മഴക്കാലത്ത് ക്ഷണിക്കപ്പെടാതെ ചില അതിഥികൾ വീടിനുള്ളിലേക്ക് കയറിവരാറുണ്ട്. തവളയും പ്രാണികളുമെല്ലാം അക്കൂട്ടത്തിൽപെടും. മഴയുടെ തുടക്കസമയത്ത് ചില കുഞ്ഞൻ അതിഥികളെ കാണുന്നത് കൗതുകമാണെങ്കിലും സ്ഥിരമാകുമ്പോൾ ആർക്കുമത്ര പിടിക്കാറില്ല. കുഞ്ഞൻ തവളകൾ ഇതിൽ പ്രധാനികളാണ്. മഴക്കാലത്ത് വീട്ടിൽ കയറിവരുന്ന തവളകളിൽ ഭൂരിഭാഗവും ബുഷ് ഫ്രോഗ്സ് അഥവാ ഇലത്തവളകളാണ്. മഴ കനത്തുപെയ്യുമ്പൾ ഒളിച്ചിരിക്കാനുള്ള സ്ഥലങ്ങൾ നഷ്ടപ്പെടുമ്പോഴാണ് പൊതുവെ അവ വീടുകളിലേക്കെത്തുന്നത്.
ഉമ്മറത്തെ അൽപം നനവുള്ള എന്നാൽ വരണ്ടതുമായ, സ്ഥലങ്ങൾ അവർക്ക് സുരക്ഷിതമായ ഇടങ്ങളാണ്. പുറത്തെ വെളിച്ചത്തിൽ പ്രാണികളെത്തുമ്പോൾ അവയെ പിടിക്കാൻ വേണ്ടിയും തവളകളെത്തും. തവളയെ പിടിക്കാൻ പാമ്പുകളും വരുന്നതിനാൽ എപ്പോഴും ശ്രദ്ധവേണം.

To advertise here,

തുറന്നിട്ട വാതിലുകളും വാതിലിനടിയിലെ ചെറിയ ദ്വാരം പോലും ഇലത്തവളകൾ വീട്ടിലേക്ക് ചാടിക്കയറാൻ ഉപയോഗിക്കും. ചാട്ടക്കാരായതിനാൽ പുറത്താക്കി വാതിലടയ്ക്കുക എളുപ്പവുമല്ല. ടോയ്ലറ്റിന്റെ ഡ്രെയ്നേജിലൂടെയടക്കം വലിയ തവളകളും വീടിനുള്ളിലേക്ക് കയറിവരാറുണ്ട്.

വീടിനുള്ളിൽ നനവുള്ള അന്തരീക്ഷമുണ്ടെങ്കിൽ, പ്രത്യേകിച്ച് ചെടികളുണ്ടെങ്കിൽ തവളകൾ കയറിവരാൻ കൂടുതൽ താത്പര്യം കാണിക്കും. തവളകളെ ഇഷ്ടപ്പെടുന്നില്ലെങ്കിൽ എങ്ങനെ അവയെ പുറത്താക്കാമെന്നു നോക്കാം.

  • വിടവുകൾ അടയ്ക്കുക: വാതിലുകളും ജനലുകളും കൃത്യമായി അടച്ചിടാൻ ശ്രദ്ധിക്കുക. വാതിലുകൾക്കിടയിലെ വിള്ളലുകൾ അടയ്ക്കുക.
  • ലൈറ്റുകൾ ഓഫ് ചെയ്യുക: ഔട്ട്ഡോർ ലൈറ്റുകൾ പ്രാണികളെയും പ്രാണികൾ തവളകളെയും ആകർഷിക്കും. അതുകൊണ്ട് അത്യയാവശ്യമില്ലാത്തപ്പോൾ ലൈറ്റ് അണച്ചിടാം.
  • ഉമ്മറം വരണ്ടതായി സൂക്ഷിക്കാം: വീട്ടിലേക്ക് കയറുന്ന വാതിലുകൾക്കുചുറ്റും വെള്ളം തളംകെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കുക. ഉണങ്ങിയ ഉമ്മറപ്പടി തവളകളെ അത്രയ്ക്ക് ആകർഷിക്കാറില്ല.
  • ചെടികൾ വെട്ടിമാറ്റാം: വാതിലുകൾക്ക് സമീപമുള്ള കുറ്റിച്ചെടികളും കുറ്റിക്കാടുകളും തവളകൾക്ക് എളുപ്പത്തിൽ മറവ് നൽകുന്നു - സാധ്യമെങ്കിൽ അവ പിന്നിലേക്ക് മാറ്റുകയോ വെട്ടിക്കളയുകയോ ചെയ്യാം.

തവളകൾ പൊതുവെ നിരുപദ്രവകാരികളാണ്. അഭയം തേടിവരുന്നവരാണെന്ന പരിഗണന കൊടുത്ത് ഉപദ്രവിക്കാതെ പുറത്താക്കാൻ ശ്രദ്ധിക്കാം. ഒരു കാർഡ്ബോർഡ് കഷണമുപയോഗിച്ച് പാത്രത്തിലാക്കി നനവുള്ളയിടങ്ങളിൽ ഉപേക്ഷിക്കാം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ: https://mbi.page.link/grihalakshmi