പ്രസിദ്ധ തുർക്കിഷ് നടിയാണ് ഹാൻഡെ എർഷെൽ. 'ആസ്‌ക് ലഫ്താൻ അൻലമാസ്' എന്ന ജനപ്രിയ പരമ്പരയിലൂടെയാണ് അവർ ഇന്ത്യക്കാർക്കും പ്രിയങ്കരിയായത്. അതിലെ നിഷ്‌കളങ്കമായ 'ഹയാത്' എന്ന കഥാപാത്രത്തെ പ്രേക്ഷകർ പെട്ടെന്നൊന്നും മറക്കാനിടയില്ല. 'പ്യാർ ലഫ്‌സോം മേം കഹാ', 'ഹയാത്' എന്നീ പേരുകളിലാണ് പരമ്പര ഇന്ത്യയിൽ സംപ്രേഷണം ചെയ്തത്. ആ സീരീസ് 30-ലേറെ രാജ്യങ്ങളിൽ സംപ്രേഷണം ചെയ്തിരുന്നു.
ഇപ്പോൾ ഹാൻഡെ എർഷെൽ വീണ്ടും ചർച്ചകളിൽ നിറയുന്നതും ഒരു ഇന്ത്യക്കാരന്റെ പേരിലാണ്. റിയാദിൽ നടക്കുന്ന ജോയ് അവാർഡ്‌സ് അവതരിപ്പിച്ചത് ഷാരൂഖ് ഖാനും ഹാൻഡെയുടെ സുഹൃത്ത് കൂടിയായ നടി അമിന ഖലീലും ചേർന്നാണ്. പരിപാടി നടക്കുമ്പോൾ ഹാൻഡെയും കാണികൾക്കിടയിൽ ഇരിപ്പുണ്ടായിരുന്നു. അതിനിടെ അമിനയും ഷാരൂഖും വേദിയിൽ നിൽക്കുന്നത് ഹാൻഡെ വീഡിയോ എടുക്കുന്നതും കാണാമായിരുന്നു. ആ വീഡിയോ വളരെ പെട്ടെന്നാണ് വൈറലായത്.
ഹാൻഡെ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഈ വീഡിയോ പങ്കുവെച്ചപ്പോൾ ഷാരൂഖിന്റെ ആരാധകർ ആവേശത്തിലായി. എന്നാൽ, പൊടുന്നനെ ഈ സംഭവങ്ങൾക്കെല്ലാം ഒരു വിവാദഛായ വന്നു. അതിനുകാരണമായത് മറ്റൊരു ഇൻസ്റ്റഗ്രാം സ്റ്റോറിയും. ഹാൻഡെയുടെ അക്കൗണ്ടിൽ നിന്നാണെന്ന് അവകാശപ്പെടുന്ന ഒരു സ്‌ക്രീൻഷോട്ട് വൈറലായി. ആ സ്‌ക്രീൻഷോട്ടിലെ കുറിപ്പാണ് വിവാദത്തിന് ആക്കംകൂട്ടിയത്. 'ആരാണ് ഈ അങ്കിൾ? ഞാനെന്റെ സുഹൃത്തിന്റെ വീഡിയോ എടുക്കുകയായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ ആരാധികയല്ല. ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തുക'. അതോടെ കിങ് ഖാന്റെ ആരാധകരെല്ലാം ഹാൻഡെയ്‌ക്കെതിരെ തിരിഞ്ഞു. അവർ ട്രോൾ ചെയ്യപ്പെട്ടു.
തൊട്ടുപിന്നാലെ വിശദീകരണവുമായി ഹാൻഡെയുമെത്തി. ആ ചിത്രം വ്യാജമാണെന്നും മോർഫ് ചെയ്തതാണെന്നുമാണ് അവർ വ്യക്തമാക്കിയത്. 'ഇത് തെറ്റാണ്' എന്നവർ തുറന്നടിക്കുകയും ചെയ്തു.
പ്രശസ്തമായ പല ബ്രാൻഡുകൾക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട് ഹാൻഡെ. 2025-ലാണ് ഇറ്റാലിയൻ ആഭരണബ്രാൻഡായ പോമെലാറ്റോ, തങ്ങളുടെ ഗ്ലോബൽ ബ്രാൻഡ് അംബാസഡറായി ഹാൻഡെയെ തിരഞ്ഞെടുത്തത്. തുർക്കിയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളാണ്. 'മേരി ക്ലെയർ' മാസികയുടെ സ്‌പെയിൻ എഡിഷന്റെ മുഖചിത്രത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ തുർക്കിഷ് താരം കൂടിയാണിവർ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Turkish actress Hande Erçel addresses controversy after a viral video of her with Shah Rukh Khan and a fake screenshot.
Published: 21 Jan 2026, 05:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented