സമയം ഇരുട്ടിന്റെ കരിമ്പടം പുതച്ചുറങ്ങുന്ന രാത്രിയെ മറയാക്കിയാണ് വയനാട് മുണ്ടക്കൈ എന്ന ഗ്രാമത്തെ ഉരുള്‍പൊട്ടൽ ഒന്നാകെ കവര്‍ന്നെടുത്തത്. ആര്‍ത്തലച്ചെത്തിയ കല്ലിലും മണ്ണിലും മരങ്ങളിലും മലവെള്ളത്തിലും തട്ടി മണ്ണോട് ചേര്‍ന്നത് നല്ല സ്വപ്‌നങ്ങള്‍ കണ്ടിറങ്ങിയ ഒരുകൂട്ടം സാധാരണമനുഷ്യരാണ്. മുണ്ടക്കൈ തുടച്ചുനീക്കി കുറച്ചുസമയത്തിനുള്ളിൽ ചൂരല്‍മലയെയും ഉരുള്‍ വിഴുങ്ങിയപ്പോള്‍ പുറംലോകത്തെ ആ ഗ്രാമവുമായി ബന്ധിപ്പിക്കുന്ന പാലവും ഒലിച്ചുപോയി. വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലിന് ശേഷമുള്ള രക്ഷാപ്രവര്‍ത്തനത്തെ ഏറെ പ്രതിസന്ധിയിലാക്കിയത് ഈ പാലം ഇല്ലാതായതാണ്. കുത്തിയൊലിക്കുന്ന മലവെള്ളപ്പാച്ചില്‍ കടന്ന് മുണ്ടക്കൈയിലേക്ക് സന്നദ്ധപ്രവര്‍ത്തകരെത്താന്‍ മണിക്കൂറുകള്‍ എടുത്തു.

ഗതാഗതം പുന:സ്ഥാപിക്കാന്‍ സൈന്യം രണ്ടാംദിനം 'ബെയ്‌ലി പാലം' നിര്‍മാണം ആരംഭിച്ചുകഴിഞ്ഞു. വലിയ ചരിവുള്ള ദുര്‍ഘടമായ പ്രദേശങ്ങളില്‍ അടിയന്തരമായി പണിയുന്ന പാലമാണ് ബെയ്‌ലി പാലം. രണ്ടാം ലോകമഹായുദ്ധകാലത്താണ് ലോകത്ത് ആദ്യമായി ബെയ്‌ലി പാലമുണ്ടാകുന്നത്. അന്ന് ബെയ്‌ലി സായിപ്പ് അതുണ്ടാക്കുമ്പോള്‍ ഒരിക്കലും പ്രതിസന്ധിയുടെ തുരുത്തുകളില്‍ ഒറ്റപ്പെട്ടുപോകുന്ന മനുഷ്യര്‍ക്ക് പുറംലോകത്തേക്കുള്ള പ്രതീക്ഷയുടെ കരുത്താകും തന്റെ കണ്ടുപിടിത്തമെന്ന് വിചാരിച്ചിട്ടുണ്ടാകില്ല.

placeholder
ചൂരല്‍മലയില്‍ നിര്‍മിക്കുന്ന ബെയ്‌ലി പാലം

ബ്രിട്ടീഷ് സൈന്യവും ബെയ്‌ലി സായിപ്പും...
പാലം നിര്‍മാണം ഹോബി പോലെ കൊണ്ടുനടന്ന ഒരുവിദഗ്ധന്‍ അതായിരുന്നു സിവില്‍ എഞ്ചിനീയറായ ഡൊണാള്‍ഡ് ബെയ്‌ലി. ബ്രീട്ടിഷ് സേനയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം പലരീതിയിലുള്ള പാലങ്ങള്‍ ഡിസൈന്‍ ചെയ്യുകയും അത് തന്റെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ആയിരുന്നു. ആ ഡിസൈനുകളില്‍ ആകര്‍ഷകമായി തോന്നിയ ഒരുഡിസൈന്‍ പരീക്ഷണാര്‍ഥം നിര്‍മിച്ചുനോക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ബെയ്‌ലിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പലരീതിയിലുള്ള പാലങ്ങള്‍ നിര്‍മിക്കുകയും ഓരോന്നിന്റെയും ഡിസൈനും ഉപയോഗവും കാര്യക്ഷമതയും അദ്ദേഹവും ടീമും പരിശോധിച്ചു. ആദ്യകാലത്ത് നിര്‍മിച്ച പാലങ്ങള്‍ക്ക് ഇന്ന് കാണുന്ന ഉയരമുണ്ടായിരുന്നില്ല. പിന്നീട് ഡിസൈനില്‍ കൂടുതല്‍ മാറ്റം വരുത്തുകയായിരുന്നു. രണ്ടാംലോക മഹായുദ്ധകാലത്ത് ഉത്തര ആഫ്രിക്കയിലാണ് ബ്രിട്ടീഷ് സൈന്യം വിജയകരമായി ബെയ്‌ലി പാലം നിര്‍മിച്ചതും വിജയിച്ചതും.

യുദ്ധത്തില്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ മുന്നേറ്റത്തിന് ഈ കണ്ടുപിടിത്തം ഏറെ ഗുണം ചെയ്‌തെന്ന് പിന്നീട് പ്രമുഖര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. അമേരിക്ക അടക്കമുള്ള പ്രമുഖരാജ്യങ്ങളുടെ സേനാവിഭാഗങ്ങള്‍ പിന്നീട് ബെയ്‌ലി പാലം തങ്ങളുടേതായ രീതിയില്‍ ഡിസൈനില്‍ മാറ്റങ്ങള്‍ വരുത്തി ഉപയോഗിച്ച് തുടങ്ങി. പ്രതിസന്ധി ഘട്ടങ്ങളില്‍ സേനാമുന്നേറ്റത്തിനാണ് കൂടുതലായി ബെയ്‌ലി പാലങ്ങള്‍ ഉപയോഗിക്കുന്നത്. 

placeholder
ശബരിമലയില്‍ നിര്‍മിച്ച 'ശരണസേതു' ബെയ്‌ലി പാലം

നിര്‍മാണം എളുപ്പം, കരുത്തിലും നിസ്സാരനല്ല...
ഉരുക്കും തടിയുമാണ് ബെയ്‌ലി പാലത്തിലെ പ്രധാനഘടകങ്ങള്‍. മുന്‍കൂട്ടി ഒരുസ്ഥലത്ത് നിര്‍മിച്ച് വച്ച ഭാഗങ്ങള്‍ ഗതാഗതമാര്‍ഗം ആവശ്യമായ സ്ഥലത്തേക്ക് എത്തിച്ച് ഇവിടെ നിന്ന് കൂട്ടിച്ചേര്‍ത്ത് പാലമുണ്ടാക്കുകയാണ് ചെയ്യുന്നത്. ഒരുവശത്ത് നിന്ന് പാലത്തിന്റെ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ച ശേഷം തള്ളിനീക്കി മറുകരയിലെ അടിത്തറയ്ക്ക് മുകളില്‍ ഉറപ്പിച്ച് നിര്‍ത്തുന്നതാണ് രീതി. നട്ടുകളും ബോള്‍ട്ടുകളും ഉപയോഗിച്ച് ഓരോ സ്പാനുകളും ബലപ്പെടുത്തി പരിശോധനകള്‍ക്ക് ശേഷം പാലം തുറന്നുകൊടുക്കും. ഭാരം താങ്ങാനുള്ള ശേഷി അനുസരിച്ച് വിവിധ വിഭാഗത്തിലുള്ള ബെയ്‌ലി പാലങ്ങളുണ്ട്. ഒരുസ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാന്‍ പ്രയാസമില്ല എന്നതാണ് പാലത്തിന്റെ പ്രധാനഗുണം. 

placeholder
ഏനാത്ത് ബെയ്‌ലി പാലം നിര്‍മാണവേളയില്‍

കാശ്മീരും അടൂരും..
ഇന്ത്യയില്‍  ആദ്യമായി ഇത്തരമൊരു പാലം സൈനികാവശ്യത്തിനായി നിര്‍മിച്ചത് കാശ്മീരിലാണ്. ലഡാക്കിലെ ദ്രാസ് നദിക്കും സുറു നദിക്കുമിടിയില്‍ നിര്‍മിച്ച ആ പാലത്തിന് 98 അടി നീളമുണ്ടായിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് 5062 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പാലം ഇന്ത്യന്‍ ആര്‍മിയാണ് നിര്‍മിച്ചത്. പത്തനംതിട്ട ജില്ലയിലെ അടൂരിലെ ഏനാത്തിലാണ് കേരളത്തില്‍ ആദ്യമായി ബെയ്‌ലി പാലം നിര്‍മിച്ചത്. 2017 ഏപ്രിലില്‍ കല്ലടയാറിന് കുറുകെ പത്തനംതിട്ട-കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന ഏനാത്ത് പാലം തകര്‍ന്നതിനെ തുടര്‍ന്നായിരുന്നു പെട്ടെന്ന് തന്നെ സൈന്യമെത്തി ബെയ്‌ലി പാലം നിര്‍മിച്ചത്. ചെറുവാഹനങ്ങള്‍ക്ക് മാത്രം കടന്നുപോകാന്‍ സാധിക്കുന്ന ഈ പാലത്തിന് 3.5മീറ്റര്‍ വീതിയും 55 മീറ്റര്‍ നീളവുമുണ്ടായിരുന്നു. മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പിലെ 14-ാം എന്‍ജീനിയറിങ് റെജിമെന്റിന്റെ മേല്‍നോട്ടത്തിലാണ് അന്ന് പാലം നിര്‍മിച്ചത്.

50 സൈനികരാണ് നിര്‍മാണത്തില്‍ സജീവമായി ഉണ്ടായിരുന്നത്. അഞ്ച് മാസത്തോളം ഏനാത്ത് ബെയ്‌ലി പാലം ഗതാഗതത്തിനായി ഉപയോഗിച്ചു. പഴയ പാലം നവീകരിച്ച് സഞ്ചാരയോഗ്യമായതോടെ ബെയ്‌ലി പാലം സൈന്യം പൊളിച്ചു കൊണ്ടുപോകുകയായിരുന്നു. 

ചൂരല്‍മലയില്‍ പാലത്തിന് 85 അടി നീളം... 
ഉരുള്‍പൊട്ടലില്‍ നിലവിലുള്ള പാലം തകര്‍ന്നതോടെ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനുള്ള വാഹനങ്ങള്‍ പ്രവേശിക്കാനായാണ് ഇപ്പോള്‍ ബെയ്‌ലി പാലം നിര്‍മിക്കുന്നത്. കണ്ണൂരില്‍ ഡി.എസ്.സിയിലെ ക്യാപ്റ്റന്‍ പുരന്‍സിങ് നഥാവത്തിന്റെ നേതൃത്വത്തിലാണ് പാലം നിര്‍മിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് വ്യോമസേന വിമാനത്തില്‍ കണ്ണൂരിലെത്തിച്ച് പാലത്തിന്റെ നിര്‍മാണ സാമഗ്രികള്‍ 17 ട്രക്കുകളിലായാണ് വയനാട്ടിലെ ചൂരല്‍മലയിലേക്ക് എത്തിച്ചത്. പാലം നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മുണ്ടക്കൈയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഗതിവേഗം കൈവരിക്കുമെന്നാണ് പ്രതീക്ഷ.