞെങ്കിലും കുറ്റം സൈക്കിളുകാരന്റേതാണെന്ന ഉറപ്പില്‍ ഞാന്‍ ഉദാരമതിയാവാന്‍ തീരുമാനിച്ചു. വേണ്ട, സാരമില്ല. ഞാന്‍ പറഞ്ഞു. സൈക്കിളുകാരന്‍ എന്നെ രൂക്ഷമായി നോക്കി. എന്നിട്ടൊരു പ്രസ്താവനയിറക്കി: 'എനിക്ക് പോണം.' അങ്ങനെ സംഘമായി ഞങ്ങള്‍ ആശുപത്രിയിലെത്തി. കാഷ്വാലിറ്റിയിലുള്ളവര്‍ എന്റെ ചെറിയ മുറിവിനെ പുച്ഛിച്ചു. എന്നാല്‍ സൈക്കിളുകാരന്റെ ഒരു മുറിവുമില്ലാത്ത കാലില്‍ ഒരു ഹെയര്‍ലൈന്‍ ഫ്രാക്ചര്‍. കുറച്ചുകാലം പണിക്കൊന്നും പോകാതെ വീട്ടില്‍ അടങ്ങിയിരിക്കേണ്ടിവരും അയാള്‍ക്ക്. ആ അടങ്ങിയിരിക്കലിനും പണിക്കുപോവാനാവാത്തതിനും അയാള്‍ ചോദിച്ച വലിയ നഷ്ടപരിഹാരം ഒരു തെറ്റും ചെയ്യാത്ത ഞാന്‍ കൊടുത്തു. ഞാനായിപ്പോയല്ലോ 'വലിയ വാഹന'ത്തിന്റെ ഉടമ.''
ഇരുചക്രവാഹനങ്ങളിലെ യാത്രകള്‍ ജീവിതത്തെ കാറ്റിലേക്ക് തുറന്നുവിടും. നിരത്തില്‍ ആരും നമ്മളോട് ഒന്നും മറച്ചുവെക്കുന്നില്ല. റോഡിലെ കുഴികള്‍, വഴിയരികിലെ മനുഷ്യര്‍, എതിര്‍ വാഹനങ്ങളുടെ പേടിപെടുത്തലുകള്‍, ഒരേ ദിശയിലുള്ളവരുടെ ഉരുമ്മല്‍, മറികടക്കല്‍, വഴിവാണിഭക്കാരുടെ വിളികള്‍...
ഇരുചക്രവാഹനത്തിന്റെ, പ്ലാസ്റ്റിക് മാറ്റ് വിരിച്ച, കുഞ്ഞു കാല്‍വെപ്പു പ്ലാറ്റ്‌ഫോമിനേക്കാള്‍ വിശാലമായൊരു ഗുഡ്‌സ് വണ്ടിയും നാളിതുവരെ കണ്ടിട്ടില്ല. ഒരു കൊളുത്തില്‍ പച്ചക്കറി, മറ്റേതില്‍ മീന്‍, കാല്‍വെക്കാനുള്ള ഇടംകൂടി അപഹരിച്ച് പലചരക്കും പാലും പാത്രങ്ങളും...
നിരത്തില്‍ പെണ്ണോടിക്കുന്ന വണ്ടി നിയന്ത്രിക്കുന്ന ആണുങ്ങളെത്ര. ഒന്നു സൈഡു കൊടുക്കുമ്പോള്‍, പുറകോട്ടെടുക്കുമ്പോള്‍ വഴിയേ പോകുന്ന എല്ലാ വണ്ടിക്കാരും നിര്‍ദ്ദേശങ്ങളുമായെത്തും. സമ്മര്‍ദ്ദത്തിലാക്കും. ഒടുവില്‍ വിയര്‍ത്തു കുളിച്ച് രക്ഷപ്പെട്ടുപോകുമ്പോള്‍, ഞാനില്ലെങ്കില്‍ കാണാമായിരുന്നു എന്ന മട്ടില്‍ ഒരു പറച്ചില്‍, 'പോട്ടെ... റൈറ്റ്...' ''നിരത്തില്‍ ഇക്കൂട്ടരില്ലെങ്കില്‍ എന്ന് പലപ്പോഴും വിചാരിച്ചിട്ടുണ്ട്. അവരുടെ വിചാരം അവരുടെ മാത്രം നിരത്തിലൂടെയാണ് നമ്മള്‍ വണ്ടിയോടിക്കുന്നത് എന്നാണ്. ആണുങ്ങള്‍ക്കിടയിലൂടെ വണ്ടിയോടിച്ചാല്‍ ആരും ഫെമിനിസ്റ്റാവും'' തിരുവനന്തപുരം സ്വദേശിയും ഗവേഷകയുമായ സരയു സഹായക്കമ്മറ്റിക്കാരുടെ ഇടപെടല്‍ ഓര്‍ത്തുപറഞ്ഞു.
കാറ് കടക്കാത്തിടത്തും കാറ്റുകണക്കിനെത്തിച്ചുതരാന്‍ ടൂവീലര്‍തന്നെ വേണം. ഏതു ഗതാഗത തടസ്സത്തിനിടയിലും നൂഴ്ന്നു കടക്കും. നിരത്തിന്റെ ടാറിടാത്ത അരികിലൂടെയും അതിനുമപ്പറത്തെ സൂചിപ്പഴുതിലൂടെയും നിരങ്ങിനീങ്ങിയും ഇടിച്ചുകയറിയും സമയത്തിനെത്തിച്ചേര്‍ന്ന ഓഫീസ് ദിവസങ്ങള്‍. ഓടിക്കുന്നവരില്‍ മുക്കാല്‍ പങ്ക് പെണ്ണുങ്ങള്‍ക്കും 'ബെസ്റ്റ് ഫ്ര്' സ്വന്തം വണ്ടിയാണ്. ഏതു പ്രതിസന്ധിയിലും കൂടെയുണ്ടാവും. ഒറ്റയ്ക്കിട്ട് പോവില്ല. അന്യോന്യം നന്നായറിയാം, മറ്റാരേക്കാളും വിശ്വസിക്കാം. എത്രയോ സന്ദര്‍ഭങ്ങളില്‍ മനസ്സിന്റെ മുറിവുണക്കാന്‍ വണ്ടിയുടെ അടുത്തേയ്ക്ക് ഓടി ചെന്നിട്ടുണ്ട് പലരും. അതിലിരുന്ന് ഏതെങ്കിലും വഴിയിലൂടെ ഓടിച്ചുപോയിട്ടുണ്ട്. തണുത്ത മനസ്സുമായി തിരിച്ചെത്തിയിട്ടുണ്ട്...
കാമുകനോ കൂട്ടുകാരിയോ ഭര്‍ത്താവോ പുറകിലിരിക്കാന്‍ മത്സരിക്കുന്ന ചില യാത്രകളുണ്ട്. കൂട്ടുകാരികളാണെങ്കില്‍ മിണ്ടിയും പറഞ്ഞും ആത്മവിശ്വാസം പരത്തി ഓടിച്ചുകൊണ്ടിരിക്കാം. ഭര്‍ത്താക്കന്മാര്‍ തരാതരം മിണ്ടാതിരിക്കുകയോ മിണ്ടി മടുപ്പിക്കുകയോ രസംപിടിപ്പിക്കുകയോ ചെയ്‌തെന്നിരിക്കും. കാമുകന്മാരാണ് കള്ളന്മാര്‍. അവര്‍ ടു വീലറിനെപ്പോലും പൂങ്കാവനമാക്കും. ഹെല്‍മറ്റിനെ ശപിച്ചുകൊണ്ടിരിക്കും. കഴുത്തിനുപുറകില്‍ ഉമ്മകള്‍ സ്വീകരിക്കാത്ത കാമുകിമാരായ ഡ്രൈവര്‍മാര്‍ പുതുതലമുറയില്‍ അപൂര്‍വ്വം.
കറുകറുത്ത ആകാശത്തിനതിരില്‍, കാറ്റു മുളയ്ക്കുന്ന ചില ദിവസങ്ങളുണ്ട്. അങ്ങനെ ഒരു നാള്‍ ഗ്രാമവഴികള്‍ കടന്ന് അതിരിലെ മലകളിലേക്ക് നിറയെ മൗനവുമായി വണ്ടിയോടിച്ചുപോയിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇന്നുതന്നെയിറങ്ങൂ. ലോകം നിങ്ങളുടെ പിന്‍സീറ്റില്‍വന്നിരുന്ന് അതിന്റെ കഥ പറയാന്‍ തുടങ്ങും. അവനവനിലേക്കും അതുവഴി സകലരിലേക്കും നാം തിരിച്ചെത്തും. മഴമേഘങ്ങള്‍ വഴിതടഞ്ഞെന്നിരിക്കും. പക്ഷേ കൊള്ളാനുറച്ചാല്‍ മഴപോലെ കൊള്ളാന്‍ കൊള്ളാവുന്ന മറ്റെന്തുണ്ട്. മേഘമാനങ്ങളുള്ള കനത്ത സന്ധ്യകളും നക്ഷത്രങ്ങള്‍ പൂവിരിച്ച രാത്രികളും കാണാതെ, അതിലൂടെ ഒരിക്കലെങ്കിലും ഓടിച്ചുപോവാതെ എങ്ങനെ നിങ്ങളൊരു സ്ത്രീയാകും; ഇഷ്ടത്തിനോടുന്ന ഒരു സ്ത്രീ?
Content Highlights: women driving experience in kerala roads
Published: 28 Jun 2023, 09:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented