റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകന്‍ ആനന്ദ് അംബാനി ഇക്കൊല്ലം വിവാഹിതനാവും. രാധിക മെര്‍ച്ചന്റ് ആണ് വധു. വിവാഹത്തിനു മുന്നോടിയായി മൂന്നുദിവസത്തെ പ്രീവെഡ്ഡിങ് ആഘോഷങ്ങള്‍ മാര്‍ച്ച് ഒന്നിന് ഗുജറാത്തിലെ ജാംനഗറില്‍ തുടങ്ങും. ഫെബ്രുവരി 16-ന് ജാംനഗറില്‍ വെച്ച് വിവാഹത്തിന്റെ ലഗന്‍ ലഖ്വാനു ചടങ്ങ് നടന്നിരുന്നു. 

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, മെറ്റ സി.ഇ.ഒ. മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഡിസ്‌നി സി.ഇ.ഒ. ബോബ് ഐഗെര്‍ തുടങ്ങിയവര്‍ വിശിഷ്ഠാതിഥികളായെത്തുമെന്നാണ് കരുതുന്നത്.  

'ഈ മാസം അവസാനം ഇന്ത്യ സന്ദര്‍ശിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ഞാന്‍ എന്റെ അച്ഛനെക്കുറിച്ചാണ് ചിന്തിക്കുന്നത്. 2008-ലെ യാത്രയില്‍ ഞങ്ങള്‍ക്ക് നല്ല നിമിഷങ്ങളായിരുന്നു'-ഇന്‍സ്റ്റഗ്രാമില്‍ പഴയൊരു ചിത്രം പങ്കുവെച്ചുകൊണ്ട് ബില്‍ഗേറ്റ്‌സ് എഴുതി. യു.എസ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ മകള്‍ ഇവാന്‍ക ട്രമ്പ്, ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസ്സിം അല്‍ താനി, അഡോബിന്റെ പ്രസിഡന്റും സി.ഇ.ഒ.യുമായ ശന്തനു നാരായണ്‍, സ്വീഡിഷ് മുന്‍പ്രസിഡന്റ് കാള്‍ ബില്‍റ്റ്, കനേഡിയന്‍ മുന്‍ പ്രസിഡന്റ് സ്റ്റീഫന്‍ ഹാര്‍പെര്‍, ഭൂട്ടാന്‍ രാജാവും രാജ്ഞിയും തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. 

placeholder
Photo: ANI

അതിഥികളെല്ലാം മുംബൈയില്‍ നിന്നോ ഡല്‍ഹിയില്‍ നിന്നോ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ജാംനഗറിലേക്ക് പുറപ്പെടും. അതിഥികള്‍ക്കുവേണ്ടി സ്‌റ്റൈലിസ്റ്റുകള്‍, ഹെയര്‍സ്‌റ്റൈലിസ്റ്റുകള്‍, മേക്കപ്പ് സര്‍വീസുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ, വസ്ത്രങ്ങള്‍ വൃത്തിയാക്കുന്നതിനുള്ള സൗകര്യങ്ങള്‍, ആരോഗ്യസേവനങ്ങള്‍ തുടങ്ങിയവയുമൊരുക്കും. മൂന്നുദിവസങ്ങളിലെ വേഷങ്ങള്‍ക്ക് പ്രത്യേക തീമുകള്‍ നിശ്ചയിച്ചിട്ടുണ്ട്. എങ്കിലും അതിഥികള്ക്ക് ഇഷ്ടമുള്ള വേഷങ്ങള്‍ ധരിക്കാമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. 

28-കാരനാണ് ആനന്ദ്. 29-കാരിയായ രാധിക മെര്‍ച്ചന്റ് വ്യവസായിയായ വിരേണ്‍ മെര്‍ച്ചന്റിന്റെ മകളാണ്. അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ താരനിബിഡമായ വിവാഹം 2018-ലായിരുന്നു. 7 ബില്യണ്‍ രൂപ ചെലവിട്ട് നടത്തിയ  ആ വിവാഹമാണ്‌ ഇന്ത്യയില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും ചെലവേറിയ വിവാഹം.