
ചിത്രത്തിന്റെ പോസ്റ്റർ/ ഇൻസ്റ്റഗ്രാം(kokersmediaentertainments)
നീണ്ട 27 വർഷങ്ങൾക്ക് ശേഷം പ്രേക്ഷകരുടെ പ്രിയ ചിത്രം 'സമ്മർ ഇൻ ബത്‍ലഹേം' തീയേറ്ററുകളിലേക്ക് എത്തുന്നു. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകൻ സിബി മലയിൽ സംവിധാനം ചെയ്ത് രഞ്ജിത്തിൻ്റെ തിരക്കഥയിൽ 1998-ൽ പുറത്തിറങ്ങിയ ചിത്രം, നൂതന സാങ്കേതിക മികവോടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്.
കേരളത്തിൽ ക്ലാസിക് ചിത്രങ്ങളുടെ റീ-റിലീസുകൾ ആവേശം സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തിലും, ‘സമ്മർ ഇൻ ബത്‍ലഹേം’ അതിന്റെ ശക്തമായ റിപ്പീറ്റ് വാല്യു കൊണ്ടും, സംഗീതവും, ദൃശ്യഭംഗിയും, കഥാപാത്രങ്ങളുടെ മാനസിക ആഴവും കൊണ്ട് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ്. വർഷങ്ങൾക്ക് മുമ്പ് പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ ആമിയും, രവിശങ്കറും, ഡെന്നീസും, നിരഞ്ജനും, മോനായിയും വീണ്ടും ഒരുമിക്കുന്നത് തീയേറ്ററുകളിലെത്തി നേരിട്ട് അനുഭവിക്കാനുള്ള അവസരമാണ് ഈ റീ-റിലീസിലൂടെ ഒരുങ്ങുന്നത്.
വിദ്യാസാഗറിൻ്റെ ഹിറ്റായ ഗാനങ്ങളും ഊട്ടിയുടെ ദൃശ്യഭംഗിയും മനോഹരമായ ഫ്രെയിമുകളും പരമാവധി ആസ്വദിക്കാൻ 4k അറ്റ്‍മോസിലാണ് ചിത്രം റീ-റിലീസ് ചെയ്യപ്പെടുന്നത്. കോക്കേഴ്സ് ഫിലിംസിനൊപ്പം, അഞ്ജനാ ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ചാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്.
ടെലിവിഷൻ ചാനലുകളിൽ ഇന്നും നിറസാന്നിദ്ധ്യമായ ചിത്രം എക്കാലത്തെയും ഹിറ്റ് ചാർട്ടിലിടം നേടിയിട്ടുണ്ട്. പ്രേക്ഷകർക്കിടയിൽ ഇന്നും ഏറെ സ്വീകാര്യതയുള്ള ചിത്രമായതിനാലാണ് ചിത്രത്തെ 4Kഅറ്റ്‍മോസിൽ അവതരിപ്പിക്കു ന്നതെന്ന് നിർമ്മാതാവ് സിയാദ് കോക്കർ വ്യക്തമാക്കി.
ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങൾക്കു ശേഷം ഹൈ സ്റ്റുഡിയോസിൻ്റെ നേതൃത്വത്തിലാണ് ചിത്രം 4k നിലവാരത്തിൽ പുറത്തിറങ്ങുന്നത്.
സുരേഷ് ഗോപി, ജയറാം മഞ്ജു വാര്യർ, കലാഭവൻ മണി എന്നിവർക്കൊപ്പം മോഹൻലാലും നിർണ്ണായകമായ കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിൽ ജനാർദ്ദനൻ, സുകുമാരി തുടങ്ങിയ നിരവധി താരങ്ങളും അഭിനയിച്ചിട്ടുണ്ട്.
സഞ്ജീവ് ശങ്കർ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ. ഭൂമിനാഥൻ ആണ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗർ സംഗീതം ഒരുക്കിയിരിക്കുന്നു. കെ.ജെ. യേശുദാസ്, കെ.എസ് ചിത്ര, സുജാത, എം.ജി ശ്രീകുമാർ, ശ്രീനിവാസ്, ബിജു നാരായണൻ എന്നിവരാണ് ചിത്രത്തിലെ ഗായകർ.
"ബത്‍ലഹേമിലെ പ്രിയപ്പെട്ടവരേ ഒരിക്കൽകൂടി കാണാൻ ഒരു യാത്ര, അവരെ കണ്ടിട്ടില്ലാത്തവരുണ്ടെങ്കിൽ കൂടെ കൂട്ടില്ലേ...” എന്ന അടിക്കുറിപ്പോടെ ചിത്രത്തിന്റെ പുതിയ പോസ്റ്റർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് കോക്കേഴ്സ് ഫിലിംസ്. റിലീസ് തീയതി ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ്
ആരാധകർ.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: This beloved Malayalam classic is back in theaters with a stunning 4K Atmos remaster after 27 years.
Published: 03 Nov 2025, 03:55 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented