INTERNATIONAL CAT DAY
ലോകത്തിലെ ഏറ്റവും ധനികരായ ചില പൂച്ചകളെ പരിചയപ്പെടാം...

നള ക്യാറ്റ്, ഇൻസ്റ്റഗ്രാം(nala_cat)
മനുഷ്യരുടെ പ്രിയപ്പെട്ട വളര്‍ത്തുമൃഗമാണ് പൂച്ചകള്‍. 2022 മുതല്‍ എല്ലാവര്‍ഷവും ഓഗസ്റ്റ് 8 അന്താരാഷ്ട്ര പൂച്ച ദിവസമായി ആഘോഷിച്ചുവരുന്നുണ്ട്. സ്വതന്ത്രരായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ് പൂച്ചകള്‍. എന്നിരുന്നാലും സ്നേഹവും കരുതലും ലഭിച്ചാല്‍ അവ മനുഷ്യരുടെ അടുത്ത ചങ്ങാതിയാകും. ഇന്ന് എല്ലാവീടുകളിലും ഒരു പൂച്ചയെ എങ്കിലും കാണാന്‍ സാധിക്കും. എന്നാല്‍ ഈ ലോകത്ത് വളരെ പ്രശസ്തരും ധനികരുമായ ചില പൂച്ചകളുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? ലോകത്തിലെ ഏറ്റവും സമ്പന്നരായ ചില പൂച്ചകളെ പരിചയപ്പെടാം...
1.നള ക്യാറ്റ്
ഇതൊരു സയാമീസ്-ടാബി മിക്സ് ഇനത്തില്‍പ്പെട്ട, കാലിഫോര്‍ണിയയില്‍ നിന്നുള്ള പൂച്ചയാണ്. ഒരു മൃഗസംരക്ഷണ കേന്ദ്രത്തില്‍ നിന്ന് ഇതിനെ ദത്തെടുക്കുമ്പോള്‍ ഏകദേശം അഞ്ച് മാസം മാത്രമേ പ്രായമുള്ളൂ. 2012-ലാണ് ഇതിന്റെ ഉടമസ്ഥന് നളയുടെ പേരില്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുറക്കുന്നത്. ഇപ്പോള്‍ 4.4 ദശലക്ഷം ഫോളോവേഴ്സും 100 ദശലക്ഷം ഡോളറിലധികം (ഏകദേശം 839 കോടി രൂപ) ആസ്തിയുമുള്ള പൂച്ചയാണിത്. 2020-ല്‍ ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന പൂച്ച എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും നളയുടെ പേരിലാണ്. ഈ പ്രശസ്തി 2017-ല്‍ ഫോര്‍ബ്സിന്റെ വളര്‍ത്തുമൃഗങ്ങളുടെ കൂട്ടത്തിലെ മികച്ച ഇന്‍ഫ്ളുവന്‍സര്‍മാരുടെ പട്ടികയിലും നളയെ എത്തിച്ചു. ഇത് കൂടാതെ ഇതിന്റെപേരില്‍ ഇ-ബുക്ക്, വെബ്സൈറ്റ്, പ്രീമിയം ക്യാറ്റ് ഫുഡ് ബ്രാന്‍ഡ് എന്നിവ കൂടിയുണ്ട്.
2. ഒലീവിയ ബെന്സെന്
ഏറ്റവും സമ്പന്നരായ പൂച്ചകളെക്കുറിച്ച് പറയുമ്പോള്‍ ഒലീവിയയെക്കുറിച്ച് പറയാതെ വയ്യ. ഗായികയായ ടെയ്ലര് സ്വിഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഒലീവിയ എന്ന പൂച്ച 2014-ല്‍ സ്വിഫ്റ്റ് ദത്തെടുത്ത ഒരു സ്കോട്ടിഷ് ഫോള്‍ഡ് ഇനമാണ്. 'ലോ ആന്റ് ഓര്‍ഡര്‍: എസ്.വി.യു' എന്ന സീരീസിലെ മരിസ്ക ഹര്ഗിറ്റേയുടെ കഥാപാത്രത്തിന്റെ പേരാണ് ഇതിന് നല്‍കിയിരിക്കുന്നത്. 2023-ലെ കണക്കനുസരിച്ച്, ഒലീവിയയുടെ ആസ്തി 97 ദശലക്ഷം ഡോളറാണ്. (ഏകദേശം 630 കോടി രൂപ). ടെയ്ലര് സ്വിഫ്റ്റിന്റെ പൂച്ച എന്ന പേരിലാണ് ഒലീവിയയ്ക്ക് ഇത്രയും പ്രശസ്തി കൈവന്നത്. ഒലീവിയ, മെറിഡിത്ത് ഗ്രേ, ബെഞ്ചമിന്‍ തുടങ്ങിയ ടെയ്ലറുടെ പൂച്ച കുടുംബത്തിലെ പുതിയ അംഗങ്ങളോടൊപ്പം നിരവധി മ്യൂസിക് വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘ഡിബിള്‍സ്' എന്ന വിളിപ്പേരിലാണ് ഒലീവിയ അറിയപ്പെടുന്നത്.
3.ഷൂപെറ്റ്
അന്തരിച്ച ഫാഷന്‍ ഡിസൈനര്‍ കാള്‍ ലാഗര്‍ഫെല്‍ഡ്, ഷൂപെറ്റ് എന്ന ബിര്‍മന്‍ പൂച്ചയുടെ ഉടമയായിരുന്നു. 2019-ല്‍ ലാഗര്‍ഫെല്‍ഡ് അന്തരിച്ചപ്പോള്‍, അദ്ദേഹത്തിന്റെ 300 ദശലക്ഷം ഡോളര്‍ വരുന്ന സമ്പത്തിന്റെ ഒരു ഭാഗം ഷൂപെറ്റിന് ലഭിച്ചു. നിരവധി ആഡംബര ബ്രാന്‍ഡുകള്‍ക്ക് ഷൂപെറ്റ് മോഡലായിട്ടുണ്ട്. ആഡംബര ജീവിതശൈലിയുള്ള ഷൂപെറ്റിന്റെ ആസ്തി ഏകദേശം 13 ദശലക്ഷം ഡോളര്‍ (ഏകദേശം 84 കോടി രൂപ) ആണെന്ന് കണക്കാക്കപ്പെടുന്നു.
4. വൈറ്റ് കോഫി ക്യാറ്റ്
നീലക്കണ്ണുകള്‍ക്കും മഞ്ഞുപോലുള്ള വെളുത്ത രോമങ്ങള്‍ക്കും പേരുകേട്ട ബ്രിട്ടീഷ് ഷോര്‍ട്ട്ഹെയര്‍ ഇനത്തില്‍ പെട്ടവയാണ് കോഫി ക്യാറ്റ്. വൃക്കയിലെ കാന്‍സറിനെ അതിജീവിച്ച ഈ പൂച്ച ഇന്ന് നേസല്‍ ലിംഫോമയുടെ പിടിയിലാണ്. ഏകദേശം 2.1 ദശലക്ഷം ഇന്‍സ്റ്റാ ഫോളോവേഴ്സുള്ള കോഫി ക്യാറ്റ് ഓരോ പോസ്റ്റിനും ഏകദേശം 6,786 ഡോളര്‍ (ഏകദേശം 5.9 ലക്ഷം രൂപ) സമ്പാദിക്കുന്നു. തീം ഫോട്ടോഷൂട്ടുകളിലൂടെ കോഫി ക്യാറ്റ് സോഷ്യല്‍മീഡിയയില്‍ ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്.
5.വീനസ്
ഡൊമെസ്റ്റിക് ഷോര്‍ട്ട് ഹെയര്‍ ഇനമായ വീനസ്, ഇന്റര്‍നെറ്റിലെ ഏറ്റവും പ്രിയപ്പെട്ട പൂച്ചകളിലൊന്നാണ്. മുഖത്തിന്റെ ഒരു വശം കറുത്തതും പച്ചക്കണ്ണുള്ളതും, മറുവശം ഓറഞ്ച് നിറവും നീലക്കണ്ണുള്ളതുമാണ്. കൃത്യമായി രണ്ട് നിറങ്ങളുള്ള മുഖം കാരണം വീനസിന് ആരാധകരെറെയാണ്. 'കൈമീര പൂച്ച' എന്ന വിളിപ്പേരുന്ന വീനസിന് സോഷ്യല്‍ മീഡിയയില്‍ രണ്ട് ദശലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. കൂടാതെ ഓരോ ഇന്‍സ്റ്റാ പോസ്റ്റിനും ഏകദേശം 6,770 ഡോളര്‍ (ഏകദേശം 5.9 ലക്ഷം രൂപ) സമ്പാദിക്കുന്നുമുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover the world`s wealthiest feline companions, from Instagram star Nala Cat to Taylor Swift`s Olivia Benson.
Published: 08 Aug 2025, 02:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented