ആഡംബരത്തിന്റെ കാര്യത്തില്‍ ഒട്ടും കുറവ് കാണിക്കാത്തവരാണ് അംബാനി കുടുംബക്കാര്‍. ഇളയ മകന്‍ ആനന്ദിന്റെ വിവാഹച്ചടങ്ങുകളില്‍ ലോകം അത് കണ്ടറിഞ്ഞതാണ്. രാധിക മെര്‍ച്ചന്റും ആനന്ദ് അംബാനിയുമായുള്ള വിവാഹം അത്രമേല്‍ വര്‍ണാഭമായിരുന്നു. കുടുംബത്തിലെ മറ്റെല്ലാവരെയുംപോലെ ഹാപ്പിയും അണിഞ്ഞൊരുങ്ങി ചടങ്ങിനെത്തിയിരുന്നു. അംബാനി കുടുംബത്തിന്റെ ഓമന നായയാണ് ഹാപ്പി. 

ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍ പെട്ട ഹാപ്പിയെ കുടുംബാംഗമായാണ് എല്ലാവരും പരിഗണിക്കുന്നത്. ഹാപ്പിയുടെ ആവശ്യങ്ങള്‍ക്കായി മെഴ്സിഡസ് ബെന്‍സ് G 400 D ലക്ഷ്വറി SUV കാര്‍ ആണ് ഉപയോഗിക്കുന്നത്. ഏകദേശം മൂന്നര കോടിയോളം വില വരുന്ന ഈ കാറിലാണ് ഹാപ്പിയുടെ യാത്രകള്‍. ഇതിനു മുന്‍പ് ടൊയോട്ടയുടെ വാഹനങ്ങളാണ് ഹാപ്പി ഉപയോഗിച്ചിരുന്നത്. അംബാനി കുടുംബത്തിനുള്ള സുരക്ഷാസംവിധാനങ്ങള്‍ ഹാപ്പിക്കും കിട്ടുന്നുണ്ട്. കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും മെഴ്‌സിഡസിനോട് പ്രത്യേക ഇഷ്ടമാണെന്ന് കാണാം. അംബാനിയുടെ സുരക്ഷാ ടീമിന് പോലും മെഴ്സിഡസ് ആണുള്ളത്.   

placeholder
കടപ്പാട്-Getty Images

വലിയ മൃഗസ്‌നേഹിയാണ് ആനന്ദ് അംബാനി. ഉപേക്ഷിക്കപ്പെടുന്നതും അസുഖബാധിതരുമായ മൃഗങ്ങളെ പരിചരിക്കാനും ചികിത്സിക്കാനും അദ്ദേഹം താത്പര്യം കാട്ടാറുണ്ട്. ജാംനഗറില്‍ ആനയും  സിംഹവുമുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ക്കും ഇഴജന്തുക്കള്‍ക്കും പക്ഷികള്‍ക്കും ചികിത്സാസൗകര്യങ്ങള്‍ ഉള്‍പ്പെടെ അഭയകേന്ദ്രമൊരുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ആനന്ദ് പറഞ്ഞിരുന്നു. അയ്യായിരത്തോളം തെരുവ് നായ്ക്കള്‍ക്ക് രക്ഷകനായിട്ടുണ്ട് ആനന്ദ്. പക്ഷേ, വീട്ടില്‍ അരുമമൃഗമായി ഹാപ്പി മാത്രമേ ഉള്ളൂ. 

ആനന്ദിന്റെ വിവാഹച്ചടങ്ങുകളിലെല്ലാം ഹാപ്പിക്ക് പ്രാധാന്യമുണ്ടായിരുന്നു. ചടങ്ങുകള്‍ക്കിടെ എടുത്ത എല്ലാ കുടുംബഫോട്ടോയിലും ഹാപ്പിയുണ്ട്. നിശ്ചയച്ചടങ്ങില്‍ വിവാഹമോതിരം വേദിയിലെത്തിച്ചത് ഹാപ്പിയായിരുന്നു. ചടങ്ങിനെത്തിയ ഹാപ്പിയുടെ ടക്സിഡോ വസ്ത്രവും ഏറെ വാര്‍ത്തയായി. ലോകത്തെ വമ്പന്‍ സെലിബ്രിറ്റികളെല്ലാം അണിനിരന്ന ആഡംബര വിവാഹത്തിന്റെ ഒത്ത നടുക്ക് ഹാപ്പിക്ക് ഇടമൊരുക്കാനും അംബാനി കുടുംബം ശ്രദ്ധിച്ചിരുന്നു.