''ഡാ ഇയ്യ് ഏത് പാട്ട് പാടിയാലും അതിന്റെ ട്യൂണ്‍ മാറും. മാത്രല്ല അയ്‌നൊക്കെ ഒരു ആനന്ദഭൈരവീടെ ചൊവ വരും അദോണ്ട് മേലാല്‍ പാടാന്‍ നിക്കല്ലേ...'' പാട്ടറിയുന്ന ഒരു സുഹൃത്ത് ഒരിക്കല്‍ എടുത്തടിച്ചപോലെ പറഞ്ഞതാണ്. കേട്ട് വല്ലാത്ത വിഷമം തോന്നിയെങ്കിലും സംഗതി സത്യമാണ്. ഇഷ്ടപ്പെട്ട രാഗങ്ങള്‍ ഒരുപാടുണ്ടെങ്കിലും അബോധത്തില്‍ അലിഞ്ഞു ചേര്‍ന്ന രാഗം ആനന്ദഭൈരവിയാണ്. രാഗം കേട്ട് ഒറ്റ സെക്കന്‍ഡില്‍ തിരിച്ചറിയുന്ന സുഹൃത്തുക്കള്‍ക്കിടയില്‍ ഒരുപാട് തവണ രാഗമൂഢനായി ഇരിക്കേണ്ടി വന്നിട്ടുണ്ട്.

To advertise here,

'പാടാന്‍ അറിയാത്തോന്റെ ബുദ്ധിമുട്ട് പാടാനറിയാത്തോര്‍ക്കേ അറിയൂ പുണ്യാളാ' എന്ന പ്രാഞ്ചിയേട്ടന്റെ ഡയലോഗിനെ കടം കൊണ്ടിട്ടുണ്ട്. അപ്പോഴും ആനന്ദഭൈരവി പിടിതരാറുണ്ട്. അതുകേട്ടാല്‍ ആ നിമിഷം എവിടുന്നോ ഒരു തരിപ്പ് ഞരമ്പിലേയ്ക്ക് കയറും. ആദ്യമായി ആനന്ദഭൈരവി കേട്ടത് എവിടെ നിന്നാവണം? തീര്‍ച്ചയായും ചെറിയച്ഛന്‍മാര്‍ ടേപ്പ് റെക്കോര്‍ഡറില്‍ വയ്ക്കുന്ന കഥകളിപ്പദങ്ങളില്‍ നിന്നാവണം (അവര്‍ വീട്ടില്‍ കഥകളിപ്പദങ്ങള്‍ മാത്രമേ വച്ചിരുന്നുള്ളൂ). അങ്ങനെ ആദ്യം കേട്ടത് പൂതനാമോക്ഷത്തിലെ സുകുമാരാ നന്ദകുമാരാ ആവണം. കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരിയും വെണ്‍മണി ഹരിദാസും കൂടി പാടിയത്. അതുപോലെ കുറുപ്പാശാന്റെ ശബ്ദത്തിലുള്ള സുമശര സുഭഗ, സാരസനേത്രാ എന്നിവയൊക്കെയാവണം. അമ്മവീട്ടില്‍ ചിറ്റമാര്‍ പാടിക്കേട്ട ആറാട്ടിനാനകളെഴുന്നള്ളി ആവണം ആദ്യമായി കേട്ട ആനന്ദഭൈരവിയുടെ റൂട്ടിലുള്ള ചലച്ചിത്രഗാനം. പിന്നെയും എത്രയോ പാട്ടുകള്‍. പലുകേ ബങ്കാരമയനാ എന്ന കീര്‍ത്തനം. സഞ്ജയ് സുബ്രഹ്മണ്യന്‍ പാടിക്കേട്ട ഒരിക്കലും മറക്കാനാവാത്ത ആനന്ദഭൈരവി തില്ലാന. ബാല്യത്തിലേക്കുള്ള ഊഞ്ഞാലുപോലെ ആനന്ദഭൈരവി... അത് അമ്മയുടെ മണമാണ്, നാട്ടുവെയിലാണ്, പ്രണയമാണ്, വിഷാദമാണ്, പതിഞ്ഞു കൊട്ടിക്കേറുന്ന ഉന്മാദമാണ്...