റിയാലിറ്റി ഷോ താരവും നടിയും മോഡലും ഗായികയുമായ പാരീസ് ഹിൽട്ടൺ എന്നും ഫാഷൻലോകത്തെ ചർച്ചാവിഷയമാണ്. സൺഗ്ലാസുകളോട് വലിയ ഭ്രമമുള്ള താരം, വ്യത്യസ്തങ്ങളായ പോസുകളിലൂടെ സോഷ്യൽമീഡിയയിൽ നിറയാറുണ്ട്.  ഇപ്പോഴിതാ സൺഗ്ലാസ്സുകൾ സൂക്ഷിക്കാനായി മാത്രം തന്റെ വീട്ടിൽ ഒരു മുറി മാറ്റിവെച്ചിട്ടുണ്ടെന്നാണ് പാരീസ് ഹിൽട്ടന്റെ വെളിപ്പെടുത്തൽ.

കൂടാതെ സലൂണിൽ പോകാതെ സ്വന്തമായി ഉപയോഗിക്കാൻ ഒരു സ്പാ നിർമ്മിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. "എൻ്റെ വീട്ടിൽ സൺഗ്ലാസുകൾക്കായി ഒരു മുറി തന്നെയുണ്ട്. എല്ലാ ചുമരുകളിലും ഹോളോഗ്രാഫിക് ഷെൽഫുകളിലായി ഏകദേശം 10,000 സൺഗ്ലാസുകളുണ്ട്. പണ്ട് എനിക്ക് വലിയ സൺഗ്ലാസുകളോടായിരുന്നു ഇഷ്ടം. ഇപ്പോൾ എനിക്ക് ക്യാറ്റ്-ഐ ഗ്ലാസുകളോടാണ് ഭ്രമം.

എൻ്റെ വീട്ടിൽ 'സ്ലീവിങ് സ്പാ' എന്ന പേരിൽ ഒരു സ്പായും നിർമ്മിച്ചിട്ടുണ്ട്. അവിടെ എൽഇഡി റെഡ് ലൈറ്റ് ബെഡ്, ക്രയോതെറാപ്പി മെഷീൻ എന്നിവയുൾപ്പെടെ എല്ലാ സൗന്ദര്യവർദ്ധക ഉപകരണങ്ങളുമുണ്ട്. എല്ലാ ദിവസവും രാവിലെ ഒരുങ്ങാനായി ഞാൻ ഇവ ഉപയോഗിക്കാറുണ്ട്. കഴിഞ്ഞ ആറ് മാസമായി, ഒരു പുതിയ പ്ലാസ്മ ഉപകരണം ഞാൻ ഉപയോഗിക്കുന്നുണ്ട്, എനിക്കതിനോട് വലിയ ഇഷ്ടമാണ്,"

തെക്കൻ കാലിഫോർണിയയിൽ പടർന്നുപിടിച്ച കാട്ടുതീയിൽ മാലിബുവിലെ വീട് കത്തിനശിച്ചതിന് ശേഷം,പാരീസ് ഹിൽട്ടൺ അടുത്തിടെ ലോസ് ഏഞ്ചൽസിൽ ഒരു പുതിയ വീട് വാങ്ങിയിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച്, 63 മില്യൺ ഡോളറിനാണ് പാരീസും ഭർത്താവ് കാർട്ടർ റൂമും വീട് വാങ്ങിയത്.

30,500 ചതുരശ്രയടി വിസ്തീർണ്ണമുള്ള ഈ വീട്ടിൽ 12 കിടപ്പുമുറികൾ, 20 കുളിമുറികൾ, ഒരു വൈൻ സെല്ലാർ, ലൈബ്രറി, ജിം എന്നിവയുണ്ട്. കൂടാതെ, വീടിനോട് ചേർന്നുള്ള സ്ഥലത്ത് ബാസ്കറ്റ്ബോൾ, ടെന്നീസ് കോർട്ട്, സ്കേറ്റ് പാർക്ക്, ഡ്രൈവിങ് റേഞ്ചോടുകൂടിയ അഞ്ച് ഹോളുകളുള്ള ഗോൾഫ് കോഴ്സ്, വാട്ടർസ്ലൈഡുകളുള്ള റിസോർട്ട് ശൈലിയിലുള്ള നീന്തൽക്കുളം എന്നിവയുമുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi