കഴിഞ്ഞമാസം, കുഞ്ഞുങ്ങളുടെ പരീക്ഷാമാസം, മകൾ മഞ്ചാടിയെ പഠിപ്പിക്കാൻ തലകുത്തിനിന്ന മാസമായിരുന്നു. ആ ദിവസങ്ങളിൽ അവളെ വിളിച്ചിരുത്തി പഠിക്കുകയാണെന്ന് തോന്നിക്കാതെ, പഠിപ്പിക്കാനുള്ള ശ്രമത്തിനിടയിലാണ് കണിക്കൊന്നയുടെ ഇംഗ്ലീഷ് പേര് ശ്രദ്ധിക്കുന്നത്. ഇക്കാലമത്രയും ഇത്ര സുന്ദരൻ പേര് കാണാതെ പോയല്ലോ എന്ന് നഷ്ടബോധം തോന്നി. ഗോൾഡൻ ഷവർ - സ്വർണ്ണമഴ! മരം പെയ്യുന്നതുപോലെ മരത്തിൽനിന്ന് താഴേയ്ക്ക് തൂങ്ങിക്കിടക്കുന്ന മഞ്ഞപ്പൂക്കൾ!

'മഞ്ഞലോഹത്തിന്റെ മനസ്സറിഞ്ഞവർ' എന്നായിരുന്നു ഞങ്ങളുടെ നാട്ടിലെ പ്രസിദ്ധമായ ഒരു സ്വർണക്കടയുടെ പരസ്യവാചകം. ഗോൾഡൻ ഷവർ എന്ന പേര് കണ്ടപ്പോൾ എനിക്ക് ആ കട ഓർമ്മ വന്നു. 'മ'യിൽ തുടങ്ങുന്ന പേരാണ് ആ കടയ്ക്ക്. പ്രാസമൊപ്പിക്കാൻ അവർ കണ്ടുപിടിച്ച ആ ഒറ്റവരി അടുത്തകാലത്തൊന്നും ഓർമ്മയിൽ വന്നിട്ടില്ല. നാട്ടിൽ പോകുമ്പോഴൊക്കെ ആ കടയുടെ മുൻപിലൂടെ പലവട്ടം കടന്നുപോയിട്ടുള്ളതാണ്, എന്നിട്ടും.

കണിക്കൊന്ന നേരത്തെ പൂത്താൽ അമ്മമാർക്ക് ആധി കയറും.

'വിഷൂന് ഒറ്റ പൂവ് ഇണ്ടാവില്ലല്ലോ കൃഷ്ണാ കണിവെക്കാൻ ,ഒക്കെ കൊഴിഞ്ഞു പോകും'

ഇനി പൂക്കാൻ വൈകിയാലോ അത് അതിനേക്കാൾ വലിയ അപരാധമായി.

'ഇക്കൊല്ലം പൂക്കാനുള്ള മട്ടം കാണ്ന്നില്ല, അങ്ങേക്കാര്‌ടെ അതിരില് രണ്ട് മരണ്ട്, അതുമ്മെ ഇണ്ടാവേരിക്കും വിഷു ആവുമ്പഴയ്ക്കും ,എന്നാലും നേരത്തെ പറഞ്ഞുവെക്കണം കുരുത്തംകെട്ടതുങ്ങൾക്ക് ഉസ്‌കൂളില്ല, ഒക്കെ തല്ലിക്കൊഴിക്കും'

കൊന്ന പൂക്കുമോ പൂ പറിക്കാനൊക്കുമോ കണിയൊരുക്കുന്നതിന് എന്തെങ്കിലും തടസ്സം ഉണ്ടാകുമോ എന്നതൊന്നും കുഞ്ഞുങ്ങളുടെ, അതായത് അമ്മമാരുടെ ഭാഷയിലെ കുരുത്തംകെട്ടതുങ്ങളുടെ വിഷയമല്ല. സൈ്വരക്കേടിന്റെ, പരീക്ഷകളുടെ മാർച്ച് മാസത്തിനുശേഷം നീണ്ട വേനലവധിയുടെ തുടക്കത്തിലെ ആദ്യത്തെ വിശേഷ ദിവസമാണ്. ഒന്നും ആലോചിച്ചു വിഷമിക്കേണ്ടതില്ലാത്ത ദിവസങ്ങൾ. എത്ര രൂപയ്ക്ക് അച്ഛൻ പടക്കം വാങ്ങിക്കും എന്ന് മാത്രം ഇടയിൽ ഒരു ആലോചന വരും. കൈനീട്ടം കിട്ടുന്ന കാശ് എന്ത് ചെയ്യണമെന്നും.

കണിക്കൊന്നയെക്കുറിച്ച് കേട്ട കഥകൾ ആരുണ്ടാക്കിയതാണെങ്കിലും അയാൾ ഒരു (അതോ അവളോ) ഒരു പ്രതിഭാധനൻ തന്നെ ആയിരിക്കണം. ഉണ്ണിക്കണ്ണനെ കളിക്കൂട്ടുകാരനാക്കാൻ മോഹിച്ച ഒരു പൊന്നുണ്ണിയും ആ പ്രാർത്ഥന സഫലമാക്കാൻ ഇറങ്ങിവന്ന ശ്രീകൃഷ്ണനും ആ കഥയ്ക്ക് നൽകിയ കുട്ടിത്തം അക്കാലത്ത് എന്നെ നന്നായി രസിപ്പിച്ചു. കണ്ണൻ സമ്മാനിച്ച അരഞ്ഞാണം ഉണ്ണി മോഷ്ടിച്ചതാണെന്ന ആരോപണത്തിൽ കുപിതയായ അമ്മ പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞു. ആ അരഞ്ഞാണം പൂന്തോട്ടത്തിലെ മരത്തിൽ തൂങ്ങിക്കിടന്നു എന്നും അതാണ് കൊന്നപ്പൂങ്കുലകളായി മാറിയത് എന്നുള്ള കഥയിൽ കഴമ്പുണ്ടെന്ന് ഈ മുപ്പതുകളിലും എനിക്ക് തോന്നാൻ കാര്യമെന്താവാം? മഞ്ഞലോഹത്തിൽ തീർത്ത ഒരാഭരണമാണ് മരത്തിൽ അലക്കു തീർക്കുന്നത് എന്ന ചിന്തയിൽ അസാധ്യമായ ഒരു കവിതയുണ്ട്. ആ കവിത നിഷേധിക്കാൻ ഏതുകാലത്തും ഞാൻ ഒരുക്കമല്ല, അതാണ് കാര്യം. രാമസുഗ്രീവസഖ്യം ബാലിയെ കൊല്ലാൻ മറഞ്ഞുനിന്ന മരം പിന്നീട് ബാലിയെ കൊന്ന മരവും അത് പിന്നീട് കൊന്നമരം ആയതുമായ കഥയിൽ വലിയ സർഗാത്മകത തോന്നിയില്ല. അതുകൊണ്ട് ഞാൻ കൊന്ന സമം കൃഷ്ണന്റെ അരഞ്ഞാണം എന്ന് തന്നെ ഉരുവിട്ടുറപ്പിച്ചു.

സ്വപ്നജീവിയായ ഞാൻ മേടനിലാവ്, സ്വർണവർണ പൂക്കൾ, ഉണ്ണിക്കണ്ണൻ എന്നിവയിലൊക്കെ പോയി പറ്റിപ്പിടിച്ചപ്പോൾ, വീട്ടിലെ കാർവർണൻ പ്രസൂൺ നാരായണൻ അപകടകരമായ സാധ്യതകൾ അന്വേഷിച്ചു കണ്ടെത്തി. ചിരട്ടയുടെ അടിയിൽ ഓലപ്പടക്കം കത്തിച്ചുവച്ച് പൊട്ടിച്ചാൽ ഇരട്ടി ശബ്ദം ഉണ്ടാകുമെന്നും മാലപ്പടക്കം വേർതിരിക്കുമ്പോൾ തിരിയിളക്കരുത് അഥവാ ഇളകിയാൽ പേപ്പറിൽ ചുരുട്ടിവച്ച് കത്തിച്ച് പടക്കങ്ങൾ പാഴായി പോകാതെ ശ്രദ്ധിക്കണം എന്നും നിരന്തരം എന്ന ഓർമിപ്പിച്ചു. പൊട്ടുന്ന കോപ്പുകൾ വളരെ കുറച്ചു മതി, പൂത്തിരിയും നിലച്ചക്രവും കൂടുതൽ വേണമെന്ന് ഞാൻ അത് കേട്ടപ്പോഴൊക്കെ അച്ഛനെ ഓർമിപ്പിച്ചു. ഇതിലൊന്നും പെൺകുട്ടികൾ ഇടപെടേണ്ടതില്ല എന്നും ശബ്ദം പേടിയുള്ളവർക്കും പൊള്ളുമെന്ന് താക്കീത് തരുന്നവർക്കും പറഞ്ഞിട്ടുള്ള പണിയല്ല വെടിമരുന്ന് എന്നും അപ്പോൾ അവൻ വലിയ 'ആണാ'യി. രണ്ടെണ്ണത്തിനെയും സമാധാനിപ്പിക്കുന്ന തരത്തിൽ വിഷു ആഘോഷിക്കാൻ കാശെത്ര വേണ്ടിവരും എന്നോർത്തായിരിക്കണം അച്ഛൻ മൗനിയായി.

'വെറ്‌തെ പൊട്ടിച്ചു കളയാൻ ഇവടെ പൈസ കായ്ക്കണ മരണ്ടല്ലോ, പൊയ്‌ക്കോ രണ്ടും'

എന്ന് ആ ഇരിപ്പ് കാണുമ്പോഴൊക്കെ അമ്മ ഞങ്ങളെ ചീത്ത പറഞ്ഞു. അനിയൻ പ്രതീക്ഷയോടെ അച്ഛനെ നോക്കും. ഞാൻ പണിപ്പെട്ട് മുഖത്ത് നിഷ്പക്ഷത വരുത്തിയിരിക്കും. അച്ഛന്റെ കുട്ടിക്ക് അച്ഛൻ പടക്കം വാങ്ങിത്തരും, ഓളോട് പോകാൻ പറ എന്നച്ഛൻ അവനെ സമാധാനിപ്പിച്ചു. അവൻ തെളിഞ്ഞ് കളിമേളങ്ങളിലേക്ക് ഒഴുകിയിറങ്ങി പോയി.

കുട്ടികൾക്ക് സാമ്പത്തികസ്വാതന്ത്ര്യം ലഭിക്കുന്ന ഒരസുലഭ അവസരമാണ് വിഷു. ആരോടും കെഞ്ചാതെ, പുറകെ നടക്കാതെ പത്ത് കാശ് കയ്യിൽ വരുന്ന ദിവസം. കിട്ടാൻ പോകുന്ന കൈനീട്ടം കണക്ക് കൂട്ടിക്കൂട്ടിയാണ് ഞങ്ങളുടെ ഏപ്രിൽ തുടങ്ങുക. കൊതിച്ചുകൊതിച്ചിരുന്ന ഒരു കളിപ്പാട്ടമോ വേനലുച്ചയിൽ സൈക്കിളിൽ എത്തുന്ന ഐസ്‌ക്രീമോ കടയിൽ നോക്കിവച്ചിരിക്കുന്ന ഒരു കല്ലുകമ്മലോ ഒക്കെ സ്വന്തമാക്കാൻ ആരുടെയും അനുവാദമോ സഹായമോ ആവശ്യമില്ലാത്ത സ്വാതന്ത്ര്യം. പക്ഷേ മിക്കവാറും കിട്ടുന്ന കാശ് എന്തെങ്കിലും ആവശ്യത്തിന് അച്ഛനോ അമ്മയോ തന്നെ വാങ്ങിക്കും. കുറച്ചുകൂടി കാശ് കൂട്ടി ഉടനെ തിരിച്ചു തരാം എന്ന് പ്രലോഭനത്തിൽ വീണുപോകുന്ന ഞങ്ങൾക്ക് മുതലോ പലിശയോ തിരിച്ചു കിട്ടുകയുണ്ടായില്ല. വലുതാവുംതോറും അതിൽ ഞങ്ങൾക്ക് പരാതിയില്ലാതെയായി. കിട്ടുന്നത് അവർ ചോദിക്കാത്ത തന്നെ ഞങ്ങൾ കൊടുത്തു. അപ്പോഴേയ്ക്കും കാശിന് നല്ല വിലയുണ്ടെന്ന് ഞങ്ങൾ പഠിച്ചിരുന്നു. ഒന്നര മാസം കൂടി കഴിഞ്ഞാൽ സ്‌കൂൾ തുറക്കും എന്നും അത് ഓർമ്മ വരുമ്പോഴൊക്കെ അമ്മ നെഞ്ചത്ത് കൈവയ്ക്കുമെന്നും പഠിച്ചിരുന്നു. കുട്ടികളും കുടുംബവും ഒന്നും വേണ്ടായിരുന്നു, അതുങ്ങൾക്ക് വേണ്ടതൊന്നും ചെയ്തു കൊടുക്കാൻ പറ്റാതെ ഇങ്ങനെ പീഡിപ്പിക്കുന്നതിലും ഭേദം അതായിരുന്നു എന്നുമൊക്കെ അമ്മ പറഞ്ഞു കരയുമെന്നും അറിയാമായിരുന്നു. അങ്ങനെയങ്ങനെയാണ് ഞങ്ങൾ ആവശ്യങ്ങൾ കുറഞ്ഞ കുട്ടികളായത് ,ആഗ്രഹങ്ങളും. വിളമ്പി കിട്ടുന്നത് കഴിച്ച് പരാതികൾ ഇല്ലാതെ എഴുന്നേറ്റ് പോകുന്ന ഞങ്ങളെ ചൂണ്ടി വല്യമ്മ സ്വന്തം മക്കളോട് വഴക്കിടാൻ തുടങ്ങിയതും അങ്ങനെയാണ്.

ഇത്രയും വായിച്ചെത്തിയ നിങ്ങൾ ഇപ്പോൾ വിചാരിക്കുന്നുണ്ടാവും കുട്ടിക്കാലത്തെ ആഘോഷങ്ങൾക്കാണ് നിറവ് എന്ന്.... ഞാൻ ഇപ്പോൾ ഈ ഓർമ്മ അവസാനിപ്പിക്കും എന്ന്? എങ്കിൽ തെറ്റിപ്പോയി. ആഘോഷിക്കാൻ എന്തെങ്കിലും കാരണം അന്വേഷിക്കാനുള്ള മനസ്സും ആരോഗ്യവുമുള്ള ഏത് കാലത്തും എല്ലാ വിശേഷങ്ങൾക്കും നിറമുണ്ട്. കിട്ടുന്ന കൈനീട്ടത്തിന് എന്തു വാങ്ങണമെന്ന പദ്ധതികൾ എനിക്കിപ്പോഴുമുണ്ട്. പ്രിയപ്പെട്ടവർക്ക് വിഷുക്കോടി വാങ്ങാൻ അലഞ്ഞുനടക്കുന്നതിൽ വലിയ തൃപ്തിയുണ്ട്. കൈനീട്ടം അമ്മയ്ക്ക് തന്നാൽ പലിശയടക്കം തിരിച്ചുതരാമെന്ന് മഞ്ചാടിക്ക് പാഴ്‌വാക്ക് കൊടുക്കുന്നുണ്ട്. പടക്കം പൊട്ടിക്കാനുള്ള പേടി നിശേഷം മാറിയിട്ടുണ്ട് എന്ന് മാത്രമല്ല, കുട്ടിക്കാലത്തെ കൊതി തീരുവോളം മേശപ്പൂവും പൂത്തിരിയും നിലചക്രവും കത്തിക്കണം എന്ന് നിർബന്ധവുമുണ്ട്. ഇതൊന്നും പോരാത്തതിന്, വിഷുക്കോടിയിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനിരിക്കുന്ന ചിത്രങ്ങൾക്ക് ചേരുന്ന പാട്ട് ഏതാണെന്ന് പോലും ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.

ജീവിച്ചിരിക്കുന്നത് ആഘോഷമാക്കാൻ കിട്ടുന്ന ഒരവസരവും വിട്ടു കളയരുത്. സന്തോഷിക്കാനും സന്തോഷിപ്പിക്കാനും കിട്ടുന്ന ഒരു സാധ്യതകളും കാണാതെ പോവരുത്. അങ്ങനെ ഒരു അവസരമായി വിഷുവിനെയും കാണൂ…

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi