അർധരാത്രിയിൽ മൊബൈൽ ഫോൺ നിർത്താതെ ശബ്ദിച്ചു. അസുഖം കൂടുതലാണ്. 'പതിവായി കഴിക്കുന്ന ആ മരുന്ന് വാങ്ങിത്തരുമോ?' ഫോണിന്റെ അങ്ങേത്തലയ്ക്കൽ നിന്നൊരു ചോദ്യം. ഉടൻ സ്‌കൂട്ടർ കറക്കി, ചീറിപ്പാഞ്ഞൊരു പോക്ക്. മരുന്നുമായി രോഗിയുടെ വീട്ടിലെത്തി. അപ്പോഴേക്കുമെത്തി അടുത്ത കോൾ. 'അപ്പോ ശരി, എന്തെങ്കിലുമുണ്ടെങ്കിൽ വിളിച്ചാൽ മതി' എന്ന മറുപടിയുംനൽകി അടുത്തയാളുടെ അടുത്തേക്ക്. ഇതാണ് തിരുവനന്തപുരം നെടിയാവിളയിലെ പ്രതിഭ എന്ന സ്‌കൂട്ടർ പ്രതിഭ. ആരുടെയും എന്ത് ആവശ്യത്തിനും സമയവും കാലവും നോക്കാതെ ഓടിയെത്തുന്ന മലയോരത്തെ സ്‌കൂട്ടർ ടാക്സിക്കാരി.

To advertise here,

13 വർഷമായി ഇരുചക്രത്തിൽ വട്ടം ചുറ്റിയാണ് ഈ മുപ്പത്തിയെട്ടുകാരിയുടെ ജീവിതം. ജീവിതപ്രാരാബ്ധങ്ങൾ ഏറെയുണ്ടെങ്കിലും ബൈക്ക് ടാക്‌സിയിലെ ചെറിയ വരുമാനത്തേക്കാളും ചെയ്യുന്ന നന്മയാണ് തന്റെ സന്തോഷമെന്ന് പ്രതിഭ പറയുന്നു. ജീവിതം കരുപ്പിടിപ്പിക്കാൻ ആറുമാസം പ്രായമുള്ള മകളെ ബെൽറ്റുകൊണ്ട് വയറിൽ കെട്ടിവച്ച് സ്‌കൂട്ടർ ഓടിച്ച ആദ്യ ദിനങ്ങൾ. അന്ന് കിട്ടിയ ചെറിയ വരുമാനം ജീവിതത്തിന് താങ്ങായെന്ന് പ്രതിഭ.

യാത്രയുടെ തുടക്കം
വെള്ളറടയിൽ യാത്രാ സൗകര്യം കുറവായിരുന്ന കാലത്താണ് ചെറിയ കൊല്ലയിലേയും നിലമാംമൂട്ടിലേയും ചെറുപ്പക്കാർ ബൈക്കിനെ ടാക്സിയാക്കി രംഗത്തിറക്കിയത്. അവർ ചെറിയ തുകയ്ക്ക് യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. പതിയെ, ഓരോ ടാക്സി സ്റ്റാൻഡിലും ബൈക്ക് ടാക്സി സ്റ്റാൻഡും രൂപപ്പെട്ടു.

ത്രേസ്യാപുരത്ത്, ബൈക്ക് വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു പ്രതിഭ. ആ ജോലി ടൂവീലർ ഓടിക്കാനും വണ്ടിയുടെ ചെറിയ മെക്കാനിക്ക് പണി പഠിക്കാനും അവർക്ക് അവസരമേകി. ഇരുചക്ര വാഹനംകൊണ്ടുള്ള സേവനക്കാഴ്ചകൾ കണ്ട് വളർന്നപ്പോൾ പ്രതിഭയ്ക്കും സ്‌കൂട്ടറിൽ ടാക്സി സർവ്വീസ് നടത്താനുള്ള മോഹമായി. ''ഒരു ഡേ കെയർ സെന്ററിൽ ജോലി കിട്ടിയപ്പോഴാണ് ലോണെടുത്ത് ഒരു സ്‌കൂട്ടർ വാങ്ങിയത്. പക്ഷെ, പ്രാരാബ്ധങ്ങൾ കൂടിയപ്പോൾ സ്‌കൂട്ടർ വിറ്റ് കടം വീട്ടേണ്ട സ്ഥിതി വന്നു. മനസ്സ് അനുവദിച്ചില്ല. എനിക്ക് ഡ്രൈവിങ് നന്നായി അറിയാം. അതിലൂടെ വരുമാനം കണ്ടെത്തിയാലോ എന്ന് ചിന്തിച്ചു. ഒപ്പം മറ്റുള്ളവർക്ക് സഹായകവുമാവണം.'' അങ്ങനെ ഇഷ്ടത്തോടെ പ്രതിഭ ഈ മേഖലയിലേക്കിറങ്ങി. അതിശയത്തോടെ നോക്കിയവരും കുറ്റം പറഞ്ഞവരും വേറെ വല്ല പണിക്ക് പൊയ്ക്കൂടേയെന്ന് ആക്ഷേപിച്ചവരും വൈകാതെ പ്രതിഭയെ അംഗീകരിച്ചു.

ഒറ്റ കോളിൽ ഓടിയെത്തും
''മക്കളെ സ്‌കൂളിൽ കൊണ്ടുവിടാൻ, സുഖമില്ലാത്തവർക്ക് മരുന്ന് വാങ്ങി നൽകാൻ, കാലിത്തീറ്റയും സിമന്റുമൊക്കെ വീട്ടിലേക്ക് എത്തിക്കാൻ, റെയിൽവേ സ്റ്റേഷനിലെത്താൻ, ബന്ധുവീട്ടിൽ പോകാൻ, സൊസൈറ്റിയിൽ പാൽ എത്തിക്കാൻ... എപ്പോഴും കോളുകൾ വന്നുകൊണ്ടേയിരിക്കും.'' ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകൾക്കും പ്രതിഭയുടെ സ്‌കൂട്ടർ തുണയാകും.

ഓട്ടം വിളിക്കുന്ന ആളിനൊപ്പം ഏത് കാര്യത്തിനും ചങ്ക് പോലെ നിൽക്കും പ്രതിഭ. സംഗതി സ്‌കൂട്ടർ ടാക്സിക്കാരിയാണെങ്കിലും ആവശ്യങ്ങൾക്ക് വിളിക്കുന്നവർ വീടുകളിലും ഓഫീസുകളിലും എത്തുമ്പോൾ അവരുടെ അടുത്ത ബന്ധുവോ കൂട്ടുകാരിയോ ആയി തന്നെ പരിചയപ്പെടുത്തുമെന്ന് അവർ പറയുന്നു. എത്രയോ കല്ല്യാണം വിളിക്കാൻ പ്രതിഭയും സ്‌കൂട്ടർ ടാക്സിയും ഓടിയിട്ടുണ്ട്. കല്ല്യാണപ്പെണ്ണിന് തുണിയെടുക്കാനും ആഭരണം വാങ്ങാനും സ്‌കൂട്ടർ റെഡിയാണ്. മരണവീട്ടിൽ ചടങ്ങിന് വേണ്ട സാധനങ്ങൾ മുതൽ കല്ലറ ഒരുക്കാനുള്ള സിമന്റും മണലും വരെ ചാക്കിൽ കയറ്റി സ്പോട്ടിൽ എത്തിച്ചിട്ടുണ്ടെന്ന് പ്രതിഭ പറയുന്നു.

ആശുപത്രി യാത്രകൾക്കും പ്രതിഭ ഒപ്പം ചെല്ലും. കൂടെപ്പോകാൻ ആളില്ലാത്തവർക്ക് ഒറ്റവിളിയിൽ മനസ്സിന് ബലം കൊടുക്കുന്ന കൂട്ടുകാരിയായി അവർ എത്തും. ആശുപത്രിയിലെ കാര്യങ്ങൾ കഴിയുംവരെ കൂടെ നിൽക്കും.

ടൂവീലർ പ്രതിഭ
സ്‌കൂട്ടറും ബൈക്കും ബുള്ളറ്റു മൊക്കെ ഓടിക്കാൻ സ്ത്രീകളെ പഠിപ്പിക്കുന്നുണ്ട് പ്രതിഭ. ''ഡ്രൈവിങ് സ്‌കൂളിൽ പോകുന്നതിനെക്കാൾ എന്റെ അടുത്ത് പഠിക്കാൻ വരാനാണ് ഇഷ്ടമെന്ന് പറയുന്ന സ്ത്രീകളുണ്ട്. അവർക്ക് കംഫർട്ടബിളായ ആൾ ആയതിനാലാവാം. പിന്നെ തെറ്റിയാലും ഞാൻ വഴക്കൊന്നും പറയാറില്ല.'' അത്യാവശ്യം മെക്കാനിക് പണിയും പഞ്ചർ ഒട്ടിക്കലുമൊക്കെ അവർക്ക് വശമുണ്ട്. അതിനായി ചെറിയ ടൂൾസ് ബാഗും മറ്റ് ഉപകരണങ്ങളും വണ്ടിയിൽ തന്നെ കരുതിയിട്ടുണ്ട്.

പ്രതിഫലമല്ല പ്രധാനം
ഓട്ടം കഴിയുമ്പോൾ കൊടുക്കുന്നത് വാങ്ങി സീറ്റിനടിയിലേക്ക് ഇടും. അതാണ് പ്രതിഭയുടെ കസ്റ്റമർ റിലേഷൻഷിപ്പ്.

''ഇതുവരെ ആരോടും പ്രതിഫലം ചോദിച്ച് വാങ്ങിയിട്ടില്ല. തരുന്നത് വാങ്ങും അതുമതി. 10 രൂപ തന്ന് ചെറിയ ദൂരം ഓട്ടം വിളിക്കുന്നവരുമുണ്ട്. 40 കിലോമീറ്റർ ദൂരത്ത് നെടുമങ്ങാട് വരെ പോയി ഒരു ദിവസം കൂടെ നിന്ന് ഒരു കാര്യം നടത്തിക്കൊടുത്തിട്ട് തിരിച്ചെത്തിയപ്പോൾ കിട്ടിയ 800 രൂപയാണ് ഇതുവരെ കിട്ടിയ വലിയ പ്രതിഫലം. രാത്രിയിൽ വീട്ടിലെത്തുമ്പോൾ കൈയിൽ ഒരു രൂപ പോലും ഇല്ലാതിരുന്ന ദിവസങ്ങളും ഉണ്ടായിട്ടുണ്ട്.'' മരുന്ന്, ഭക്ഷണം എന്നിവയില്ലാതെ വിഷമിക്കുന്നവർക്ക് അത് എത്തിച്ചു നൽകുമ്പോൾ പണം വാങ്ങാറില്ലെന്ന് പ്രതിഭ. കോവിഡ് കാലത്ത് മാസ്‌കും അരിയും പച്ചക്കറിയുമൊക്കെ രോഗികൾക്ക് സൗജന്യമായി എത്തിച്ചു നൽകിയിരുന്നു.

മഹിളാ കോൺഗ്രസിന്റെ കുന്നത്തുകാൽ മണ്ഡലം പ്രസിഡന്റുകൂടിയാണ്. പൊതു പ്രവർത്തനരംഗത്ത് എന്താവണമെന്ന് ചോദിച്ചാൽ നല്ലൊരു വ്യക്തിയാവണമെന്നാണ് മറുപടി .

തീയിൽ കുരുത്ത ബാല്യം
പ്രതിഭ നാലാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ മാനസിക രോഗത്തിന് അടിമയായി. വീടുകളിൽ പോയി ജോലി ചെയ്തിരുന്ന അമ്മകൂടി രോഗിയായപ്പോൾ കുഞ്ഞു പ്രതിഭ കുടുംബ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു. അന്നത്തെ എട്ടുവയസ്സുകാരി ചെയ്യാത്ത ജോലികളില്ല. ''അമ്മ വീട്ടുജോലിക്ക് പോയിരുന്നിടത്ത് അമ്മയുടെ സഹായിയായി ഞാനും പോകും. ഇതിനിടയിൽ റബ്ബറിന്റെ പാലെടുക്കാനും ഷീറ്റടിക്കാനും പോകും. ഇടവേളകളിൽ ആക്രി പെറുക്കി വിൽക്കും. അന്നൊക്കെ ചന്ത വൃത്തിയാക്കാൻ പതിവായി പോകാറുണ്ടായിരുന്നു. പഠിക്കാൻ വലിയ ഇഷ്ടമായിരുന്നു. പക്ഷേ, സാഹചര്യം നല്ലതായിരുന്നില്ല. അങ്ങനെ പത്താം ക്ലാസ്സിൽവെച്ച് പഠനത്തോട് ബൈ പറഞ്ഞു.''

കൂടെയുണ്ട് കുടുംബം
എല്ലാത്തിരക്കുകളും കഴിഞ്ഞ് പ്രതിഭ വീട്ടിലെത്തുക രാത്രി പത്തുമണികഴിഞ്ഞാണ്. പതിനഞ്ചും പതിമൂന്നും വയസ്സുള്ള അഭിഷയും അക്ഷയയുമാണ് മക്കൾ. കെട്ടിടപ്പണി ചെയ്യുന്ന ഭർത്താവ് പാൽ രാജിനെ രാവിലെ അഞ്ച് മണിക്ക് കളിയിക്കാവിള ബസ് സ്റ്റാൻഡിൽ സ്‌കൂട്ടറിൽ കൊണ്ടുപോയി വിടണം. തുടർന്ന് മക്കളെ സ്‌കൂളിൽ വിടാനുള്ള ഒരുക്കങ്ങൾ. രോഗിയായ അച്ഛൻ ഫ്രാൻസിസിന്റെ കാര്യങ്ങളും നോക്കണം. ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലും അമ്മ സുമംഗല എല്ലാക്കാര്യങ്ങളും നോക്കാൻ ഒപ്പമുണ്ട്.

ഇടവേളയില്ലാതെ
സമയം കിട്ടുന്നമുറയ്ക്ക് പല പല ജോലികൾ ചെയ്യാൻ ശ്രമിക്കാറുണ്ട് പ്രതിഭ. ''സ്‌കൂട്ടർ ഓട്ടത്തിനും സേവനപ്രവർത്തനങ്ങൾക്കുമിടയിൽ നേരത്തേ പറഞ്ഞുവെച്ച ചില ജോലികളും ഉണ്ടാവും. വിറക് ചെറിയ കെട്ടുകളാക്കി വിൽക്കാൻ കൊണ്ടുപോകുക, ആക്രി പെറുക്കി കടയിലെത്തിക്കുക, പാചകത്തിന് കൈയാളായി നിൽക്കുക, ചാണകം വയലിൽ എത്തിക്കുക. ഇതിനിടയിൽ താല്കാലികമായി സ്‌കൂൾ ബസ്സിൽ ക്ലീനറായും പോകുന്നുമുണ്ട്. ഹോട്ടലുകളിൽ മീൻ വെട്ടി റെഡിയാക്കിക്കൊടുക്കാനും പോകും. രാത്രി 10 മണി വരെ ഹെൽപ്പറായി കാരക്കോണത്തെ ഒരു ചായക്കടയിൽ നിൽക്കുന്നുണ്ട്. ഇതിനിടയിൽ സ്‌കൂട്ടർ ടാക്സിക്കായി ഫോണിൽ എപ്പോൾ വിളി വന്നാലും സ്‌കൂട്ടർ സ്റ്റാർട്ടാക്കും.'' ഒരു മിനിറ്റു പോലും വെറുതെ കളയാനില്ലെന്ന് പ്രതിഭ.

ചെറിയ ആഗ്രഹങ്ങൾ
''സ്വന്തമായൊരു ഒമ്‌നി വാനെടുക്കണം. രോഗികളെ ആശുപത്രിയിൽ കൊണ്ടുചെന്നെത്തിക്കാനാണത്. ടൂവീലറിൽ ഒരു കിടപ്പുരോഗിയെ കൊണ്ടുപോകാൻ പറ്റില്ലല്ലോ.'' തന്റെ ചെറിയ സ്വപ്നങ്ങൾ പ്രതിഭ പങ്കുവെച്ചു. ''കുറച്ചേറെ ബാധ്യതകളുണ്ട്. വീടു പണിതതിന്റെയും മറ്റും. കടം തന്നവർ വീട്ടുമുറ്റത്ത് അന്വേഷിച്ചു വരാത്ത കാലമാണ് സ്വപ്നം.'' അങ്ങനെ ആലോചിക്കുമ്പോൾ അവസരങ്ങൾ തിരയുന്ന ഓട്ടം ശക്തമാക്കും. ഇരു ചക്രങ്ങളിലൊരു ട്രപ്പീസാണ് പ്രതിഭയ്ക്ക് ജീവിതം. കടങ്ങൾ ഒഴിയുന്ന കാലം തേടി അവർ യാത്ര തുടരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi