2019 മുതല്‍ 2020 വരെ ഓസ്‌ട്രേലിയയില്‍ നീണ്ടുനിന്ന കാട്ടുതീ. ഒരുപാട് പ്രദേശങ്ങളെ അത് ബാധിച്ചു. ഒട്ടും നിയന്ത്രിക്കാനാവാതെ ദിവസങ്ങളോളമാണ് അത് നീണ്ടുനിന്നത്. ഓസ്‌ട്രേലിയയില്‍ ഏറ്റവും നാശംവിതച്ച കാട്ടുതീയില്‍ ഒന്നായാണ് ഇത് കരുതപ്പെടുന്നത്. ബ്ലാക്ക് സമ്മര്‍ എന്നും അന്നുണ്ടായ കാട്ടുതീ അറിയപ്പെടുന്നു.
താരതമ്യേന വരണ്ട കാലാവസ്ഥയുള്ള മധ്യ ക്വീന്‍സ് ലാന്‍ഡിലാണ് കാട്ടുതീ ആദ്യമുണ്ടായത്. 2019 ജൂണിൽ പതിയെ തുടങ്ങി. സെപ്റ്റംബര്‍ ആയപ്പോഴേക്കും അത് ന്യൂ സൗത്ത് വെയില്‍സിലെ ഒരു വലിയ പ്രദേശത്തെ തന്നെ തീ വിഴുങ്ങാന്‍ തുടങ്ങി. പൂര്‍ണമായി അവസാനിക്കുന്നത് 2020 മാർച്ചിലും-ലും. ഇത് ഏറ്റവും രൂക്ഷമായത് 2019 ഡിസംബര്‍ മുതല്‍ ജനുവരി വരെയാണ്. 24.3 മില്യണ്‍ ഹെക്ടര്‍ പ്രദേശമാണ് കത്തിനശിച്ചത്. അതില്‍ 3000-ത്തോളം കെട്ടിടങ്ങളുമുള്‍പ്പെടുന്നു. 34 പേര്‍ മരിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 3500-ഓളം പേര്‍ക്ക് വീടും നഷ്ടപ്പെട്ടു. ഒരു ബില്യണ്‍ പക്ഷിമൃഗാദികളാണ് തീയില്‍ വെന്തെരിഞ്ഞത്.
വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മൂന്നു ബില്യണ്‍ മൃഗങ്ങളെ ഈ കാട്ടുതീ വലിയ തോതില്‍ ബാധിക്കുകയും ചെയ്തു. പൊള്ളലേറ്റും പരിക്കേറ്റും പിന്നീട് മരണത്തിന് കീഴടങ്ങിയ മൃഗങ്ങളുമുണ്ട്. ഇവയില്‍ വംശനാശം നേരിടുന്നവയും ഉള്‍പ്പെടുന്നു.

ഇതേറ്റവും കൂടുതല്‍ ബാധിച്ചത് കൊവാള കരടികളെയാണ്. നൂറുകണക്കിന് കൊവാളകള്‍ തീയില്‍ എരിഞ്ഞു. ചിലതിനെ രക്ഷപ്പെടുത്താനും കഴിഞ്ഞു. ന്യൂസൗത്ത് വെയില്‍സിലുണ്ടായ കാട്ടുതീയില്‍നിന്ന് രക്ഷിച്ച ഒരു കൊവാള കരടി, പിന്നീട് ഈ ദുരന്തത്തിന്റെ പ്രതീകമായി മാറുകയും ചെയ്തു. പോര്‍ട്ട് മക്വാരിയില്‍നിന്നാണ് ഈ കൊവാളയെ കിട്ടുന്നത്. മോട്ടോറിസ്റ്റായ ടോണി, കൊവാളയെ രക്ഷിക്കാനോടുന്ന വീഡിയോ പിന്നീട് വൈറലായിരുന്നു. കാട്ടുതീയില്‍പ്പെട്ട് എങ്ങോട്ട് പോവണമെന്നറിയാതെ അലഞ്ഞ കൊവാള. റോഡിലേക്കും തിരിച്ച് കാട്ടിലെ തീയിലേക്കും കുതിച്ചുകൊണ്ടിരിക്കുകയായിരുന്നു. ടോണി അതിനുപുറകെ ചെന്ന് മരത്തില്‍നിന്ന് അതിസാഹസികമായി രക്ഷിക്കുകയായിരുന്നു. ആദ്യം അതിന്റെ ദേഹത്ത് വെള്ളമൊഴിച്ചും പിന്നീട് ഒരു ബ്ലാങ്കറ്റില്‍ പൊതിഞ്ഞും ആസ്പത്രിയിലെത്തിച്ചു.
ആ ദിവസങ്ങളിലൊന്നില്‍ തന്റെ പേരക്കുട്ടികളിലൊരാളിന്റെ പേര് ഈ കൊവാളയ്ക്ക് ടോണി നല്‍കുകയും ചെയ്തു, എലന്‍ബറോ ലൂയിസ്. ഗുരുതരമായ പരിക്കുകളായിരുന്നു ലൂയിസിന്. കൈകളും കാലുകളുമെല്ലാം പൊള്ളിയടര്‍ന്നിരുന്നു. നല്ല ചികിത്സ തന്നെ ലൂയിസിന് അധികൃതര്‍ നല്‍കി. പക്ഷേ പൊള്ളല്‍ സുഖപ്പെടുത്താനാവില്ലെന്ന് ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ ആസ്പത്രി അധികൃതര്‍ക്ക് മനസ്സിലായി. ഒടുവില്‍ പതിനാല് വയസ്സുള്ള ലൂയിസിനെ ദയാവധം നല്‍കി വേദനകളില്‍നിന്ന് മോചിപ്പിച്ചു.
കാട്ടുതീയെക്കുറിച്ച് അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ലൂയിസിന്റെ ഒരു ശില്‍പമുണ്ടാക്കുകയും ചെയ്തു അധികൃതര്‍. മാര്‍ക്ക്, ഗില്ലി എന്നീ ശില്‍പികളായിരുന്നു ഇതിനു പിന്നില്‍. കൈകളും കാലുകളുമൊക്കെ ബാന്റേജിട്ട്, ഒരു യൂക്കാലിപ്റ്റസ് മരക്കുറ്റിയുടെ മുകളിലിരിക്കുന്ന രീതിയിലാണ് ലൂയിസിന്റെ വെങ്കലപ്രതിമ തയ്യാറാക്കിയത്.
ഓസ്‌ട്രേലിയയാണ് കൊവാള കരടികളുടെ ജന്‍മസ്ഥലം. എന്നാലിന്ന് വംശനാശത്തിന്റെ വക്കില്‍ നില്‍ക്കുകയാണ് അവ. ഓരോ വര്‍ഷവും കൊവാളകളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രധാനകാരണം രോമത്തിനുവേണ്ടി വേട്ടയാടപ്പെട്ടതും ആവാസസ്ഥലങ്ങള്‍ നശിച്ചുപോയതും കാട്ടുതീയുമൊക്കെയാണ്. അതിനൊപ്പം വരള്‍ച്ചയും വനനശീകരണവുമൊക്കെ ഇവയുടെ നിലനില്‍പ്പിനെ ബാധിക്കുന്നുണ്ട്. വാഹനങ്ങള്‍ ഇടിച്ചു മരിക്കുന്നുമുണ്ട്. യൂക്കാലിപ്റ്റ്‌സ് മരങ്ങളിലാണ് ഇവ സാധാരണയായി ഉണ്ടാവുക. ഒരേ മരക്കൊമ്പില്‍ തന്നെ ദിവസങ്ങളോളം വസിക്കും.
Content Highlights: black summer most intense bushfire happened in australia
Published: 26 Nov 2024, 04:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented