പോസ്റ്റ് മോഡേണിസവും കടന്ന് മെറ്റാമോഡേണിസത്തില്‍ എത്തി നില്‍ക്കുന്ന കഥയെന്ന മാധ്യമത്തില്‍ ഭാഷ, ശൈലി,വിഷയങ്ങള്‍ എന്നിവയിലെല്ലാം വന്ന മാറ്റങ്ങളെക്കുറിച്ച് സൂക്ഷ്മമായ വിശകലനവും ആഴത്തിലുള്ള അറിവും സലിന്‍ മാങ്കുഴി എന്ന എഴുത്തുകാരനുണ്ട്. അതു കൊണ്ട് തന്നെയാണ് ഒരു പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീയെ, അവളുടെ മാനസിക ശാരീരിക ബുദ്ധിമുട്ടുകളെ വിഹ്വലതകളെ എത്ര ദാരി(ദ്യത്തോടെയാണ് പുരുഷന്‍ വൈകാരിക കൈകാര്യം ചെയ്യുന്നത് എന്നതിനെക്കുറിച്ചെഴുതാന്‍ അദ്ദേഹത്തിന് കഴിയുന്നത്. പെണ്ണനുഭവിക്കുന്ന നീറുന്ന പ്രശ്‌നങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ, കാല്പനികതയെ കൂട്ട് പിടിക്കാതെ, അവസരോചിതമായ സംഭാഷണങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു വ്യത്യസ്തമായ ഭൂമികയില്‍ അവതരിപ്പിക്കപ്പെടുമ്പോഴ കഥ എന്ന മാധ്യമത്തിന് കൂടുതല്‍ സ്വീകാര്യത കൈവരുകയുള്ളൂ. പുരുഷാധിപത്യ സമൂഹം കാലങ്ങളായി സത്യമെന്ന് വിശ്വസിപ്പിച്ച് പറഞ്ഞ് പഠിപ്പിച്ച് വച്ചിരുന്ന ചില ചിന്താരീതികളെ സ്ത്രീജീവിതത്തെ തന്നെയും ഉടച്ച് വാര്‍ക്കുന്ന ഒരു നവോത്ഥാന പ്രക്രിയയാണ് സലിന്‍ മാങ്കുഴി തന്റെ കഥകളിലൂടെ ചെയ്യുന്നത്. ആര്‍ജ്ജവമുള്ള സ്ത്രീകളാണ് ഇദ്ദേഹത്തിന്റെ നായികമാര്‍. പ്രശ്‌നങ്ങളെ നേരിടുന്നതിന് അവര്‍ക്ക് അവരുടേതായ രീതികളുണ്ട്. മുമ്പെങ്ങും മലയാളകഥകളില്‍ കണ്ട് വരാത്ത തേഞ്ഞ് പഴകാത്ത രീതിയിലാണ് അവര്‍ ജീവിതത്തെ നിര്‍വചിക്കുന്നത്. സ്‌നേഹം എന്നത് ഒരു മരീചിക മാത്രമാണെന്നും 'ഓമനേ തങ്കമേ ' എന്നൊക്കെയുള്ള സുന്ദര പദങ്ങള്‍ സ്ത്രീകളെ തന്റെ രീതികള്‍ക്കനുസരിച്ച് അടക്കി നിര്‍ത്താന്‍ വേണ്ടി പുരുഷന്‍മാര്‍ കണ്ടെത്തിയ വെറും മധുര പദങ്ങള്‍ മാത്രമാണ് എന്ന തിരിച്ചറിവ് ഈ സ്ത്രീകള്‍ക്കുണ്ട്.

ചോരവട്ടം
'ചോരവട്ടം' പെണ്ണനുഭവത്തെ അതിസൂക്ഷ്മമായും ഗാഢമായും അവതരിപ്പിക്കുന്ന കഥയാണ്. എങ്ങനെയാണ് സ്ത്രീ സെക്കന്റ്

സെക്‌സ് ആകുന്നത്.? എന്തു കൊണ്ട് വിവാഹമെന്നത് ഒട്ടും ജനാധിപത്യപരമല്ലാത്ത ഒരു സ്ഥാപനമായി മാറി? ആണധികാരവും കുടുംബത്തിലെ 'സെക്കന്റ് സെക്‌സ് ' എന്ന വിവേചനവും ഒരു സ്ത്രീയെ എത്ര മാത്രം തകര്‍ത്ത് കളയുന്നു എന്നെല്ലാം ഈ കഥയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് മനസ്സിലാകും. ഒരു വാക്ക് പോലും അധികമാകാതെ അളന്ന് തൂക്കി കൃത്യമായ വാക്കുകള്‍ ചേര്‍ത്ത് കോര്‍ത്തെടുത്ത ഒരു കഥയാണിത്.

പെണ്ണിന്റെ നീറുന്ന പ്രശ്‌നങ്ങളോടെല്ലാം ഒരു പാട്രിയാര്‍ക്കിയല്‍ സമൂഹം എത്ര അസഹിഷ്ണുതയോടെയാണ് പെരുമാറുന്നത്. അല്ലെങ്കില്‍ അത്തരം പ്രശ്‌നങ്ങളെക്കുറിച്ച് അറിഞ്ഞിട്ടും എന്ത് കൊണ്ട് അവഗണിക്കുന്നു എന്നെല്ലാം അനിത, അശോകന്‍ എന്നീ 50 വയസ്സിന് മുകളില്‍ പ്രായമുള്ള ദമ്പതികളിലൂടെ അവതരിപ്പിക്കുന്നു. സൈക്കോളജിസ്റ്റ് ആയ ഫിലിപ്പിനെ കാണാനെത്തുന്ന ഇവരോട് ചോദ്യങ്ങളിലൂടെ അവരുടെ ജീവിതം വായനക്കാരന് മുന്നില്‍ തുറന്നിടുന്നു.അച്ഛനെപ്പോലെ കരുതേണ്ട ചേച്ചിയുടെ ഭര്‍ത്താവിനെ വിവാഹം കഴിക്കേണ്ടി വരുന്ന അവസ്ഥയെ, അബോര്‍ഷനുകളെ, മെനോപ്പോസിനെ അങ്ങനെ സ്ത്രീജീവിതത്തിലെ സുപ്രധാനമായ ഓരോ അവസ്ഥകളെയും എത്ര നിസ്സാരമായാണ് അശോകന്‍ കൈകാര്യം ചെയ്യുന്നതെന്നും അത് അനിതയുടെ ഹൃദയത്തില്‍ ഉണ്ടാക്കുന്ന മുറിവുകള്‍ മായ്ക്കാനാകാത്ത വിധം ആഴത്തിലുള്ളതാണെന്നും അയാള്‍ മനസ്സിലാക്കുന്നില്ല 'ആദ്യ രാത്രിയില്‍ത്തന്നെ താന്‍ മരിച്ചു പോയതാ 'എന്ന് അനിത പറയുന്നുണ്ട് അത് മാത്രമല്ല ഇളയമകളുമൊത്ത് യാത്രപോകുമ്പോള്‍ ബോട്ടിംഗിനിടയില്‍ വെള്ളത്തില്‍ കാല്‍ വഴുതി വീണ സമയത്ത് അവര്‍ക്ക് പീരിഡ്‌സ് ആയിരുന്നു. 'പാഡ് മാറ്റണം' എന്ന് അശോകനോട് പറയുമ്പോള്‍ അതീവ ലാലവത്തോടെയാണ് അയാള്‍ ആ വിഷയത്തെ കൈകാര്യം ചെയ്യുന്നത് .മരുമകന്റെ കാറിന്റെ കുഷ്യന്‍ സീറ്റില്‍ ചുവപ്പ് പടരാതിരിക്കാന്‍ അവള്‍ പെട്ട പാടിനെക്കുറിച്ചൊക്കെ വേദനയോടെ ഡോക്ടറോട് വിവരിക്കുന്നുണ്ട്. ശരീരത്തിലെ ചൂട് കൂടുന്നതും വിയര്‍ത്തൊഴുകുന്നതുമായ‌ അനിതയുടെ പ്രശ്‌നങ്ങളെക്കുറിച്ച് തികച്ചും അജ്ഞനാണ് അയാള്‍. 'അതിന് ശേഷമാണ് അവള്‍ക്ക് പീരിഡ്‌സ് ഇറെഗുലര്‍ ആയതും അവളുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റം പ്രകടമായതും . പീരിഡ്‌സ് എന്ന സ്റ്റിഗ്മയെക്കുറിച്ച് ആ സ്റ്റിഗ്മ പെണ്‍ ശരീരത്തിലും മനസ്സിലുമുണ്ടാക്കുന്ന ആഴത്തിലുള്ള മുറിവുകളെക്കുറിച്ച് എല്ലാം വളരെ വിശദമായി തന്നെ കഥയില്‍ അവതരിപ്പിച്ചിട്ടുണ്ട് .

താന്‍ ഡോക്ടറെ കാണാന്‍ വന്നത് മൂന്നാമതൊരാളിന്റെ മുന്നില്‍ വച്ച് തന്റെ തീരുമാനം പറയാനാണെന്നും അതിന് ശേഷം ഇനിയുള്ള കാലം തന്റെ ഇഷ്ടത്തിനനുസരിച്ച് താന്‍ ജീവിക്കുമെന്ന് പറയുന്നുണ്ടെങ്കിലും എന്തു കൊണ്ടാണ് അനിത അങ്ങനെ പറയുന്നതെന്ന് പോലും മനസ്സിലാക്കാന്‍ ആണഹങ്കാരം ഉള്ളില്‍ നിറഞ്ഞിരിക്കുന്ന അശോകന് മനസ്സിലാകുന്നില്ല. ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് ജീവിക്കാന്‍ ഒരു പ്രയാസവുമില്ലെന്നും അവളത് ആസ്വദിക്കുകയാണ് ചെയ്യുന്നതെന്നും ഭീരുക്കളായ പുരുഷന്‍മാര്‍ക്കാവില്ല എന്നൊരു യാഥാര്‍ത്ഥ്യം കൂടി അനിത കൂട്ടിച്ചേര്‍ക്കുന്നുണ്ട്. അതോടൊപ്പം തന്റെ സ്വപ്‌നങ്ങളെക്കുറിച്ച് അവര്‍ പറയുന്നു. 'സ്വന്തം ഇഷ്ടത്തിനനുസരിച്ച് ഫാനിന്റെ സ്പിഡ് കൂട്ടി കയ്യും കാലും വിടര്‍ത്തി കിടക്കണം. തോന്നുമ്പോള്‍ ഉറങ്ങിയുണരണം ഉറക്കമുണര്‍ന്ന് കുറേ നേരം മടിപിടിച്ചിരിക്കണം' അങ്ങനെയങ്ങനെ.... ഈ ആഗ്രഹമെല്ലാം ഓരോ സ്ത്രീയുടേതുമാണെന്ന് വായനക്കാരന് മനസ്സിലാകും വിധമാണ് അവതരിപ്പിച്ചിരിക്കുന്നത്.രണ്ട് പേര്‍ക്ക് പിരിയാന്‍ നേരം പറയേണ്ട വാക്കിനെക്കുറിച്ച് അവള്‍ ആലോചിക്കുന്നുണ്ട്. 'ശരി' എന്ന വാക്ക് പറഞ്ഞ് അവള്‍ തന്റെ ശരികളിലേക്ക് അനായാസമായി ആശ്വാസത്തോടെയാണ് പോകുന്നത്. വീടുവിട്ട് പോയ ദിവസം രാത്രി അടുത്തുള്ള ഒരു വല്യമ്മച്ചിയുടെ ചെറിയ ഹോട്ടലില്‍ നിന്ന് കൊണ്ടുവന്ന ആഹാരം രാത്രി രുചിയോടെ കഴിച്ചു .കണക്കിന് ഉപ്പും എരിവുമുള്ള ആഹാരം കഴിച്ചിട്ടെത്ര നാളായി എന്നവള്‍ ഓര്‍ത്തു. അവളുടെ മൃതപ്രായമായ രസമുകുളങ്ങള്‍ ചാടിയെഴുന്നേറ്റു എന്നൊക്കെ പറയുന്നത് വിവാഹത്തോടെ ഒരു സ്ത്രീക്ക് താനെന്ന വ്യക്തിയെത്തന്നെ നഷ്ടപ്പെടുകയാണ് എന്ന് സൂചിപ്പിക്കാനാണ്

'ഈ കഥയ്ക്ക് ഏറ്റവും അനുയോജ്യമായ ടൈറ്റില്‍ തന്നെയാണ് എഴുത്തുകാരന്‍ നല്‍കിയിരിക്കുന്നത്. സ്ത്രീജീവിതത്തെ പലപ്പോഴും ഒരു വട്ടത്തിലേക്ക് ചുരുക്കുന്നത് ചോരക്കളികള്‍ തന്നെയാണ്. ആര്‍ത്തവം, പ്രസവം, മാതൃത്വം രക്തബന്ധം എല്ലാം രക്തവുമായി ബന്ധപ്പെട്ടതാണ്. മെനോപോസ് സമയത്ത് ഭര്‍ത്താവിന്റെ സപ്പോര്‍ട്ട് കിട്ടാത്ത സ്ത്രീകള്‍ക്ക് അതുമായി ബന്ധപ്പെട്ട ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ ഏറിയിരിക്കും എന്ന് ശാസ്ത്രീയമായ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആര്‍. എല്‍ കോണല്‍ (R L Connell) എന്ന എഴുത്തുകാരിയുടെ സോഷ്യോളജിക്കല്‍ തിയറിയായ ജെന്റര്‍ ഓഡര്‍ തിയറി (Gender order theory ) യില്‍ നാല് തരത്തിലുള്ള മസ്‌കുലാനിറ്റിയെക്കുറിച്ച് പറയുന്നുണ്ട്. അതില്‍ (Hegemonic masculanity)ഹെജിമോണിക് മസ്‌കുലാനിറ്റിയുടെ ഗണത്തിലാണ് അശോകന്‍ പെടുന്നത് ഹെജിമോണിക് മസ്‌കുലാനിറ്റി ഉള്ള പുരുഷന്‍ സ്ത്രീയുടെ ആവശ്യങ്ങളെയെല്ലാം നിരാകരിക്കുകയും തന്റെ ആധിപത്യം നിലനിര്‍ത്താനായി ശ്രമിച്ചു കൊണ്ടിരിക്കുകയും ആന്റി ഫെമിനിസ്റ്റ് സ്വഭാവരീതികള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. അതു കൊണ്ടാണ് അനിതയുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് നേരേ പോലും 'നിനക്കെത്തിന്റെ കുറവാണ് അഹങ്കാരമാണ് ' എന്ന് പറയാന്‍ കഴിയുന്നത്.നിസ്സഹായയാണെങ്കിലും തന്റേതായ രീതിയില്‍ പ്രതിഷേധത്തിന്റേയും പ്രതിരോധത്തിന്റെയും മാര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കാന്‍ അവള്‍ ശ്രമിക്കുന്നുണ്ട്.

മലയാള കഥകളില്‍ അധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടിട്ടില്ലാത്ത ഒരു വിഷയമാണ് മെനോപ്പോസ്.മെനോപ്പോസ് എന്ന വിഷയത്തെക്കുറിച്ച്, സ്ത്രീയുടെ വൈകാരിക പ്രശ്‌നങ്ങളെക്കുറിച്ച് അവരുടെ ആഗ്രഹങ്ങളെക്കുറിച്ച് ഒക്കെയും സമൂഹത്തിലെ പുരുഷന്‍മാര്‍ എത്ര മാത്രം അജ്ഞരാണ് എന്ന അവസ്ഥകൂടി ഈ കഥ അവതരിപ്പിക്കുന്നു. പലപ്പോഴും സ്ത്രീയുടെ ആവശ്യങ്ങളോട് എത്ര നിഷേധാത്മകവും ഹിംസാത്മകവുമായാണ് പുരുഷന്‍ പെരുമാറുന്നത് എന്നും ഈ കഥ തുറന്ന് കാണിക്കുന്നു. പുരുഷന്റെ പിന്നില്‍ നില്‍ക്കുന്ന, അവനാല്‍ സംരക്ഷിക്കപ്പെട്ട് ജന്‍മപുണ്യം നേടേണ്ടവളാണ് സ്ത്രീ എന്ന പഴഞ്ചന്‍ ചിന്താഗതിയൊക്കെ കാലഹരണപ്പെട്ടിരിക്കുന്നു. ശാരീരികമായും, വൈകാരികമായും സാമൂഹ്യജീവി എന്ന നിലയിലും ഓരോ സ്ത്രീയും അനുഭവിക്കേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ക്ക് വ്യത്യസ്തതയുണ്ട്. സ്ത്രീയുടെ വൈകാരിക,ശാരീരിക ആവശ്യങ്ങള്‍ എന്താണ് എന്ന് മനസ്സിലാക്കാന്‍ കഴിയാതെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോകുന്നിടത്ത് നിന്നാണ് ഓരോ പുരുഷനും പരാജിതനായിപ്പോകുന്നതെന്നും ദാമ്പത്യത്തില്‍ അപചയം സംഭവിക്കുന്നതെന്നും ഈ ദമ്പതികളുടെ ജീവിതത്തില്‍ നിന്ന് മനസ്സിലാക്കാം . തന്റെ വിരസമായ ജീവിതത്തില്‍ ഉടക്കിക്കിടക്കാതെ പുതിയ പച്ചപ്പുകള്‍ സൃഷ്ടിച്ച് സ്വയം അന്തസ്സോടെ അഭിമാനബോധത്തോടെ മുന്നേറാന്‍ ശ്രമിക്കുന്ന നായിക പുതിയ കാലഘട്ടത്തിലെ സ്ത്രീയുടെ പ്രതിനിധിയാണ്.

തേരേ മേരേ ബീച്ച് മേം
അനില്‍, രേഖ എന്നീ ഉന്നത ഉദ്യോഗസ്ഥരായ രണ്ട് ദമ്പതികളുടെ ജീവിതത്തിലൂടെ വിവാഹമെന്ന സ്ഥാപനത്തില്‍ നിലനില്‍ക്കുന്ന ഫാസിസ്റ്റ് രീതികളാണ് അതീവ രസകരമായി കഥാകാരന്‍ അവതരിപ്പിക്കുന്നത്. ' തേരേ മേരേ ബീച്ച് മേം' എന്ന കഥയിലെ നായിക രേഖ പെണ്ണത്തത്തിന്റെ ഉത്തമ സൃഷ്ടിയാണ്. വിവാഹമോചനത്തിന് ശേഷം എക്‌സ് ഭര്‍ത്താവിന് ആക്‌സിഡന്റ് പറ്റിയതിനാല്‍ ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ വരേണ്ടി വരുന്ന രേഖയ്ക്ക് സാധാരണ കഥകളിലെ വിവാഹമോചിതരായ സ്ത്രീകഥാപാത്രങ്ങളുടേത് പോലെ വേദനയോ, ദുഃഖമോ, നിരാശയോ ഒന്നും തന്നെയില്ല.വിവാഹമോചനത്തിലൂടെ സ്വതന്ത്രയാക്കപ്പെടുമ്പോള്‍ ഭാരമില്ലാത്ത ഒരു തൂവല്‍ പോലെയാണ് താനെന്ന് അവള്‍ മനസ്സിലാക്കുന്നു. വിവാഹ മോചനത്തിന്റെ വിശേഷം കുടുംബ വാട്‌സാപ്പ് ഗ്രൂപ്പില്‍ അറിയിച്ച് സുഖമായി ഉറങ്ങണം എന്നാണവള്‍ ആഗ്രഹിക്കുന്നത്. മലയാളി സമൂഹം ഊതിവീര്‍പ്പിച്ച് കൊണ്ട് നടക്കുന്ന വിവാഹമോചനമെന്ന കൃത്യത്തെ നിസ്സാരവല്‍ക്കരിക്കുന്ന, പൊതുബോധത്തെത്തന്നെ മാറ്റി മറിക്കുന്ന കാഴ്ചപ്പാടാണ് രേഖയ്ക്കുള്ളത്. അമ്മയെ മാതൃത്വത്തില്‍ തളച്ചിട്ട് അവരുടെ ജീവിതം ഹോമിക്കണമെന്ന് പറയാത്ത ' ഒരു ജോയ്ന്റ് പെറ്റിഷന്‍ കൊടുക്ക് .എന്നിട്ട് രണ്ടാളും സന്തോഷത്തോടെ ജീവിക്കൂ 'എന്ന് പറയുന്ന പുതിയ തലമുറയുടെ പ്രതിനിധിയാണ് മകള്‍ അമ്മു. ആശുപത്രിയില്‍ വച്ച് കണ്ട് മുട്ടുന്ന മധ്യവയസ്‌കന്‍ സ്വന്തം അച്ഛന്‍ ആശുപത്രിക്കിടക്കയില്‍ കിടക്കുമ്പോഴും സ്ത്രീ ശരീരത്തെ ഉഴിയാന്‍ ശ്രമിക്കുന്ന,ആ അവസരത്തിലും പെണ്ണിനെ കണ്ടെത്തിയാല്‍ അവളുടെ നമ്പര്‍ സംഘടിപ്പിക്കാന്‍ കിട്ടുമോ എന്നറിയാന്‍ ശ്രമിക്കുന്ന വികലമായ മാനസിക തലമുള്ള മലയാളി പുരുഷന്റെ പ്രതിനിധിയാണ്.

വിവാഹത്തിലെ ആണ്‍ പെണ്‍ വിവേചനമാണ് ഈ വിവാഹത്തെ വിവാഹമോചനത്തിലേക്ക് എത്തിച്ചതെന്ന് രേഖയുടേയും അനിലിന്റെയും സംഭാഷണത്തിലൂടെ വ്യക്തമായി നിര്‍വചിക്കുന്നുണ്ട്. പുതിയ കാലഘട്ടത്തില്‍ ജീവിക്കുമ്പോഴും ഉന്നത വിദ്യാഭ്യാസവും ജോലിയും ഉണ്ടെങ്കിലും ഇപ്പോഴും ഒരു പുരുഷാധിപത്യ രീതിയുടെ വക്താവാണ് അനില്‍ രേഖയാണെങ്കിലോ ആത്മബോധമുള്ള തന്റെ പെണ്ണത്തത്തെക്കുറിച്ച് ഉത്തമബോധ്യമുളള പുതിയ കാലത്തിന്റെ സൃഷ്ടിയാണ് രേഖ മദ്യപിക്കുന്നതോ,തെറി വിളിക്കുന്നതോ ഒന്നും അനിലിനിഷ്ടമല്ല എന്നാല്‍ അനില്‍ അതെല്ലാം ചെയ്യുന്നുമുണ്ട്. 'തുല്യ സ്‌കെയിലുള്ള കാമുകീ കാമുകന്‍മാരെ ഉയരെയും താഴെയുമുള്ള ഭാര്യാഭര്‍ത്താക്കന്‍മാരാക്കുന്ന സിസ്റ്റമാണ് വിവാഹം ' എന്ന് അനിലിന്റെ സുഹൃത്ത് റോണിയോട് രേഖ പറയുന്നത് വളരെ ശരിയാണെന്ന് അവരുടെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. ഒരു മെയില്‍ ഷോവനിസ്റ്റ് സ്ത്രീകളെ അധീശത്ത്വത്തില്‍ ആക്കാന്‍ ഉപയോഗിക്കുന്ന ആയുധങ്ങളായ കനത്ത മുഖവും, നിശ്ശബ്ദതയും, അക്രമാസക്തിയും, ദേഷ്യവുമെല്ലാം അനിലും ഉപയോഗിക്കുന്നു. 'സ്ത്രീകളിങ്ങനെ ലക്ക് കെട്ടിരിക്കുന്നതും നാവ് കുഴഞ്ഞ് സംസാരിക്കുന്നതും ശരിയല്ല പ്രായപൂര്‍ത്തിയായ മോളുള്ള കാര്യം നീയോര്‍ക്കണം' എന്ന അനിലിന്റെ പഴഞ്ചന്‍ ചിന്താഗതികളെ രേഖ ചോദ്യം ചെയ്യുന്നുണ്ട്. അവളുടെ ഇഷ്ടങ്ങളിലേക്ക് എല്ലാം ആധിപത്യത്തോടെ കടന്നു കയറാന്‍ അയാള്‍ ശ്രമിക്കുന്നുണ്ട് .തന്റെ അച്ഛന്‍ നല്ല പ്രായത്തില്‍ 'ജഗജാല കില്ലാടിയായി ശരിക്കും ലൈഫ് എന്‍ജോയ് ചെയ്‌തൊരാള്‍ 'ആണെന്ന് അഭിമാനത്തോടെയാണ് അനില്‍ പറയുന്നത്. കഥാവസാനം രേഖ സുഹൃത്തുമൊത്ത് യാത്ര പോകുന്നു. അതിന്റെ ഫോട്ടോസ് അയച്ച് കൊടുക്കുമ്പോഴും അനിലിലെ പുരുഷന് അറിയേണ്ടത് അവളോടൊപ്പമുള്ളത് ആണോ പെണ്ണോ എന്നാണ്. 'ഹേ പ്രഭു ക്യാഹുവാ 'എന്ന വരികളിലൂടെ അതീവ രസകരമായും ഹൃദ്യമായുമാണ് കഥ അവസാനിക്കുന്നത്.

സ്ത്രീ കേന്ദ്രീകൃതമായി സമൂഹം കെട്ടിവച്ചിരുന്ന എല്ലാ തെറ്റായ ഐഡിയോളജികളെയും നിസ്സാരമായി നിഷേധിക്കാനും തകര്‍ത്ത് കളയാനും തന്റേതായ വഴികള്‍ സ്വയം സൃഷ്ടിക്കാനും പ്രാപ്തിയും തന്റേടവും ഉള്ളവളാണ് രേഖ. സ്റ്റീരിയോടിപ്പിക്കല്‍ പെണ്‍ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി വളരെ ലാഘവത്തോടെ, നര്‍മ്മത്തോടെ ജീവിതം ആസ്വദിക്കുന്ന, ആഘോഷിക്കുന്ന സ്ത്രീ പുതിയ കാലത്തിന് അനുഗുണമായ ഒരു കഥാപാത്രം .എന്നാല്‍ അനില്‍ തനിക്കൊപ്പം നില്‍ക്കുന്ന ഒരു സ്ത്രീയെ സഹിക്കാനാകാത്ത ഒരു പുരുഷന്റെ പ്രതിനിധിയാണ് . ടോക്‌സിക് മസ്‌കുലാനിറ്റിയുടെ പ്രതീകമായ അനിലിന് വിവാഹമോചനത്തിന് ശേഷവും തന്റെ ആധിപത്യ ചിന്തകളില്‍ രക്ഷനേടാന്‍ കഴിയുന്നില്ല. അതുകൊണ്ട് തന്നെയാണ് ആശുപത്രിയില്‍ കഴിയുമ്പോള്‍ രേഖ തന്റെ നെറ്റിയില്‍ ഒന്ന് തലോടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നതും അവള്‍ സുഹൃത്തിനോടൊപ്പം യാത്ര പോകുമ്പോള്‍ അതാരാണ് എന്നറിയാന്‍ ശ്രമിക്കുന്നതും. ഭാര്യ എന്നത് തന്റെ പ്രൈവറ്റ് പ്രോപ്പര്‍ട്ടി മാത്രമാണെന്നും അവര്‍ക്ക് അവരുടേതായ ഐഡന്റിന്റി ഉണ്ടെന്നും മനസ്സിലാക്കാന്‍ അനിലിലെ പുരുഷന് ഒരിക്കലും സാധിക്കുന്നില്ല.ഏതെങ്കിലും ഒരു അവസരം കണ്ടെത്തി സ്ത്രീയെ ഒന്ന് തട്ടാനും തൊടാനും ആര്‍ത്തി പിടിച്ച് നടക്കുന്ന സ്വന്തം അച്ഛന്‍ മരിക്കാന്‍ കിടക്കുമ്പോള്‍ പോലും അവളുടെ ഫോണ്‍ നമ്പര്‍ ഒപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്ന പുരുഷന്‍ സമൂഹത്തിന്റെ ജീര്‍ണ്ണതയേയാണ് സൂചിപ്പിക്കുന്നത് . സമൂഹത്തിന് നേരേ പിടിച്ച കണ്ണാടിയാണ് ഈ കഥ എന്ന വാചകം ക്ലീഷേയാണെങ്കിലും ഇവിടെയത് പ്രസക്തമാണ്.

ഉറക്കെ ചിരിക്കുന്ന, ഉറക്കെ സംസാരിക്കുന്ന പെണ്ണിനെയൊക്കെ ഉള്‍ക്കൊള്ളാന്‍ ഇപ്പോഴും മലയാളിക്ക് അസഹിഷ്ണുതയാണ്. രേഖ ഉറക്കെ ചിരിക്കുമ്പോള്‍, സ്വന്തം ആഗ്രഹങ്ങള്‍ സാക്ഷാത്ക്കരിച്ച് സംതൃപ്തയാകുമ്പോള്‍ അനിലെന്ന പുരുഷന്റെ മെയില്‍ ഈഗോ അസ്വസ്ഥമാവുകയും അരക്ഷിതമാവുകയും ചെയ്യുന്നു. സ്ത്രീകളുടെ ആഗ്രഹങ്ങളും, നൈരാശ്യങ്ങളും വൈകാരിക സംഘര്‍ഷങ്ങളും സ്ത്രീപക്ഷത്ത് നിന്ന് രേഖപ്പെടുത്തുന്നതില്‍ എഴുത്തുകാരന്‍ വിജയിച്ചിരിക്കുന്നു. തേരേ മേരേ ബീച്ച് മേം അനന്യമായ കൈത്തഴക്കത്തോടെ സ്ത്രീപക്ഷകഥകള്‍ക്ക് പുതിയൊരു തലം നല്‍കിയിരിക്കുന്നു. സിമോണ്‍ ദ് ബുവേ അഭിപ്രായപ്പെട്ടത് ' സ്ത്രീയുടെ സ്വത്വത്തെ നിര്‍മ്മിച്ചത് പുരുഷനാണ് ' എന്നാണ്. എന്നാല്‍ ഇക്കാലത്ത് കൃത്യമായ ലക്ഷ്യബോധത്തോടെ തന്റെ സ്വത്വം നിര്‍മ്മിക്കാന്‍ പ്രാപ്തരായ വീര്യമുള്ള സ്ത്രീകള്‍ ഉണ്ടെന്ന് രേഖ തെളിയിക്കുന്നു.

പെണ്ണനുഭവങ്ങള്‍ പുരുഷനെല്ലായ്‌പ്പോഴുമൊരു മരീചികയാണ്. തനിക്ക് അപരിചിതമായ ലോകത്തെ വളരെ വിശ്വസനീയമായി യാഥാര്‍ത്ഥ്യബോധത്തോടെ അതിഭാവുകത്വമില്ലാതെ അവതരിപ്പിക്കുന്നതില്‍ സലിന്‍ മാങ്കുഴി എന്ന എഴുത്തുകാരന്‍ പൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നു. ഇതാണ് യഥാര്‍ത്ഥ പെണ്‍മനസ്സ് എന്ന് കഥ വായിക്കുന്ന ഓരോ സ്ത്രീക്കും തോന്നും വിധമുള്ള രചനാരീതി ഈ കഥകളുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. സ്ത്രീ വിഷയങ്ങള്‍ക്ക് പുതു മാനം നല്‍കുന്നതോടൊപ്പം വൈവിധ്യമാര്‍ന്ന നിരവധി വിഷയങ്ങള്‍ തന്റെ കഥകളില്‍ വിജയകരമായി കൈകാര്യം ചെയ്യാനും ഈ കഥാകൃത്തിന് കഴിയുന്നു എന്നത് അഭിനന്ദനീയമാണ്

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi