മാതൃഭൂമിയുടെ ചിത്രഭൂമിയില്‍ ഫിലിം ജേണലിസ്റ്റായി ജോലിചെയ്തിരുന്ന കാലത്താണ് ഞാനും സുരേഷ് ഗോപിയും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. ഓര്‍മ ശരിയാണെങ്കില്‍ ഫാസിലിന്റെ പൂവിനു പുതിയ പൂന്തെന്നല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍നിന്ന് തുടങ്ങിയ സൗഹൃദം. ആ ചങ്ങാത്തം ഇണക്കവും പിണക്കവും കലഹങ്ങളും ചേര്‍ന്നതായിരുന്നു. എന്തെങ്കിലും ചെറിയ കാരണം മതി തൊട്ടാവാടിയെപ്പോലെ പിണങ്ങി അവന്‍ ഒന്നും മിണ്ടാതെ നടക്കും, അതുപോലെ പെട്ടെന്ന് അടുക്കും. വളരെ ഇമോഷണലായിട്ടായിരുന്നു അവന്‍ എല്ലാ കാര്യവും കണ്ടത്. അതുകൊണ്ടുതന്നെ ആ ബന്ധത്തില്‍ ധാരാളം സൗന്ദര്യപ്പിണക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്.

To advertise here,

ആ സൗഹൃദം ദൃഢമായ ആത്മബന്ധമായി മാറിയത് തലസ്ഥാനം എന്ന ചിത്രത്തിന്റെ കഥപറയാന്‍ ഇരുന്ന കാലത്താണ്.
അന്ന് മമ്മൂട്ടിയോടും മോഹന്‍ലാലിനോടും കഥപറഞ്ഞ് അവരെ സിനിമയിലേക്ക് ഇറക്കിക്കൊണ്ടുവരുന്നതിനേക്കാള്‍ ഞങ്ങള്‍ക്ക് എളുപ്പം സുരേഷ്‌ഗോപിയായിരുന്നു. എനിക്കും അതുപോലെ ഷാജി കൈലാസിനും ഒരുപോലെ എടാ പോടാ ബന്ധമുള്ളയാള്‍. അവിടുന്നാണ് ആ കൂട്ടുകെട്ടില്‍ ഹിറ്റുകള്‍ പിറക്കാന്‍ തുടങ്ങിയത്. അതിനുശേഷമാണ് ഞങ്ങളുടെ ടീമിന്റെ സാധ്യത തിരിച്ചറിയുന്നത്.
തലസ്ഥാനത്തിലൂടെ 200 ദിവസം പിന്നിട്ട ചിത്രത്തിലെ നായകനായി സുരേഷ് ഗോപി മാറി. പിന്നീട് ഞാന്‍ എഴുതിയ മൂന്നുചിത്രങ്ങള്‍ ഒഴികെ ബാക്കി എല്ലാ സിനിമയിലും സുരേഷ് ഗോപിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.

രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഞങ്ങള്‍ ഒരുക്കിയ ചിത്രങ്ങളില്‍നിന്നാണ് ആ നടന്റെ രാഷ്ട്രീയചിന്ത രൂപപ്പെട്ടതെന്ന് പറയാറുണ്ട്. അതുവരെ രാഷ്ട്രീയത്തെ അകലെനിന്ന് കണ്ടിട്ടുള്ള ശീലമായിരുന്നു സുരേഷിന് ഉണ്ടായിരുന്നത്. സെറ്റിലെയും സൗഹൃദ സദസ്സിലെയും ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകളില്‍നിന്നാണ് അവന്‍ രാഷ്ട്രീയ ചലനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ തുടങ്ങിയത്.

തലസ്ഥാനത്തിനുശേഷം ഞങ്ങള്‍ വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു സ്ഥലത്തെ പ്രധാന പയ്യന്‍സ്. ആ ചിത്രത്തില്‍ ജഗദീഷിനൊപ്പം മറ്റൊരു പ്രധാന കഥാപാത്രമായി സുരേഷ് അഭിനയിച്ചു. അദ്ദേഹത്തിന്റെ സാന്നിധ്യം ആ സിനിമയെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അതിനുശേഷമാണ് ഏകലവ്യന്‍ വരുന്നത്. അക്കാലംവരെയുള്ള ചിത്രങ്ങളെല്ലാം അത് മാറ്റിവരച്ചു. സുരേഷ് ഗോപിയുടെ സ്റ്റാര്‍ഡം മാറ്റിമറിച്ച ചിത്രമായിരുന്നു അത്. പുതിയൊരു തരംഗത്തിന് തുടക്കമിട്ടു. തുടര്‍ന്ന് കമ്മീഷണര്‍ എത്തിയപ്പോള്‍ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് സുരേഷ് ഗോപിയെ മാധ്യമങ്ങളും പ്രേക്ഷകരും എടുത്തുയര്‍ത്തി. തുടര്‍ന്നുവന്ന ലേലവും പത്രവും താരത്തിന്റെ ഗ്രേഡിങ് കൂട്ടിയ ചിത്രങ്ങളായിരുന്നു.

ആ ചിത്രങ്ങള്‍ കഴിഞ്ഞപ്പോള്‍ സുരേഷ് തിരക്കിലായി; അതിനിടയില്‍ ഞാനും ഷാജി കൈലാസും ചേര്‍ന്ന് മമ്മൂട്ടിയെ നായകനാക്കി 'ദി കിംഗ്' എന്ന സിനിമ ചെയ്തു. അതിലും സുരേഷ് ഗോപിയുടെ സാന്നിധ്യമുണ്ടായിരുന്നു. കുറേ ചിത്രങ്ങള്‍ ഒരുമിച്ച് ചെയ്തവര്‍ അതില്‍നിന്ന് മാറി മറ്റൊരു നായകന്റെ സിനിമ ചെയ്യുമ്പോള്‍ അതിലും ആ കൂട്ടായ്മ വേണമെന്ന ഞങ്ങളുടെ ആഗ്രഹത്തിലാണ് കിംഗില്‍ അദ്ദേഹം അഭിനയിച്ചത്.
ഏത് താരത്തിനുവേണ്ടി എഴുതുമ്പോഴും ഓരോ ഷോട്ടും മനസ്സില്‍ കണ്ടാണ് ഞാന്‍ എഴുതാറുള്ളത്. കഥാപാത്രത്തെ അതിന്റെ കരുത്തില്‍ വെള്ളിത്തിരയില്‍ പ്രസന്റ് ചെയ്യുന്നതില്‍ സുരേഷിന് വിസ്മയിപ്പിക്കുന്ന 'പവര്‍' ഉണ്ട്. സംഭാഷണങ്ങളുടെ താളവും ശബ്ദവും കഥാപാത്രത്തിന്റെ വൈകാരികതയുമെല്ലാം ചേര്‍ത്തവന്‍ പൊലിപ്പിക്കും. എഴുതിയതിന്റെ പത്ത് മടങ്ങ് പവറില്‍ പുറത്തുവിടും.
മമ്മൂട്ടിക്കുവേണ്ടി 'ദുബായ്'യും മോഹന്‍ലാലിനുവേണ്ടി 'പ്രജ'യും ഞാന്‍ ചെയ്തു. ആ സിനിമയ്ക്കുവേണ്ടിയുള്ള യാത്രയില്‍ മറ്റൊരു സുരേഷ് ഗോപി ചിത്രത്തിലേക്കുള്ള അകലം കൂടി.

നാലുവര്‍ഷത്തെ ഇടവേള കഴിഞ്ഞ് ഭരത് ചന്ദ്രന്‍ ഐ.പി.എസുമായി ഞങ്ങള്‍ വീണ്ടും ഒന്നിച്ചു. അതില്‍ തിരക്കഥാകൃത്തിനപ്പുറം നിര്‍മാതാവ്, സംവിധായകന്‍ എന്നീ മേലങ്കികൂടി എനിക്ക് എടുത്തണിയേണ്ടിവന്നു. ആ സിനിമയുടെ പ്രചോദനം സുരേഷ് ഗോപി തന്നെയായിരുന്നു. എല്ലാ സിനിമകളെയുംപോലെ ആ ചിത്രത്തിന്റെ തുടക്കത്തിന് ചില ആകസ്മികതകള്‍ ഉണ്ടായിട്ടുണ്ട്.

ഇനി ഏതുതരം സിനിമ ചെയ്യണമെന്ന് ആലോചിച്ചിരുന്ന കാലം. എവിടെയോ പ്രോഗ്രാം കഴിഞ്ഞ് കമ്മീഷണറിലെ സംഭാഷണങ്ങള്‍ അവതരിപ്പിച്ച് കൈയടി വാങ്ങി തിരിച്ചുവരുമ്പോള്‍ സുരേഷ് ഗോപി എന്നെ വിളിച്ചു. വൈറ്റില ജങ്ഷനില്‍ ഭരത്ചന്ദ്രന്റെ ഒരു ഫ്‌ളക്‌സ് ഉയര്‍ന്നുനില്‍ക്കുന്നത് ഞാന്‍ മനസ്സില്‍ കാണുന്നു. നമുക്ക് അങ്ങനെയൊന്ന് ആലോചിച്ചാലോ എന്നവന്‍ പറഞ്ഞു. ആ സംഭാഷണത്തെ പിന്തുടര്‍ന്നാണ് ഭരത്ചന്ദ്രന്‍ IPS എന്ന ചിത്രം പിറവിയെടുക്കുന്നത്. ആ സിനിമയ്ക്ക് തുടക്കമിട്ടെങ്കിലും അതിന്റെ നിര്‍മാണത്തിനോ വിതരണം ഏറ്റെടുക്കാനോ ആരും മുന്നോട്ടുവന്നില്ല. അങ്ങനെ നിര്‍മാണം ഞാന്‍ ഏറ്റെടുത്തു. ചിത്രം പൂര്‍ത്തിയായതിനുശേഷമേ വിതരണക്കാരനും എത്തിയുള്ളൂ. ചിത്രം റിലീസ് ചെയ്യുന്നതുവരെ അതിന്റെ സാറ്റലൈറ്റ് റൈറ്റ് വാങ്ങാന്‍ ആരും മുന്നോട്ടുവന്നില്ല. ഒടുവില്‍ ചിത്രം റിലീസായശേഷം മലയാള സിനിമയ്ക്ക് അതുവരെ കിട്ടിയിട്ടില്ലാത്ത റേറ്റില്‍ അത് വിറ്റുപോയി. സിനിമ ഇറക്കി വിജയം കാണിച്ച് കൊടുക്കേണ്ടിവന്നു.

കുറച്ച് കാലങ്ങള്‍ക്കുശേഷം സുരേഷ് ഗോപിയെ നായകനാക്കി വീണ്ടുമൊരു ചിത്രം ആലോചിച്ചപ്പോള്‍ അത് ഷാജി കൈലാസ് സംവിധാനം ചെയ്താല്‍ നന്നാകുമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയാണ് ഞങ്ങളുടെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ കിംഗിലെയും കമ്മീഷണറിലെയും കഥാപാത്രങ്ങള്‍ ഒന്നിച്ച കിംഗ് ആന്‍ഡ് കമ്മീഷണര്‍ എന്ന സിനിമ എത്തിയത്.

മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിച്ചുനില്‍ക്കുമ്പോള്‍ അവര്‍ക്കിടയില്‍ ഒരു ജ്യേഷ്ഠാനുജ ബന്ധം പ്രേക്ഷകര്‍ കല്‍പ്പിച്ചുനല്‍കുമെന്ന് നമുക്കറിയാം. ആ നിലയ്ക്കാണ് ആ സിനിമയ്ക്ക് തിരക്കഥ രൂപപ്പെടുത്തിയത്. രണ്ട് കഥാപാത്രങ്ങളും നന്നായി ബാലന്‍സ് ചെയ്താണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. അതും ഈ കൂട്ടുകെട്ടിന്റെ മറ്റൊരു സൗഭാഗ്യം. സിനിമയില്‍ സജീവമായ സമയത്തുതന്നെയാണ് സുരേഷ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്.

അദ്ദേഹത്തിന്റെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം. പക്ഷേ, രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്കതീതമായി ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ എം.പി. എന്ന നിലയ്ക്കുള്ള പദവിയും സ്വാധീനങ്ങളും സാധ്യതകളുമെല്ലാം വളരെ നന്നായി ഉപയോഗിയോഗിച്ച മാതൃകാ പൊതുപ്രവര്‍ത്തനം സുരേഷ് ഗോപിയില്‍ നമുക്ക് കാണാം. അതാണ് ആ പൊതുപ്രവര്‍ത്തകനില്‍ ഞാന്‍ കണ്ട ഏറ്റവും പോസിറ്റീവായ കാര്യം.

കാലത്തിന്റെ നിയോഗംപോലെ എന്റെ മകന്‍ നിഥിന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ 'കാവല്‍' എന്ന ചിത്രത്തില്‍ സുരേഷ് ഗോപി നായകനായി. ആ ചിത്രത്തില്‍ ഞങ്ങള്‍ക്ക് ഒന്നിച്ച് അഭിനയിക്കാന്‍ കഴിഞ്ഞു. ആത്മബന്ധമുള്ള ചങ്ങാതിമാര്‍ എന്ന നിലയില്‍ ആ കൂട്ടായ്മ ഏറെ സന്തോഷം നല്‍കുന്നു. കാലം കരുതിവെച്ച കൗതുകംപോലെ...