2015. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഒരു സമരം നടന്നത് അക്കാലത്താണ്. 139 ദിവസമാണത് നീണ്ടുനിന്നത്. നടനും രാഷ്ട്രീയക്കാരനുമായ ഗജേന്ദ്ര ചൗഹാനെ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമിക്കുന്ന തീരുമാനത്തിനെതിരെയായിരുന്നു. രാഷ്ട്രീയനിറമുള്ള നിയമനമാണെന്നും അദ്ദേഹം ആ പദവിക്ക് യോഗ്യനല്ലെന്നും സമരം ചെയ്ത വിദ്യാര്‍ഥികള്‍ ഉറപ്പിച്ചുപറഞ്ഞു.
വിദ്യാര്‍ഥികള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ കാബിനുമുന്നില്‍ ധര്‍ണയിരിക്കുകയും അദ്ദേഹത്തെ ഘെരാവോ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഒടുവില്‍ 35 പേര്‍ക്കെതിരെ പോലീസ് കേസെടുത്ത്, അന്വേഷണമാരംഭിച്ചു. സമരത്തില്‍ പങ്കെടുത്ത പല വിദ്യാര്‍ഥികള്‍ക്കും സ്റ്റൈപ്പന്‍ഡ് നിഷേധിക്കപ്പെട്ടു. സ്‌കോളര്‍ഷിപ്പും വിദേശത്തെ പഠനപരിപാടിയില്‍ പങ്കെടുക്കാനുള്ള അവസരവും നഷ്ടമായി. അതിലൊരാളായിരുന്നു പായല്‍ കപാഡിയ.
ഇന്നും ആ കേസ് എങ്ങുമെത്തിയിട്ടില്ല. ജൂണ്‍ 26-ന് കേസിന്റെ അടുത്ത ഹിയറിങ് നടക്കാനിരിക്കെയാണ്, പായലിന്റെ സിനിമ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടുന്നത്. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ചിത്രമാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'. പ്രഭ, അനു എന്നീ രണ്ടു നഴ്‌സുമാരുടെ കഥയാണ് സിനിമ പറയുന്നത്. കനി കുസൃതി, ദിവ്യപ്രഭ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലഭിനയിക്കുന്നത്. 
ഹ്രസ്വചിത്രം മുതല്‍...
ഇതാദ്യമായല്ല പായലിന്റെ സിനിമകള്‍ കാനിലെ മത്സരവിഭാഗത്തിലിടം നേടുന്നത്. 2017-ല്‍ ആഫ്റ്റര്‍നൂണ്‍ ക്ലൗഡ്‌സ് എന്ന ഹ്രസ്വചിത്രവും കാനിലെത്തിയിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരത്തിന്റെ മുന്‍നിരയിലുള്ളപ്പോള്‍ തന്നെയാണ് ഈ ഹ്രസ്വചിത്രം പായല്‍ സംവിധാനം ചെയ്തത്. ഇത് തൊട്ടടുത്തവര്‍ഷം കാനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പായലിനെ പിന്തുണച്ച് രംഗത്തെത്തി. കാനില്‍ പോകാനുള്ള യാത്രാച്ചെലവും മറ്റും ഇന്‍സ്റ്റിറ്റ്യൂട്ട് വഹിക്കുകയും ചെയ്തു. 2021-ല്‍ പായല്‍ സംവിധാനം ചെയ്ത 'എ നൈറ്റ് ഓഫ് നോയിങ് നതിങ്' മികച്ച ഡോക്യുമെന്ററിക്കുള്ള ഗോള്‍ഡന്‍ ഐ പുരസ്‌കാരവും കരസ്ഥമാക്കി.
Content Highlights: payal kapadia got grand prix at cannes for her movie
Published: 27 May 2024, 02:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented