എന്റെ ഹൃദയം ഈ പോക്കണംകോടിന് വേണ്ടി തുടിക്കുന്നു, തുടിക്കട്ടെ, തുടിച്ചു കൊള്ളട്ടെ. 

To advertise here,

പുതിയ ഡോക്ടറുടെ പ്രതിജ്ഞ പോക്കണംകോട്ടുകാര്‍ ഏറ്റുചൊല്ലി. മുപ്പത്തിമൂന്നു വർഷങ്ങൾക്ക് മുമ്പ് 1990-ലാണ്  ഡോക്ടര്‍ പശുപതി പുറത്തുവന്നത്. ഇന്നും മറന്നിട്ടില്ല കണ്ടവരാരും, ആ നാടിനെയും നാട്ടുകാരെയും. 

പോക്കണംകോട് പഞ്ചായത്തോഫീസില്‍ നിന്നാണ് സിനിമ തുടങ്ങുന്നത്. പ്രസിഡന്റ് ഉണ്ണിക്കണ്ണന്‍ നായരും പ്രതിപക്ഷനേതാവ് നാണപ്പനും തമ്മില്‍ തീ പാറുന്ന പോര്. രാഷ്ട്രീയമര്യാദകള്‍ കാറ്റില്‍പറത്തിയുള്ള തറ ലെവല്‍ പോരാട്ടം. നാട്ടില്‍ മൃഗഡോക്ടറില്ലാത്തത് പ്രസിഡന്റിന്റെ പിടിപ്പുകേടാണെന്ന് കേട്ടാല്‍ അഭിമാനിയായ നായര്‍ക്ക് അടങ്ങിയിരിക്കാന്‍ പറ്റുമോ ? എന്തുവന്നാലും ഇനി മൃഗഡോക്ടറെ കൊണ്ടുവന്നേ പറ്റൂ.
 പ്രസിഡന്റ് തന്റെ വിശ്വസ്തനായ പരമേശ്വര കുറുപ്പിനെ തന്നെ അയച്ചു.

കുറുപ്പിനുണ്ടോ ഡോക്ടര്‍മാരുമായി ബന്ധം. അയാള്‍ കറങ്ങിത്തിരിഞ്ഞ് പഴയ ചങ്ങാതി ഭൈരവന്റെ വീട്ടിലെത്തി. ഭൈരവനോ തികഞ്ഞ കള്ളന്‍. കളവിനെ കലയായി കണ്ട് ജന്മസിദ്ധമായ പ്രതിഭയോടെ നിറവേറ്റുന്ന വിരുതന്‍. മൃഗഡോക്ടറായി മാറാന്‍ അയാള്‍ക്ക് താമസമുണ്ടായില്ല. ഒരു ലൊടക്ക്  കാറില്‍ തുക്കടാ സ്‌റ്റെതസ്‌കോപ്പും കഴുത്തില്‍ ചുറ്റി പശുപതി പോക്കണംകോടില്‍ അവതരിക്കുന്നു.

യു.ഡി.സി യുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സ്വീകരണ ചടങ്ങ് മലയാളിയെ കുടുകുടാ ചിരിപ്പിച്ചു. ചിരിച്ചുചിരിച്ച് കണ്ണ് നനഞ്ഞു. തന്റെ അധ്യക്ഷപ്രസംഗം  നായര്‍ അവസാനത്തേക്ക് മാറ്റിവെച്ചു. പ്രതിപക്ഷ നേതാവ് നാണപ്പനോടും അനുയായികളായ ഉത്പലാക്ഷനോടും ബാലനോടും അലമ്പുണ്ടാക്കല്ലേ എന്ന അപേക്ഷയോടെ പശുപതി ഇംഗ്‌ളീഷില്‍ പ്രസംഗിച്ച് തുടങ്ങി. പിന്നെയാണോര്‍ത്തത് താന്‍ മലേഷ്യയിലല്ല എന്ന്. ബാക്കി പ്രസംഗം മലയാളത്തില്‍. 

കൊല്ലങ്ങള്‍ക്ക് മുന്‍പായിരുന്നു ആ ദുരന്തം. എന്റെ അച്ഛന്‍ ആറ്റുനോറ്റു വളര്‍ത്തിയൊരു അല്‍സേഷ്യന്‍ നായ പെട്ടെന്ന് നിര്യാതനായി. ആ ആഘാതത്തില്‍ അച്ഛന് ഹൃദയ സ്തംഭനം ഉണ്ടായി. മരണക്കിടക്കയില്‍ വെച്ച് അച്ഛനെന്നോടു പറഞ്ഞു- പശുപതി, നീ നിന്റെ ജീവിതം മൃഗങ്ങള്‍ക്കായി ഉഴിഞ്ഞു വെക്കണം. അന്ന് തുടങ്ങിയതാണ് നിങ്ങള്‍ക്ക് വേണ്ടിയുള്ള എന്റെ ഈ ജീവിതം. മൃഗീയ പഠനത്തിനായി ഞാന്‍ ന്യൂ ജേഴ്സിയില്‍ പോയി. വെറ്റിനറി സയന്‍സില്‍ ബിരുദാന്തര ബിരുദം നേടി...............

ചികിത്സ ഇന്നെനിക്കൊരു മാനസിക രോഗമാണ്. ഞാന്‍ ചികില്‍സിക്കുന്ന ഓരോ പട്ടിയിലും പൂച്ചയിലും പശുവിലും പോത്തിലും ഞാനെന്റെ അച്ഛന്റെ മുഖം കാണുന്നു. 

പോക്കണംകോട് പഞ്ചായത്ത് പോകുന്നതിനു മുന്‍പ് ശരിയാക്കിത്തരാമെന്ന് പറഞ്ഞ പശുപതി പോകപ്പോകെ കഥാപാത്രം മറക്കുന്നു. നിലാവുണ്ടെന്ന് കരുതി വെളുക്കുവോളം കട്ട പഴയ കള്ളന്റെ ഗതി തന്നെയായി ഭൈരവന്റെയും. നായരുടെ മകള്‍ അമ്മുക്കുട്ടിയുടെ വരനായി അയാള്‍ മണ്ഡപം വരെയെത്തിയതാണ്. അവിടെവച്ച് അയാളുടെ കള്ളി വെളിച്ചത്താകുന്നതും അമ്മുക്കുട്ടിയുടെയും പപ്പന്റെയും പ്രണയം പൂവണിയുന്നതുമാണ് സിനിമയുടെ ക്ലൈമാക്‌സ്.  

ഇന്നസെന്റ്, നെടുമുടി വേണു, പപ്പു, പാര്‍വതി, ജഗതി, ലളിത, മുകേഷ്, ജഗദീഷ്, കല്‍പ്പന... തുടങ്ങി അഭിനയമികവിന്റെ സമ്മേളനമായിരുന്നു 'ഡോക്ടര്‍ പശുപതി'.

അടിമുടി ചിരിപ്പടക്കം വിതറിയ കഥയുടെ സൃഷ്ടാവ് ഒരു തുടക്കക്കാരനായിരുന്നു. പേര് രഞ്ജി പണിക്കര്‍. സംവിധായകനായി ക്യാമറയ്ക്ക് പിന്നില്‍ നിന്നത് സാക്ഷാല്‍ ഷാജി കൈലാസ്. 

ജഗദീഷ് നായകനായ 'സ്ഥലത്തെ പ്രധാന പയ്യന്‍സ് ' ആയിരുന്നു ഷാജി-രഞ്ജി ദ്വയത്തിന്റെ അടുത്ത സിനിമ. പിന്നീടങ്ങോട്ട് അവര്‍ ശൈലി മാറ്റിപ്പിടിച്ചു. രഞ്ജി പണിക്കരുടെ പേനയില്‍ നിന്ന് തീപ്പൊരി പറന്നു. ഷാജി കൈലാസ് മാസ് മസാല ചിത്രങ്ങളുടെ തമ്പുരാനായി. 'ഏകലവ്യന്‍', 'മാഫിയ', 'കമ്മീഷണര്‍'  ,'ദി കിങ്',  'ദി കിങ് ആന്‍ഡ് ദി കമ്മീഷണര്‍'... ഇരുവരും പിന്നീട് കൈകോര്‍ത്തപ്പോഴൊക്കെ പിറന്നു, ഇടിമുഴക്കമുള്ള സംഭാഷങ്ങളും തീയറ്റര്‍ ഇളക്കിമറിക്കുന്ന സംഘട്ടനങ്ങളും. 

ചിരിച്ചു മതി വരാതെ പ്രേക്ഷകര്‍ ഇന്നും കാത്തിരിക്കുകയാണ്. എന്നുവരും ഇനി പശുപതി പോലെ ഒരു ചിരിപ്പടം ?