ടയേര്‍ഡാ എനക്കാ? 
നെവര്‍, ദിനവും ലയണ്‍ ഡേറ്റ് സിറപ്പ് സാപ്പിടറേന്‍; 

പഴയ ഒരു തമിഴ് പരസ്യമാണ്, ലയണ്‍ ഡേറ്റ് സിറപ്പിന്റെ. മുഖം പ്രസരിപ്പില്‍ വിടര്‍ന്ന ഒരു പര്‍പ്പിള്‍നിറസാരിക്കാരി വീട്ടമ്മ അവളുടെ ദിനസരി ഒറ്റവീര്‍പ്പില്‍ പറഞ്ഞിട്ട് ദീര്‍ഘമായി ശ്വസിക്കും, എന്നിട്ട് പറയും, 

ടയേര്‍ഡാ എനക്കാ? 
നെവര്‍, ദിനവും ലയണ്‍ ഡേറ്റ് സിറപ്പ് സാപ്പിടറേന്‍;

മടുപ്പ് എന്നൊരു വാക്കാണ് പുറത്തേക്ക് വിടാതെ വിഴുങ്ങുന്നത് ഓരോ ഉണര്‍ച്ചയിലും. ആറു മണിക്കാണ് ഈ മുപ്പത്തിനാലുകാരിയുടെ ഒരു ദിവസം തുടങ്ങുന്നത്. ഒന്നാം ക്ലാസുകാരിയെ സ്‌കൂളിലേക്ക് ഒരുക്കി വിടുക എന്ന ഒന്നാം യുദ്ധം മുതല്‍ രാത്രി പത്ത് വരെ മുഴുവന്‍സമയ യുദ്ധസമാന ജീവിതം. സ്‌ക്കൂള്‍ബസില്‍ മകളെ കയറ്റി, യാന്ത്രികമായി കൈവീശി, താമസിക്കുന്ന വീടിന്റെ ഉമ്മറത്തെ കസേരയില്‍ എന്നെ ഞാന്‍ കൊണ്ടുവന്ന് എറിയുമ്പോള്‍ ഓര്‍മ്മ വരുന്ന പരസ്യമാണ്. ഒരേ സമയം ചിരിയും തേങ്ങലും രണ്ടുവശത്തേക്ക് വലിച്ച് എന്നെ കീറുന്നതുപോലെ തോന്നും. കുഴഞ്ഞ എന്നെ ഞാന്‍ തന്നെ പിടിച്ച് എണീപ്പിക്കണം, പണികളുണ്ട്. ഞാന്‍ തൊട്ടാല്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ മുതല്‍ എന്റെ കയ്യില്‍ മാത്രം ഒതുങ്ങുന്ന ചൂല്‍, ഞാന്‍ തേച്ചാല്‍ മാത്രം വെളുത്തു തിളങ്ങുന്ന പാത്രങ്ങള്‍, ഞാനുണ്ടാക്കിയാല്‍ മാത്രം രുചി കിട്ടുന്ന വിഭവങ്ങള്‍, എന്റെ കൈ തൊട്ടില്ലെങ്കില്‍ പൂക്കാത്ത ചെടികള്‍, ഞാന്‍ ഊട്ടിയാല്‍ മാത്രം വിശപ്പ് മാറുന്ന പൂച്ച, പത്തിരുപത് ഗപ്പിമീനുകള്‍.... അപ്പോഴും എനിക്കൊരു കവിത ഓര്‍മ്മ വരും. 
(ഓ, ഇത് തന്നെയാണ് എന്റെ പ്രശ്‌നം!) 

*ഒരു കുറ്റിചൂല്, 
ഒരു നാറത്തേപ്പ് 
ഞെണുങ്ങിയ വക്കാര്‍ന്നൊരു കഞ്ഞിപ്പാത്രം 
ഒരട്ടി മണ്ണവള്‍

 
ഇതെല്ലാം കഴിഞ്ഞ് വീട് എന്ന പെരുമ്പാമ്പിന്റെ ചുറ്റലഴിക്കാനുള്ള പിടച്ചിലിനിടയില്‍ കേറിപ്പിടിച്ചതാണ് ഗവേഷണം എന്ന കയറില്‍. അതിപ്പോ കാലിലുരഞ്ഞ് മുറിഞ്ഞു നീറാന്‍ തുടങ്ങിയിട്ടും കെട്ടഴിക്കാന്‍ ഞാന്‍ ധൈര്യപ്പെട്ടിട്ടില്ല. ശ്വാസംമുട്ടുന്നതിലും ഭേദം മുറിവിന്റെ നീറ്റലാണ് എന്നൊക്കെ ഞാന്‍ എന്നെത്തന്നെ ധൈര്യപ്പെടുത്തുന്നതാണ്. ഇങ്ങനെ പിടഞ്ഞ് അവസാനത്തെ ജീവനും ഉടലില്‍നിന്ന് പറിഞ്ഞുപോന്നേക്കും എന്ന തോന്നലില്‍ പേടിയാവുമ്പോള്‍ ഞാന്‍ ടിക്കറ്റ് ബുക്ക് ചെയ്യും. കടലും, കാടുമുള്ള ഒരു നാട്ടിലേക്ക്. അവിടെ അവനുണ്ട്, കവിത പോലെ ജീവിക്കുന്നവന്‍. കണ്ണേറില്‍ കനവുകള്‍ കൊയ്യുന്നവന്‍, കാണുമ്പോള്‍ കണ്ണേ കരളേ എന്ന് പൊതിയുന്നവന്‍.

ജീവിതം എന്ന വാക്കിന് ഇത്രയും ജീവനുണ്ടെന്ന് അവിടെയെത്തുന്ന നേരങ്ങളില്‍ മാത്രം എനിക്ക് തോന്നും. ഞങ്ങളുടെ പ്രേമത്തെ വന്യം എന്ന് വിളിക്കാനാണ് തോന്നുക. ഒന്നോ രണ്ടോ ദിവസം കൊണ്ട് ഓര്‍മ്മകളിലേക്ക് തിളക്കമുള്ള ചില നിമിഷങ്ങള്‍ ഞങ്ങള്‍ രാകിയിടും. നിലാവ് ആകാശത്തുനിന്ന് പറന്നുവീണുപോയ ഒരു രാത്രിയില്‍ പൂഴിമണലില്‍ മലര്‍ന്നു കിടന്നപ്പോള്‍ അവന്‍ ഒരിക്കല്‍ പറഞ്ഞു, 

''ഈ അനുഭവത്തെ വരാനിരിക്കുന്ന ഏതോ നിമിഷത്തില്‍ ചെന്നുനിന്ന് ഒരു ഓര്‍മയിലെന്നപോലെ നോക്കി കാണുക. നമുക്ക് അനുഭവിക്കാനാവാതെ നഷ്ടപ്പെട്ടു പോകാറുള്ള തണുപ്പും മണവും ഒക്കെ ആ ഓര്‍മ്മയില്‍ ഒപ്പമുണ്ടാവും. പങ്കിടാമായിരുന്നു എന്ന നഷ്ടബോധമുണ്ടാക്കുന്ന ഒരുമ്മ പോലും ആ ഓര്‍മയില്‍ ഇപ്പോള്‍ നമുക്ക് കൂട്ടിച്ചേര്‍ക്കാം''.

അവന്റെ അങ്ങനെയോരോ കാവ്യസുന്ദരചിന്തകളില്‍ തൊട്ടുനോക്കി തൊട്ടുനോക്കിയാണ് ഞാനവനെ ഒട്ടിപ്പിടിച്ചത്. പണ്ടൊരു തീവ്ര വിരഹകാലത്ത് അവനും പഴയ കാമുകിയും ചെയ്തിരുന്ന ഒരു പ്രേമലീലയെ കുറിച്ച് പറഞ്ഞ നാളിലാണ് ഇവനല്ലാതെ മറ്റാര് എന്ന് ഞാന്‍ പ്രേമാന്ധയായിപ്പോയത്.

തമ്മില്‍ കാണാതെ, തൊടാതെ, മിണ്ടാതെയിരിക്കുന്ന വേവുന്ന കാലങ്ങളില്‍ അവര്‍ പൗര്‍ണമിദിനങ്ങള്‍ നോക്കിവയ്ക്കും. ഏത് ദൂരത്താണെങ്കിലും രാത്രി ഒമ്പത് മണിക്ക് ഒറ്റയ്ക്കിരുന്ന് പൂര്‍ണചന്ദ്രനെ കാണും. ഒരേ നിലാവിന്റെ പുതപ്പിലാണ് തങ്ങളെന്നും ഇപ്പോള്‍ അവന്‍/അവള്‍ എന്നെ മാത്രം ഓര്‍ക്കുന്നു എന്നും ആലോചിക്കും. അങ്ങനെ നോവ് നിലാവ് കൊണ്ട് തുടച്ചെടുക്കും.

അവള്‍ പോയി എന്ന് അവന്‍ കണ്ണ് നിറച്ച ദിവസം ഞാന്‍ ഗൂഢമായി സന്തോഷിച്ചു. ഞാനുണ്ടല്ലോ എന്നുറപ്പ് കൊടുത്തു. എന്റെ ജീവന്റെ പച്ചകള്‍ ഞാന്‍ ആ വിധം തളിര്‍പ്പിച്ചു.

നിനക്ക് ഇഷ്ടമില്ലാത്തത് ഒന്നും എനിക്ക് തരരുത് എന്ന് അവന്‍ ഞങ്ങള്‍ കൂടുമ്പോള്‍(രതിക്ക് ഞങ്ങളുപയോഗിക്കുന്ന തേന്‍വാക്കാണ് അത്, കൂടുക) എന്റെ ചെവിയില്‍ പറഞ്ഞു. വിണ്ടുകീറിയ ചുമരുകളും കണ്ണില്‍ തറയ്ക്കുന്ന വെളിച്ചവും കാറ്റിനെ അകത്തേയ്ക്ക് പ്രവേശിപ്പിക്കാത്തതുമായ എന്റെ വീട്ടിലെ കിടപ്പറ ആ നിമിഷങ്ങളില്‍ എന്റെയുള്ളില്‍ തകര്‍ന്നുവീണ് പൊടിയടങ്ങുന്നത് ഞാനറിഞ്ഞു. നിലാവില്‍, പെരുമഴയില്‍, കാടിനുനടുവില്‍ കരിയിലപ്പായില്‍, ഒഴുകുന്ന പുഴയില്‍, കടല്‍ത്തീരത്തെ കാറ്റാടിമരത്തിന് കീഴില്‍ ഞങ്ങള്‍ കൂടി.

എനിക്ക് കാണാന്‍ അവന്‍ വീടിനകത്ത് ചെടികള്‍ നിരത്തി. ജനലിന് അഭിമുഖമായി ഞാന്‍ അവന് സമ്മാനിച്ച ആകാശനീല തൂവലുകള്‍ കൊണ്ട് ഉണ്ടാക്കിയ സ്വപ്നവേടന്‍ (ഡ്രീംക്യാച്ചറിന് അവനിട്ട പേര്) തൂക്കിയിട്ടു. തൂവെള്ള വിരിപ്പുകള്‍ വിരിച്ച് കിടക്കയൊരുക്കി. പ്രവേശനമില്ല എന്ന ബോര്‍ഡ് അടുക്കളയ്ക്ക് മുന്നില്‍ വച്ച് എനിക്ക് വച്ചുവിളമ്പി. കുഞ്ഞിനെപ്പോലെ കുളിപ്പിച്ച് തോര്‍ത്തി. ഇനിയെന്ത് വേണം എന്നൊരു ചോദ്യം സദാ അവന്റെ കണ്ണുകളില്‍ ഉള്ളതുപോലെ എനിക്ക് തോന്നി. കാട്, കടല്‍, കോടമഞ്ഞ് എന്നൊക്കെ ഞാന്‍ കൊതികള്‍ കുടഞ്ഞിട്ടു കൊടുത്തു. ഓരോന്നും കയ്യിലെടുത്ത് ഓമനിച്ച് അവനെന്റെ കൂടെ വന്നു. സ്വപ്നസമാനം എന്ന് അടയാളപ്പെടുത്താന്‍ വരട്ടെ, പ്രേമം അതിന്റെ സകല മൃദുലഭാവങ്ങളും ഉരിഞ്ഞുകളയുന്ന നേരങ്ങളുണ്ട് എല്ലാ പ്രേമികളുടെ ഇടയിലും. അപ്പോഴൊക്കെ ഞങ്ങള്‍ പരസ്പരം വലിയ മുറിവുകള്‍ ഉണ്ടാക്കി. ചോരയൊലിക്കുന്ന മുറിവില്‍ നോക്കി എനിക്ക് നിന്നോട് വെറുപ്പാണ് എന്ന് വിളിച്ചു പറഞ്ഞു. ദിവസങ്ങളോളം അപരിചിതരെപ്പോലെ കഴിഞ്ഞു. മുറിവുകള്‍ പൊറുക്കുമ്പോള്‍ തേടിച്ചെന്നു. അപ്പോഴൊക്കെ ഇലകൊഴിഞ്ഞ ചില്ലകളില്‍ ഇളംനാമ്പുകള്‍ എന്നപോലെ പ്രേമം വീണ്ടും പൊടിക്കുന്നത് ഞങ്ങളറിഞ്ഞു.

കൈനീട്ടിനില്‍ക്കുന്ന വിശക്കുന്നവന്റെ കയ്യിലേക്ക് ആരോ എറിഞ്ഞുകൊടുത്ത അപ്പകഷ്ണം പോലെ ആ ദിവസങ്ങള്‍ പെട്ടെന്ന് തീര്‍ന്നുപോവും. നിനക്ക് പോവാതെ ഇരുന്നൂടെ എന്ന ചോദ്യം അവന്റെയും എനിക്ക് പോവാന്‍ ഇഷ്ടമില്ല എന്ന ഉത്തരം എന്റെയും തൊണ്ടക്കുഴിയോളം വന്ന് തടഞ്ഞുനില്‍ക്കും. തോളില്‍ പതുക്കെ തടവുന്ന മൗനത്തിന്റെ അര്‍ത്ഥം അപ്പോള്‍ 'സാരമില്ല' എന്നാണ്. അപ്പോഴും എനിക്കൊരു കവിത ഓര്‍മ്മ വരും.

**സാരമില്ലവയൊന്നും സന്തതം മമ ഭാഗ്യ 
സാരസര്‍വസ്വമേ, നീയുഴന്നിടേണ്ട...


റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ എനിക്ക് കാണാന്‍ പാകത്തില്‍ ആളുകളുടെ ശ്രദ്ധയില്‍പ്പെടാതെ അവന്‍ നില്‍ക്കും. കരയരുത് എന്നെന്നെ ശാസിച്ചുകൊണ്ട് പുറത്തെ എന്തോ കാഴ്ചയില്‍ നിര്‍വികാരമായി നോക്കുന്നമട്ടില്‍ ഞാനിരിക്കും. വണ്ടി വൈകിയിരുന്നെങ്കില്‍, കേടായിരുന്നെങ്കില്‍ എന്നൊക്കെ മധ്യവയസിനോട് അടുക്കുന്ന സ്ത്രീക്ക് ചേരാത്ത ശാഠ്യങ്ങള്‍ ഉള്ളില്‍ ഉണ്ടാവും. പതിയെ വണ്ടി നീങ്ങുമ്പോള്‍ വിരലുകള്‍ മാത്രം പതുക്കെ അനക്കി പോയി വരൂ എന്നവനും പോയി വരാം എന്ന് ഞാനും നോട്ടം കൊണ്ട് യാത്ര പറയും. 

വണ്ടി വേഗത കൂട്ടും, യുദ്ധഭൂമിയിലേക്ക്. ആക്രോശങ്ങള്‍ തലയില്‍ മൂളുന്നത് ഞാനറിയും. കൊല്ലപ്പെടാതെ നോക്കാന്‍ പയറ്റേണ്ട മുറകള്‍ ആലോചിച്ചുകൊണ്ട്, കണ്‍കോണിലെ ഇത്തിരി തിളക്കത്തെ തിരുമ്മി കെടുത്തിക്കൊണ്ട് ഞാന്‍ പുറകിലേക്ക് ചാരും. വണ്ടി അതിവേഗത്തില്‍ വശങ്ങളിലെ ഭംഗികളെ കാണാന്‍ അനുവദിക്കാതെ മുന്നോട്ട് പായും. പോയി വരാം, പോയി വരാം ഞാനുള്ളില്‍ ആവര്‍ത്തിച്ചു പറയും.

(*ആറ്റൂര്‍ രവിവര്‍മ്മയുടെ സംക്രമണം എന്ന കവിതയില്‍നിന്ന് 

**ചങ്ങമ്പുഴയുടെ ആത്മരഹസ്യം എന്ന കവിതയില്‍നിന്ന്)

(ഗവേഷക, മലയാളവിഭാഗം, വിമല കോളേജ് , തൃശൂര്‍)