ഗർഭകാലം ഒരു കൂട്ടം സംശയങ്ങളുടേത് കൂടിയാണ്. കിടക്കേണ്ടത് എങ്ങനെ, കുനിഞ്ഞ് ജോലി ചെയ്യാമോ? ചെയ്തില്ലെങ്കിൽ പ്രശ്‌നമാകുമോ, പപ്പായയും പൈനാപ്പിളും കഴിക്കാമോ.. ഇങ്ങനെ ഒത്തിരി ചോദ്യങ്ങൾ ഗർഭിണിയുടെയും കൂടെയുള്ളവരുടെയും മനസ്സിലുണ്ടാവും. ഒപ്പം അബദ്ധധാരണകളും. ഗർഭാവസ്ഥയുടെ തുടക്കം മുതൽ പ്രസവം വരെയുള്ള 40 ആഴ്ചകൾ ഏറെ ശ്രദ്ധയും കരുതലും ആവശ്യമുള്ള സമയമാണ്. എന്നാൽ എപ്പോഴും വിശ്രമം ആവശ്യമില്ല താനും. എന്തൊക്കെ കരുതലുകളാണ് സ്വീകരിക്കേണ്ടത്? തെറ്റിദ്ധാരണകൾ എങ്ങനെ മാറ്റാം?

ഛർദ്ദിയും ഓക്കാനവും

ഗർഭാവസ്ഥ ആറാഴ്ചയിലേക്കെത്തുമ്പോൾ മിക്കവരിലും ഛർദ്ദിയും ഓക്കാനാവും ഉണ്ടാവാം. ഇത് മൂന്ന് മാസം വരെ സാധാരണമാണ്. ചിലരിൽ ഇത് മോർണിങ് സിക്ക്നെസ് പോലെയാവും ഉണ്ടാവുക. ഇത് ആഹാരക്രമങ്ങളിൽ മാറ്റംവരുത്തി പരിഹരിക്കാം. ഇടവിട്ട് ലഘുഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുന്നതും ചെറുഇടവേളകളിൽ പലതവണയായി ഭക്ഷണം കഴിക്കുന്നതുമൊക്കെ നല്ലതാണ്.

ഛർദ്ദി നിയന്ത്രിക്കാനാവാതെ വന്നാൽ ചികിത്സ തേടണം. എന്ത് ഭക്ഷണം കഴിച്ചാലും ഛർദ്ദിക്കുമെന്ന അവസ്ഥ വന്നാൽ രക്തത്തിൽ കീറ്റോണിന്റെ അളവ് കൂടാം. കരളിനെയും വൃക്കയെയുമൊക്കെ ബാധിച്ചേക്കാം. ഇത് അമ്മയ്ക്കും കുഞ്ഞിനും അപകടമുണ്ടാക്കും. ഇരട്ടഗർഭം ധരിക്കുന്നവർക്കും, തൈറോയിഡ് പ്രശ്നങ്ങളുള്ളവർക്കും മോളാർ പ്രഗ്‌നൻസിയുള്ളവർക്കുമെല്ലാം ഛർദ്ദി അധികരിക്കാം.

പൈനാപ്പിളും പപ്പായയും കഴിക്കാമോ?

ഇതിന് ശാസ്ത്രീയമായ അടിസ്ഥാനമൊന്നുമില്ല. എന്ത് ഭക്ഷണവും അമിതമായി കഴിക്കാതിരിക്കുക എന്നതാണ് പ്രധാനം. ആരോഗ്യകരമായ പോഷകങ്ങൾ അടങ്ങിയ ഏത് ഭക്ഷണവും കഴിക്കാം. ഏതെങ്കിലും ഭക്ഷണസാധനങ്ങളോട് അലർജിയുണ്ടെങ്കിൽ അവ ഒഴിവാക്കാം.

ഗർഭകാലത്തെ തൂക്കം?

ഗർഭിണിയുടെ BMI അനുസരിച്ചാണ് എത്ര ഭാരം കൂടാം എന്ന് കണക്കാക്കുന്നത്. ഉയരത്തിനനുസരിച്ച് ഭാരമുള്ള സ്ത്രീക്ക് 14 മുതൽ 16 കിലോ വരെ കൂടാം. കുഞ്ഞിന്റെയും മറുപിള്ളയുടെയും ഫ്ളൂയിഡിന്റെയും അമ്മയുടെയുമെല്ലാം ഭാരം ഉൾപ്പെടെയാണ് ഇത്. ആദ്യത്തെ മൂന്ന് മാസം ഒരു കിലോ വരെയൊക്കെയേ പലർക്കും കൂടുകയുള്ളൂ. ചിലർക്ക് ഭാരം കുറയാം. നാല്, അഞ്ച്, ആറ് മാസങ്ങളിൽ ഓരോ കിലോ വീതം കൂടും. ഏഴും എട്ടും മാസങ്ങളിൽ, ഒരുമാസം ഒന്നരക്കിലോ, ഒൻപതാം മാസം രണ്ട് കിലോ എന്ന നിരക്കിൽ ഭാരം കൂടണം എന്നാണ്. അമിതഭാരമുള്ളവരെ സംബന്ധിച്ച് 10-14 കിലോ വരെ ഭാരം കൂടുന്നതാണ് നല്ലത്.

എന്തൊക്കെ കഴിക്കണം?

ഗർഭകാലത്ത് സാധാരണ കഴിക്കുന്ന സമീകൃതമായ ആഹാരത്തേക്കാൾ 300 കിലോ കലോറി കൂടുതൽ കിട്ടുന്ന ഭക്ഷണം കഴിക്കണം. ഉദാഹരണത്തിന് രാവിലെ ഒരു ദോശമാത്രം കഴിച്ചിരുന്നയാൾ അതിനൊപ്പം ഒരു ഗ്ലാസ് പാൽ, ഒരു മുട്ട, ഒരു പഴം... ഇത്രയും കൂടി കഴിക്കേണ്ടിവരും.

നാലിലൊന്ന് കാർബോ ഹൈഡ്രേറ്റ് (ചോറ്, ചപ്പാത്തി പോലുള്ള അന്നജം കൂടുതലുള്ള ഭക്ഷണം) മാത്രമേ ആവശ്യമുള്ളൂ. നാലിലൊരു ഭാഗം പ്രോട്ടീനായിരിക്കണം (പാലും പാൽ ഉത്പന്നങ്ങളും, പയർവർഗ്ഗങ്ങൾ, മുട്ടയുടെ വെള്ള, മീൻ, മാംസം). പ്രോട്ടീൻ ഭാരമനുസരിച്ച് വേണം കഴിക്കാൻ. നാലിലൊരു ഭാഗം പലതരം പച്ചക്കറികളും പഴങ്ങളും ആയിരിക്കണം. ഒപ്പം രണ്ട് ലിറ്റർ വെള്ളവും കുടിക്കാം.

ഹോർമോൺ വ്യതിയാനങ്ങളാണ് കാരണം പലർക്കും മലബന്ധമുണ്ടാവാറുണ്ട്. ഇലക്കറികൾ, പയർ, ബീൻസ്, പിണ്ടി, വാഴക്കൂമ്പ് തുടങ്ങി നാരുകളടങ്ങിയ ഭക്ഷണം കഴിക്കാം. ഗ്യാസ്ട്രബിളും ഈ സമയത്ത് ഉണ്ടാവാം. വയറു നിറയുന്നതു വരെ കഴിക്കുന്നതിന് പകരം ആറ് നേരമായി ഭക്ഷണം ക്രമീകരിക്കാം. രണ്ടോ മൂന്നോ ലിറ്റർ വെള്ളം കുടിക്കാം. വറുത്തതും പൊരിച്ചതും ഒഴിവാക്കാം.

കുനിഞ്ഞുള്ള ജോലികൾ ചെയ്യാമോ?

ഗർഭിണിയുടെ ശാരീരികാവസ്ഥ അനുസരിച്ച് ചില ജോലികൾ ഒഴിവാക്കാം. ഏഴ് മാസമായാൽ കുനിഞ്ഞ് ഭാരമുയർത്തുന്ന തരം ജോലികൾ ചെയ്യരുത്. വീണുപോകാനും നടുവേദനയ്ക്കും സാധ്യതയുണ്ട്. ഒരുപാട് സമയം കുനിഞ്ഞുനിൽക്കേണ്ട ജോലികളും ഒഴിവാക്കാം. ചെറിയ വ്യായാമം ആവശ്യമാണ്.

ഗർഭകാലത്തെ സൗന്ദര്യ പ്രശ്നങ്ങൾ പിന്നീട് മാറുമോ?

ഗർഭകാലത്തെ ഹോർമോണുകൾ ചർമം സെൻസിറ്റീവാക്കും. മുഖക്കുരു, കറുത്തപാടുകൾ എന്നിവയെല്ലാം സ്വാഭാവികമാണ്. പ്രസവത്തിന് ശേഷം ഇതെല്ലാം മിക്കവരിലും കുറയാറുണ്ട്. സ്ട്രെച്ച് മാർക്കുകൾ പ്രസവശേഷം മങ്ങുമെങ്കിലും പൂർണമായി മാറാൻ സാധ്യതയില്ല. ധാരാളം വെള്ളം കുടിക്കുന്നത് ചർമ്മത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും. ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും എണ്ണതേച്ച് കുളിക്കാം. ഭക്ഷണത്തിൽ ഒരു പങ്ക് പച്ചക്കറികളും പഴങ്ങളുമാവണം. വരണ്ട ചർമ്മമുള്ളവർ കുളിച്ച് നനവോടെതന്നെ മോയിസ്ചറൈസർ പുരട്ടണം. വെളിച്ചെണ്ണയും പുരട്ടാം. ഹെയർകളറിങ്, കെമിക്കൽ ട്രീറ്റ്മെന്റുകൾ എന്നിവയെല്ലാം ഒഴിവാക്കാം. ഹെയർ റിമൂവിങ് ക്രീം, ബ്ലീച്ചിങ് എന്നിവയും വേണ്ട.

എന്ത് തരം വസ്ത്രങ്ങളാണ് നല്ലത്?

ഇളം നിറത്തിലുള്ള, അയഞ്ഞ കോട്ടൺവസ്ത്രങ്ങളാണ് നല്ലത്. വൃത്തിയുള്ള കോട്ടൺ അടിവസ്ത്രങ്ങളും ധരിക്കാം. ഗർഭകാലത്ത് സ്തനങ്ങളുടെ വലിപ്പം കൂടുന്നതിനാൽ കൃത്യമായ അളവിലുള്ള ബ്രാ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

ഒരിക്കൽ സിസേറിയനായാൽ തുടർന്നും സിസേറിയൻ വേണ്ടിവരുമോ?

ഗർഭിണിയുടെ ശാരീരിക അവസ്ഥകളും ഗർഭകാല സങ്കീർണതകളുമനുസരിച്ചാണ് സാധാരണ പ്രസവമോ സിസേറിയനോ എന്ന് തീരുമാനിക്കുക. ആദ്യത്തേത് സിസേറിയനായതുകൊണ്ട് തുടർന്നും സിസേറിയനാവണമെന്നില്ല. സാധാരണ പ്രസവത്തിനെന്നപോലെ സിസേറിയനും റിസ്‌ക്കുണ്ട്. ഇടുപ്പെല്ലിന് വികാസം കുറവ്, സങ്കീർണതകളുള്ള ഗർഭധാരണം, സാധാരണ പ്രസവം നടക്കാനുള്ള ബുദ്ധിമുട്ട്, കുഞ്ഞിന്റെ ആരോഗ്യപ്രശ്നങ്ങൾ, കുഞ്ഞിന് അമിതഭാരം...തുടങ്ങിയ സന്ദർഭങ്ങളിൽ സിസേറിയൻ ആവശ്യമായി വരും. ഗർഭപാത്രത്തിന് താഴെ വയറിന് കുറുകെ തുറന്ന് കുഞ്ഞിനെ എടുക്കുന്നതാണ് ഒരു രീതിയിലുള്ള സിസേറിയൻ ( Lower segment Casarean section). ചിലപ്പോൾ ഗർഭപാത്രത്തിന് മുകളിൽ വയറിന് നെടുകെ തുറന്ന് കുഞ്ഞിനെ എടുക്കേണ്ടി വരും (Upper Section Cesarean surgery). രണ്ടാമത്തെ രീതിയിലാണ് ആദ്യ പ്രസവം നടന്നതെങ്കിൽ പിന്നീടുള്ള പ്രസവങ്ങളും സിസേറിയനാവും.

മുകളിൽ ചെയ്യുന്ന സിസേറിയനിൽ മുറിവ് ഉണങ്ങാൻ സമയമെടുക്കും. അടുത്ത പ്രസവസമയത്ത് മുറിവുള്ള ഭാഗം ചുരുങ്ങാനോ വികസിക്കാനോ സാധ്യതയുണ്ട്. ഇത് പഴയ മുറിവ് പൊട്ടാനും രക്തസ്രാവമുണ്ടാകാനും അമ്മയ്ക്കും കുഞ്ഞിനും മരണംവരെ സംഭവിക്കാനും കാരണമാകും.

കാലിലെ നീര് എങ്ങനെ പരിഹരിക്കാം?

ഗർഭകാലത്ത് ഹോർമോണുകളുടെ പ്രവർത്തനം മൂലം രക്തക്കുഴലുകൾ വികസിക്കുന്നതാണ് കാലുകളിലെ നീരിന് ഒരു കാരണം. വളരുന്ന ഗർഭപാത്രത്തിന്റെയും കുഞ്ഞിന്റെയും ഭാരം രക്തക്കുഴലുകളിൽ ചെറിയ മർദ്ദം ഏല്പ്പിക്കുന്നതുകൊണ്ടും കാലിലെ രക്തയോട്ടം കുറയും. ഇതും നീരിന് കാരണമാകും. കാല് ഉയർത്തിവെക്കുന്നത് നീര് കുറയുന്നതിന് സഹായിക്കും. ഉയർന്ന രക്തസമ്മർദ്ദമുള്ളവരിലും നീര് ഉണ്ടാകാറുണ്ട്. മുഖത്തും കൈകളിലും നീരുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കാം.

കിടക്കുമ്പോൾ

ആറ് മാസം കഴിഞ്ഞാൽ ഗർഭിണികൾ ചെരിഞ്ഞു വേണം കിടക്കാൻ. ഇടതുവശം ചെരിഞ്ഞുകിടക്കുന്നതാണ് നല്ലത്. മലർന്നു കിടക്കുമ്പോൾ ഗർഭപാത്രം രക്തധമനികളിൽ സമ്മർദം ചെലുത്തും. അതുവഴി കുഞ്ഞിനുകിട്ടേണ്ട രക്തത്തിന്റെ അളവും പ്രാണവായുവും കുറയാനിടയുണ്ട്. മലർന്ന് കിടക്കുന്നത് നട്ടെല്ലിന് ആയാസമുണ്ടാക്കി നടുവേദന പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും.

രാത്രിയിൽ ഏഴ് മണിക്കൂർ നിർബന്ധമായും ഉറങ്ങണം. പകലും ഒരു മണിക്കൂറെങ്കിലും ഉറങ്ങണം. കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും വേണം. ഗർഭിണികൾക്ക് ഉറക്കത്തിനിടയിൽ പലതവണ മൂത്രമൊഴിക്കാൻ തോന്നുന്നത് സാധാരണമാണ്. ഇങ്ങനെ ഇടയ്ക്കിടെ ഉണരുന്നത് ഉറക്കത്തെ ബാധിക്കും. അതുകൊണ്ട് രാത്രി ഏഴ് മണി കഴിഞ്ഞ് വെള്ളം കുടിക്കുന്നതിന്റെ അളവ് കുറയ്ക്കാം. ഉറക്കക്കുറവ് പരിഹരിക്കാൻ രാത്രിഭക്ഷണം എട്ട് മണിക്ക് കഴിച്ച് അരമണിക്കൂർ പതിയെ നടക്കാം. മേൽ കഴുകി, ചൂടുവെള്ളമോ പാലോ കുടിച്ചശേഷം ഉറങ്ങാം. സ്‌ക്രീൻ ടൈം കുറയ്ക്കണം.

യാത്ര ചെയ്യുമ്പോൾ

ആയാസവും കുലുക്കവുമുള്ള യാത്രകൾ ഒഴിവാക്കുക. ആദ്യ മൂന്ന് മാസങ്ങളിൽ ഇരുചക്രവാഹനയാത്ര കുറയ്ക്കുക. നീണ്ടയാത്രകൾ അസ്വസ്ഥതയുണ്ടാക്കാം. കാൽ കൂടുതൽ സമയം തൂക്കിയിട്ടിരിക്കുന്നത് ഒഴിവാക്കണം. കാരണം കാലിലെ രക്തയോട്ടത്തിന്റെ ശക്തികുറഞ്ഞ് രക്തം കട്ടപിടിക്കാൻ സാധ്യതയുണ്ട്. ഡീപ് വെയിൻ ത്രോംബോസിസ് എന്നാണ് ഇതിന് പറയുക. ഇത് മരണകാരണം വരെയാവാം. നീണ്ട യാത്രകളിൽ ഓരോ മണിക്കൂർ കഴിയുമ്പോഴും വാഹനം നിർത്തി ചെറുതായി വിശ്രമിക്കാം. ട്രെയിനിലും വിമാനത്തിലും ഇടയ്ക്ക് എഴുന്നേറ്റ് നിൽക്കുകയും, നടക്കുകയും ചെയ്യാം. നേരത്തെ ഗർഭം അലസിയവർ യാത്രകളിൽ കരുതലെടുക്കണം.

കാറിൽ യാത്രചെയ്യുന്നവർ സീറ്റ് ബെൽറ്റ് ഉപയോഗിക്കണം. ദിവസങ്ങൾ നീണ്ടയാത്രയും പുറത്തുനിന്നുള്ള ഭക്ഷണവുമൊക്കെ വേണ്ടിവരുന്നവർ സാംക്രമികരോഗങ്ങളെ പ്രതിരോധിക്കാനുള്ള കുത്തിവയ്പുകൾ എടുക്കണം. മാസ്‌ക് ധരിക്കുന്നതും നല്ലതാണ്. കഴിയുന്നതും പുറത്തുനിന്നുള്ള ഭക്ഷണവും വെള്ളവും ഒഴിവാക്കാം. ഗർഭം 36 ആഴ്ച പിന്നിട്ടുകഴിഞ്ഞാൽ യാത്ര സുരക്ഷിതമല്ല.

ലൈംഗികബന്ധം പൂർണമായി ഒഴിവാക്കണോ?

ഗർഭകാലത്തെ ലൈംഗികത ഏഴ് മാസം വരെ സുരക്ഷിതമാണ്. അവസാനമാസങ്ങളിൽ ഒഴിവാക്കാം. മുമ്പ് ഗർഭമലസിയിട്ടുള്ളവരും മറുപിള്ള താഴ്ന്നിട്ടുള്ളവരും (പ്ലാസെന്റ പ്രീവിയ) ഈ സമയത്ത് ലൈംഗികബന്ധം ഒഴിവാക്കുന്നതാണ് നല്ലത്. പ്രീടേം ലേബർ, രക്തസ്രാവം, അണുബാധ പോലുള്ള പ്രശ്നങ്ങൾ ഇല്ലാത്ത അവസ്ഥയിൽ ലൈംഗികബന്ധം സുരക്ഷിതമാണ്. ലൈംഗികബന്ധം സുരക്ഷിതമാണോ എന്ന് ഡോക്ടറോട് ചോദിച്ചറിയാം.

തയ്യാറാക്കിയത്: റോസ് മരിയ വിൻസെന്റ്

കടപ്പാട്: ഡോ. ലക്ഷ്മി അമ്മാൾ പി. (കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്, എസ്.യു.ടി. ഹോസ്പിറ്റൽ, പട്ടം)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi