നടിയും നർത്തകിയുമായ സുധാ ചന്ദ്രൻ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. ഭജനയ്ക്കിടെ തീവ്രമായ വൈകാരികതയോടെ പെരുമാറുന്ന താരത്തിന്റെ വീഡിയോ വൈറലാവുകയാണ്. ഭജനയ്ക്കിടെ നിയന്ത്രണം വിട്ട് താരം പെരുമാറുന്ന വീഡിയോയാണത്.

മുംബൈയിൽ 'മാതാ കി ചൗക്കി'യിൽവെച്ചുള്ള വീഡിയോ ആണിതെന്നാണ് പറയപ്പെടുന്നത്.

പ്രാർഥന തുടങ്ങിയ സമയത്ത് ശാന്തമായ ഭാവത്തിലായിരുന്നു സുധ. അവർ പ്രാർഥനയിൽ മുഴുകിയിരിക്കുന്നതും കാണാം. കുറച്ചുകഴിഞ്ഞപ്പോൾ തന്നെ അവരുടെ മുഖഭാവം മാറാൻ തുടങ്ങിയിരുന്നു. പിന്നീട് അവർ കസേരയിൽനിന്ന് ചാടി എണീക്കുകയും അലറിക്കരയുകയും ചെയ്യുന്നതും കാണാം. ചുറ്റുമുള്ളവർ ചേർന്ന് അവരെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എണീക്കാൻ നോക്കുന്ന അവരെ ആളുകൾ ചേർന്ന് പിടിച്ചുവെക്കുന്നതും വീഡിയോയിലുണ്ട്. ഇതിനിടെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്ന ഒരാളുടെ കൈയിൽ പല തവണ അവർ കടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

ഈ വീഡിയോ കണ്ടപ്പോൾ ഏതെങ്കിലും സീരിയലിന്റെ ചിത്രീകരണവീഡിയോ ആണെന്നാണ് ആളുകൾ കരുതിയത്. എന്നാൽ പിന്നീടാണ് ഒരു പ്രാർഥനാചടങ്ങിൽനിന്നുള്ളതാണെന്ന് തിരിച്ചറിഞ്ഞത്. അതോടെ സുധയ്ക്ക് എന്താണ് പറ്റിയതെന്നതിനെക്കുറിച്ചുള്ള ചർച്ചകളായി. പിന്നാലെ ആളുകൾ ഈ വീഡിയോയ്ക്ക് കമന്റുകളുമായെത്തി. 'അവർ വൈകാരികമായി വളരെ അസ്വസ്ഥയാണെന്ന് തോന്നുന്നു, അതുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നത്, ക്യാമറയ്ക്കുപിന്നിലും സുധ അഭിനയിക്കുന്നു, പ്രശസ്തിക്ക് വേണ്ടി അവർ ഓരോന്ന് കാണിച്ചുകൂട്ടുന്നു, അവരിൽ ആത്മീയത സന്നിവേശിച്ചിരിക്കുകയാണ്. അത് വിട്ടുപോകുമ്പോൾ അവർ ശരിയാവും'...കമന്റുകൾ നിറയുന്നു.

പ്രശസ്ത ഭരതനാട്യം നർത്തകിയായ സുധാ ചന്ദ്രൻ, ഹിന്ദി, തമിഴ്, തെലുഗു, മലയാളം, കന്നഡ, മറാത്തി സിനിമകളിലും അതിനൊപ്പം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 1985-ൽ പുറത്തിറങ്ങിയ 'മയൂരി'യിൽ അഭിനയിച്ചതിന് ദേശീയപുരസ്‌കാരത്തിൽ പ്രത്യേകപരാമർശവും അവർക്ക് ലഭിച്ചിരുന്നു. സുധയുടെ ജീവിതകഥ തന്നെയാണ് 'മയൂരി' എന്ന സിനിമയുടെ കഥയായത്. അപകടത്തിൽ ഒരുകാൽ നഷ്ടപ്പെട്ട മയൂരി, പിന്നീട് നൃത്തത്തിലേക്ക് തിരിച്ചുവരുന്ന കഥയാണ് 'മയൂരി'. ഇപ്പോഴും അഭിനയത്തിൽ സജീവമാണ് സുധ. 'നയൻതാര' എന്ന ഹിന്ദി സീരീസിലാണ് അവരിപ്പോൾ അഭിനയിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi