
അരയന്നങ്ങളുടെ വീട് എന്ന ചിത്രം കണ്ടിട്ടുണ്ടോ? ലോഹിതദാസിന്റെ രചനയിലും സംവിധാനത്തിലും വിരിഞ്ഞ ഒരു മനോഹരചിത്രം. നല്ല പാട്ടുകളും വൈകാരികരംഗങ്ങളുംകൊണ്ട് സമ്പന്നമായ സിനിമ. അതിലെ രവി എന്ന മമ്മൂട്ടി കഥാപാത്രത്തെക്കുറിച്ചാവും നമ്മളാദ്യം ഓർക്കുക. എന്നാൽ എനിക്കിഷ്ടപ്പെട്ട മമ്മൂട്ടിക്കാമുകൻ ഇതല്ല. ഇതിൽ അധികമാരും ശ്രദ്ധിക്കാതെ പോയ മറ്റൊരു കാമുകനുണ്ട്. സുകുമാരൻ. സിദ്ധിഖ് ലാലിലെ ലാൽ അഭിനയിച്ച കഥാപാത്രം. ലാലിന്റെ കഥാപാത്രങ്ങൾക്ക് പൊതുവേ കണ്ടുവരാറുള്ള എക്സൻട്രിസിറ്റിയും മാനറിസങ്ങളുമില്ലാത്ത, പാകപ്പെട്ട ഒരുഗ്രൻ കഥാപാത്രം. ആ കഥാപാത്രത്തെക്കുറിച്ച് പറയാൻ അയാളുടെ കഥ പറയാതെ തരമില്ല. അത് ഏറെക്കുറെ ഇങ്ങനെയാണ്:
സുകുമാരന്റെ (ലാൽ) മുറപ്പെണ്ണാണ് രാഗിണി (മയൂരി). അവൾക്കിഷ്ടം രവിയെയാണ് (മമ്മൂട്ടി). രവിയേട്ടൻ അവളെ ചിന്നു എന്നുവിളിക്കും. അവളെ ഒരുപാടിഷ്ടമാണ് സുകുമാരന്. എന്നാൽ അവൾക്കവനെ ഇഷ്ടമേയല്ല. ഒരിക്കൽ രവിയും ചിന്നുവുംകൂടി പ്രേമപൂർവം ഇടപഴകുന്നത് സുകുമാരൻ കാണുന്നു. കൈയിലുണ്ടായിരുന്ന കത്തിയുമായി അയാൾ രവിക്ക് നേരെ ഓടിയണയുന്നു. അവർ തമ്മിൽ വഴക്കിടുന്നു. വഴക്കിനിടെയുണ്ടായ ബലപ്രയോഗത്തിൽ സുകുമാരന് രവിയുടെ കുത്തേൽക്കുന്നു. അച്ഛനുമായുള്ള പ്രശ്നത്തിൽ മുമ്പേ തളർന്നിരിക്കുന്ന രവി ഈ സംഭവത്തോടെ കൂടുതൽ ഭയന്നു. അയാൾ ചിന്നുവിനോട് കാത്തിരിക്കണമെന്ന് പറഞ്ഞ് നാട് വിടുന്നു. പക്ഷേ, ആ കുത്തിൽ സുകുമാരൻ മരിക്കുന്നില്ല.
രവിക്കുവേണ്ടിയുള്ള ചിന്നുവിന്റെ ആ കാത്തിരിപ്പ് പതിനെട്ട് വർഷം നീളുന്നു. ചിന്നു രവിക്ക് വേണ്ടിയാണ് അത്രയും നാൾ കാത്തിരുന്നതെങ്കിൽ സുകുമാരൻ കാത്തിരുന്നത് രാഗിണിക്ക് വേണ്ടിയായിരുന്നു. എന്നെങ്കിലും മനസ്സ് മാറി അവൾ തന്നെ സ്നേഹിക്കുമെന്ന് കരുതിക്കൊണ്ട്.

അവളോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് തന്നെയാണ്, അവൾ കരഞ്ഞ് പറഞ്ഞപ്പോൾ തന്നെ കുത്തിയത് രവിയാണെന്ന് സുകുമാരൻ പോലീസിനോട് പറയാതിരുന്നത്. അച്ഛനും അമ്മയും മരിച്ച രാഗിണിക്ക് ഒരു കാവലായി തിരിച്ചൊന്നും കിട്ടാതെ അയാൾ ജീവിച്ചു. അവളുടെ ജീവിതം അവന്റെ സംരക്ഷണയിൽ ഭദ്രമായിരുന്നു. അവൾ എത്ര ആട്ടിപ്പായിച്ചിട്ടും ഒരു പട്ടിയെപ്പോലെ അയാൾ അവൾക്കു വേണ്ടി കാവൽ കിടന്നു.
ഒടുവിൽ പതിനെട്ട് വർഷങ്ങൾക്കുശേഷം രവി തിരിച്ചുവരുന്നത് ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പമാണ്. കുട്ടിക്കാലത്ത് പറഞ്ഞ തന്റെ വാക്കോർത്ത് ചിന്നു അപ്പോഴും തനിക്കുവേണ്ടി കാത്തിരിക്കുന്നുവെന്നറിഞ്ഞ് രവി ഞെട്ടുന്നു. കുറ്റബോധം അയാളെ വേട്ടയാടുന്നു. തിരിച്ചുവന്ന രവിയെ കുത്തിക്കൊല്ലാൻ കത്തിയുമായാണ് സുകുമാരൻ നടക്കുന്നത്. അത് തന്റെ ശരീരത്തിലേറ്റ മുറിവുണക്കാനല്ല, മനസ്സിനേൽപ്പിച്ച മുറിവുണക്കാനാണെന്നാണ് സുകുമാരൻ പറയുന്നത്. ഒടുക്കം അവർ നേർക്കുനേർ കാണുന്നു. തന്നെ കുത്താനൊരുങ്ങുന്ന സുകുമാരന് മുൻപിൽ നെഞ്ചുംവിരിച്ച് രവി നിൽക്കുന്നു. കാട്ടുപോത്തിനെപ്പോലെ വെട്ടാൻ വന്ന സുകുമാരനെ രവി അനുനയിപ്പിക്കുന്നു. അയാൾ ചിന്നുവിനോട് സംസാരിക്കാമെന്നേൽക്കുന്നു.
ചിന്നുവിനോട് സുകുമാരനെ വിവാഹം കഴിക്കണമെന്ന് രവി ആവശ്യപ്പെടുന്നു. എന്നും ആട്ടിപ്പായിച്ചിട്ടേ ഉള്ളൂ, അയാളുടെ മുഖത്ത് നോക്കാനുള്ള അർഹതപോലും തനിക്കില്ലെന്നും തനിക്ക് ജീവിതമുണ്ടാക്കാൻ രവിയുടെ സഹായം വേണ്ടെന്നും ചിന്നു ദേഷ്യപ്പെടുന്നു. എന്നാൽ സ്നേഹം കൊണ്ട് മനുഷ്യനെ മാറ്റിയെടുക്കാനാവുമെന്ന് വിശ്വസിക്കുന്ന രവി, സുകുമാരനെയും കൂട്ടി ചിന്നുവിന്റെ വീട്ടിലെത്തുന്നു. ഇവിടെ വച്ച് രവി, സുകുമാരന് വേണ്ടി വഴിമാറുകയാണെന്ന് പറയുന്നു. അതുകേട്ട് സുകുമാരൻ കരയുന്നു.
അതുവരെ രാഗിണിയുടെ വീട്ടിലേക്ക് കയറാതെ വേലിക്കൽ വന്ന് മടങ്ങുന്ന സുകുമാരൻ അവളൈക്കാണാൻ വീട്ടിലേക്ക് കയറുന്നു. വാതിലിനിടയിൽ മറഞ്ഞുനിന്ന് രാഗിണി കരയുന്നു. അപ്പോൾ സുകുമാരൻ പറയുന്നതെന്താണെന്നോ? 'നിനക്കെന്നെ അങ്ങനെ കാണാൻ വയ്യെങ്കിൽ സഹോദരനായി കണ്ടോളൂ' എന്ന്. എന്തൊരു പത്തരമാറ്റ് കാമുകനാണയാൾ. സ്നേഹം പിടിച്ചുവാങ്ങാനാവില്ലെന്ന് ബോധ്യമുള്ളയാൾ. വീട്ടിൽനിന്ന് തിരികെ മടങ്ങുന്ന അയാളോട് അവൾ ചോദിക്കുന്നു: 'സുകുവേട്ടൻ എന്തിനാണ് എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്' എന്ന്? അപ്പോൾ അയാൾ പറയുന്നത് ഇഷ്ടമുണ്ടായിട്ട് എന്നാണ്. അതാണ് അയാളുടെ ഉത്തരം. കണക്കുപറച്ചിലുകളോ പരിഭവങ്ങളോ ഇല്ലാത്ത സ്നേഹം. സ്നേഹം മാത്രം മുറുകെപ്പിടിക്കുന്ന തങ്കം പോലത്തെ കാമുകൻ. ലാൽ എന്ന നടനെക്കുറിച്ചോർക്കുമ്പോൾ ഈ സിനിമയിലെ സുകുവിനെ ഓർക്കാനാണെനിക്കിഷ്ടം.
സൗമ്യനിരാമയ നീയുഴിഞ്ഞാൽ
നിളയും സരയുവായൊഴുകുന്നൂ.... എന്ന് യേശുദാസിന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ മുഖത്ത് വിഷാദച്ചിരിയുള്ള, ശാന്തനായ, ആനക്കാരനായ, മെലിഞ്ഞ, മനസ്സുനിറയെ രാഗിണിമാത്രമുള്ള സുകുമാരനെയല്ലാതെ മറ്റാരെ ഞാനോർക്കും. ഈ സിനിമ കണ്ടുമറന്നുപോയവരും കാണാത്തവരും ഒന്നു കണ്ടുനോക്കൂ. നിങ്ങൾക്കും ഈ കാമുകനെ ഇഷ്ടപ്പെടും. അയാൾ 'അരയന്നങ്ങളുടെ വീട്ടിലെ' കാമുകനല്ല, അരയന്നങ്ങൾ വിരാജിക്കുന്ന, പുക്കളും പൂമ്പാറ്റകളും തണലും തണുപ്പുംനിറഞ്ഞ നിത്യസ്നേഹത്തിന്റെ ഒരു പറുദീസാക്കാമുകനാണ്.
Content Highlights: column on evergreen heroes in malayalam cinema-5
Published: 23 Apr 2025, 11:32 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented