'എവിടെ നോക്കിയാണെടോ വണ്ടിയോടിക്കുന്നത്?'
'ആര്‍ക്ക് വായുഗുളിക വാങ്ങാനാ പോകുന്നത്?'
'തന്റെ മുഖത്തെന്താ കണ്ണില്ലേ...'

To advertise here,


വണ്ടിയോടിക്കുന്നതിനിടയില്‍ നിങ്ങള്‍ കേട്ടതോ, പറഞ്ഞതോ ആയ ഡയലോഗുകളാണ് ഇതെല്ലാം. ഇടത്തുകൂടി ഇരമ്പിച്ചുവരുന്നവര്‍, നടുവിലൂടെ മാത്രം ഓടിക്കുന്നവര്‍, വലത്തോട്ട് ഇന്‍ഡിക്കേറ്ററിട്ട് ഇടത്തോട്ട് തിരിക്കുന്നവര്‍... മിണ്ടാതിരിക്കാം എന്നുകരുതിയാല്‍ നടക്കില്ല. നിയന്ത്രണംവിട്ട് എന്തെങ്കിലും പറഞ്ഞു പോകും. വണ്ടിയോടിച്ചിരുന്ന ആള്‍ അങ്ങനെ  സൈക്കോ ആയി മാറിയിട്ടുണ്ടാകും. നിങ്ങള്‍ക്കും ഉണ്ടായിട്ടില്ലേ ഇത്തരം റോഡ് അനുഭവങ്ങള്‍. റോഡിലെ ഈ കലിപ്പന്‍ സ്വഭാവത്തിന്റെ പേരാണ് 'റോഡ് റേജ്'. 

ഓവര്‍ടേക്കിങ്ങിന്റെ അയ്യരുകളി
ഇഷ്ടമില്ലാത്ത എന്ത് സംഭവം ഉണ്ടാകുമ്പോഴും പ്രതികരിക്കുന്ന സ്വഭാവം ട്രാഫിക് തിരക്കിനൊപ്പം ചേരുമ്പോഴാണ് 'റോഡ് റേജ്' ഉണ്ടാകുന്നത്. വണ്ടിയോടിക്കുന്നതിനിടെ സ്വന്തം തെറ്റ് സമ്മതിക്കാതെ മറ്റുള്ളവരുടെ മെക്കിട്ട് കയറുന്നതും  'റോഡ് റേജ്' തന്നെ. റോഡില്‍ ഓവര്‍ടേക്കിങ്ങിന്റെ അയ്യരുകളിയാണ്, അതും ഇടതുവശത്തുകൂടി. ആരെങ്കിലും ഓവര്‍ടേക്ക് ചെയ്താല്‍ പിന്നെ പറയാനില്ല.  ഉള്ളിലെ സൈക്കോ പുറത്തുചാടും.'എന്നെ മറികടക്കുകയോ, വിടില്ല ഞാന്‍. വണ്ടി ചവിട്ടി പറപ്പിക്കും.


നടുറോഡിലെ പരിചയപ്പെടല്‍
സൂചി കയറ്റാനിടം കൊടുത്താല്‍ തൂമ്പാ കയറ്റുന്നവരെ നമ്മുടെ റോഡില്‍ കാണാം. പ്രത്യേകിച്ച് ട്രാഫിക് സിഗ്നലിന്റെ പരിസരങ്ങളില്‍. ദോഷം പറയരുതല്ലോ, ഇവരില്‍ അധികവും ഇരുചക്രവാഹനക്കാര്‍ ആയിരിക്കും. മുന്നോട്ടുകയറിയ ബൈക്കുകാരന്‍ മിക്കവാറും എന്തെങ്കിലുമൊന്ന് മൊഴിയും. അതിന് മറുപടിയുമുണ്ടാകും. അങ്ങനെ പരസ്പരം പരിചയപ്പെടുന്നതോടെ നടുറോട്ടില്‍ വാക്കുതര്‍ക്കം ഉടലെടുക്കുന്നു. പച്ച തെളിയുന്നതുകൊണ്ടുമാത്രമാണ് പല ഉരസലുകളും കയ്യാങ്കളിയിലെത്താതെ പോകുന്നത്. 
  
എന്തിനീ വെപ്രാളം
ഇടതുവശം ഫ്രീ ആക്കി വിടുന്നതാണ് മര്യാദ. പക്ഷേ, എല്ലാവരും അത് മറക്കും. ഇടതുവശത്തേക്ക് പോകേണ്ടവര്‍ ഹോണടിച്ച് ഗതികെട്ടുപോകും. സൈഡ് തരാന്‍ പറഞ്ഞാല്‍ എന്തോ തെറ്റ് ചെയ്ത പോലെയാണ്.''പോയി മുന്നിലുള്ള വണ്ടിക്കാരനോട് പറയെടോ...'' എന്നാകും മറുപടി. ശരിയാണ്, അയാളുടെ മുന്നിലുമുണ്ടാകും വാഹനത്തിന്റെ നീണ്ട നിര. ആശുപത്രിയിലേക്കോ മറ്റെന്തെങ്കിലും അത്യാവശ്യത്തിനോ പോകേണ്ടിവരുന്നവരുടെ അവസ്ഥയാണ് കഷ്ടം. വേറെ ചിലരുണ്ട്. ഇടത്തേക്ക് ഇന്‍ഡിക്കേറ്ററിട്ട് മുന്നോട്ടു കയറും. എന്നിട്ട് മുന്നില്‍ കൊണ്ടുപോയി നിര്‍ത്തും. സിഗ്നല്‍ കിട്ടിയാല്‍ പെട്ടെന്ന് പോകാനാണ് ഈ വെപ്രാളം. 

placeholder
വര: ബാലകൃഷ്ണൻ ഉള്യേരി


 
നാലുപേരറിയാന്‍ 'ചീപ്പ് ഷോ' 
റോഡ്റേജിന് പിന്നില്‍ ചില ശാസ്ത്രീയ കാരണങ്ങളുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം അസി.പ്രൊഫസര്‍ ഡോ.അരുണ്‍ ബി. നായര്‍ പറയുന്നത് കേള്‍ക്കൂ:''എടുത്തുചാട്ട സ്വഭാവം കൂടിയവരാണ് റോഡില്‍ വഴക്കുണ്ടാക്കുന്നത്. ഇവരില്‍ ചിലരെങ്കിലും ചെറുപ്പംമുതല്‍ അമിതവികൃതിയും പിരിപിരിപ്പും കാണിക്കുന്നവരായിരിക്കും. അമിത ആത്മവിശ്വാസത്തോടെ വണ്ടിയോടിക്കുന്ന ചിലരുണ്ട്. നാലുപേരറിയാന്‍ 'ചീപ്പ് ഷോ' കാട്ടുന്നവരും  മനഃപൂര്‍വം മറ്റുള്ളവരെ ദ്രോഹിക്കാന്‍ താത്പര്യമുള്ളവരുമെല്ലാം റോഡിലെ വഴക്കാളികളായി തീരുന്നു.''

സംഘംചേര്‍ന്നുവന്ന് പ്രശ്‌നമുണ്ടാക്കുന്നവരായിരിക്കും കൂടുതല്‍. ബൈക്കിലും കാറിലും കൂട്ടമായി യാത്ര ചെയ്യുന്നവരില്‍ റോഡ് റേജ് പ്രവണത കൂടുതലാണെന്ന് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. 'കൂട്ടംചേരുമ്പോള്‍ കിട്ടുന്ന ധൈര്യമാകാം ഇതിന് കാരണം. ഓവര്‍ടേക്ക് ചെയ്യാനും അസഭ്യം പറയാനുമെല്ലാം അത് കാരണമാകുന്നു. റോഡിലെ വഴക്കും തുടര്‍ന്നുള്ള ഓവര്‍ സ്പീഡുമായിരിക്കും മിക്ക അപകടത്തിനും കാരണം.

കമന്റടിയും ഓവര്‍ടേക്കിങ്ങും 
സ്ത്രീകളാണ് മിക്കപ്പോഴും റോഡ്റേജിന്റെ ഇരകളാകുന്നത്. ഹോണടിച്ചും കമന്റടിച്ചും സ്ത്രീഡ്രൈവര്‍മാരുടെ പുറകെ കൂടുന്നവരെ റോഡില്‍ കാണാം. കോഴിക്കോട് ഒളവണ്ണ സ്വദേശിനിയായ ഹരിത രാമചന്ദ്രന്‍ തന്റെ അനുഭവം പറയുന്നു: 'സ്ത്രീകള്‍ എന്തിനാണ് വണ്ടിയുമായി റോഡിലിറങ്ങുന്നത്, അവര്‍ക്ക് വീട്ടിലിരുന്നുകൂടേ എന്ന് കരുതുന്നവരാണ് പലരും. ടൂവീലര്‍ ഓടിക്കുന്നതിനിടെ ചില മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഇന്‍ഡിക്കേറ്റര്‍ ഇടാന്‍ മറന്നുപോയാലോ, ബ്രേക്ക് ഡൗണായാലോ മോശമായി സംസാരിക്കും. സ്ത്രീകളാണ് ഓടിക്കുന്നതെന്ന് കണ്ടാല്‍ മനഃപൂര്‍വം ഓവര്‍ടേക് ചെയ്യും ചിലര്‍. 
നോര്‍മല്‍ സ്പീഡില്‍ പോയാലും ഇത്രയും വേഗത്തില്‍ എന്തിനാ വണ്ടിയോടിക്കുന്നതെന്ന് ചോദിക്കും. വണ്ടിയോടിച്ച് അത്ര പരിചയമില്ലാത്തവരുടെ കാര്യമാണ് കഷ്ടം. കമന്റടിയും ഓവര്‍ടേക്കിങ്ങും എല്ലാം കൂടി റോഡില്‍ ശരിക്കും പെട്ടുപോകും.'

 മാന്യമാകട്ടെ ഡ്രൈവിങ്

$ റോഡ് റേജിന്റെ അപകടത്തെക്കുറിച്ച് സ്വയം മനസ്സിലാക്കാന്‍ ശ്രമിക്കണം.
$ ഓവര്‍ടേക്കിങ്ങും അസഭ്യംപറയലും വഴി സ്വന്തം പ്രതിച്ഛായയാണ് മോശമാകുന്നതെന്ന് ഓര്‍ക്കുക.
$ ഡ്രൈവിങ്ങിന് മുന്‍പ് അല്പം ദീര്‍ഘശ്വാസമെടുക്കുക. മാന്യമായി വണ്ടിയോടിക്കുമെന്ന് മനസ്സിലുറപ്പിക്കുക.
$ ടെന്‍ഷനോ ദേഷ്യമോ തോന്നുമ്പോള്‍ ഡ്രൈവ് ചെയ്യാതിരിക്കുക.
$ ആരെങ്കിലും ഓവര്‍ടേക്ക് ചെയ്താല്‍ പോട്ടെ എന്നു വയ്ക്കണം. 
$ യാത്ര ചെയ്യേണ്ട സ്ഥലത്തേക്ക് പത്ത് മിനിറ്റ് മുന്‍പ് പുറപ്പെടാന്‍ ശ്രമിക്കുക.
$ നിയമം അനുസരിച്ചുള്ള ഡിഫന്‍സിവ് ഡ്രൈവിങ് മതി.
$ ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നത് ഒഴിവാക്കണം.
$ യോഗയും ധ്യാനവും പരിശീലിക്കുന്നത് മനസ്സിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
$ ദേഷ്യം കുറയ്ക്കാന്‍ വേണ്ടി ആവശ്യമെങ്കില്‍ വിദഗ്ധ ചികിത്സ തേടുക.
$ സ്വന്തം ഡ്രൈവിങ്ങിലെ പോരായ്മകള്‍ അംഗീകരിക്കുക.
$ വേണ്ടപ്പെട്ടവരുടെ മുഖം മനസ്സിലോര്‍ക്കുക. സുരക്ഷിതരായി അവര്‍ക്കരികില്‍ എത്തുന്നതിന് പ്രാധാന്യം നല്‍കുക. 
$ ശാന്തമായ മനസ്സോടെ വാഹനമോടിക്കുക, ഡ്രൈവിങ് ആസ്വദിക്കുക.