യുറഗ്വായ് മുന്‍പ്രസിഡന്റ് ഹോസെ മുഹിക എണ്‍പത്തിയൊമ്പതാം വയസ്സില്‍ വിടവാങ്ങിയിരിക്കുന്നു. മണ്‍മറയുന്നത് ലാളിത്യത്തിന്റെ മുഖമാണ്. അവശേഷിക്കുന്നത് അധികാരക്കൊതിയോ ധാര്‍ഷ്ട്യമോ ലവലേശമില്ലാതെ ജനസേവനം സാധ്യമാണെന്ന പാഠമാണ്. 2010-2015 കാലയളവില്‍ യുറഗ്വായുടെ പ്രസിഡന്റായിരുന്നു മുഹിക. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വ്യത്യസ്തനായ പ്രസിഡന്റ്. അധികാരത്തിന്റെ ഏറ്റവും മേല്‍ത്തട്ടിലും ലാളിത്യത്തെ കൈയൊഴിയാത്ത സാധാരണക്കാരന്‍. 

To advertise here,

യുറഗ്വായെ സോഷ്യലിസ്റ്റ് രാജ്യമാക്കിത്തീര്‍ക്കാന്‍ മുന്നില്‍നിന്ന പോരാളിയാണ് മുഹിക. അറുപതുകളില്‍ ഇടത് ഗറില്ലാ സംഘമായ ടുപമാരോസ് തുടങ്ങിവച്ച വിപ്ലവപോരാട്ടങ്ങളെ മുന്നില്‍നിന്ന് നയിച്ചത് ഇദ്ദേഹമാണ്. സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ കണ്ണിലെ കരടായ മുഹിക പതിനഞ്ചുവര്‍ഷം തടവില്‍ കഴിഞ്ഞു. ദീര്‍ഘകാലം ഏകാന്തതടവുകാരനായി അദ്ദേഹം അഴിക്കുള്ളില്‍ ജീവിതം ചിലവിട്ടു. വിപ്ലവങ്ങളുടെ തീപ്പാത കടന്ന് ഒടുവില്‍ മുഹിക യുറഗ്വായുടെ എക്കാലത്തെയും ജനസമ്മതനായ പ്രസിഡന്റായി. ലോകത്തെ പ്രബലമായ സോഷ്യല്‍ ലിബറല്‍ ജനാധിപത്യ രാഷ്ടമായി യുറഗ്വായെ അദ്ദേഹം വളര്‍ത്തി. രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ച പ്രിയപ്പെട്ട പ്രസിഡന്റിനെ ജനം പെപ്പെ എന്ന് വിളിച്ചു. 

ദാരിദ്ര്യത്തിലായിരുന്നു മുഹികയുടെ ജനനം. ഒന്‍പതാം വയസ്സില്‍ അച്ഛനെ നഷ്ടമായി. പൂക്കള്‍ കൃഷി ചെയ്ത് അതില്‍ നിന്നുള്ള വരുമാനംകൊണ്ടാണ് അമ്മയും മുഹികയും കഴിഞ്ഞുകൂടിയത്. കണ്‍സര്‍വേറ്റീവ് നാഷണല്‍ പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചു. ക്യൂബയിലെ വിപ്ലവത്തിന്റെ അലയൊലികളില്‍ ആകൃഷ്ടനായി മുഹിക ഗറില്ലാ സംഘമായ ടുപമാരോസ് നാഷണല്‍ ലിബറേഷന്‍ മൂവ്‌മെന്റില്‍ അംഗമായി. ഭരണകൂടത്തെ സായുധ വിപ്ലത്തിലൂടെ താഴെയിറക്കുക എന്നതായിരുന്നു ഈ മാര്‍ക്‌സിസ്റ്റ് അര്‍ബന്‍ ഗറില്ലാ സംഘത്തിന്റെ ലക്ഷ്യം. അതിനവര്‍ കൊള്ളയും തട്ടിക്കൊണ്ടുപോകലും ബോംബേറുകളും നടത്തി. നിരവധി തവണ ഭരണകൂടത്തിന്റെ വെടിയുണ്ടകളെ അതിജീവിച്ചിട്ടുണ്ട് മുഹിക. മരണത്തോളമെത്തിയ രക്ഷപ്പെടല്‍. രണ്ടുതവണ ജയില്‍ചാടി. 105 തടവുകാര്‍ക്കൊപ്പം തുരങ്കത്തിലൂടെ നടത്തിയ ജയില്‍ചാട്ടം യുറഗ്വായുടെ ചരിത്രത്തില്‍ പ്രസിദ്ധമാണ്.

1973-ല്‍ യുറഗ്വായ് പട്ടാളഭരണത്തിലേക്ക് കൂപ്പുകുത്തി. പത്തുവര്‍ഷം നീളുന്ന ഏകാന്തതടവായിരുന്നു മുഹികയെ കാത്തിരുന്നത്. ഭ്രാന്തിനോളം പോരുന്ന ഏകാന്തതയെ അദ്ദേഹം മറികടന്ന് ഉറുമ്പുകളുമായി സംസാരിച്ചുകൊണ്ടാണ്. ഏകാന്ത തടവുള്‍പ്പെടെയുള്ള തടവുജീവിതം പതിനഞ്ചുവര്‍ഷം നീണ്ടുനിന്നു. ഉറുമ്പുകള്‍ക്കൊപ്പം കുതിരാലയത്തിലെ ജീവിതം എന്ന് അക്കാലത്തെ അദ്ദേഹം പിന്നീട് വിശേഷിപ്പിക്കുകയുണ്ടായി. മുഹികയുടെ തടവുജീവിതത്തെ ആസ്പദമാക്കി എ ട്വല്‍ ഇയര്‍ നൈറ്റ് എന്ന സിനിമ പുറത്തിറങ്ങിയിട്ടുണ്ട്. 

യുറഗ്വായില്‍ ജനാധിപത്യം പുനസ്ഥാപിക്കപ്പെട്ടപ്പോള്‍ മുഹിക വീണ്ടും രാഷ്ട്രീയത്തില്‍ സജീവമായി. ഇടതുപക്ഷത്തിന്റെയും സോഷ്യല്‍ ഡെമോക്രാറ്റുകളുടെയും സംയോജിത സംഘടനയായ ബ്രോഡ് ഫ്രന്റിലൂടെ രാഷ്ട്രീയ രംഗത്ത് വലിയ കുതിപ്പ് നടത്തി. 2010-ല്‍ എഴുപത്തിനാലാം വയസ്സില്‍ മുഹിക യുറഗ്വായുടെ നാല്പതാമത്തെ പ്രസിഡന്റായി. അക്കാലത്ത് ലാറ്റിനമേരിക്കയ്ക്ക് പുറത്ത് തീര്‍ത്തും അപരിചിതനായിരുന്നു മുഹിക. യുറഗ്വായുടെ പ്രസിഡന്റ് പദവിയിലിരുന്ന് മുഹിക ലോകത്തിന് പ്രിയങ്കരനായി. ആധുനിക രാഷ്ട്രീയ ചരിത്രത്തിലെ വലിയ കാല്‍വയ്പായിരുന്നു ആ ഭരണകാലം. ദീര്‍ഘവീക്ഷണത്തിന്റെയും ലാളിത്യത്തിന്റെയും മുഖമുദ്രയായി മാറി മുഹികയുടെ ജീവിതം.

placeholder
ഹോസെ മുഹിക- ഫോട്ടോ: ഗെറ്റി ഇമേജസ്‌
പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ പാര്‍ക്കാന്‍ വിസമ്മതിച്ച മുഹിക മൊണ്ടെവീഡിയോയിലെ തന്റെ ചെറിയ വീട്ടില്‍ത്തന്നെ തങ്ങി. ഭാര്യയ്‌ക്കൊപ്പം (യുറഗ്വായുടെ മുന്‍വൈസ് പ്രസിഡന്റും ഒളിപ്പോരാളിയുമായ ലൂസിയ ടൊപോലാന്‍സ്‌കിയാണ് മുഹികയുടെ ഭാര്യ) പച്ചക്കറികളും പൂക്കളും കൃഷിചെയ്ത് ഉപജീവനത്തിനുള്ള വക കണ്ടെത്തി. പകിട്ടേറിയ വസ്ത്രങ്ങളണിഞ്ഞ് ആരും മുഹികയെ കണ്ടിട്ടിട്ടില്ല. പഴക്കംചെന്ന ബീറ്റിലിലും തന്റെ പ്രിയപ്പെട്ട ട്രാക്ടറിലുമായിരുന്നു പ്രസിഡന്റിന്റെ യാത്രകള്‍. യുറഗ്വായിലെ തെരുവോര ഭക്ഷണശാലകളില്‍ അദ്ദേഹം സാധാരണക്കാര്‍ക്കൊപ്പമിരുന്ന് ഭക്ഷണംകഴിച്ചു. ലോകത്തിലെ ഏറ്റവും ദരിദ്രനായ പ്രസിഡന്റ് എന്ന വിശേഷണം അദ്ദേഹത്തിന് വന്നുചേര്‍ന്നു. 

മുഹികയുടെ പ്രസക്തി ലാളിത്യത്തില്‍ മാത്രം ഒതുങ്ങുന്നതല്ല.  അദ്ദേഹം പ്രസിഡന്റായിരുന്ന കാലയളവില്‍ സമൂലമായ മാറ്റങ്ങള്‍ക്കാണ് യുറഗ്വായ് വിധേയമായത്. ലാറ്റിനമേരിക്കയെയും ലോകത്തെയും അമ്പരിപ്പിച്ച പരിവര്‍ത്തനങ്ങള്‍. യാഥാസ്ഥിതികത കൊടികുത്തിവാഴുന്ന സമൂഹത്തില്‍ വിപ്ലവത്തിന്റെ വിത്തുകളെ വന്‍മരങ്ങളായി വളര്‍ത്തിയെടുക്കും പോലുള്ള തീരുമാനങ്ങള്‍. വിപ്ലവകരമായ ഒട്ടേറെ മാറ്റങ്ങള്‍ അദ്ദേഹം രാജ്യത്ത് നടപ്പാക്കി. മരിജുവാനയുടെ ഉപയോഗത്തിനും സ്വവര്‍ഗ വിവാഹത്തിനും ഗര്‍ഭച്ഛിദ്രത്തിനും നിയമസാധുത നല്‍കി. രാജ്യം സാമ്പത്തികമായി ഭദ്രമായി. ദാരിദ്ര്യം മായ്ക്കപ്പെട്ടു. ബദല്‍ ഊര്‍ജവിനിയോഗ മാര്‍ഗങ്ങളിലൂടെ ആഗോളതലത്തില്‍ യുറഗ്വായുടെ യശസ്സുയര്‍ത്തി. 

placeholder
ഹോസെ മുഹിക- ഫോട്ടോ: ഗെറ്റി ഇമേജസ്‌
ഒരു തത്വചിന്തകന്റെ കണ്ണിലൂടെയാണ് മുഹിക ലോകത്തെയും ജീവിതത്തെയും കണ്ടത്. കാന്‍സര്‍ രോഗം സ്ഥിരീകരിക്കപ്പെട്ട സമയത്ത് അദ്ദേഹം രാജ്യത്തെ ചെറുപ്പക്കാരോടായി ഇങ്ങനെ പറഞ്ഞു: "ജീവിതം മനോഹരമാണ്. പക്ഷേ, അതും കൊഴിഞ്ഞുപോകും. ചിലപ്പോള്‍ നിങ്ങള്‍ക്ക് അടിതെറ്റിയെന്നുമിരിക്കും. ഒരോ വീഴ്ചയും പുതിയ തുടക്കത്തിനുള്ള അവസരമാണെന്നുമാത്രം ഓര്‍ക്കുക. നിരാശകളെ, ദേഷ്യത്തെ പ്രതീക്ഷയായി പരിണമിപ്പിക്കാനുള്ള വിദ്യ വശത്താക്കുക." ചികിത്സകളെല്ലാം അവസാനിപ്പിച്ച് മൊണ്ടെവീഡിയോയിലെ മൂന്നുമുറിവീട്ടില്‍ പഴയ ഗറില്ലാ പോരാളിയുടെ വീറോടെ മുഹിക മരണത്തെ വരവേറ്റു.