അന്നത്തെ ആ കൈയടിയും ആരവങ്ങളും കേട്ടപ്പോള്‍ ബോബി ചെമ്മണ്ണൂര്‍ ഒരിക്കലും കരുതിക്കാണില്ല അതിന്റെ പേരില്‍ മോഷണക്കേസ് പ്രതികള്‍ക്കൊപ്പം ജയിലില്‍ കിടക്കേണ്ടി വരുമെന്നും ജാമ്യം നിഷേധിക്കപ്പെടുമെന്നും. ആ ഉദ്ഘാടന ചടങ്ങായിരുന്നു എല്ലാത്തിന്റെയും തുടക്കം. നടി ഹണി റോസിനൊപ്പം ഒന്നിച്ച് വേദി പങ്കിട്ട ചടങ്ങ്. ആള്‍ക്കൂട്ടത്തെ കണ്ടതും നാക്കിന് പണ്ടേ ഇല്ലാത്ത ബ്രേക്ക് പരിധിവിട്ടൊന്ന് അയഞ്ഞു. തമാശയില്‍ പൊതിഞ്ഞ് അശ്ലീലം നിറഞ്ഞൊരു കമന്റ് തട്ടിവിട്ടു. നിര്‍ദോഷകരമെന്ന വ്യാജേന വലിയ ജനക്കൂട്ടത്തിന് മുമ്പാകെ ആ വ്യക്തി നടത്തിയ പരാമര്‍ശത്തെ അവിടെ തിങ്ങിക്കൂടിയ ആണ്‍കൂട്ടം ആര്‍പ്പുവിളികളോടെയും ആരവങ്ങളോടെയുമാണ് വരവേറ്റത്.
പൊളിറ്റിക്കല്‍ കറക്ട്‌നെസിനും വ്യക്തി സ്വാതന്ത്ര്യത്തിനും വലിയ മൂല്യം കൊടുക്കുന്നവരെന്ന് കരുതപ്പെടുന്ന പുതുതലമുറക്കാരായിരുന്നു ആ ആള്‍ക്കൂട്ടത്തില്‍ ഏറിയപങ്കും. കൂവലും ബഹിഷ്‌കരണവും രാഷ്ട്രീയ പ്രതിരോധത്തിനുള്ള ആയുധമായി കണക്കാക്കപ്പെടുന്ന സമൂഹത്തില്‍ ആ വേദിയില്‍ ഒരാള്‍ പോലും അശ്ലീലത്തെ ചോദ്യം ചെയ്തില്ല. എതിര്‍പ്പിന് പകരം വരവേല്‍പ്പിന്റെ ആവേശം നിറഞ്ഞ ആര്‍പ്പുവിളികള്‍ ഉയര്‍ന്നു. അതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ പ്രചരിക്കുകയും അവയ്ക്ക് താഴെയുള്ള കമന്റ് ബോക്‌സുകളില്‍ പ്രബുദ്ധരും സമ്പൂര്‍ണ സാക്ഷരരുമായ മലയാളി സമൂഹം ആറാടിത്തിമിര്‍ക്കുകയും ചെയ്തു. അപമാനവും അധിക്ഷേപവും അതിരുകടന്നപ്പോള്‍ നടി പരാതിപ്പെട്ടു. 'ആവര്‍ത്തിക്കരുതെന്ന് പലതവണ പറഞ്ഞിട്ടും തുടര്‍ന്നു. അത് പണത്തിന്റെ ഹുങ്കായും വെല്ലുവിളിയായും മാത്രമേ എനിക്ക് കാണാന്‍ കഴിയൂ. എല്ലാത്തിനും ഒരു അവസാനം വേണം. അതുകൊണ്ടാണ് പോരാട്ടത്തിന് ഇറങ്ങാമെന്ന് തീരുമാനിച്ചത്.' ഇതായിരുന്നു അവരുടെ പ്രസ്താവന.
എന്തായാലും കുറ്റാരോപിതന്‍ അറസ്റ്റിലാകുകയും ഈ വിഷയത്തില്‍ അധിക്ഷേപകരമായ കണ്ടന്റ് പുറത്തിറക്കിയ ഇരുപതോളം യുട്യൂബര്‍മാര്‍ക്കെതിരെ നടി നിയമനടപടിക്കൊരുങ്ങുകയും ചെയ്തതോടെ കമന്റ് ബോക്‌സിലെ ആറാട്ട് നിലച്ചു. തൊട്ടാല്‍ പൊള്ളുമെന്ന താക്കീതില്‍ കമന്റടിയാശാന്മാര്‍ മാളത്തില്‍ പോയൊളിച്ചു. പക്ഷേ, അടങ്ങിയത് ഇക്കിളിക്കൂട്ടം മാത്രമാണ്. ശരിതെറ്റുകളുടെ വിവേചന ശേഷി സങ്കുചിത സദാചാരത്തിന് കീഴ്‌പ്പെടുത്തിയ വിചാരണത്തൊഴിലാളികള്‍ വെട്ടുക്കിളിക്കൂട്ടം പോലെ ചാടിവീണു. 'അയാള് പറഞ്ഞതൊക്കെ തെറ്റുതന്നെ. അതിനയാളെ പിടിച്ച് ജയിലിടുകയും വേണം. പക്ഷേ, എന്തുകൊണ്ട് അയാളത് പറഞ്ഞു എന്നൊന്ന് ആലോചിച്ചു നോക്കിയേ. പറയാനുള്ള അവസരം ഉണ്ടാക്കിവച്ചിട്ട് പറഞ്ഞേ പറഞ്ഞേ എന്ന് നിലവിളിച്ചിട്ടെന്താ കാര്യം?' എല്ലാംതികഞ്ഞവരും കറയറ്റ ജീവിതം ജീവിക്കുന്നവരുമായ അക്കൂട്ടരുടെ വാദം ഇതായിരുന്നു. അവര്‍ അദൃശ്യ വിചാരണക്കൂട് പണിത് പരാതിക്കാരിയെ അതില്‍ കയറ്റി നിര്‍ത്താനും വാദിച്ച് തോല്‍പ്പിക്കാനുമുള്ള പിടച്ചിലിലാണ്. ഇക്കൂട്ടര്‍ അറുപതുകളില്‍ സ്ത്രീ വിമോചന മുന്നേറ്റങ്ങളില്‍ ലോകമൊട്ടാകെ മുഴങ്ങിക്കേട്ട ആ മുദ്രാവാക്യം ഒന്നോര്‍ക്കുന്നത് നന്നായിരിക്കും. 'മൈ ബോഡി, മൈ ചോയിസ്'... എന്ന പഴയതെങ്കിലും എന്നും പുതുമയുള്ള മുദ്രാവാക്യം.
ഒരു സ്ത്രീ തനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കുമ്പോഴോ, തനിക്കിഷ്ടമുള്ള രൂപത്തില്‍ പൊതുവിടങ്ങളില്‍ ദൃശ്യപ്പെടുമ്പോഴോ അവര്‍ മലയാളിയുടെ ലൈംഗിക ദാരിദ്ര്യത്തെയാണ് ഉന്നംവെക്കുന്നതെന്നുള്ള തത്വചിന്ത പങ്കുവച്ച് കൈയടിയേറ്റുവാങ്ങുന്നവരാണ് മറ്റൊരു കൂട്ടര്‍. പുരുഷന്റെ ലൈംഗിക ഹോര്‍മോണുകളുടെ കയറ്റിറക്കങ്ങളുടെ തോതറിഞ്ഞുവേണം സമൂഹത്തില്‍ സ്ത്രീ സ്വയം രംഗപ്പെടാനെന്നാണ് ഇവരുടെ നിലപാട്. അതായത് എപ്പോള്‍ വേണമെങ്കിലും ഉത്തേജിക്കപ്പെടാനിടയുള്ള എതിര്‍ലിംഗം എന്ന കേവല ലൈംഗികയന്ത്രത്തെ പ്രവര്‍ത്തിപ്പിക്കണോ വേണ്ടയോ എന്ന തീരുമാനം സ്ത്രീയുടെ ഉടലളവുകളെയും വസ്ത്രധാരണത്തെയും ആശ്രയിച്ചാണുള്ളതെന്ന് സാരം.
നേരിടേണ്ടിവന്ന അതിക്രമത്തെ ചൂണ്ടിക്കാണിക്കുകയും തിരുത്തല്‍ ആവശ്യപ്പെടുകയും ചെയ്യുന്ന ഓരോ സ്ത്രീയ്ക്കും നേരിടേണ്ടിവരാറുണ്ട് ഇത്തരം കുറ്റപ്പെടുത്തലുകളുടെയും മുന്‍വിധികളുടെയും നൂറായിരം മുനയമ്പുകള്‍. പരാതിപ്പെട്ടു എന്ന ഒറ്റക്കാരണത്താല്‍ അവര്‍ സമൂഹത്തിന് അനിഭിമതയായി മാറുന്നു. പഴി കേള്‍ക്കേണ്ടി വരുന്നത് ഹണി റോസിന് മാത്രമല്ല. പൊതുബോധത്തെയും സദാചാര സംഹിതകളെയും മുതിര്‍ന്നവരുടെ സാരോപദേശത്തെയും ജീവിതത്തില്‍ വിജയിച്ചവരെന്ന് കരുതപ്പെടുന്നവരുടെ തത്വചിന്തകളെയും മറികടന്ന് ജീവിക്കുന്ന ഓരോ സ്ത്രീയ്ക്കും ഇത്തരം ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വരാറുണ്ട്. ചട്ടക്കൂടുകള്‍ക്ക് പുറത്ത് ജീവിതം ജീവിച്ചു തുടങ്ങുമ്പോള്‍ മഴയ്‌ക്കൊപ്പം മിന്നലെന്നപോലെ മുന്‍വിധികള്‍ പാഞ്ഞുവരും. തനിക്കിണങ്ങിയ ജീവിതം നയിക്കുക എന്നാല്‍ ഏതു നിമിഷവും ഏറുകൊള്ളാന്‍ തയ്യാറാവുക എന്നുകൂടിയാണ്. ആണ്‍വര്‍ഗം ഇതില്‍ നിന്ന് മുക്തരല്ല എന്നല്ല. പക്ഷേ, സ്ത്രീയെ സംബന്ധിച്ച്, 'വേലി ചാടിയിട്ടല്ലേ, അനുഭവിച്ചോ' എന്ന കൂരമ്പ് തറയ്ക്കാന്‍ പൊതുബോധം ചിട്ടപ്പെട്ടുത്തിവച്ച നിയമസംഹിതകള്‍ ഏറെയുണ്ട്. 'ഒരുമ്പെട്ടവളുമാരുടെ' വിലാപങ്ങളെ പരിഹസിക്കാനും, അവമതിയുടെ കയത്തില്‍ നിന്ന് കയറിപ്പോരാനുള്ള ശ്രമത്തില്‍ അവരെ കൂടുതല്‍ ആഴങ്ങളിലേക്ക് തള്ളിയിടാനും പൊതുജനത്തിന് ഉശിരേറും.
പ്രണയം പൊളിഞ്ഞാല്‍, ദാമ്പത്യം തകര്‍ന്നാല്‍, ഒറ്റയ്ക്കുള്ള യാത്രയില്‍ എന്തെങ്കിലും 'അരുതാത്തത്ത്' സംഭവിച്ചാല്‍, 'അസമയ'ത്ത് പുറത്തിറങ്ങി അപകടം വരുത്തിവച്ചാല്‍ ഒക്കെയും മരുഭൂമിയിലെ ഇരുട്ടില്‍ പതിയിരിക്കുന്ന വിചിത്ര ജീവികള്‍ കണക്കെ പ്രബുദ്ധരും തെറ്റുകുറ്റങ്ങള്‍ അറ്റവരുമായ മനുഷ്യോത്തമന്മാരുടെ ബൃഹദ് സംഘം പുറത്തിറങ്ങും. സത്രീകള്‍ എന്ത് വേഷം ധരിക്കുന്നു, അവര്‍ എന്തൊക്കെ തിരഞ്ഞടുപ്പുകള്‍ നടത്തുന്നു എന്നതൊക്കെ കണ്ണിമയ്ക്കാതെ നോക്കിയിരിക്കലാണ് ഇവരുടെ പതിവ്. അതിക്രമങ്ങളിലും അപമാനങ്ങളിലും പരോക്ഷമായി വേട്ടക്കാരന്റെ പക്ഷം ചേരുവാനാണ് ഇവര്‍ക്കിഷ്ടം. മഴ പെയ്തിട്ടല്ലേ വെള്ളപ്പൊക്കം വന്നത് എന്ന മട്ടിലാകും കാര്യങ്ങള്‍. എപ്പോള്‍ വേണമെങ്കിലും പ്രകോപിക്കപ്പെട്ടേക്കാവുന്ന പുരുഷന്റെ ശരീര മനോനിലകളെ കണക്കിലെടുത്ത് വേണം സ്ത്രീ പെരുമാറാനെന്ന് വിവക്ഷ.
മറ്റുള്ളവര്‍ എന്ത് കരുതും എന്ന കുടുക്ക് കഴുത്തില്‍ അണിഞ്ഞ് ആ കുരുക്ക് കഴുത്തില്‍ മുറുകാതിരിക്കാനായി സ്വന്തം തിരഞ്ഞെടുപ്പുകള്‍ മാറ്റിവച്ച് ആരാന്റെ ജീവിതം ജീവിക്കുന്ന സ്ത്രീകളെയേ അവര്‍ അംഗീകരിക്കുകയുള്ളൂ. സ്‌നേഹനിര്‍ഭരമായ ഇമോജികളുടെയും കൈയടികളുടെയും അകമ്പടിയോടെ വേട്ടക്കാരനെ പ്രോത്സാഹിപ്പിക്കുന്ന പരസ്പര സഹായ സഹകരണ സംഘക്കാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് പോലെയാണ് ഇത്തരക്കാരുടെ കൂട്ടം. അവരെ സംബന്ധിച്ച് പ്രണയവും സൗഹൃദവും ദാമ്പത്യവും ഒക്കെ പുരുഷന് സ്ത്രീയോട് എങ്ങനെയും പെരുമാറാനുള്ള അനുമതിപത്രങ്ങള്‍ മാത്രമാണ്. വേണ്ടിവന്നാല്‍ ഇവര്‍ സ്ത്രീയുടെ നിശ്ശബ്ദതയെ ദൗര്‍ബല്യമെന്നും കുറ്റസമ്മതമെന്നും വ്യാഖ്യാനിക്കും.
കുടുംബത്തിന്റെയും സമൂഹത്തിന്റെയും അഭിമാനം എന്നത് സ്ത്രീ ശരീരത്തിലെ പ്രത്യേക ഭാഗത്ത് കുടിയിരിക്കുന്നതാണെന്നും അഭിമാന സംരക്ഷണത്തിനായി സ്ത്രീ ശരീരം വായുകടക്കാത്ത വിധത്തില്‍, പുരുഷന്റെ മനസ്സിളക്കാത്ത വിധത്തില്‍ പൊതിഞ്ഞുസൂക്ഷിക്കേണ്ടതാണെന്നുമാണ് ഇക്കൂട്ടര്‍ പറയുന്നത്. അഭിമാന സംരക്ഷണ പ്രക്രിയയില്‍ പാളിച്ച സംഭവിക്കുന്നപക്ഷം പുരുഷന്റെ വികാരങ്ങള്‍ ഉദ്ദീപിക്കപ്പെടും. അതിന്റെ ഭാഗമായി അവന്‍ അശ്ലീല പദാവലികള്‍ പുറപ്പെടുവിച്ചേക്കാം. അതിലെന്താണിത്ര തെറ്റ്. ഒളിച്ചും തെളിച്ചും അവരീ ചോദ്യം തൊടുക്കും.
തൊട്ടതും പിടിച്ചതും പറഞ്ഞതും പെരുമാറിയതുമൊന്നും ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് ആ നിമിഷം പറയണമായിരുന്നു. അതല്ലാതെ അന്നേരം അതെല്ലാം 'ആസ്വദിച്ചിട്ട്' പിന്നെ പരാതി പറയുന്നതിലെന്താ ന്യായം... ഈ ചോദ്യത്തിനും പഞ്ഞമില്ല. മനസ്സിനെ തളര്‍ത്തുന്ന ഏത് ദുരന്തത്തിലും, അത് മരണമോ വേര്‍പാടോ വേര്‍പിരിയലോ അതിക്രമമോ എന്തുമാകട്ടെ, മനുഷ്യന്റെ ആദ്യ പ്രതികരണം ഞെട്ടലായിരിക്കും. ചില നേരങ്ങളിലും അതൊരു മരവിപ്പായിരിക്കും. എതിര്‍ക്കാനുള്ള മനോധൈര്യം പക്കലിലാത്തവരായിരിക്കാം. ആ നിമിഷം എതിര്‍ത്തില്ല എന്നതിന് ആസ്വദിച്ചു എന്നതല്ല അര്‍ഥം. മനസ്സമാധാനമാണ് പ്രധാനം എന്ന് കരുതുന്നിടത്ത് എതിര്‍പ്പിനപ്പുറം സഹനത്തെ സ്വീകരിക്കുന്നവരും ഉള്‍പ്പെടുന്നതാണ് സമൂഹം. എന്തൊക്കെയോ കാരണങ്ങളാല്‍ ഈ തിരഞ്ഞെടുപ്പ് നടത്തുന്നവരില്‍ ഏറെയും സ്ത്രീകളാണ്. അവളൊന്ന് ഉറക്കെ കരഞ്ഞിരുന്നെങ്കില്‍ ഞാനവളെ പീഡിപ്പിക്കുകയില്ലായിരുന്നു എന്ന് പറഞ്ഞ ആ ഹിറ്റ് സിനിമയിലെ കഥാപാത്രത്തെ ഇവിടെ ഓര്‍ക്കാം. പുരുഷന്റെ ചെയ്തികള്‍ക്ക് കാരണമാകുന്നത് സ്ത്രീയുടെ കരുതലില്ലായ്മയാണ്. ഇല ചെന്ന് മുള്ളില്‍ വീണാലും മുള്ള് ചെന്ന് ഇലയില്‍ വീണാലും കേട് ആര്‍ക്കാ... എന്ന ന്യായം പറഞ്ഞ് കള്ളന് കഞ്ഞിവെക്കുന്നവരെ തിരുത്തുക പ്രയാസമാണ്. പേപ്പട്ടിയുണ്ടെന്ന് കരുതി വീടിന് പുറത്തിറങ്ങാതിരിക്കലല്ല, പേപ്പട്ടിയുടെ ശല്യം ഒഴിവാക്കുകയാണ് പ്രതിവിധിയെന്ന് ഇവരോടൊക്കെ ആര് പറയാന്‍.
Content Highlights: honey rose's complaint against bobby chemmannur
Published: 10 Jan 2025, 12:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented