
പെൻഗ്വിൻ / GettyImages
കൗതുകകരമാണ് മൃഗങ്ങളുടെയും പക്ഷികളുടെയും ലോകം. ഇണകളെ തിരഞ്ഞെടുക്കുന്നതിലും ആകർഷിക്കുന്നതിലും ഇണചേരുന്നതിലും കുഞ്ഞുങ്ങളെ വളർത്തുന്നതിലുമെല്ലാം ഓരോ മൃഗങ്ങളും വ്യത്യസ്തരാണ്. ജീവിതകാലം മുഴുവൻ ഒരു ഇണയ്‌ക്കൊപ്പം മാത്രം ജീവിക്കുന്ന മൃഗങ്ങളുണ്ട്. എന്നാൽ, ഒരേ സമയത്ത് പല ഇണകൾക്കൊപ്പം ജീവിക്കുന്ന ജീവജാലങ്ങളുമുണ്ട്.
ജിറാഫ് ഇണചേരാൻ തോന്നുമ്പോൾ, പെൺ ജിറാഫിന്റെ ജനനേന്ദ്രിയം മണക്കാൻ ശ്രമിക്കും. താത്പര്യമില്ലെങ്കിൽ പെണ്ണ് ആണിനെ തൊഴിച്ചുമാറ്റും. എന്നാൽ ചില പെൺ ജിറാഫുകൾ, ആണിന്റെ വായിലേക്ക് ചെറുതായിട്ടൊന്ന് മൂത്രമൊഴിക്കും. ഇത് ആൺ കൃത്യമായി മണത്തുനോക്കും. പെൺ ജിറാഫിനും താത്പര്യമുണ്ടെങ്കിൽ, ആ മൂത്രത്തിൽ ഫെറോമോണിന്റെ ഗന്ധമുണ്ടോയെന്നാണ് അവ മണത്തുനോക്കുന്നത്. മൂത്രത്തിൽനിന്ന് മണം കിട്ടിക്കഴിഞ്ഞാൽ, പെണ്ണും ഇണചേരാൻ തയ്യാറാണെന്നുള്ള സൂചനയാണ്. എന്നാൽ, ശരിയായ മണം കിട്ടിയില്ലെങ്കിൽ ആൺ ജിറാഫ് ആ പെണ്ണിനെ വിട്ട് മറ്റൊന്നിലേക്ക് പോവും.
മനോഹരമായ കല്ലുകൾ കൊടുത്താണ് ആൺ പെൻഗ്വിനുകൾ പെണ്ണിനോട് പ്രണയാഭ്യർഥന നടത്തുന്നത്. ഏറ്റവും മൃദുലമായ കല്ല് നൽകുന്ന ആണിനെയാണത്രേ പെണ്ണ് സ്വീകരിക്കുക. തനിക്കിഷ്ടപ്പെട്ട പെണ്ണിന് കൊടുക്കാനായി മനോഹരമായ കല്ലുകൾ തിരഞ്ഞെടുക്കുന്നതിലാണ് ആണിന്റെ കഴിവ്. കല്ല് പെൺ പെൻഗ്വിൻ സ്വീകരിച്ചാൽ, പെണ്ണിനും താത്പര്യമുണ്ടെന്നാണ് അർഥം. ഒരു പുതിയ ബന്ധത്തിന്റെ തുടക്കം. അതോടെ അവരൊരുമിച്ച് കൂടുണ്ടാക്കാൻ തുടങ്ങുകയായി.
ആ കല്ലും കൂട് പണിയാൻ ഉപയോഗിക്കും. അതിലൂടെ അവർ തമ്മിലുള്ള വൈകാരിക അടുപ്പം കൂടിയാണ് വെളിപ്പെടുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. പെൻഗ്വിനുകളിലെ ഒരുവിഭാഗമായ ജെന്റൂ പെൻഗ്വിനിലാണ് പങ്കാളിക്ക് കല്ല് കൊടുക്കുന്ന രീതി കൂടുതലായി കാണുന്നത്. മറ്റൊരു പെൻഗ്വിന്റെ പങ്കാളിക്ക് കല്ല് കൊടുക്കാൻ പാടില്ലെന്നതാണ് ഇവയ്ക്കിടയിലെ നിയമം.
നൃത്തം ചെയ്ത് ചിലന്തികൾ
മനോഹരമായ ഒരുതരം ചിലന്തികളാണ് പീകോക്ക് ജമ്പിങ് സ്‌പൈഡർ. ഇവയുടെ ശരീരത്തിൽ പലനിറങ്ങളിലുള്ള ഫ്‌ളാപ്പുണ്ട്. മയിൽപ്പീലി പോലെ മനോഹരമാണത്. അതുകൊണ്ടാവാം പീകോക്ക് സ്‌പൈഡർ എന്ന പേരുവന്നത്. ഇവയിലെ ആൺ ചിലന്തികൾ നൃത്തം ചെയ്താണ് ഇണയെ ആകർഷിക്കുന്നത്. നൃത്തം എന്നത് അവർക്ക് ഇണചേരാനുള്ള വഴി മാത്രമല്ല, അതിജീവനത്തിനുള്ള മാർഗം കൂടിയാണ്.
ഇണയെ ആകർഷിക്കാനായി മനോഹരവും ആകർഷകവുമായ നൃത്തം ചെയ്യണം. അത്രയും നല്ല നൃത്തമാണെങ്കിൽ മാത്രമേ ഇണ സമ്മതിക്കൂ. വിജയിച്ചാൽ ഇണയെ കിട്ടും. ഇല്ലെങ്കിൽ ഇണയുടെ ആഹാരമാകും. ശരിക്കുമൊരു ജീവൻമരണ പോരാട്ടം. ഇണചേർന്നുകഴിഞ്ഞതിനുശേഷവും ഇണയുടെ ഇരയാവാനിടയുണ്ട്.
നിരാശ മാറ്റാൻ ഉറങ്ങുന്ന കൊവാളകൾ
അലസത, വളരെ നേരമുള്ള ഉറക്കം എന്നിവയ്ക്ക് പേരുകേട്ട മൃഗമാണ് കൊവാള. 18 മുതൽ 22 മണിക്കൂർ വരെയാണ് ഇവയുടെ ഉറക്കസമയം. ആരുമായും അധികം കൂട്ടുകൂടുകയുമില്ല. ഇവയുടെ സ്വഭാവവും വളരെ രസകരമാണ്. ഉച്ചത്തിലുള്ള, മുഴക്കമുള്ള ശബ്ദത്തിലൂടെയാണ് ഇവ ഇണകളെ ആകർഷിക്കുന്നത്. അതിനൊപ്പം ശരീരത്തിലെ ഒരു പ്രത്യേകഗന്ധം ഉപയോഗിച്ച് മരത്തിൽ അടയാളപ്പെടുത്തുകയും ചെയ്യുന്നു. അവയുടെ സാന്നിധ്യവും ശക്തിയും സൂചിപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഗന്ധം മരത്തിൽ തേച്ചുപിടിപ്പിക്കുന്നതിലൂടെ തങ്ങളുടെ അതിർത്തി അടയാളപ്പെടുത്തുകയാണ് ഇവയുടെ ഉദ്ദേശം. ഇണയ്ക്കിത് ഇഷ്ടപ്പെട്ടാൽ, തിരിച്ച് താത്പര്യം പ്രകടിപ്പിക്കും, ഇല്ലെങ്കിൽ അവഗണിക്കും.
അനുയോജ്യമായ ഇണയെ കണ്ടെത്താൻ കഴിയാതെ വരുമ്പോൾ, കൊവാളകൾക്ക് നിരാശയാവും. എന്നാൽ നിരാശ പ്രകടിപ്പിക്കുകയൊന്നുമില്ല. ആ നിരാസം മറക്കാനായി, നേരെ യൂക്കാലിപ്റ്റസ് മരങ്ങളുടെ കൊമ്പിലേക്ക് കയറും. അവിടെക്കിടന്ന് നന്നായിട്ടൊന്ന് ഉറങ്ങുകയും ചെയ്യും.
കൊവാളകളെ പോലെ തന്നെ അലസൻമാരാണ് പാണ്ടകൾ. ചില വിചിത്രസ്വഭാവങ്ങൾ കൂടിയുണ്ട് അവയ്ക്ക്. പെൺപാണ്ടകൾ ഗർഭം ധരിക്കുമ്പോൾ, മൃഗശാലകളിൽ അവയ്ക്ക് പ്രത്യേകപരിഗണന നൽകാറുണ്ട്. വേറെ സ്ഥലത്തേക്ക് മാറ്റും ഇവയെ. നല്ല ഭക്ഷണവും പ്രത്യേക പരിചരണവും ലഭിക്കുകയും ചെയ്യും. കൂടുതൽ പരിഗണന ലഭിക്കുന്നതിനായി ചില പെൺ പാണ്ടകൾ ഈ പ്രഗ്നൻസി കാർഡ് എടുത്തുപയോഗിക്കും.
തങ്ങളുടെ പ്രത്യേകഗന്ധവും ശബ്ദവുമുപയോഗിച്ചാണ് ഇവ ഇണകളെ ആകർഷിക്കുന്നത്. തങ്ങൾ കടന്നുപോകുന്ന വഴിയിലുള്ള മരങ്ങളിലും പാറകളിലുമൊക്കെ ശരീരത്തിലുള്ള സ്രവം ഉരച്ചുപിടിപ്പിക്കും. എന്നിട്ട് അടുത്തുള്ള വലിയ മരങ്ങളിൽ കയറിയിരിക്കും. താത്പര്യമുള്ള ഇണകൾ ഈ ഗന്ധത്തിനടുത്തുവന്ന് ചുറ്റിക്കറങ്ങും. ഒരു പെൺ പാണ്ടയ്ക്കായി ചിലപ്പോൾ അഞ്ചോ ആറോ ആൺ പാണ്ടകൾ മത്സരിക്കും. അങ്ങനെയുള്ളപ്പോൾ പോരാട്ടത്തിലൂടെ വിജയിക്കുന്ന പാണ്ടയ്ക്കാണ് പെണ്ണിനെ കിട്ടാനുള്ള അവകാശം. അവിടെ ചെറിയ തോതിലുള്ള ആക്രമണവും പ്രതിരോധവുമാണ് വിജയിയെ നിശ്ചയിക്കുന്നത്.
ഉച്ചത്തിൽ പ്രത്യേകതരത്തിലുള്ള ശബ്ദമാണ് തവളകൾ ഇണയെ ആകർഷിക്കാൻ ഉപയോഗിക്കുന്നത്. ഇതിൽ ആകർഷകമായ ശബ്ദവും ശരീരവലുപ്പവുമുള്ള ആണിനടുത്തേക്ക് പെൺ തവള ഇണചേരലിനായി നീങ്ങും. സ്വയരക്ഷയ്ക്കായുള്ള ചില വഴികളും പെൺതവളകൾക്കറിയാം. ഇഷ്ടമില്ലാത്ത ഇണചേരലിൽനിന്ന് ഒഴിവാകാനായി, അവരൊരു വിദ്യ ഉപയോഗിക്കും. കൈകാലുകളെല്ലാം മുകളിലേക്ക് പൊക്കി, ചത്തപോലെ അനക്കമില്ലാതെ കിടക്കും. ചില സന്ദർഭങ്ങളിൽ ഒട്ടേറെ ആൺ തവളകൾ ഒരേ പെണ്ണിനെ സമീപിക്കാറുണ്ട്. പെണ്ണിനെ വളഞ്ഞുപിടിക്കുന്നതുപോലെയാവും അത്. അതിനായി അവയ്ക്കിടയിൽ രൂക്ഷമത്സരവും നടക്കും. ഇത് ചിലപ്പോൾ പെണ്ണിന്റെ ജീവനുതന്നെ ഭീഷണിയായേക്കാം. അപ്പോഴാണ് രക്ഷപ്പെടാനായി ഈ വഴിനോക്കുന്നത്.
ഇണചേർന്ന് സ്വയം ഇല്ലാതാവുന്ന ആംഗ്ലർ ഫിഷ്
ആഴക്കടലിൽ കാണപ്പെടുന്ന ഒരുതരം മത്സ്യമാണിത്. ജലോപരിതലത്തിൽനിന്ന് 2000 മീറ്റർ വരെ ആഴത്തിലാണിത് കാണുക. ഇതിൽ പെൺമത്സ്യത്തിനാണ് ആണിനേക്കാൾ വലുപ്പക്കൂടുതലുള്ളത്. ആംഗ്ലർ ഫിഷ് അനുയോജ്യയായ ഇണയെ കാണുമ്പോൾ, അതിന്റെ ശരീരത്തിൽ കടിക്കും. അപ്പോൾ പുറത്തുവരുന്ന ഒരുതരം എൻസൈം, ആണിന്റെ വായയെയും ചർമത്തെയും ലയിപ്പിക്കാൻ തുടങ്ങും. പതുക്കെ ആൺ മത്സ്യത്തിന്റെ അവയവങ്ങൾ ചുരുങ്ങുന്നതും ശരീരം ക്ഷയിക്കുന്നതും കാണാം. കാലക്രമേണ ആൺ മത്സ്യത്തിന്റെ ശരീരം, പെൺ മത്സ്യത്തിന്റെ ശരീരത്തിൽ പറ്റിച്ചേർന്ന് അതിന്റെ ഭാഗമായി മാറുന്നു.
ആൺമത്സ്യത്തിന്റെ ശരീരത്തിൽനിന്നുള്ള ബീജമാണ് കാലാകാലം നല്ല അണ്ഡങ്ങൾ ഉത്പാദിപ്പിക്കാൻ പെൺമത്സ്യത്തെ സഹായിക്കുന്നത്. എന്നാൽ ഇങ്ങനെയല്ലാതെ ഇണചേരുന്ന ആംഗ്ലർ മത്സ്യങ്ങളുമുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
ആണായും പെണ്ണായും മാറുന്ന ക്ലോൺഫിഷ്
'ഫൈൻഡിങ് നെമോ' എന്ന അമേരിക്കൻ അനിമേഷൻ ചിത്രത്തിലൂടെ കുട്ടികളുടെ മനസ്സിലിടം പിടിച്ച മത്സ്യമാണ് ക്ലോൺ ഫിഷ്. എല്ലാ ക്ലോൺ മത്സ്യങ്ങളും ആണായിട്ടാണ് ജനിക്കുന്നത്. അവയുടെ ശരീരത്തിൽ ആണിന്റെയും പെണ്ണിന്റെയും പ്രത്യുത്പാദന അവയവങ്ങളുണ്ടാവുകയും ചെയ്യും. ഒരു സംഘമായിട്ടാണ് ഇതെപ്പോഴുമുണ്ടാവുക. ഈ സംഘത്തിലെ പെൺ മത്സ്യം ചാവുമ്പോൾ, കൂട്ടത്തിലെ നേതാവായ ആൺമത്സ്യം സ്വയം പെണ്ണായി മാറും. എന്നിട്ട് സംഘത്തിലെ ആൺമത്സ്യവുമായി ഇണചേരുകയാണ് ചെയ്യുന്നത്.
കടൽക്കുതിരകളിൽ ആണാണ് ഗർഭം ധരിക്കുന്നത്. ഇണചേർന്നശേഷം പെൺ കടൽക്കുതിര മുട്ടകളെല്ലാം ആണിന്റെ ശരീരത്തിലെ ഒരു പ്രത്യേകതരം സഞ്ചിയിലേക്ക് മാറ്റുന്നു. അതവിടെ കിടന്ന് ബീജസങ്കലനം നടക്കുകയും ആൺ ഗർഭം ധരിക്കുകയും ചെയ്യുന്നു. അവിടെയിരുന്ന് മുട്ടകളെല്ലാം വലുതായി, 24 ദിവസത്തിനുള്ളിൽ പ്രസവിക്കുകയാണ് ചെയ്യുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover the fascinating world of animal mating rituals, from gift-giving penguins to male seahorses carrying the eggs
Published: 19 Sept 2025, 01:10 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented