സംഗീതസംവിധായകൻ, റാപ്പർ, ഗായകൻ, നടൻ എന്നിങ്ങനെ ഒട്ടേറെ പേരുകളുണ്ട് യോ യോ ഹണി സിങ്ങിന്. യുകെയിലെ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽനിന്ന് ബിരുദം നേടിയശേഷമാണ് അദ്ദേഹം തന്റെ കരിയർ തുടങ്ങിയത്. ബോളിവുഡിലെത്തിയപ്പോൾ 'മസ്താൻ' എന്ന സിനിമയിലെ ഒരു പാട്ടിന് ഹണി സിങ്, 70 ലക്ഷം രൂപയാണ് പ്രതിഫലം കൈപ്പറ്റിയത്. അക്കാലത്ത് ബോളിവുഡിലെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ഗായകനായി മാറി.
സംഗീതവുമായി ആരാധകമനസ്സിലിടം നേടുമ്പോഴും, അദ്ദേഹത്തിന്റെ സ്വകാര്യജീവിതം എന്നും വിവാദങ്ങൾക്കൊപ്പമായിരുന്നു. മുൻഭാര്യ അദ്ദേഹത്തിനെതിരെ നൽകിയ ഗാർഹികപീഡനക്കേസും പാട്ടിന്റെ വരികളിൽ അശ്ലീലം കുത്തിനിറച്ചെന്ന പരാതിയും ഹണി സിങ്ങിനെ കുഴപ്പത്തിൽ ചാടിച്ചു. ലഹരിമരുന്ന് ഉപയോഗം മൂലം കരിയർ തന്നെ ഇല്ലാതാവുമെന്ന് കരുതിയൊരു ഘട്ടവുമുണ്ടായിരുന്നു. ഹണി സിങ്ങിന് പാട്ടുകളൊന്നുമില്ലാതായി. ഏഴുവർഷങ്ങൾക്കുശേഷമാണ് അദ്ദേഹം മറ്റൊരു പാട്ടുമായി തിരിച്ചുവന്നത്. ലഹരിമരുന്ന് ജീവിതം തകർത്ത ആ കാലത്തെക്കുറിച്ച് ഹണി സിങ് പറഞ്ഞതിങ്ങനെ, ''ലഹരി എന്നെ പൂർണമായും തകർത്തു. പ്രശസ്തിക്കും, പണത്തിനും മുന്നിൽ ഞാൻ എന്നെത്തന്നെ നഷ്ടപ്പെടുത്തി. ഞാൻ ഒരു പിശാചിനെപ്പോലെയായിരുന്നു''. പ്രശസ്തി തലയ്ക്കുപിടിച്ചപ്പോഴാണ് തന്റെ ജീവിതം തകർന്നതെന്ന് ഹണി സിങ് തുറന്നുപറഞ്ഞു.
സിനിമാമേഖലയിലെ പ്രമുഖരാണ് തന്നെ ഇതിലേക്ക് എത്തിച്ചതെന്നും ഹണി സിങ് വെളിപ്പെടുത്തുന്നു. ''മേഖലയിലെ വമ്പൻ ആളുകളാണവർ. അത്രയും അറിയപ്പെടുന്നവർ. അവരെന്നെ കളിയാക്കും, 'നീ പഞ്ചാബിയല്ലേ, മദ്യം കഴിക്കുകയും ചെയ്യും. പിന്നെന്താ മയക്കുമരുന്ന് ഉപയോഗിച്ചാൽ?' എന്ന്. അങ്ങനെയാണ് തുടക്കം. അധികം വൈകാതെ ഞാനതിന് അടിമയായി''.
''ഞാൻ മയക്കുമരുന്നിലും മദ്യത്തിലും മുങ്ങിത്താഴുകയായിരുന്നു. കഞ്ചാവ് വലിച്ചും, കുറേ കുപ്പികൾ കാലിയാക്കിയുമാണ് ഞാൻ ദിവസങ്ങൾ കഴിച്ചത്. ഞാൻ കുടുംബത്തെ ഉപേക്ഷിച്ചു, സ്വയം നിയന്ത്രണം നഷ്ടപ്പെട്ടു. എന്താണ് ചെയ്യുന്നതെന്ന് പോലും അറിയാത്ത അവസ്ഥ''. അതുമായി ബന്ധപ്പെട്ട് പല അസുഖങ്ങളും വന്നതോടെയാണ് അദ്ദേഹം മദ്യവും ലഹരിയുമെല്ലാം ഉപേക്ഷിച്ചത്. ''2014-ലാണ് നിർത്തിയത്. പൂർണമായും അതിൽനിന്ന് മുക്തി നേടാൻ എട്ടുവർഷമെടുത്തു''.
ധീരെ ധീരെ, ബ്ലൂ ഐസ്, ഹൈ ഹീൽസ് തേ നാഛേ, ലവ് ഡോസ്, യാർ നാ മിലേ, ലുങ്കി ഡാൻസ്, ചാർ ബോട്ടൽ വോഡ്ക… എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്തഗാനങ്ങൾ.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Yo Yo Honey Singh opens up about his descent into addiction, claiming industry giants introduced him to drugs. Discover his journey of struggle and inspiring return
Published: 28 Nov 2025, 02:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented