
'സമ്മർ ഇൻ ബത്‌ലഹേമി'ൽ മഞ്ജു വാര്യരും സുരേഷ് ഗോപിയും / മാതൃഭൂമി ആർക്കൈവ്സ്
ഒരുകാലത്ത് സുരേഷ്ഗോപിയുടെ ആക്ഷൻ സിനിമകൾ ആവേശത്തോടെ കണ്ടിരുന്നിട്ടുണ്ട്. അതിനുമുൻപ് പഴയ പല സിനിമകളിലും ചെറുപ്പക്കാരനും സുന്ദരനുമായ സുരേഷ്ഗോപിയേയും കണ്ടിട്ടുണ്ട്. പൊതുവേ റൊമാന്റിക് ഹീറോ പരിവേഷമില്ലാത്ത, സുരേഷ്ഗോപി ചെയ്ത പ്രണയസിനിമകളിൽ ഇഷ്ടം തോന്നിയൊരു കാമുകനുണ്ട്. അത് 'സമ്മർ ഇൻ ബത്‌ലഹേമി’ലെ ഡെന്നീസാണ്.
സിബി മലയിൽ സംവിധാനം ചെയ്ത ഈ സിനിമ നല്ല പാട്ടുകളും ചെറുപ്പത്തിന്റെ ആഘോഷങ്ങളുംകൊണ്ട് തിയേറ്റർ പൂരപ്പറമ്പാക്കിയ സിനിമകളിലൊന്നാണ്. ബത്‌ലഹേമിലെ ഡെന്നീസും ആമിയും രവിശങ്കറും കസിൻസും മുത്തശ്ശനും മുത്തശ്ശിയുമെല്ലാം ഒരു ഡിസംബർ വെക്കേഷന്റെ നല്ല ഓർമ്മകൾപോലെ മനസ്സിൽ ഇപ്പോഴും ബാക്കികിടക്കുന്നു.
ബത്‌ലഹേം എന്ന ഫാമും അവിടുത്തെ ബംഗ്ലാവും സ്വത്തുവകകളുമെല്ലാം ഡെന്നീസിന്റേതാണ് (സുരേഷ്ഗോപി). ഒരു ബ്രിട്ടീഷ് കമ്പനി വളർത്തി, ധനികനാക്കി ഉപേക്ഷിച്ച അനാഥനായ ഡെന്നീസ്. മാന്ത്രികവിദ്യകൊണ്ട് പണക്കാരനായി മാറിയ തെണ്ടിച്ചെറുക്കന്റെ കഥ എന്നാണ് ഡെന്നീസ് തന്റെ ജീവിതത്തെക്കുറിച്ച് ആമിയോട് പറയുന്നത്.
ഒരവധിക്കാലത്ത് രവിയുടെ ബത്‌ലഹേമിലേക്ക് മുത്തശ്ശനും മുത്തശ്ശിയും കുട്ടികളും കസിൻസും ഒക്കെ എത്തുന്നു. യഥാർത്ഥത്തിൽ അതെല്ലാം രവിയുടെ കൂട്ടുകാരൻ ഡെന്നീസിന്റെതായിരുന്നു. എന്നാൽ തന്റെ കൂട്ടുകാരനുവേണ്ടി അതെല്ലാം രവിയുടേതാണെന്ന് പറയാൻ ഡെന്നീസ് നിർബന്ധിക്കുന്നു. വീട് പെയിന്റടിച്ചും വൃത്തിയാക്കിയും അയാൾ അവർക്കുവേണ്ടി കാത്തിരിക്കുന്നു. ആരുമില്ലാതിരുന്ന തന്റെ ലോകത്തേക്ക് നിറയെ ബന്ധുക്കൾ കടന്നുവരുന്നതിൽ അയാൾ സന്തോഷിക്കുന്നു. അക്കൂട്ടത്തിൽ ആമി (മഞ്ജുവാര്യർ) എന്ന കസിനെ പതുക്കെ പതുക്കെ ഡെന്നീസ് ഇഷ്ടപ്പെട്ടുതുടങ്ങുന്നു.
താൻ ദത്തുപുത്രിയാണെന്ന് പറഞ്ഞ് വിഷമിക്കുന്ന ആമിയോട് തന്റെ കഥ പറയുന്നു. അവർ നല്ല കൂട്ടുകാരാകുന്നു. ഒടുവിൽ അവൾക്ക് മറ്റൊരാളെയാണ് ഇഷ്ടമെന്ന് ആമി പറയുമ്പോൾ ഡെന്നീസ് അവൾക്കൊപ്പം നിൽക്കുന്നു. തന്നോട് വെറുപ്പുണ്ടോ എന്നവൾ ചോദിക്കുമ്പോൾ അതിന് തനിക്ക് ഒരിക്കലും കഴിയില്ലെന്നാണ് അയാൾ പറയുന്നത്.
രവിയുമായി(ജയറാം) കല്യാണം തീരുമാനിച്ചപ്പോൾ അതൊഴിവാക്കാൻ എല്ലാവരുടെയും മുന്നിൽവച്ച് ഡെന്നീസിനെയാണ് ഇഷ്ടം എന്ന് ആമി പറഞ്ഞപ്പോൾ എല്ലാവരും ഡെന്നീസിനെ വെറുത്തു. അപ്പോൾ അവരുടെ സ്നേഹം നഷ്ടപ്പെട്ടതോർത്താണ് അയാൾ സങ്കടപ്പെട്ടത്. അയാൾ ഒരിക്കലും ഒരു സ്വാർത്ഥൻ ആയിരുന്നില്ല. പിന്നീട് താനത് വെറുതെ പറഞ്ഞതാണെന്നും തനിക്ക് നിരഞ്ജനെ (മോഹൻലാലിനെ) ആണ് ഇഷ്ടമെന്നും ആമി പറയുമ്പോൾ, 'എല്ലാറ്റിനും കൂടെ നിൽക്കാം. പക്ഷേ, ഈ കഥയിൽ തന്റെ വേഷമെന്താണെ'ന്ന് പറഞ്ഞുതരാമൊയെന്ന് ഡെന്നീസ് ചോദിക്കുന്നു. അപ്പോൾ ആമി പറയുന്നുണ്ട്: 'നിരഞ്ജനെ ഞാൻ കണ്ടില്ലായിരുന്നെങ്കിൽ സത്യമായും ഡെന്നീസ് ഞാൻ നിങ്ങളെ മാത്രമേ സ്നേഹിക്കുമായിരുന്നുള്ളൂ. കാരണം നിങ്ങൾ അത്രയ്ക്കും നല്ലവനാണ്'. സിനിമ കാണുന്നവർക്കും അതുതന്നെ തോന്നും, കാരണം ഡെന്നീസ് അത്ര നല്ലവനാണ്.
ഇവിടെ സുരേഷ്ഗോപിയുടെ മാസ്‌കുലിനിറ്റി നമുക്ക് കാണാനേ പറ്റില്ല, അത്രമേൽ ശാന്തനായ, സ്നേഹം മാത്രം നിറഞ്ഞ ഒരാൾ. അയാളുടെ നോട്ടവും ചിരിയുമെല്ലാം നമ്മളെ ആകർഷിക്കുംവിധമാണ്. ബത്‌ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്ന സ്നേഹനാഥനാണ് ഉണ്ണിയേശുവെങ്കിൽ ഈ ബത്‌ലഹേമിലെ സ്നേഹത്തിന്റെ നാഥനാണ് ഡെന്നീസ്.
പല നാളലഞ്ഞ മരുയാത്രയിൽ ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ...എന്ന് ബത്‌ലഹേമിൽനിന്ന് അയാൾ പാടുകയാണ് ആമിക്കുവേണ്ടി…
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: a look at suresh gopi`s portrayal of dennis in summer in bethlehem, a cherished romantic character in malayalam cinema
Published: 17 Jul 2025, 12:40 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented