രു കുടുംബത്തിന് അല്ലലില്ലാതെ കഴിയാൻ വേണ്ടുന്ന പണം സമ്പാദിക്കാൻ അച്ഛന് ഒരുകാലത്തും കഴിഞ്ഞിരുന്നില്ല. മണി മാനേജ്‌മെന്റിൽ അച്ഛനെപ്പോഴും പരാജയപ്പെട്ടു. കടുത്ത പുകവലിയും ഇടയ്ക്ക് മദ്യപാനവും ഉണ്ടായിരുന്നു. പക്ഷേ അതൊന്നും വഴക്കുകൾക്ക് കാരണമായില്ല. കലഹങ്ങൾ മുഴുവൻ പണത്തിന്റെ പേരിലായിരുന്നു. ആ കാര്യത്തിൽ അച്ഛനെ പ്രതിസ്ഥാനത്ത് നിർത്തി വിചാരണ ചെയ്തവരോട് എനിക്കിപ്പോഴും പ്രതിഷേധമുണ്ട്. എല്ലാ മനുഷ്യർക്കും എല്ലാ മേഖലയും വഴങ്ങില്ല എന്നും കുടുംബത്തിന്റെ നിലനിൽപ്പ് എല്ലാവരുടെയും തുല്യ ഉത്തരവാദിത്തമാണെന്നും ഒരാളുടെ ദൗർബല്യം മറ്റൊരാൾ നികത്തുകയാണ് വേണ്ടത് എന്നും എനിക്കിപ്പോൾ പറയാൻ കഴിയും. അന്നത്തെ കുഞ്ഞുമനസ്സിൽ അത്ര വലിയ ചിന്തകളൊന്നുമില്ലല്ലോ. എങ്കിലും അച്ഛൻ ഒന്നും സമ്പാദിച്ചില്ല എന്ന് പറയുന്നവരോട് (അതിൽ അമ്മയും ഉൾപ്പെടും) മുതിർന്ന ഞാൻ എപ്പോഴും ഒരു ചോദ്യം തിരിച്ചു ചോദിച്ചു. അച്ഛനുമാത്രമല്ല, അമ്മയ്ക്കും ആകാമായിരുന്നല്ലോ. അമ്മ നന്നായി തയ്ക്കുമായിരുന്നു. ഒരു ജോലി കണ്ടെത്താൻ ആ കാലത്ത് ആ പരിശീലനം ധാരാളം മതിയായിരുന്നു. എന്തുകൊണ്ടാണ് അത്തരത്തിൽ ഒരു ശ്രമം നടത്താതിരുന്നത് ?പുരുഷനാണ് അധ്വാനിച്ചു കുടുംബം നോക്കേണ്ടതെന്ന വിശ്വാസം അക്കാലത്തെ എല്ലാ മനുഷ്യരെപ്പോലെ അമ്മയ്ക്കും ഉണ്ടായിരുന്നിരിക്കാം.

To advertise here,

അച്ഛൻ പരാജയപ്പെട്ട വിഷയങ്ങൾ മാത്രം പൊക്കിപ്പിടിച്ച് റിപ്പോർട്ട് കാർഡ് അടിച്ചിറക്കിയവർ അച്ഛന്റെ നല്ലവശങ്ങൾ ഒന്നും കണ്ടില്ല. അക്കാലത്ത് പുരുഷന്മാരിൽ തീരെ പ്രകടമല്ലാത്ത പുരോഗമനാശയങ്ങൾ ജീവിതത്തിൽ കറയില്ലാതെ പകർത്തിയ ആളാണ് അച്ഛൻ. അമ്മയ്ക്ക് ഒരിക്കലും ഒരു കാര്യത്തിനും അച്ഛനോട് അനുവാദം ചോദിക്കേണ്ടി വന്നിട്ടില്ല. ചോദിക്കാതെ ചെയ്ത കാര്യങ്ങൾക്ക് വഴക്ക് കേൾക്കേണ്ടി വന്നിട്ടില്ല. ആറുമണിക്ക് വീട്ടിൽ കയറിക്കോളണം, നാട്ടിലെ മറ്റു സ്ത്രീകളോട് സൗഹൃദം പാടില്ല, കുട്ടികളുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അന്തിമാധികാരം അച്ഛനാണ്, സ്വന്തം ബന്ധുക്കളെ സന്ദർശിക്കാൻ അനുവാദവും സമയവും നോക്കണം, ഇങ്ങനെയുള്ള യാതൊരു തിട്ടൂരവും ഉണ്ടായിരുന്നില്ല. അക്കാലത്ത് അമ്മയുടെ കൂട്ടുകാരികൾ നയിച്ച തടവറ ജീവിതം അമ്മയ്ക്ക് അനുഭവിക്കേണ്ടിയും വന്നിട്ടില്ല.

അച്ഛന്റെ അലസത ഞങ്ങളെ നന്നായി ബാധിച്ചിട്ടുണ്ട്. പക്ഷേ ആ കാരണംകൊണ്ട് അച്ഛനെ തള്ളിപ്പറയാൻ എന്നും ഇന്നും എനിക്കായിട്ടില്ല. വീട് വിട്ടുപോയ അച്ഛൻ മാസങ്ങളോളം മറഞ്ഞിരുന്നു. എവിടെയാണ് എന്നെങ്കിലും അറിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ അസ്വസ്ഥയായി. പഠനത്തിൽ ശ്രദ്ധ കുറഞ്ഞു. പ്രസരിപ്പ് നഷ്ടമായി. തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ടീച്ചർ എന്നെ കാണാൻ വന്നു. കുട്ടിയുടെ ഈ അവസ്ഥ അപകടമാണ് എന്ന് ടീച്ചർ അമ്മയെയും അമ്മമ്മയെയും ഓർമിപ്പിച്ചു. അവർ നിസഹായതയോടെ പരസ്പരം നോക്കി മൗനം തുടർന്നു. കുറച്ചുനാൾ കൂടി കഴിഞ്ഞപ്പോൾ അച്ഛന്റെ മണിയോർഡർ വന്നു. പക്ഷേ ഇരുപുറത്തുമുള്ള നിശബ്ദത തുടർന്നു. പൈസ അയച്ചു കിട്ടിയതോടെ വീട്ടിൽ ചെറിയ സമാധാനം ഉണ്ടായി. അപ്പോഴും അച്ഛനെ എവിടെ പോയി അന്വേഷിക്കും എന്ന കാര്യത്തിൽ ആർക്കും ധാരണ ഉണ്ടായില്ല.

ആ സമയത്താണ് ഞാൻ താരചേച്ചിയുമായി അടുക്കുന്നത്. അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ടും കമ്മ്യൂണിസ്റ്റ് അനുഭാവിയുമായിരുന്ന വിനോദേട്ടന്റെ ഭാര്യയാണ് താരചേച്ചി. നാട്ടിലെ കുട്ടിക്കൂട്ടത്തിന് ടിവി കാണാൻ തന്റെ വീട് തുറന്നിട്ടുകൊടുത്ത, കുട്ടികൾക്ക് തന്റെ വീട്ടിൽ സകല സ്വാതന്ത്ര്യവും അനുവദിച്ചു കൊടുത്ത, എല്ലാവരെയും കരുണയോടെ പരിഗണിക്കുന്ന സ്ത്രീയായിരുന്നു അവർ.

ഭർത്താവിന്റെ പൊതുപ്രവർത്തനത്തിന് അവരുടെ ഹൃദ്യമായ പെരുമാറ്റം വലിയ ഗുണം ചെയ്തിട്ടുണ്ട്. അവരുടെ വീട്ടിൽ അന്ന് ലാൻഡ് ഫോൺ ഉണ്ടായിരുന്നു. ഒരു നാട് മുഴുവൻ ആ ഫോൺ ഉപയോഗിച്ചു. ചുറ്റുമുള്ള വീട്ടിലെ ആളുകൾക്ക് വേണ്ടി അത് നിർത്താതെ ശബ്ദിച്ചു. അച്ഛന്റെ സൗഹൃദനിരയിലെ ഒരാളായിരുന്നു വിനോദേട്ടൻ. രണ്ടുപേരെയും തമ്മിൽ അടുപ്പിച്ചത് പാർട്ടിയായിരുന്നു. അച്ഛനോട് സ്‌നേഹവും ആദരവും ഉള്ള മനുഷ്യർ എന്നെ 'നാരായണേട്ടന്റെ മോള്' എന്നടയാളപ്പെടുത്തുന്നതും ശ്രദ്ധയോടെ പരിഗണിക്കുന്നതും പതിവായിരുന്നു. അതിൽ എനിക്ക് അനല്പമായ അഹങ്കാരവും ഉണ്ടായിരുന്നു. ഒരു ദിവസം വിനോദേട്ടൻ താരചേച്ചിയെ എന്റെ വീട്ടിലേക്ക് പറഞ്ഞയച്ചു. അച്ഛൻ ഫോൺ ചെയ്തിരുന്നു, പിറ്റേന്ന് വൈകിട്ട് ഒന്നുകൂടി വിളിക്കാം, മോളോട് ഒന്ന് വരാൻ പറയണം എന്ന അച്ഛന്റെ അറിയിപ്പുമായാണ് തരച്ചേച്ചി വന്നത്. അന്നാണ് ഞാൻ ജീവിതത്തിൽ ദൈവദൂതൻ എന്നൊക്കെ വിളിക്കാവുന്ന ഒരു സാന്നിധ്യം ആദ്യമായി അറിയുന്നത്.

ചേച്ചി എന്നെ കെട്ടിപ്പിടിച്ചു.

'വിനുവേട്ടൻ എപ്പോഴും പറയാറുണ്ട്, മോള് മിടുക്കിയാണ്, നന്നായി പഠിക്കുന്ന കുട്ടിയാണെന്ന്. അച്ഛൻ പെട്ടെന്ന് വരില്ലേ? ജോലി അന്വേഷിച്ച് പോയതല്ലേ? നാളെ കുട്ടി വീട്ടിലേക്ക് വാ ട്ടോ. അച്ഛനോട് മിണ്ടിയാൽ കുട്ടി പഴേ പോലെ മിടുക്കിയാവും.'

ആ ദിവസം ഞാൻ എന്റെ മനുഷ്യരുടെ ഫോൾഡറിലേക്ക് എടുത്തുവച്ച സാന്നിധ്യമാണ് താരച്ചേച്ചി.

പിറ്റേന്ന് പറഞ്ഞ സമയത്ത് തന്നെ അച്ഛൻ വിളിച്ചു. ഇവിടെയുണ്ട്, കൊടുക്കാം എന്ന് കയ്യിൽ ഇരുന്ന ഫോൺ റിസീവർ എനിക്ക് നീട്ടി, 'അച്ഛനാ ,വർത്താനം പറയ്' എന്ന് ചേച്ചി ചിരിച്ചു. തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്ന പോലെ, എനിക്ക് ശബ്ദം പുറത്തു വരുന്നില്ല. മറുവശത്തു നിന്ന് അച്ഛന്റെ ഉറച്ച ശബ്ദം കേട്ടു.

'അച്ഛന്റെ കുട്ടിക്ക് സുഖാണോ? '

സുഖം!

നല്ല ചോദ്യമായി പോയി.

എനിക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു. കണ്ണുനിറഞ്ഞും ദേഹം വിറച്ചും മിണ്ടാതെ റിസീവർ പിടിച്ചുനിൽക്കുന്ന എന്നെയും മറുവശത്തെ അച്ഛനെയും ആ റൂമിൽ വിട്ട് ചേച്ചി പുറത്തിറങ്ങിപ്പോയി.

'അച്ഛൻ എപ്പഴാ വരാ?'

അച്ഛന്റെ കുട്ടിക്ക് അതുമാത്രമേ ചോദിക്കാൻ ഉണ്ടായിരുന്നുള്ളൂ. അച്ഛൻ എന്തോ മറുപടി പറഞ്ഞു ഉടനെ വരും എന്നോ മറ്റോ ആയിരുന്നു. ആ മറുപടിയിൽ മാസങ്ങളായി തലയിൽ ഉണ്ടായിരുന്ന കനം പൊടിഞ്ഞു പറന്നു. ഭാരക്കുറവിന്റെ ആശ്വാസത്തിൽ ഫോൺ കട്ട് ചെയ്ത ഞാൻ മുറിയിൽ ഇരുന്ന് ഉറക്കെ കരഞ്ഞു. ചെറിയ കുഞ്ഞിനെ ഒക്കത്തെടുത്ത് താരചേച്ചി പിടഞ്ഞു പാഞ്ഞുവന്നു.

'അച്ഛൻ എന്തേ പറഞ്ഞു കുട്ടി?'

'വേഗം വരാ ന്ന്'

ഞാൻ തേങ്ങലിനിടയിൽ പറഞ്ഞൊപ്പിച്ചു.

'അയ്യേ, അതിനാ ഈ കരയണെ?'

ചേച്ചി നൈറ്റി ഉയർത്തി എന്റെ മുഖം തുടച്ചു. കുടിക്കാൻ തണുത്ത വെള്ളം തന്നു.

'സങ്കടം വരുമ്പോ കുട്ടി ചേച്ചീന്റെ വീട്ടിക്ക് പോരൂ ട്ടോ. ഇനി കുട്ടിയാണ് ഇവിടുത്തെ ടിവി വയ്ക്കണ ആള്. എല്ലാർക്കും ഇഷ്ടള്ളതൊക്കെ വച്ചുകൊടുക്കണം ട്ടോ.'

അന്ന് എനിക്ക് വേണ്ടി ആ വീടിന്റെ വാതിൽ തുറന്നിട്ടതാണ് ചേച്ചി. ഏതുസമയത്തും കയറിച്ചെല്ലാൻ പാകത്തിൽ, ഏതു മുറിയും ഉപയോഗിക്കാൻ പാകത്തിൽ, ഉണ്ടാക്കിവച്ചത് എടുത്തു കഴിക്കാൻ പാകത്തിൽ എന്നെ കയ്യേറ്റ ആദ്യത്തെ വീടാണത്.

താരചേച്ചി എന്ന് കേട്ടാൽ സ്‌നേഹം ഉടലാകെ നിറഞ്ഞ് കണ്ണിൽ തുളുമ്പുന്ന രീതിയിൽ ഞാൻ കുറെ വർഷങ്ങൾ ചേച്ചിയോട് ഒട്ടിനിന്നു. സ്വന്തം വീട്ടിൽ ഇരിക്കുന്നതിനേക്കാൾ കൂടുതൽ സമയം ഞാൻ ആ വീട്ടിലായിരുന്നു ചെലവഴിച്ചത്. കൊതിതീരുവോളം ടിവി കണ്ടത്, ഫോൺ ഉപയോഗിക്കാൻ പഠിച്ചത്, അതുവരെ പരിചയമില്ലാത്ത പല വിഭവങ്ങൾ രുചിച്ചത്, ഒരു ഫാനിന്റെ ചുവട്ടിൽ ചൂടറിയാതെ കിടന്നുറങ്ങിയത് ഒക്കെ ആ വീട്ടിലാണ്. എനിക്കിഷ്ടമുള്ള എന്തെങ്കിലും ആഹാരം ഞാൻ കയറി ചെല്ലുമ്പോൾ ഒക്കെ ചൂടാറാതെ എന്നെ കാത്തിരുന്ന വീടാണത്. ചേച്ചിയുടെ അച്ഛനും അമ്മയും ഉള്ള വീട്ടിലേക്ക് ഇടയ്ക്കിടയ്ക്ക് എന്നെ കൊണ്ടുപോയി. അവരും എന്നെ അവരുടെ സ്വന്തമായി കണ്ടു. ആ യാത്രയിലൊരിക്കലാണ് പിൽക്കാലത്ത് കുറഞ്ഞ കാലത്തേക്ക് എന്റെ കാമുകനായ ഒരാളെ ഞാൻ ആദ്യമായി കണ്ടത്!

അച്ഛൻ സ്ഥിരമായി ഫോൺ ചെയ്യുകയും പൈസ അയക്കുകയും ചെയ്തതോടെ വീട്ടിലെ അന്തരീക്ഷം ശാന്തമായി.പക്ഷേ കൊടുങ്കാറ്റിന് മുൻപുള്ള ശാന്തതയായിരുന്നു അത്.തൊട്ടടുത്ത വർഷം ഞങ്ങളുടെ ജീവിതം അതുവരെ പരിചിതമല്ലാത്ത ഒരു ഭൂമികയിലേക്ക് വഴിതിരിഞ്ഞു.അവിടെ കാത്തിരുന്നത് ദുരിതങ്ങളുടെ പെരുമഴയായിരുന്നു.

(തുടരും)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi