പ്രിയപ്പെട്ട ഉടമസ്ഥരുടെ മരണം വളർത്തുമൃഗങ്ങളിൽ കടുത്ത നിരാശയുണ്ടാക്കാറുണ്ട്. ഉടമസ്ഥരെ തിര‍ഞ്ഞുകൊണ്ടിരിക്കുക, ഭക്ഷണം കഴിക്കാതിരിക്കുക, വിഷാദം ബാധിക്കുക തുടങ്ങിയ അവസ്ഥകളെല്ലാം പ്രിയപ്പെട്ടവരുടെ മരണം ജീവികളിലുണ്ടാക്കും. ഭക്ഷണം കഴിക്കാതെയും ഊർജ്ജമില്ലാതെയും പ്രതിരോധശേഷി കുറഞ്ഞ് രോഗികളാവുകയും മരണം പോലും സംഭവിക്കുകയും ചെയ്യുന്ന മൃഗങ്ങളുണ്ട്.

മോഡലും നർത്തകിയുമായ ഷെഫാലി ജാരിവാലയുടെ മരണത്തിനുപിന്നാലെ, അവരുടെ വളർത്തുനായ സിംബയും രോഗശയ്യയിലായെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചത് കഴിഞ്ഞദിവസമാണ്. എന്നാൽ സിംബ പൂർണ ആരോഗ്യവാനാണെന്നും പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും ഷെഫാലിയുടെ ഭർത്താവും നടനുമായ പരാഗ് ത്യാഗി സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാമിലൂടെ, സിംബയോടൊപ്പം മുംബൈയിലെ നിർധനർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് പരാഗ് ഇക്കാര്യം പറഞ്ഞത്.

വീഡിയോയിൽ, പരാഗ് സിംബയ്ക്കൊപ്പം പ്രായമായ സ്ത്രീകൾക്ക് ഭക്ഷണപ്പൊതികൾ നൽകുന്നതും അവരിൽ നിന്ന് ആശീർവാദം സ്വീകരിക്കുന്നതും കാണാം. സിംബ സുഖമായിരിക്കുന്നുവെന്നും ഷെഫാലിക്കുവേണ്ടി ചടങ്ങുകൾ ചെയ്യുകയാണെന്നും അദ്ദേഹം പറയുന്നു. സിംബയുടെ ആരോഗ്യത്തെക്കുറിച്ച് ഹൃദയശൂന്യരായ ചിലർ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് പരാഗ് ആരോപിച്ചു.

"സിംബ ആരോഗ്യവാനാണ്, അമ്മയ്ക്കുവേണ്ടി ഒരു മകൻ ചെയ്യേണ്ട എല്ലാ ചടങ്ങുകളും ചെയ്യുന്നു. ഹൃദയശൂന്യരായ ചിലർ കുറച്ച് ലൈക്കുകളും വ്യൂസും കിട്ടുന്നതിനായി ഞങ്ങളുടെ കുഞ്ഞ് സിംബയുടെ ആരോഗ്യത്തെപ്പറ്റി തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു, അതിൽ ആശങ്കപ്പെട്ട എല്ലാ നല്ല ആളുകൾക്കും വേണ്ടിയുള്ളതാണ് ഈ വീഡിയോ." വീഡിയോക്ക് താഴെ ഒട്ടേറെപ്പേർ വിഷമം പങ്കുവെച്ച് രംഗത്തെത്തി. ഷെഫാലി മരിച്ച് ഒരു ദിവസം കഴിഞ്ഞ്, പരാഗ് സിംബയെ നടത്താൻ കൊണ്ടുപോകുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു, ഇതിനെയും ചിലർ വിമർശിച്ചിരുന്നു.

'കാട്ടാ ലഗാ' എന്ന ഗാനത്തിലൂടെ പ്രശസ്തയായ ഷെഫാലി ജൂൺ 27-നാണ് വിടവാങ്ങിയത്. 42 വയസ്സായിരുന്നു. മരണകാരണം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ആന്റി ഏജിങ് മരുന്നുകളും കുത്തിവെയ്പും സ്ഥിരമായി നടത്തുന്നുണ്ടായിരുന്നു ഷെഫാലി. ഭക്ഷണമൊന്നും കഴിക്കാതെ മരുന്നു കഴിച്ചതിനാലാണ് അവർക്ക് ഹൃദയാഘാതം സംഭവിച്ചതെന്ന് ചില വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. 2010-ലാണ് ഷെഫാലിയും പരാഗും പരിചയപ്പെടുന്നത്, നാലു വർഷത്തെ ഡേറ്റിങ്ങിനുശേഷം 2014-ൽ വിവാഹംചെയ്തു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹ ലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi