രാക്ഷസൻ, എഫ് ഐ ആർ, ഗാട്ടാ ഗുസ്തി തുടങ്ങിയ ബോക്സ്ഓഫീസ് ഹിറ്റുകളിലൂടെ സുപരിചിതനായ താരമാണ് വിഷ്ണു വിശാൽ. വിഷ്ണുവിശാൽ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആര്യൻ. ചിത്രത്തിന്റെ പ്രീ- റിലീസ് ചടങ്ങിൽ, സിനിമാരംഗത്ത് താൻ നേരിടുന്ന അവഗണനകളെക്കുറിച്ചും കഷ്ടപ്പാടുകളെക്കുറിച്ചും തുറന്നുപറയുകയാണ് താരം.
തൻ്റെ സിനിമകൾ വിജയിച്ചപ്പോൾ സിനിമാ മേഖലയിലെ ആരും തന്നെ വിളിച്ച് അഭിനന്ദിച്ചിട്ടില്ലെന്നും സോഷ്യൽ മീഡിയയിൽ പോലും തൻ്റെ സിനിമകളെ വ്യക്തിപരമായി പ്രശംസിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
"എന്റെ ഒരു സിനിമ നന്നായി വിജയിച്ചാലും, എന്നെ അഭിനന്ദിക്കാൻ ഇൻഡസ്ട്രിയിൽ നിന്ന് ആരും വിളിക്കാറില്ല. അവർ സംവിധായകനെ വിളിച്ച് അദ്ദേഹത്തിന്റെ ഡേറ്റ് ചോദിക്കുകയാണ് ചെയ്യുന്നത്. ഒരുനാൾ, എനിക്ക് ചുറ്റുമുള്ളവരിൽ നിന്ന് ആ പ്രോത്സാഹനവും ബഹുമാനവും ലഭിക്കുന്ന ഒരിടത്ത് ഞാൻ തീർച്ചയായും എത്തും- ” വിഷ്ണു വിശാലിന്റെ വാക്കുകൾ
പുതുമുഖങ്ങളായാലും പരിചയമുള്ള കലാകാരന്മാരായാലും, അവരുടെ സിനിമകൾ കാണുകയും അതിലെ പ്രധാന താരങ്ങളെ വിളിക്കാറുണ്ടെന്നും ഇതോടൊപ്പം അദ്ദേഹം കൂട്ടിച്ചേർത്തു. കരിയറിൻ്റെ തുടക്കത്തിൽ 'മുണ്ടൊസുപട്ടി' എന്ന സിനിമയുടെ സമയത്ത് വിശാൽ, ആര്യ, ജീവ എന്നിവർ തന്നെ പിന്തുണച്ചിരുന്നുവെന്നും താരം ഓർമിച്ചു.
നിർമാതാക്കൾ മാറുന്നത് കാരണം തന്റെ ഓരോ സിനിമകളും ഒന്നോ രണ്ടോ വർഷമെടുത്താണ് തിയേറ്ററുകളിൽ എത്തുന്നതെന്നും അതിൽ വിഷമമുണ്ടെന്നും വിഷ്ണു വ്യക്തമാക്കി. ഒപ്പം നിർമാതാവാകാനുള്ള തൻ്റെ തീരുമാനത്തെക്കുറിച്ചും.
‘എന്നെ വേണ്ടവിധത്തിൽ ആരും തിരിച്ചറിയുന്നില്ല എന്ന വിഷമം എനിക്കുണ്ട്. എന്റെ സിനിമകൾ പലപ്പോഴും ഒരു വർഷവും രണ്ട് വർഷവുമെടുത്താണ് റിലീസ് ചെയ്യുന്നത്. ‘ഗാട്ട ഗുസ്തി’ ആറ് നിർമ്മാതാക്കൾ മാറിയ ശേഷമാണ് പൂർത്തിയായത്. ‘എഫ്.ഐ.ആറി’ന് മൂന്ന് നിർമ്മാതാക്കളെ മാറ്റി. ഏറ്റവും വലിയ വിഷമം, ‘രാക്ഷസൻ’ എന്ന വലിയ ഹിറ്റിനുശേഷം എന്‍റെ ഒൻപത് സിനിമകളാണ് ഉപേക്ഷിക്കേണ്ടിവന്നത്, അതുകൊണ്ട്, അടുത്ത അഞ്ച് സിനിമകൾ സ്വന്തം പ്രൊഡക്ഷനിൽ മാത്രമേ ചെയ്യൂ എന്ന് ഞാൻ തീരുമാനിച്ചു.’
വിഷ്‍ണു വിശാൽ നായകനായെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം ആര്യൻ കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസാണ്. നവാഗതനായ പ്രവീൺ കെ, രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒക്ടോബർ 31 നു ആഗോള റിലീസായെത്തും. ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലർ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്.
രാക്ഷസൻ എന്ന വമ്പൻ ഹിറ്റിന് ശേഷം വീണ്ടുമൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിൽ നായകനായി എത്തുകയാണ് താരം. 'എ പെർഫെക്റ്റ് ക്രൈം സ്റ്റോറി' എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Actor Vishnu Vishal opens up about cinema industry neglect and struggles at the `Aryan` pre-release event.
Published: 24 Oct 2025, 10:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented