നല്ല വിശ്രമം ലഭിക്കാനും ആരോഗ്യം മെച്ചപ്പെടാനും ശരിയായ ഉറക്കം അത്യാവശ്യമാണ്. ഉറക്കമില്ലായ്മയുണ്ടാക്കുന്ന പ്രശ്‌നങ്ങൾ ചില്ലറയല്ല. മൃഗങ്ങൾക്കിടയിലും ഉറക്കം വളരെ പ്രധാനമാണെന്ന് പഠനങ്ങൾ പറയുന്നു. ചില മൃഗങ്ങൾ ഒരുദിവസം 22 മണിക്കൂർ വരെ ഉറങ്ങും.   

To advertise here,

ഏറ്റവും കൂടുതൽ ഉറങ്ങുന്നത് കൊവാളയാണ്. 18 മുതൽ 22 മണിക്കൂർ വരെയാണ് ഇവയുടെ ഉറക്കസമയം. ഓസ്‌ട്രേലിയയാണ് ജൻമദേശം. കാഴ്ചയിൽ ടെഡി ബെയർ പോലെയാണ് കൊവാളകൾ. 60 മുതൽ 85 സെന്റിമീറ്റർ വരെ നീളംവെയ്ക്കും. പൂർണവളർച്ചയെത്തുമ്പോൾ 15 കിലോ വരെ ഭാരവും. ആരുമായും അധികം കൂട്ടില്ലാത്ത മൃഗങ്ങളാണ് കൊവാള.  

ഒരേ മരക്കൊമ്പിൽ തന്നെയാണ് ഇവ ദിവസങ്ങളോളം കഴിയുക. യൂക്കാലി മരത്തിലെ ഇലകളാണ് ഭക്ഷണം. ഇതിൽ പോഷകങ്ങൾ വളരെ കുറവാണ്. ദഹിക്കാനാണെങ്കിൽ ഏറെ ബുദ്ധിമുട്ടും. 20 വർഷം വരെയാണ് കൊവാളയുടെ ആയുസ്സ്. 

എന്നാലിന്ന് വംശനാശത്തിന്റെ വക്കിൽ നിൽക്കുകയാണ് കൊവാള. ഓരോ വർഷവും കൊവാളകളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രധാനകാരണം രോമത്തിനുവേണ്ടി വേട്ടയാടപ്പെട്ടതും ആവാസസ്ഥലങ്ങൾ നശിച്ചുപോയതും കാട്ടുതീയുമൊക്കെയാണ്. അതിനൊപ്പം വരൾച്ചയും വനനശീകരണവുമൊക്കെ ഇവയുടെ നിലനിൽപ്പിനെ ബാധിക്കുന്നുണ്ട്. വാഹനങ്ങൾ ഇടിച്ചു മരിക്കുന്നുമുണ്ട്. യൂക്കാലിപ്റ്റ്സ് മരങ്ങളിലാണ് ഇവ സാധാരണയായി ഉണ്ടാവുക.  

സ്ലോത്ത്
15 മുതൽ 20 മണിക്കൂർ വരെയാണ് ഉറക്കം. വളരെ അലസൻമാരാണ് സ്ലോത്ത്. പതുക്കെയാണിവ ഒരുസ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് നീങ്ങുന്നത്. ഒരു ഫുട്‌ബോൾ ഗ്രൗണ്ടിന്റെ പകുതി ദൂരമേ സ്ലോത്ത് ഒരു ദിവസം നീങ്ങുകയുള്ളൂവെന്ന് പഠനങ്ങൾ പറയുന്നു. ഇലകളും ചില്ലകളും മുകുളങ്ങളുമാണ് അവയുടെ ഭക്ഷണം. ദഹനപ്രക്രിയ വളരെ പതുക്കെയാണ് ഈ മൃഗങ്ങളിൽ. അതുകൊണ്ടുതന്നെ വളരെ കുറച്ച് ഭക്ഷണം മാത്രമേ കഴിക്കൂ. 

വവ്വാൽ കുടുംബത്തിൽനിന്നുള്ളതാണ് ലിറ്റിൽ ബ്രൗൺ ബാറ്റ്. അവ ദിവസവും ഉറങ്ങുന്നത് 20 മണിക്കൂർ വരെയാണ്. ആറര വർഷം വരെയാണ് ഇവയുടെ ആയുസ്സ്.