
തുടരും സിനിമയിൽ നിന്ന്
ഒറ്റപ്പാലത്ത്, ഭാരതപ്പുഴയ്ക്ക് കുറുകേയുള്ള മായന്നൂര്‍ പാലത്തിനപ്പുറത്തെ ഗ്രാമത്തിലെ ചെറിയ തിയേറ്ററില്‍വെച്ച് 'തുടരും' എന്ന സിനിമ കണ്ട് ഇറങ്ങുമ്പോള്‍ പുറത്ത് പകല്‍ വെന്തുരുകി നില്‍ക്കുകയായിരുന്നു. അതിനടുത്ത കുറേ മണിക്കൂറുകള്‍ എന്റെ മനസ്സ് ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്കപ്പുറം, മഞ്ചേരിക്കടുത്ത് എളങ്കൂര്‍ ചാരങ്കാവിലെ, സന്ധ്യയുടെ മങ്ങിയ നിഴലുകള്‍ വീണ റബ്ബര്‍തോട്ടത്തില്‍ ചുറ്റിക്കറങ്ങി. ആ റബ്ബര്‍തോട്ടത്തിന് നടുവിലുള്ള വീട്ടിലെ ഏഴാംക്ലാസുകാരി കൃഷ്ണപ്രിയയെ കാണാനില്ല. രാവിലെ കൂട്ടുകാരികള്‍ക്കൊപ്പം സ്‌കൂളില്‍പ്പോയ അവള്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. സ്‌കൂളില്‍നിന്ന് കൂട്ടുകാരികള്‍ക്കൊപ്പമാണ് അവള്‍ വീട്ടിലേയ്ക്കിറങ്ങിയത്. അവളുടെ വീടിന്റെ താഴേയ്ക്ക് തട്ടുതട്ടായ പറമ്പുകളാണ്. ആളുയരത്തിലുള്ള മണ്‍മതിലുകള്‍ അവയ്ക്ക് അതിരിടുന്നു. ആ പറമ്പുകളുടെ ഏറ്റവും താഴെ ഒരു പഴയ ശ്രീകൃഷ്ണക്ഷേത്രമാണ്. പൊടിപുരണ്ട കരിയിലകള്‍ മൂടിയ ക്ഷേത്രമുറ്റവും അതിനപ്പുറം മനുഷ്യര്‍ നടന്നുനടന്ന് തെളിഞ്ഞ നാട്ടുവഴിയും. ആ വഴി മുകളിലേയ്ക്ക് കയറി പിരിഞ്ഞുപോവുന്നത് കൃഷ്ണപ്രിയയുടെ വീട്ടിലേക്കാണ്. ക്ഷേത്രത്തിനടുത്തുവരെ അവളും ഒപ്പമുണ്ടായിരുന്നു എന്ന് കൂട്ടുകാര്‍ പറയുന്നു. പിന്നീടാണ് കാണാതായത്.
നാടാകെ ഇളകി തിരച്ചില്‍ തുടങ്ങി. പോലീസ് വന്നു. കൃഷ്ണപ്രിയയുടെ സഹോദരന്‍ കൃഷ്ണപ്രസാദ് സ്‌കൂട്ടറില്‍ അവളുടെ കൂട്ടുകാരികളുടെ വീട്ടിലേക്ക് പോയി. ഒരുപക്ഷേ, അവള്‍ എന്തെങ്കിലും കാര്യത്തിന് അവരിലാരുടെയെങ്കിലും വീട്ടിലേക്ക് പോയിട്ടുണ്ടെങ്കിലോ. കൃഷ്ണപ്രസാദിന്റെ സ്‌കൂട്ടറിന്റെ പിന്‍സീറ്റില്‍ അയല്‍വാസിയായ കുന്നുമ്മല്‍ മുഹമ്മദ് കോയയുമുണ്ടായിരുന്നു.
റബ്ബര്‍ത്തോട്ടത്തിന് മുകളില്‍ സന്ധ്യ വിതുമ്പി വെറുങ്ങലിച്ച് നിന്നു. കിളികള്‍ നിശ്ശബ്ദരായി. രാവ് വീഴാറായി. കൃഷ്ണപ്രിയയെക്കുറിച്ച് ഒരു വിവരവുമില്ല. ഒടുവില്‍ പോലീസ് നായയെ കൊണ്ടുവരാന്‍ തീരുമാനിച്ചു. അതുവരെ കൃഷ്ണപ്രസാദിനൊപ്പം തിരച്ചിലിന് കൂടിയിരുന്ന മുഹമ്മദ് കോയ അതറിഞ്ഞതോടെ അപ്രത്യക്ഷനായി.

അമ്പലവഴിയില്‍നിന്ന് മണത്ത് തുടങ്ങിയ നായ ഓടിക്കിതച്ച് വീടിന് കുറേതാഴെയുള്ള ഒരു പറമ്പില്‍ച്ചെന്ന് നിന്നു. അവിടെ അവള്‍ മരിച്ച് കിടപ്പുണ്ടായിരുന്നു. പാതി വസ്ത്രമേ ശരീരത്തിലുണ്ടായിരുന്നുള്ളൂ. അവള്‍ പീഡിപ്പിക്കപ്പെട്ടിരുന്നു. പിന്നിക്കെട്ടിയിട്ട അവളുടെ മുടി ചിതറിയിരുന്നു,നെറ്റിയിലെ പൊട്ട് കലങ്ങിയിരുന്നു...
അതുകണ്ട് ആ റബ്ബര്‍ത്തോട്ടം വലിയൊരു കരച്ചിലില്‍ വിറച്ചു. മരക്കൊമ്പില്‍ ചേക്കേറിയിരുന്ന കിളികള്‍ ആര്‍ത്തലച്ച് പറന്നു. രാത്രിയുടെ കരിമ്പടം ആ തോട്ടത്തിനും വീടിനും മുകളില്‍ വീണു.
പോലീസ് നായ ഓട്ടം തുടര്‍ന്നു. ചെന്നുനിന്നത് മുഹമ്മദ് കോയയുടെ അടുത്ത്. പോലീസ് അയാളെ അറസ്റ്റ് ചെയ്തു. സ്‌കൂള്‍ വിട്ടുവരുന്ന കൃഷ്ണപ്രിയയെ മുഹമ്മദ് കോയ താഴെയുള്ള പറമ്പിലേയ്ക്ക് എന്തോ വസ്തു കളഞ്ഞുപോയത് തിരയാന്‍ എന്ന വ്യാജേന വിളിച്ചുവരുത്തുകയായിരുന്നു. അയല്‍വാസിയും നിത്യം കാണുന്നയാളുമായതുകൊണ്ട് അവള്‍ സംശയിക്കാതെ ചെന്നു. അവിടെവെച്ച് മങ്ങിയ ആ സന്ധ്യയുടെ നിഴലില്‍ അവന്‍ അവളെ... മനുഷ്യനിലെ രാക്ഷസീയത കണ്ട് മരക്കൂട്ടങ്ങള്‍ നടുങ്ങിയിരിക്കണം; അവളുടെ നിലവിളി കലര്‍ന്ന നിശ്വാസത്തില്‍ നിലത്തെ പുല്ലുകള്‍കൂടി കരിഞ്ഞിരിക്കണം.
മുഹമ്മദ് കോയ അറസ്റ്റിലായി. മാതൃഭൂമിയുടെ മലപ്പുറം എഡിഷന്‍ ആരംഭിച്ച സമയമായിരുന്നു. അന്നത്തെ മലപ്പുറം ന്യൂസ് എഡിറ്റര്‍ എം.പി. സുരേന്ദ്രന്റെ നിര്‍ദേശപ്രകാരം ഞാന്‍ എം.പി. അബ്ദുസ്സമദ് സമദാനിയുടെ വീട്ടിലേക്കോടി. അദ്ദേഹം ഒരു ലേഖനം എഴുതിത്തന്നു: കൃഷ്ണപ്രിയയ്ക്ക് പ്രിയത്തോടെ. മാതൃഭൂമി പിറ്റേന്ന് അത് വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. സമദാനിയുടെ ആത്മാര്‍ഥമായ ആ വാക്കുകള്‍ വായനക്കാര്‍ ഹൃദയത്തിലേറ്റി.
ഗുജറാത്തില്‍ വലിയ ഭൂകമ്പം നടന്ന കാലമായിരുന്നു അത്. ഡോക്ടര്‍മാരടക്കമുള്ള വലിയ ഒരു സംഘത്തെ മാതൃഭൂമി ഗുജറാത്തിലേയ്ക്കയക്കാന്‍ തീരുമാനിച്ചു. മരുന്നിനും ഭക്ഷണസാധനങ്ങള്‍ക്കുമൊപ്പം വസ്ത്രങ്ങളും കൊടുത്തയക്കുന്ന സാധനങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. കൃഷ്ണപ്രിയയുടെ വസ്ത്രങ്ങള്‍ ഗുജറാത്തിലേക്കയക്കാന്‍ ആ കുടുംബം മാതൃഭൂമിയ്ക്ക് തന്നു. എം.പി. സുരേന്ദ്രനൊപ്പം ഞാനും ആ വീട്ടില്‍പ്പോയി. മരണത്തിന്റെ ആഘാതത്തില്‍ ചിതറിത്തെറിച്ച് നില്‍ക്കുകയായിരുന്നു ആ കുടുംബം.
സമയം സന്ധ്യയായിരുന്നു. ചാണകം മെഴുകിയ മുറ്റത്തുവെച്ച് എം.പി. സുരേന്ദ്രന്‍ നിഷ്‌കളങ്കതയുടെ നിറം കലര്‍ന്ന ആ ഉടുപ്പുകള്‍ ഏറ്റുവാങ്ങുമ്പോള്‍ വീടിനകത്തുനിന്ന് ഒരു കരച്ചില്‍ കൂടുപൊട്ടിച്ച് ആകാശത്തേയ്ക്ക് ചിതറി. മകളുടെ ഉടലിന്റെ അവസാന ഓര്‍മ്മയും പടികടന്ന് മറയുമ്പോള്‍ ഒരമ്മയുടെ നെഞ്ചിന്‍കൂട് തകരുന്നതിന്റെ ശബ്ദം. ആ സന്ധ്യയെപ്പോലെതന്നെ അവിടെക്കൂടിയ എല്ലാവരുടേയും കണ്ണുകള്‍ നിറഞ്ഞിരുന്നു.
ഞങ്ങള്‍ക്ക് അവര്‍ ചായതന്നു. വീട്ടിലേയ്ക്ക് കടക്കുന്ന മുറിയിലെ കട്ടിലില്‍ ഒരു കിടക്ക ചരടുകൊണ്ട് കെട്ടിവരിഞ്ഞ് വെച്ചിരുന്നു.
''ഞാനും മോളും ഒരുമിച്ച് ഈ കട്ടിലില്‍, ഈ കിടക്കയിലായിരുന്നു കിടക്കാറുള്ളത്. ഇനിയെനിക്ക് അതില്‍ക്കിടന്നാല്‍ പൊള്ളും''- കൃഷ്ണപ്രിയയുടെ അച്ഛന്‍ ശങ്കരനാരായണന്‍ പറഞ്ഞു. ആ വാക്കുകളില്‍നിന്ന് ഒരു അച്ഛന്റെ ഹൃദയരക്തം ഇറ്റുന്നുണ്ടായിരുന്നു.
ഗുജറാത്തിലേയ്ക്ക് പോവുന്ന സംഘത്തിന് കൈമാറുന്നതുവരെ മൂന്നുദിവസം കൃഷ്ണപ്രിയയുടെ വസ്ത്രങ്ങള്‍ മാതൃഭൂമിയുടെ മലപ്പുറം ഓഫീസിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഞാന്‍ ഓഫീസില്‍ത്തന്നെ താമസിക്കുന്ന കാലമായിരുന്നു. രാത്രികളില്‍ ആ ഉടുപ്പുകളില്‍നിന്ന് ഉയരുന്ന കരച്ചില്‍കേട്ട് ഞാന്‍ ഞെട്ടിയുണരുമായിരുന്നു. ജീവിച്ച് തുടങ്ങുംമുന്‍പേ തല്ലിക്കൊഴിച്ച് തിരിച്ചയച്ച ഒരു പൂവിന്റെ നെഞ്ചുരുകിയുള്ള കരച്ചില്‍.

ആ ഉടുപ്പുകള്‍ ഗുജറാത്തിലേയ്ക്ക് വാഹനം കയറിപ്പോയപ്പോള്‍ കൃഷ്ണപ്രിയ ഓര്‍ക്കുമ്പോള്‍ വേദനിപ്പിക്കുന്ന ഒരു വാര്‍ത്തമാത്രമായി. കറുപ്പും വെളുപ്പും നീലയും നിറത്തില്‍ കാലത്തിന്റെ കാര്‍മേഘങ്ങള്‍ അതിന് മുകളിലൂടെ പറന്നുപോയി. നാടും ലോകവും അത് മറന്നു.
ലോകം മുഴുവന്‍ മറന്നാലും കൃഷ്ണപ്രിയയുടെ അച്ഛന്‍ ശങ്കരനാരായണന് അത് മറക്കാന്‍ സാധിക്കുമായിരുന്നില്ല. രാത്രികളിലും വിമൂകമായ ഉച്ചനേരങ്ങളിലും മകള്‍ അയാളെത്തേടി വന്നു. ഒന്ന് മയക്കം പിടിക്കുമ്പോഴേക്കും അവളുടെ കുഞ്ഞിക്കാലുകള്‍ നെഞ്ചിലമരുന്നതുപോലെ തോന്നും. കാറ്റിലെപ്പോഴും 'അച്ഛാ' എന്ന വിളി പാറിവരും. കെട്ടിവെച്ച കിടക്കയില്‍നിന്ന് അവളുടെ മണം വരും. സന്ധ്യകളില്‍ ആരോ വാ പൊത്തിപ്പിടിച്ചതുപോലുള്ള അവളുടെ തേങ്ങലുകള്‍ കേള്‍ക്കും...
ശങ്കരനാരായണന്‍ താടിയും മുടിയും നീട്ടിവളര്‍ത്തിത്തുടങ്ങി. സംസാരം കുറഞ്ഞു. വീടിന് പുറത്തെ വരാന്തയില്‍ പായ വിരിച്ചായി കിടപ്പ്. രാത്രികാലങ്ങളില്‍ എവിടെയൊക്കെയോ ചുറ്റിക്കറങ്ങാന്‍ തുടങ്ങി.....പൊള്ളുന്ന ഉയിരും ഉടലുമായി അയാള്‍ ആരെയോ കാത്തിരുന്നു.
തടവിലായിരുന്ന മുഹമ്മദ് കോയ കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ പരോളിലിറങ്ങി. ശങ്കരനാരായണന്‍ തന്നെ എന്തെങ്കിലും ചെയ്യും എന്നവന് പേടിയുണ്ടായിരുന്നു. അയാളുടെ കണ്ണില്‍പ്പെടാതെ അവന്‍ മാറി മാറി നടന്നു. ഒരു ദിവസം ത്രിസന്ധ്യയ്ക്ക്, ചാരനിറമുള്ള കരിയിലകള്‍ മൂടിയ അമ്പലവഴിയില്‍വെച്ച് അവരിരുവരും നേര്‍ക്കുനേര്‍ വന്നു. തന്നേക്കാള്‍ കരുത്തനായ കോയയെക്കണ്ട് ശങ്കരനാരായണന്‍ തേക്കുമരത്തിന്റെ മറവിലേക്ക് മറഞ്ഞു. കോയ ഒരു കൊടുങ്കാറ്റുപോലെ അയാളെ കടന്നുപോയി.

ശങ്കരനാരായണന് തന്നെ പേടിയാണ് എന്ന് മനസ്സിലായതുമുതല്‍ കോയ നാട്ടില്‍ പരസ്യമായി ഇറങ്ങിനടക്കാന്‍ തുടങ്ങി. മകളുടെ കൊലയാളിയുടെ സ്വതന്ത്രവിഹാരം ശങ്കരനാരായണനെ തകര്‍ത്തു. ഉറക്കമില്ലാത്ത രാത്രികളുടെ ചുഴലികള്‍ അയാളെ പിടികൂടി. അയാള്‍ കോയയുടെ അടുത്ത രണ്ട് സുഹൃത്തുക്കളെച്ചെന്ന് കണ്ടു. മകള്‍ നഷ്ടപ്പെട്ട ഒരു അച്ഛന്റെ ചോരയൊലിക്കുന്ന ഹൃദയം അയാള്‍ അവര്‍ക്ക് മുന്നില്‍ തുറന്നുവെച്ചു. കരഞ്ഞ് കലങ്ങി അയാള്‍ പറഞ്ഞു:
''എനിക്കവനെ വേണം. ജീവനോടെ. നിങ്ങള്‍ അവനെ കൊണ്ടുവന്ന് തരണം. എന്റെ കൈയില്‍ ഇതേയുള്ളൂ.''അഞ്ഞൂറ് രൂപ വീതം അയാള്‍ അവര്‍ക്ക് നല്‍കി.
അടുത്ത ദിവസം രാത്രി ചാരായം കുടിച്ച് ബോധമില്ലാതായ മുഹമ്മദ് കോയയെ സുഹൃത്തുക്കള്‍ ശങ്കരനാരായണന് മുന്നില്‍ ഹാജരാക്കി. ഇരുണ്ട രാത്രിയില്‍ റബ്ബര്‍തോട്ടം മഴ നനഞ്ഞ് അനക്കമറ്റുനിന്നു. ശങ്കരനാരായണന്റെ കൈയില്‍ ഒരു നാടന്‍ തോക്കുണ്ടായിരുന്നു. അതിന്റെ ബാരല്‍ അയാള്‍ കോയയുടെ നെറ്റിയിലമര്‍ത്തി. മകളുടെ കരച്ചില്‍ ആ അച്ഛന്റെ നെഞ്ചില്‍ക്കിടന്ന് തിളച്ചു. നിറഞ്ഞൊഴുകുന്ന കണ്ണടച്ച് അയാള്‍ കാഞ്ചി വലിച്ചു. മഴ നനഞ്ഞ് മരക്കൊമ്പുകളില്‍ ഉറങ്ങിയിരുന്ന പക്ഷിക്കൂട്ടം വെടിയൊച്ചയില്‍ ഞെട്ടിയുണര്‍ന്ന് പറന്നു. അവര്‍ കോയയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി തൊട്ടപ്പുറത്തെ പൊട്ടക്കിണറ്റിലിട്ടു.
ഉള്ളൊഴിഞ്ഞ ഒരു ഈറത്തണ്ടുപോലെ ആ അച്ഛന്‍ ശൂന്യനായി.
പിറ്റേന്ന് ശങ്കരനാരായണന്‍ പഴനിക്ക് പോയി. കുറച്ച് ദിവസങ്ങള്‍ക്കുശേഷം അയാള്‍ പോലീസില്‍ കീഴടങ്ങി. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതി അയാള്‍ക്ക് ജീവപര്യന്തവും കൊലപാതകത്തിന് സഹായം ചെയ്ത കോയയുടെ സുഹൃത്തുക്കള്‍ക്ക് മൂന്നുവര്‍ഷം തടവും വിധിച്ചു. നാലുവര്‍ഷത്തിനുശേഷം തെളിവുകളുടെ അഭാവത്തില്‍ കോടതി ശങ്കരനാരായണനെ വെറുതെ വിട്ടു.
ശങ്കരനാരായണന്‍ എന്ന ആ അച്ഛന്‍ രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് 75-ാം വയസ്സില്‍ മരിച്ചു.
***

ഓരോ മാതാപിതാക്കളും എങ്ങനെയൊക്കെയാണ് മക്കളെ വളര്‍ത്തുന്നത്! അവരെ ചേര്‍ത്തുപിടിച്ച നാളുകള്‍, അവരുടെ ചൂടിലുറങ്ങിയ രാത്രികള്‍, അവരുടെ കരച്ചിലുകള്‍, കൂടുപൊട്ടിക്കുന്ന വാശികള്‍, പിച്ചവെപ്പുകള്‍, വളര്‍ച്ചകള്‍, പൂമരം പോലുള്ള ചിരികള്‍... പെട്ടെന്ന് ഒരുനാള്‍ ആരോ ഒരാള്‍ അല്ലെങ്കില്‍ ആരൊക്കെയോ അതുമല്ലെങ്കില്‍ ക്രൂരമായ എന്തെങ്കിലും സംവിധാനം അവനെ/അവളെ ഇല്ലാതാക്കുന്നു. സ്വന്തം കിടാവിന്റെ ജീവിതം അറുത്ത് മാറ്റപ്പെടുന്നു. ഏതെങ്കിലും രോഗമോ അപകടമോ ഒന്നുമല്ല കാരണം. അവര്‍ ഇല്ലാതാക്കപ്പെടുകയാണ്.
അത്തരത്തിലുള്ള എത്രയെത്ര മക്കളും മാതാപിതാക്കളും നമുക്ക് ചുറ്റുമുണ്ട്! അതില്‍ രാജനും അച്ഛന്‍ ഈച്ചരവാരിയരുമുണ്ട്; കൃഷ്ണപ്രിയയും ശങ്കരനാരായണനുമുണ്ട്; ഡോ. വന്ദനാ ദാസും മോഹന്‍ ദാസും സിദ്ധാര്‍ഥനും ജയപ്രകാശുമുണ്ട്... ഈ അച്ഛന്‍മാര്‍ക്കൊപ്പം കരഞ്ഞുതളരുന്ന അമ്മമാരുണ്ട്.
സിനിമയില്‍ സുഹൃത്തുക്കള്‍ ബെന്‍സ് എന്ന് വിളിക്കുന്ന മോഹന്‍ലാല്‍ അവതരിപ്പിച്ച ഷണ്‍മുഖവും ശോഭന അവതരിപ്പിച്ച ഭാര്യ ലളിതയും മകന്‍ പവിയും നമുക്ക് ചുറ്റുമുള്ള ഈ അവസ്ഥയുടെ കഥാപാത്രരൂപങ്ങള്‍ മാത്രം. മക്കള്‍ കൊലചെയ്യപ്പെടുമ്പോള്‍ ചില മാതാപിതാക്കളില്‍ അത് ഉണങ്ങാമുറിവായി ശേഷിക്കും. മറ്റുചിലരില്‍ ഉമിത്തീപോലെ എരിഞ്ഞുകൊണ്ടേയിരിക്കും. രണ്ടും മനുഷ്യമനസ്സിന്റെ രണ്ട് തലങ്ങള്‍. ഇതില്‍ ഈച്ചരവാരിയരുടെ ജീവിതമാണ് ഏറ്റവും ദയനീയം-മകന്‍ രാജന് എന്ത് സംഭവിച്ചു എന്ന് അവസാനംവരെ ആ അച്ഛന് അറിയില്ലായിരുന്നു. ഉദകംപോലും ചെയ്യാനാവാതെ ഉരുകിയുരുകി.....

മകളുടെ കൊലയാളിയെ കൊന്നതിനുശേഷമുള്ള ശങ്കരനാരായണന്റെ ജീവിതത്തെക്കുറിച്ച് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. തന്റെ പ്രതികാരം നിറവേറ്റിയതിനുശേഷവും അയാളുടെ മനസ്സില്‍ മകളുടെ കരച്ചില്‍ ഉയര്‍ന്നിട്ടുണ്ടാവുമോ? ഓര്‍മ്മകള്‍ തേങ്ങലോടെ തേടിയെത്തിയിരിക്കുമോ? ആ നെഞ്ചിലെ ഉമിത്തീ അണഞ്ഞിരിക്കുമോ? അറിയില്ല.
ഒ.വി. വിജയന്റെ 'കടല്‍ത്തീരത്ത്' എന്ന കഥയിലെ വെള്ളായിയപ്പന്‍ തൊട്ടടുത്ത ദിവസം തൂക്കിലേറ്റപ്പെടാന്‍ പോവുന്ന മകന്‍ കണ്ടുണ്ണിയെ അവസാനമായി കാണാന്‍ കണ്ണൂര്‍ ജയിലിലേക്ക് പോവുകയാണ്. അവന്റെ അമ്മ കോടച്ചി സ്‌നേഹവും കണ്ണീരും വീഴ്ത്തി കുഴച്ചുകൊടുത്ത ചോറിന്റെ പൊതി വെള്ളായിയപ്പന്റെ കൈയിലുണ്ടായിരുന്നു. അമ്മയുടെ കണ്ണീരിന്റെ ഓതം തോര്‍ത്തിന്റെ കെട്ടിലൂടെ കുതിര്‍ന്ന് പിടിക്കുന്നത് അയാള്‍ അറിയുന്നുണ്ട്. കരിമ്പനപ്പട്ടകളിലെ 'ദൈവസാന്ദ്രമായ കാറ്റ്'അയാളെ കടന്നുപോവുന്നു. മുണ്ടകപ്പാടത്തിന്റെ വരമ്പത്തൂടെ തന്റെ ചെറുവിരലില്‍പിടിച്ചുകൊണ്ട് അസ്തമയത്തിന്റെ പക്ഷികളെ നോക്കി അദ്ഭുതപ്പെട്ട മകനെ വെള്ളായിയപ്പന്‍ ആ യാത്രയില്‍ ഓര്‍ത്തുപോവുന്നു.

ജയിലില്‍ കൂടിക്കാഴ്ചയ്ക്കുശേഷം ഇരുമ്പഴിക്ക് പുറത്തേക്ക് നോക്കി അപരിചിതനായ കണ്ടുണ്ണി നിന്നതായി വിജയന്‍ എഴുതുന്നു. അവസാനത്തെ തിരിഞ്ഞുനോട്ടത്തിന്റെ ശ്രദ്ധാഞ്ജലിയോടെയാണ് വെള്ളായിയപ്പന്‍ നടന്നകലുന്നത്.
തൂക്കിലേറ്റപ്പെട്ട മകന്റെ ശരീരം വെള്ളായിയപ്പന്‍ എന്ന പിതാവ് ഏറ്റുവാങ്ങുന്നതിനെക്കുറിച്ച് വിജയന്‍ ഇങ്ങനെയാണ് എഴുതിയിട്ടുള്ളത്:
''ഒരു പേറ്റിച്ചിയെപ്പോലെ തന്റെ മകന്റെ ദേഹത്തെ വെള്ളായിയപ്പന്‍ പാറാവുകാരില്‍നിന്നും ഏറ്റുവാങ്ങി''
'തുടരും' എന്ന സിനിമ കണ്ട രാത്രി എന്റെ മനസ്സിലേക്ക് ഈച്ചരവാരിയരും ശങ്കരനാരായണനും വെള്ളായിയപ്പനും മോഹന്‍ദാസും ജയപ്രകാശും വന്നു. അവരുടെ ഭാര്യമാര്‍ വന്നു. അവരെല്ലാം മഴ നനഞ്ഞ് നില്‍ക്കുകയായിരുന്നു.
Content Highlights: The tragic story of Krishnapriya`s murder and her father`s heartbreaking quest for justice
Published: 18 Jun 2025, 10:40 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented