2005-ൽ 'ചാന്ദ് സാ റോഷൻ ചേഹര' എന്ന ചിത്രത്തിലൂടെ തന്റെ 15-ാം വയസ്സിലാണ് തമന്ന ഭാട്ടിയ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. അതേ വർഷം തന്നെ അവരുടെ തെലുങ്ക് ചിത്രമായ 'ശ്രീ'യും റിലീസ് ചെയ്തു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി 'അച്ചച്ചോ', 'ആജ് കി രാത്', 'കാവാലാ' ഉൾപ്പെടെയുള്ള, തരംഗം സൃഷ്ടിച്ച നിരവധി ഡാൻസ് നമ്പറുകളും തമന്ന സമ്മാനിച്ചിട്ടുണ്ട്. അഭിനയ രംഗത്ത് മാത്രമല്ല, മികച്ചൊരു സംരംഭക കൂടിയാണവർ.

ദിവസേന ഉപയോഗിക്കാവുന്ന ലക്ഷ്വറി ബ്രാൻഡായ 'തമന്ന ഫൈൻ ജ്വല്ലറി' എന്ന പേരിൽ അവർ സ്വന്തമായി ഒരു ജ്വല്ലറി ബ്രാൻഡ് ഈ വർഷം ആരംഭിച്ചിരുന്നു. ഫോബ്‌സിന് നൽകിയ ഒരു അഭിമുഖത്തിൽ, സമ്പത്ത് സൃഷ്ടിക്കുന്നതിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കുകയാണ് താരം.

"ഒരു കാര്യം എനിക്ക് മനസ്സിലായിട്ടുണ്ട്, ഈ സമ്പത്തൊന്നും ആരും എങ്ങോട്ടും കൊണ്ടുപോകാൻ പോകുന്നില്ല. എനിക്ക് അത് ശരിക്കും ആസ്വദിക്കാൻ കഴിയുന്നത് കൊണ്ടാണ്, ഞാൻ സമ്പാദിക്കുന്നത്. സമ്പത്ത്, മൂല്യം, വ്യക്തിത്വം എന്നിവ സൃഷ്ടിക്കുന്ന പ്രക്രിയ ഞാൻ ആസ്വദിക്കുന്നു," തമന്ന പറഞ്ഞു.

ഈ സമ്പത്ത് വെച്ച് ഞാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് എനിക്കറിയില്ല, ഇതിന് ഒരു പരിമിതമായ ഉപയോഗമേയുള്ളൂ (marginal utility). ഒരു ഘട്ടത്തിന് ശേഷം തനിക്ക് ഇതുകൊണ്ട് മറ്റൊന്നും ചെയ്യാൻ കഴിയില്ല, അല്ലെങ്കിൽ ചിലപ്പോൾ കഴിഞ്ഞേക്കാം എന്നാൽ എന്നെ സംബന്ധിച്ച് പ്രധാന കാര്യം, അത് അതിന്റെ ആത്യന്തിക ലക്ഷ്യത്തിൽ എത്തിക്കണം എന്നതാണ്," അവർ കൂട്ടിച്ചേർത്തു.

നമ്മൾ ചെയ്യുന്ന കാര്യങ്ങൾ വിപുലീകരിച്ചില്ലെങ്കിൽ (scale), ആ ലക്ഷ്യത്തോടുള്ള അനീതിയാണെന്നും കൂടുതൽ ആളുകളിലേക്ക് എത്തുന്ന തരത്തിലുള്ള സ്വാധീനവും പ്രഭാവവും ഉണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നു എന്നും താരം പറഞ്ഞു.

വ്യക്തമായ കാഴ്ചപ്പാടോടെ ഞാൻ എന്തെങ്കിലും ചെയ്യുമ്പോഴൊക്കെ അത് സ്വാഭാവികമായും സമ്പത്തായി മാറിയിട്ടുണ്ട്. ഭാവിയിൽ സമൂഹത്തിന് തിരികെ നൽകാൻ (give back) കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സമൂഹത്തിന് തിരികെ നൽകുക എന്നത് ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് ചെയ്യുന്ന ഒന്നല്ല; നമ്മൾ വളരുന്നതിനൊപ്പം തന്നെ ചെയ്യേണ്ട താണ്". 

തമന്നയുടെ ആസ്തി

റിപ്പോർട്ടുകൾ പ്രകാരം തമന്ന ഭാട്ടിയയുടെ ആസ്തി 100 കോടി രൂപയിലധികമാണ്. മുംബൈയിൽ കടലിന് അഭിമുഖമായി നിൽക്കുന്ന മനോഹരമായ ഒരു അപ്പാർട്ട്മെന്റ് അവർക്കുണ്ട്. ഒരു അക്വേറിയവും, വിശാലമായ ബാൽക്കണിയിൽ ഒരു ജക്കൂസിയും (jacuzzi) ഈ അപ്പാർട്ട്മെന്റിൽ ഒരുക്കിയിരിക്കുന്നു.

തെലുങ്ക്, തമിഴ്, ഹിന്ദി ചിത്രങ്ങളിലായി തൊണ്ണൂറോളം ചിത്രങ്ങളിൽ തമന്ന അഭിനയിച്ചിട്ടുണ്ട്. 'ബാഹുബലി', 'ഊപ്പിരി', 'അരൺമനൈ 4' എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. കൂടാതെ 'ജീ കർദ', 'ദൂ യു വാനാ പാർട്ണർ', 'ആഖിരി സച്ച്' തുടങ്ങിയ ഒടിടി ഷോകളിലും അവർ പ്രധാന വേഷങ്ങളിൽ എത്തിയിട്ടുണ്ട്. ടൈംസ് എന്റർടൈൻമെന്റ് റിപ്പോർട്ട് അനുസരിച്ച്, ബ്രാൻഡ് പരസ്യങ്ങളും (brand endorsements) അവരുടെ പ്രധാന വരുമാന മാർഗ്ഗമാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi