
2015 മെയ് 16, ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ദിവസങ്ങളില്‍ ഒന്ന്. ഡോക്ടറായ എന്നെ ഒരു വിവര്ത്തകന് കൂടിയാക്കിയ ദിവസം. ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി എന്ന നിലയില്‍ എന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ദിവസങ്ങളിലൊന്ന് എന്ന് പറഞ്ഞാലും തെററില്ല. ചൈനയിലെ ഏറ്റവും വലിയ മെഡിക്കല്‍ യൂണിവേഴ്സിറ്റികളില്‍ ഒന്നായ ഫുഡാന്‍ യൂണിവേഴ്സിറ്റിയില്‍ പി ജി ചെയ്തുകൊണ്ടിരിക്കുന്ന കാലമാണ്. രാവിലെ തന്നെ എന്റെ ഫാക്വല്റ്റിയുടെ വിളി വന്നു.
' ഒന്ന് കാണണം, പ്രധാനപ്പെട്ട ദൗത്യം എല്പ്പിക്കാനുണ്ട്' എന്നായിരുന്നു സന്ദേശം. എന്താണ് കാര്യമെന്ന് വ്യക്തമായി പറയാത്തതിനാല്‍ ചെറിയ ആശങ്കയോടെയാണ് അദ്ദേഹത്തെ കാണാന്‍ ചെന്നത്.
' നിങ്ങളുടെ നാട്ടില്‍ നിന്ന്, ഇന്ത്യയില്‍ നിന്ന് ഒരു വി.ഐ.പി വരുന്നുണ്ട്. അദ്ദേഹത്തിനായി വിവര്‍ത്തനം ചെയ്യാനുള്ള ചുമതല താങ്കളെ ഏല്‍പ്പിക്കുകയാണ്'. ചിരിച്ചുകൊണ്ട് അദ്ദേഹം കാര്യം പറഞ്ഞു.
എനിക്ക് വലിയ ആശങ്കയൊന്നും തോന്നിയില്ല. കഴിഞ്ഞ ആറ് വര്‍ഷക്കാലമായി ഞാന്‍ ചൈനയിലാണുള്ളത്. എം.ബി.ബി.എസ് കഴിഞ്ഞു. മികച്ച ഒരു ഡോക്ടറാകണമെങ്കില്‍ പ്രാദേശിക ഭാഷയിലുള്ള ആശയ വിനിമയം അനിവാര്യമായതിനാല്‍ ഒരു വര്‍ഷം ചൈനീസ് ഭാഷ പഠിക്കാന്‍ വേണ്ടി മാത്രം മാറ്റിവെച്ചു. ഒരു വര്‍ഷം കൊണ്ട് ചൈനീസ് ഭാഷ നന്നായി സംസാരിക്കാനും വായിക്കാനും മനസ്സിലാക്കാനും സാധിക്കുന്ന രീതിയിലേക്ക് സ്വയം വളര്‍ത്തിയെടുക്കാന്‍ സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ നിന്ന് ഏതെങ്കിലും ഉദ്യോഗസ്ഥരോ, പ്രമുഖരോ ഒക്കെ വന്നാല്‍ വലിയ ബുദ്ധിമുട്ടില്ലാതെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന ആത്മവിശ്വാസവും എനിക്കുണ്ട്.
' ആരാണ് വി.ഐ.പി എന്ന് താങ്കള്‍ ചോദിച്ചില്ലല്ലോ?' സാറിന്റെ അടുത്ത ചോദ്യം തൊട്ട് പിന്നാലെ വന്നു.സത്യത്തില്‍ അങ്ങിനെയൊരു ചിന്ത എന്റെ മനസ്സിലും ഉണ്ടായിരുന്നില്ല. ഏതോ ഒരു ഉദ്യോഗസ്ഥനായിരിക്കുമെന്ന മുന്‍ധാരണ ഉള്ളിലുണ്ടായിരുന്നതിനാലായിരിക്കണം. ഞാന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.
'ആരാണ് സര് ആ വി.ഐ.പി?'
Also Read
അദ്ദേഹത്തിന്റെ മറുപടി കേട്ട നിമിഷാര്ധ നേരം കൊണ്ട് എന്റെ ചുണ്ടിലെ പുഞ്ചിരി പോയ് മറഞ്ഞു. ഞാനാകെ സ്തബ്ധനായിപ്പോയി എന്ന് പറയുന്നതായിരിക്കും യാഥാര്‍ത്ഥ്യം. അദ്ദേഹത്തിന്റെ ഉത്തരം ഇങ്ങിനെയായിരുന്നു.
' ഹോണറബിള്‍ പ്രൈം മിനിസ്റ്റര്‍ ഓഫ് ഇന്ത്യ, മിസ്റ്റര്‍ നരേന്ദ്ര മോദി!!'.

അതുവരെ ഞാന്‍ കാത്തുസൂക്ഷിച്ച അമിതമായ ആത്മവിശ്വാസം ഒരു നിമിഷം കൊണ്ട് ഇല്ലാതായെന്ന് പറയാം. എങ്കിലും മനസ്സിലുണ്ടായ ആശങ്ക പുറത്ത് കാണിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. പിന്നീടുള്ള ഓരോ നിമിഷവും എന്റെ ഹൃദയ സപന്ദനം എനിക്ക് തന്നെ കേള്‍ക്കാന്‍ സാധിക്കുന്ന തരത്തിലായിരുന്നു. കാത്തിരിപ്പിനന്ത്യം കുറിച്ചുകൊണ്ട് അദ്ദേഹം സാവധാനം വേദിക്കരികിലേക്ക് നടന്ന് വരുന്നത് ദൂരെ നിന്നേ കണ്ടു. സുസ്മേര വദനനായാണ് അടുത്തേക്ക് നടന്ന് വരുന്നത്. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന എന്റെ അധ്യാപകര്‍ എന്നെ പരിചയപ്പെടുത്തി.
' ഇത് മുഹമ്മദ് ഹസ്സന്, അങ്ങയുടെ നാട്ടുകാരനാണ്, ഇദ്ദേഹമാണ് താങ്കള്‍ക്ക് വേണ്ടി വിവര്‍ത്തനം നടത്തുന്നത്'.
മനോഹരമായ പുഞ്ചിരി, എന്റെ കൈ ചേര്‍ത്തുപിടിച്ചു. അല്‍പ്പ നിമിഷങ്ങള്‍ സ്വപ്നത്തിലെന്ന പോലെ കടന്ന് പോയി. അതുവരെ മനസ്സിലുണ്ടായിരുന്ന ആശങ്കകളെല്ലാം പറന്നകലുന്നത് ഞാനനുഭവിച്ചറിഞ്ഞു. പിന്നീടുള്ള മൂന്ന് നാല് മണിക്കൂറുകള്‍. മറ്റുള്ളവരുടെ പ്രസംഗങ്ങളും, സംസാരങ്ങളുമെല്ലാം അദ്ദേഹത്തോട് പങ്കുവെച്ചു. തിരിച്ചദ്ദേഹത്തിന്റെ വാക്കുകള്‍ മറ്റുള്ളവര്‍ക്കും പരിഭാഷപ്പെടുത്തി നല്കി.
ഒടുക്കം എല്ലാം കഴിഞ്ഞപ്പോള്‍ വീണ്ടും എന്നെ ചേര്‍ത്ത് പിടിച്ചു. ' നന്ദി ഡോക്ടര്‍, പഠന ശേഷം താങ്കള്‍ ഇന്ത്യയിലേക്ക് വരണം. താങ്കളെ പോലുള്ളവരെ രാജ്യത്തിന് ആവശ്യമുണ്ട്. വീണ്ടും കാണാം' ആ വാക്കുകള്‍ ഇപ്പോഴും മനസ്സിലലയടിക്കുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദ്ദേശമാണ്, ഞാനത് ശിരസ്സാവഹിച്ചു. പഠന ശേഷം വിദേശത്തെവിടെയെങ്കിലും ജോലി ചെയ്യണം എന്ന എന്റെ തീരുമാനത്തെ മാറ്റിയതും ആ ഒറ്റ വാക്കായിരുന്നു.
അതിന് ശേഷം വിദ്യാഭ്യാസ കാലത്ത് ചൈനയിലേക്ക് ഇന്ത്യയില്‍ നിന്ന് ഏത് പ്രമുഖ വ്യക്തി എത്തിച്ചേര്‍ന്നാലും പരിഭാഷപ്പെടുത്താനുള്ള നിയോഗം എനിക്കായിരുന്നു. പിന്നീട് പഠനം കഴിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഡോക്ടറായും, കോട്ടക്കല്‍ ആസ്റ്റര്‍ മിംസിലെ ഓര്‍ത്തോപീഡിക് വിഭാഗത്തിലെ ഡോക്ടറായും സേവനമനുഷ്ഠിക്കുമ്പോഴും ഇടയ്ക്ക് എന്റെ ഫോണിലേക്ക് വിളിയെത്തും.
'ഡോക്ടര്‍, ചൈനയില്‍ നിന്നും കുറച്ച് വി.ഐ.പികള്‍ ഡല്‍ഹി സന്ദര്‍ശിക്കുന്നു. ഡോക്ടറെത്തണം, പരിഭാഷപ്പെടുത്തണം...' .
(കോട്ടക്കല്‍ ആസ്റ്റര്‍ മിംസിലെ റസിഡന്റ് ഓര്‍ത്തോപീഡിക് സര്‍ജനാണ് ലേഖകന്‍)
Content Highlights: doctor from kerala translate PM Narendra Modi speech to chinese
Published: 01 Jul 2023, 12:18 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented