വിസ്കിയും വംശനാശവും തമ്മിൽ ബന്ധമുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ‍ബ്രീട്ടിഷ് മദ്യക്കമ്പനിയായ

ഡിയാജിയോക്ക് അങ്ങനെയൊരു ബന്ധമുണ്ട്. പക്ഷിയുമായി ബന്ധപ്പെട്ട ഈ  സിംഗിൾ മാൾട്ട് വിസ്കിയുടെ കഥ പടിഞ്ഞാറൻ രാജസ്ഥാനിലെ ഥാർ മരുഭൂമിയിൽ നിന്നാണാരംഭിക്കുന്നത്. ഈ നാട്ടിൽ വിഹരിച്ചിരുന്ന ആയിരക്കണക്കിന് ഗോഡവാൻ (ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്) പക്ഷികളുമായി ഇതിന് ബന്ധമണുണ്ട്. നീണ്ട കാലുകളും തവിട്ട് നിറവും ന‍ീണ്ട കഴുത്തുമാണ് ഇവയുടെ പ്രത്യേകതകൾ. രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിലാണ് ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡുകളുള്ളത്.

ഒരുകാലത്ത് ഇന്ത്യയുടെ ദേശീയ പക്ഷികൾക്കായുള്ള മത്സരത്തിൽ മുന്നിലുണ്ടായിരുന്ന പക്ഷി. പരമാവധി ഒരുമീറ്റർ നീളവും 15 കിലോഗ്രാം വരെ ഭാരവുമുള്ള ഗോഡവാൻ ഇന്ന് വംശനാശഭീഷണിയിലാണ്. 1994-ൽ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) വംശനാശഭീഷണി നേരിടുന്ന ഒരു ഇനമായി ഇതിനെ തരംതിരിച്ചു. ഇന്ന് ഈ ഇനത്തിലുള്ള 150- ഓളം പക്ഷികളേ അവശേഷിക്കുന്നുള്ളൂ. 

ഡിയാജിയോ, ഗോഡവാന്റെ ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പം,വംശനാശത്തെപ്പറ്റിയുള്ള അവബോധം അന്താരാഷ്ട്ര തലത്തിലേക്കെത്തിക്കുകയും ചെയ്യുന്നു. നിലവിൽ ഇന്ത്യയുടെ പരിസ്ഥിതി മന്ത്രാലയവുമായി ചേർന്ന് ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാഡിന്റെ ആവാസവ്യവസ്ഥകളായ ഗ്രാസ് ലാന്റുകൾ ഉൾപ്പെടെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ കമ്പനി ആരംഭിച്ചു കഴിഞ്ഞു. ഈ പക്ഷികൾക്ക് പ്രജനനം നടത്താനുള്ള സ്ഥലങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം അതിന്റെ അതിജീവനത്തിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ഡിയാജിയോയുടെ പദ്ധതി.  

ജില്ലാ ഫോറസ്റ്റ് ഓഫീസിൻ്റെ സഹായത്തോടെ ഡിയാജിയോ ജയ്‌സാൽമീറിലെ പൊഖ്റാനിൽ  ഗോഡവാന്റെ വാസസ്ഥലമായ ഇരുന്നൂറ് ഏക്കറോളം ഭൂമി കണ്ടെത്തിയിട്ടുണ്ട്. ബിഷ്‌ണോയി വിഭാഗത്തിൽപ്പെട്ട ആളുകൾ താമസിക്കുന്ന ഈ പ്രദേശത്ത് ഗോഡവാൻ പക്ഷികൾക്ക് ഇണചേരാനും മുട്ടയിടാനുമുള്ള സാഹചര്യം ഒരുക്കികൊടുക്കാനാണ് ശ്രമം.

ഇതിന്റെ ഭാഗമായി, അൽവാറിൽ പ്രാദേശികമായി വളർത്തിയ ബാർലിയിൽ നിന്ന് നിർമ്മിച്ച സിംഗിൾ മാൾട്ട് ഗോഡവാൻ വിസ്കി 2022- മാർച്ചിൽ അവർ പുറത്തിറക്കി. ആദ്യ  ഗോഡവാൻ വിസ്കി പുറത്തിറക്കി ഒരു വർഷത്തിനുശേഷം ഡിയാജിയോ ' ഗോഡവാൻ 100' എന്ന ലിമിറ്റഡ് എഡിഷൻ പുറത്തിറക്കി. 92,000 രൂപ വിലയുള്ള 100 കുപ്പികൾ മാത്രമുള്ള ലിമിറ്റഡ് എഡിഷൻ. ഓരോ കുപ്പിയിലും  ഗോഡവാൻ പക്ഷിയുടെ ചിത്രം പതിപ്പിച്ചിട്ടുണ്ടാകും.

റോയൽ ബംഗാൾ കടുവകളെ വംശനാശത്തിന്റെ വക്കിൽ നിന്നും സംരക്ഷിക്കാനും നേരത്തേ ഇത്തരത്തിൽ ശ്രമം നടത്തിയിരുന്നു. ഇതേ രീതിയിൽ ഗോഡവാനെയും സംരക്ഷിക്കാൻ കഴിയുമെന്നാണ് ഡിയാജിയോയുടെ പ്രതീക്ഷ.
 

ഇനി മുതൽ ഡിയാജിയോയുടെ വിസ്‌കിയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ നിന്നൊരു ഭാഗം ഗോഡവാൻ സംരക്ഷണത്തിനായി മാറ്റിവയ്ക്കാണ് കമ്പനിയുടെ തീരുമാനം.

2025 ഒക്ടോബറിൽ ഗോഡവാൻ സിരീസിലെ ഏറ്റവും പുതിയ 173 കുപ്പികൾ മാത്രമുള്ള ‘ഗോഡവാൻ 173’ എന്ന വിസ്കി പുറത്തിറക്കിയിരിക്കുകയാണിവർ. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi